Tuesday, March 3, 2020

"പൂ പറിക്കാന്‍ പോരുമോ, പോരുമോ തുള്ളിമഞ്ഞു നുള്ളുവാന്‍ പോരുമോ"

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 1995 അവസാനം

അതുവരെയുള്ള എല്ലാ അലുക്കുലുത്ത് പരിപാടികളിലും പങ്കെടുത്തിരുന്നുവെങ്കിലും നാടകമെന്ന പരിപാടി യുറീക്കാ പരീക്ഷാസമയങ്ങളിലും പൊതു താല്പര്യാർത്ഥമായുള്ള തെരുവുനാടകങ്ങളിലും ഒതുങ്ങിനിന്നിരുന്നു. എട്ടാം ക്ലാസിലാണ് ആദ്യമായി ഒരു നാടകത്തിൽ സ്‌കൂൾ യുവജനോത്സവത്തിൽ പങ്കെടുക്കുന്നത്. സ്‌കൂളിലെ നാടകമെന്ന കലാപരിപാടിയോർക്കുമ്പോൾ തന്നെ ഓർമ വരുന്ന പേരാണ് മനീഷ്.കെ.പി. രണ്ടുകൊല്ലം സീനിയറായ പഠിച്ച കേപ്പി ആയിരുന്നു അഞ്ചാം ക്ലാസ് മുതൽ ഞങ്ങൾ കാണുന്ന നല്ല നടൻ. തീൻമേശയിലെ ദുരന്തം എന്ന രണ്ടു കഥാപാത്രങ്ങൾ മാത്രം വരുന്ന നാടകം കണ്ടുകണ്ടുമടുത്തിരുന്നു എങ്കിലും മനീഷ് കേപ്പി എന്ന നടന് അതൊക്കെ മറികടക്കാൻ കഴിഞ്ഞിരുന്നു. അഞ്ചു മുതൽ ഏഴാം ക്ലാസ് വരെയും കണ്ടിരുന്ന നാടകങ്ങളൊക്കെ ആൺകുട്ടികൾ മാത്രമുള്ള നാടകങ്ങളായിരുന്നു. UP വിഭാഗത്തിൽ പൊതുവേ ഉണ്ടാകാറില്ല, ഹൈ സ്‌കൂൾ വിഭാഗത്തിൽ മൂന്നോ നാലോ ഉണ്ടായാലും എല്ലാം ചേട്ടന്മാർ അടക്കിവാഴുന്നതാണ് കണ്ടിരുന്നത്. പേരിനുപോലും ഒരു പെണ്ണില്ലാതിരുന്ന സ്‌കൂൾ നാടകങ്ങൾ!

അങ്ങനെയിരിക്കെയാണ് എട്ടാം ക്ലാസിൽ എത്തിയപ്പോൾ എന്നോടും സുഹൃത്ത് മഞ്ചുവിനോടും നമ്മുടെ സ്ക്കൂൾ ഹീറോ കേപ്പി നാടകത്തിലേക്ക് കൂടുന്നോ എന്ന് ചോദിക്കുന്നത് - സമ്മതം മൂളാൻ ഒട്ടും ആലോചിക്കേണ്ടിവന്നില്ല. നാവായിക്കുളം സ്‌കൂളിലെ ആദ്യത്തെ മിക്സഡ് നാടകമായിരുന്നു അത്. 'ഉത്കണ്ഠാകുലകുമാരൻ' എന്ന മകൻറെ അമ്മയായി ഞാനും, കേരളത്തിലെത്തുന്ന മദാമ്മയായി സുഹൃത്തും വന്ന 'സൂപ്പർ മാർക്കറ്റ്' എന്ന നാടകം - അമേരിക്കയെന്ന ഭീകര സാമ്രാജ്യത്ത -മുതലാളിത്ത രാജ്യത്തിന്റെയും ഉപഭോഗ സംസ്കാരത്തിന്റെയും ഒക്കെ കഥ പറഞ്ഞ നാടകമായിരുന്നേ  തമ്പി, അജയൻ, സുനി, കേപ്പി ഒക്കെയുണ്ടായിരുന്ന നാടകത്തിലെ ബാക്കിയുള്ളവരെയൊന്നും ഓർമ്മയില്ല. പഠിപ്പിക്കാൻ വന്നിരുന്ന നാടകക്കാരൻ ചേട്ടന്റേയും പേരിപ്പോൾ കൃത്യമായി ഓർക്കുന്നില്ല. പരിശീലനമൊക്കെ സ്‌കൂൾ സമയം കഴിഞ്ഞായിരുന്നു.

ഒടുവിൽ യുവജനോത്സവത്തിന് മുന്നോടിയായി പരിപാടികളുടെ സെലക്ഷൻ നടക്കുന്ന ദിവസം നാടകം സെലക്ഷൻ കമ്മിറ്റിക്ക് മുന്നിൽ അവതരിപ്പിക്കാൻ വന്ന ഞങ്ങളോട് നാടകത്തിന്റെ ചുക്കാൻ പിടിച്ചിരുന്ന മലയാളം സാറും, ഹെഡ്മിസ്ട്രെസ്സും ഒരേ സ്വരത്തിൽ പറഞ്ഞു - "ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചുള്ള നാടകം, അതിവിടെ നടത്താമെന്നു നിങ്ങൾ കരുതണ്ട! " . നാവായിക്കുളം പോലെയൊരു സുന്ദര ഗ്രാമത്തിൽ അത് അതിശയകരവുമായിരുന്നില്ല. കരഞ്ഞും കാലുപിടിച്ചും സ്റ്റേജിൽ ഒന്ന് കയറാനുള്ള സെലക്ഷൻ കിട്ടാൻ വേണ്ടി അക്ഷരാർത്ഥത്തിൽ യാചിക്കേണ്ടി വന്നു കേപ്പിക്ക്. സ്ക്കൂൾ തലം കഴിഞ്ഞ് റവന്യു ജില്ലാ വരെയാണ് മിക്കപ്പോഴും നാവായിക്കുളം സ്‌കൂൾ നാടകത്തിന് പോകാറുള്ളത് -അതിനപ്പുറം സ്റ്റേറ്റിലേക്കൊന്നും പോകാൻ പറ്റാറേയില്ല. കേപ്പിയുടെ വാദവും അതായിരുന്നു, എപ്പോഴും ജില്ലാതലത്തിൽ സമ്മാനം കിട്ടുന്ന ടീമുകൾ മിക്സഡ് ടീമുകളാണ്. പിന്നെന്തുകൊണ്ടാണ് നമ്മളത് ചെയ്യാത്തത് , എന്താണ് ഞങ്ങളെ മിക്സഡ് ടീമിന് സമ്മതിക്കാത്തത്! വിഷയം വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വഴി കൈവിട്ടുപോയേക്കുമോ എന്നൊക്കെ തോന്നിയാകണം തുളസിസർ HM നെ പറഞ്ഞു സമ്മതിപ്പിച്ചു - ഞങ്ങൾ നാടകം തട്ടേൽ കയറ്റി! അക്കൊല്ലം റവന്യു ജില്ലയിൽ ഒന്നാം സമ്മാനവും, മികച്ച നടനും, മികച്ച നടിയും നേടി സ്‌കൂളിലേക്ക് ആദ്യമായി അങ്ങനെയൊരു ട്രോഫിയും കൊണ്ടുപോയ ജാഥയിൽ കീജയ് വിളിച്ചതിലൊരെണ്ണം നമ്മുടെ സാറിനായിരുന്നു! ജില്ലാതലത്തിൽ അരിഷ്ടിച്ചു പിരിഷ്ടിച്ചു ഫണ്ടുമില്ലാതെ പോയ ഞങ്ങളുടെ ടീമിന് ബി ഗ്രേഡ് ഒന്നാം സമ്മാനം പോലായിരുന്നു, സഹനടി സ്ഥാനം മികച്ച നടിക്ക് തുല്യവും.

നാടകത്തിനെക്കുറിച്ചുള്ള കുറേയേറെ നല്ല ഓർമകളുണ്ട് - വളരെ unique ആയ ഓർമ്മകൾ. പിന്നീടൊരിക്കലും കിട്ടാഞ്ഞ അനുഭവങ്ങൾ! നാടകത്തിലൊരിടത്ത് കൈകോർത്തു പിടിച്ച്‌ ഞങ്ങൾ പാടണം
"പൂ പറിക്കാൻ പോരുന്നോ പോരുന്നോ
അതിരാവിലെ ..
പൂ പറിക്കാൻ ആരെ നിങ്ങൾക്കാവശ്യം അതിരാവിലെ.."

ആ ഭാഗം ആദ്യമായി റിഹേഴ്സൽ ചെയ്യാനൊരുങ്ങുമ്പോൾ എൻ്റെ അമ്മ അവിടെ ഒരരികിലിരിപ്പുണ്ട് - അമ്മയെ ഇടംകണ്ണിട്ട് നോക്കിക്കൊണ്ട് നിൽക്കുകയാണ് പത്താം ക്ലാസുകാരൻ അജയൻ, എന്ത്‌ചെയ്താൽ ആശാൻ എൻ്റെ കയ്യിൽ പിടിക്കുന്നില്ല. അമ്മ ചീത്ത പറയുമോ എന്ന് പേടിച്ചുനിൽക്കുവാണേ, പെങ്കൊച്ചിന്റെ കൈ പിടിച്ചാൽ എന്ത് സംഭവിക്കും എന്നറിയില്ലാലോ. ഇത് പറഞ്ഞാശാനെ പിന്നീട് കുറേനാൾ കളിയാക്കിയിട്ടുമുണ്ട്. അക്കൊല്ലം കഴിഞ്ഞു പഠിത്തം നിർത്തിയ അജയനെ പിന്നെ കുറേവർഷങ്ങൾ കണ്ടിട്ടില്ല. ഒത്തിരി നാളുകൾക്ക് ശേഷം ഒരുത്സവകാലത്ത് കണ്ടപ്പോൾ ഞാൻ ചോദിച്ചതും അതാണ് -
"അജയനോർമയുണ്ടോ എൻ്റെ കൈ പിടിച്ചത്" . പ്രതീക്ഷിച്ചത് പോലെതന്നെ വിളറിവെളുത്ത് അജയൻ പറഞ്ഞു, "ശോ നീ പതുക്കെപ്പറ നാട്ടാര് കേട്ടാൽ എൻറെ കാര്യം തീർന്നു! " ഇപ്പോളെവിടെയാണോ ആശാൻ!

അന്നത്തെ ആ പൂ പറിക്കാൻ പോകണ പാട്ട് ഓണസമയത്തൊക്കെ ഞങ്ങൾ പിള്ളേര് കളിക്കുന്ന ഒരു കളിയായിരുന്നു. പിന്നീടൊരിക്കൽ അതിന്റെ വേറൊരു വേർഷൻ ഞാൻ ഒരു സിനിമയിൽ കേട്ടു. ഇപ്പോഴും കണ്ടിട്ടില്ലാത്ത സിനിമ - എല്ലാ പാട്ടുകളും ഇഷ്ടമുള്ള സിനിമ... നന്ദിതാദാസ് എന്ന സുന്ദരിയുള്ള സിനിമ - "കണ്ണകി" !
"പൂ പറിക്കാന്‍ പോരുമോ, പോരുമോ
തുള്ളിമഞ്ഞു നുള്ളുവാന്‍ പോരുമോ
ചാന്തുപൊട്ടുമായി, കളിച്ചിന്തുപാട്ടുമായി....!"
https://www.youtube.com/watch?v=MOJjgJp5248
----------------------------------------------------------------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

Monday, March 2, 2020

"നീ വരൂ വനദേവതേ.. ഏകൻ ഞാൻ എന്നോമലേ ..."

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 1990-91 ഒക്കെയാകണം

ഒന്നിലോ രണ്ടിലോ മറ്റോ പഠിക്കുന്ന സമയത്താകണം നാവായിക്കുളം സ്‌കൂളിൽ ഒരിക്കൽ ഒരു വൈകുന്നേരം ഒരു നാടകപ്രദർശനം വന്നിരുന്നു - നമ്മടെ ഓ.ചന്തുമേനോൻ്റെ ഇന്ദുലേഖ! അച്ഛന്റെ കയ്യിൽത്തൂങ്ങി നാടകം കാണാൻ പോയതും അമ്മൻകോവിലിനടുത്തുള്ള വീട്ടിലേക്ക് സന്ധ്യയ്ക്ക് ഇരുളിലൂടെ തണുത്തുവിറച്ചുനടന്നതുമൊക്കെ അവ്യക്തമായ ഓർമയാണ്. ഏറ്റവും കൂടുതൽ ഓർമയിൽ പതിഞ്ഞത് ആ നാടകം തന്നെ .. ഉണ്ണിക്കുടുമയും പൗഡർഅടിച്ചു വെളുപ്പിച്ച മീശയില്ലാത്ത മുഖവുമായി ഒരു സുന്ദരൻ മാധവനും, സുന്ദരിയും സമർത്ഥയുമായ ഇന്ദുലേഖയും കോമാളിവേഷം കെട്ടിയാടിയ സൂരിനമ്പൂതിരിപ്പാടും ഒക്കെ വിസ്‍മയിപ്പിച്ചു. ഇന്ദുലേഖയോട് ആരാധന തോന്നി- വളരുമ്പോൾ ഇന്ദുലേഖയെപ്പോലെ ആകണമെന്ന് തോന്നി, മാധവനോട് ഒരു പ്രത്യേക ഇഷ്ടവും! (മീശയില്ലാത്ത മനുഷ്യന്മാരെ എനിക്കിഷ്ടമല്ലായിരുന്നു  ) അന്നത് കണ്ടുകൊണ്ടിരുന്നപ്പോൾ അറിഞ്ഞിരുന്നില്ല സാമർത്ഥ്യമുള്ള ഇന്ദുലേഖയെ ബഹുമാനിക്കുന്ന തരം മാധവന്മാരെ ജീവിതത്തിൽ കാണാൻ പ്രയാസമാണെന്ന്. ഇപ്പോൾ ആലോചിക്കുമ്പോൾ തോന്നുന്നു ആ രണ്ടു കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ ശ്രീ.ചന്തുമേനോന് എങ്ങനെയായിരിക്കും തോന്നിയിട്ടുണ്ടാകുക? തീർച്ചയായും അന്നത്തെ സമൂഹത്തിൽ ഇന്ദുലേഖമാരും മാധവന്മാരും ഉണ്ടായിരുന്നിരിക്കണം അല്ലേ? വർഷമിത്രയും കഴിയുമ്പോൾ വീണ്ടും ഇന്ദുലേഖ വായിക്കാൻ തോന്നുന്നുണ്ട്!

ങാ, അപ്പോൾ പറഞ്ഞുവന്നത് ഇന്ദുലേഖ എന്ന നാടകം - നാടകം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്ന വഴിക്ക് അച്ഛനും അച്ഛന്റെ സുഹൃത്തായ സംഘാടകനുമൊപ്പം പിൻസ്റ്റെജിൽ വെച്ച് 'മാധവനെ' വീണ്ടും കണ്ടു. സിനിമാമോഹവുമായി നടക്കുന്ന ആളാണെന്നൊക്കെ വളരെ വിനയത്തോടെ പറയുന്നത് അങ്ങോരെ വായിനോക്കി നിന്നത് ഓർമയുണ്ട്. അതിനടുത്ത കൊല്ലമാണ് ഇൻ-ഹരിഹർ-നഗർ എന്ന പൊട്ടിച്ചിരിമേളം സിനിമയിറങ്ങുന്നത്. സിനിമ കണ്ടുകണ്ടങ്ങ് ഇന്റർവെൽ ആകുമ്പോൾ, "ഗോവിന്ദൻകുട്ടി സാറിന്റെ ടൈം, നല്ല ബെസ്റ്റ് ടൈം " എന്ന് നമ്മടെ വേലക്കാരൻ ചേട്ടൻ പറയുന്നതിന് തൊട്ടുമുൻപ് മലയാള സിനിമ അന്നുവരെ കാണാത്ത ഒരു വില്ലൻ വരും - മുടിയൊക്കെ ഗോൾഡൻ കളറിൽ പറപ്പിച്ച്, മീശയില്ലാത്ത മുഖത്ത് കണ്ണടയുറപ്പിച്ച് ആശാൻ പറയും , "ഹോനായി, ജോണ് ഹോനായി!" ഇങ്ങോരെക്കണ്ട ഞാൻ ത്രില്ലടിച്ചു വിളിച്ചുകൂകി - "അതാ മാധവൻ ചേട്ടൻ" അത് നമ്മടെ ഇന്ദുലേഖയിലെ മാധവൻ ആയിരുന്നു - നായകനാകാൻ കൊതിച്ചുവന്ന റിസബാവ എന്ന പുതുമുഖ നടൻ!

പിന്നെയാണ് മുകളിൽപ്പറഞ്ഞ വർഷത്തിൽ വീട്ടിൽ ഈ കാസറ്റെത്തുന്നത് - അഗ്നിനിലാവ് എന്ന ചിത്രത്തിലെ പാട്ടുകൾ ഒരുവശത്തും ഡെയ്സിയിലെ പാട്ടുകൾ മറുവശത്തുമുള്ളൊരു കാസറ്റ്. റിസബാവ എന്ന നടൻ നായകനിരയിൽ കാലുറപ്പിക്കാൻ ശ്രമിച്ച സിനിമയായിരുന്നു രഞ്ജിനി നായികയായ ഈ ചിത്രം, പക്ഷേ റിലീസ് ആയില്ല (അല്ലെങ്കിൽ റിലീസ് വൈകി) . ഡോക്ടർ പശുപതിയിലെ നിസ്സഹായനായ കാമുകവേഷവും റിസബാവയെ സഹായിച്ചില്ല. പിന്നീട് പുള്ളിയൊരു വില്ലനിഷ്, സൈഡ് കാരക്ടറുകളിലേക്ക് ഒതുങ്ങിപ്പോയി. നാടകമല്ല സിനിമ - നാടകം പോലെയേയല്ല സിനിമയിൽ നമ്മൾ അഭിനയം കാണുന്നത് എന്ന് എനിക്കെപ്പോഴും തോന്നലുണ്ടാക്കിയ ആൾ.

ഒരുപാടുനാൾ ഞാനും ചേട്ടന്മാരും കളിച്ചിരുന്ന പാട്ടഭിനയിക്കൽ കളിയിലെ ഒരു താരമായിരുന്നു ഈ പാട്ടും, ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നിൻകിനാക്കളും! ഇന്നത്തെ പാട്ടോർമ്മ അന്നത്തെ ഇന്ദുലേഖയ്ക്കും മാധവനും കണ്ണിൽ പൂത്തിരി തെളിയിച്ചത് കണ്ടിരുന്ന കുഞ്ഞുപെണ്ണിനും.

"നീ വരൂ വനദേവതേ.. ഏകൻ ഞാൻ എന്നോമലേ ..."

-------------------------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

Sunday, March 1, 2020

"ലാ ലാ ലലലാ..., ലലലാ... ലലലാ ...ലാ..ലാ ലലലാ.. ലലലാ ".

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 2004
എൻജിനീയറിങ് കഴിഞ്ഞിറങ്ങിയ സമയത്താണ് ഇളയ അപ്പച്ചി ഒരു മൊബൈൽ ഫോൺ സമ്മാനിക്കുന്നത് - നോക്കിയ 1100 white, കയ്യിലൊതുങ്ങിപ്പതുങ്ങി ഇരിക്കുന്ന വെള്ളമുയൽക്കുഞ്ഞിനെപ്പോലൊരു ഫോൺ! 2009 ൽ സാംസങിലേക്ക് മാറുന്നിടം വരെ ആ കുറിഞ്ഞി എന്നോടൊപ്പം ഉണ്ടായിരുന്നു, വളരെ പ്രിയപ്പെട്ടൊരു 'പെറ്റ്' നെപ്പോലെ! ക്യാംപസ് സെലക്ഷൻ എന്നതൊക്കെ അന്ന് കേട്ടുകേൾവി മാത്രമായിരുന്നത് കൊണ്ട് എല്ലാവരുടേയും ആശ്രയം എറണാകുളത്തുള്ള SHREDS എന്ന റിക്രൂട്മെന്റ് പദ്ധതികളായിരുന്നു. ഫൈനൽ പരീക്ഷകളൊക്കെക്കഴിഞ്ഞ് എല്ലാവരും കോളേജിൽ നിന്നും സ്വന്തം വീടുകളിലേക്ക് പോയിക്കഴിഞ്ഞുള്ള ആദ്യത്തെ അറിയിപ്പ് ഷ്റെഡ്‌സിൽ നിന്ന് കിട്ടിയപ്പോൾ കൂട്ടുകാരെ കാണാമല്ലോ എന്നതായിരുന്നു ആദ്യത്തെ ചിന്ത. അങ്ങനെയുള്ള ഏതോ ഒരു പരീക്ഷ ആലുവ UC കോളേജിൽ നിന്നും എഴുതിക്കഴിഞ്ഞ് ഞാനും മറ്റുചില എറണാകുളം സുഹൃത്തുക്കളും മറൈൻ ഡ്രൈവിൽ വായിനോക്കാൻ പോയ ദിവസം. തിരികെ തിരുവനന്തപുരം പോകാൻ അന്നിനി പറ്റില്ല, ഫ്രണ്ടിന്റെ വീട്ടിൽ കൂടിയിട്ട് പിറ്റേ ദിവസത്തെ ട്രെയിൻ പിടിക്കാനാണ് തീരുമാനം. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ആരൊക്കെയാണെന്ന് ഇപ്പോൾ കൃത്യമായി ഓർക്കുന്നില്ല - രണ്ടുപേരെയൊഴിച്ച് (ആരെയെങ്കിലും വിട്ടുപോയാൽ മറ്റുള്ളവർ എന്നെത്തല്ലും എന്നുള്ളത്കൊണ്ടും, സാങ്കേതിക കാരണങ്ങളാൽ ആ രണ്ടുപേരുടെ പേര് പറയാത്തതാകും നല്ലതെന്നത് കൊണ്ടും നാലഞ്ച് സുഹൃത്തുക്കൾ എന്ന് വായിക്കുക 

ഇന്നത്തെക്കാലത്തെ വാനരസേനയും, ആ.ഭാ.സക്കാരും ഇല്ലാതിരുന്നത് കൊണ്ട് എനിക്കിന്ന് ഇതെഴുതാൻ സാധിക്കുന്നുവെന്നേ പറയാനുള്ളൂ. പെൺകുട്ടികളും ആൺകുട്ടികളും ചേർന്ന കൂട്ടം വൈകുന്നേരങ്ങളിൽ മറൈൻഡ്രൈവിൽ ഇരുന്നാൽ ഇപ്പോഴത്തെ കാറ്റുവീശൽ എങ്ങനെയാണെന്ന് അറിയാൻ പാടില്ലാത്തത് കൊണ്ടാ....
അന്ന് കൂടെയുണ്ടായിരുന്ന ലവ് ബേർഡ്സിനെ പഞ്ചാരയടിക്കാൻ വിട്ടിട്ട് ഞാനും മറ്റ് രണ്ട് സുഹുക്കളും കൂടി അവിടെയുണ്ടായിരുന്ന ഒരു മരത്തിൻ്റെ ചുവട്ടിലിരുന്നു കടല കൊറിച്ചുകൊണ്ട് അസ്തമയസൂര്യനേയും വെള്ളത്തിനേയും ഒക്കെ വിശാലമായി ആസ്വദിക്കാൻ തുടങ്ങി. അന്നീ ഫേസ്‌ബുക്കും ഇല്ല വാട്സാപ്പും ഇല്ല - ഫോൺ ആകെ ഉപയോഗിക്കുന്നത് ഫോൺ വിളിക്കാനും, മെസ്സേജ് അയക്കാനും, സ്നേക്ക് കളിക്കാനും മാത്രം! ജോലിയ്ക്ക് വേണ്ടിയുള്ള പരീക്ഷ കഴിഞ്ഞതല്ലേ, സ്വാഭാവികമായും എങ്ങനെയുണ്ടെന്ന് ചോദിക്കാനുള്ള വിളി വന്നു - എൻ്റെ മൊബൈലിലാണ് അപ്പോഴത്തെ കാൾ വന്നത്. രണ്ടുമിനിറ്റ് സംസാരമൊക്കെ കഴിഞ്ഞ് വീണ്ടും കപ്പലണ്ടിയുടേയും വായിനോക്കലിന്റെയും ലോകത്തിലേക്ക് തിരികെപ്പോകാൻ തുടങ്ങുമ്പോൾ അടുത്ത മരത്തിന് ചുവട്ടിലിരിപ്പായിരുന്ന രണ്ടു ചെറുപ്പക്കാർ ഞങ്ങളുടെ അടുത്തേക്ക് വന്നു.


പ്രായത്തിൽ ഞങ്ങളെക്കാൾ അൽപ്പം മുതിർന്നവർ ആണെന്ന് തോന്നി, ആശാന്മാർ ഞങ്ങൾ പെൺകുട്ടികൾക്ക് അടുത്തേക്ക് വരുന്നതൊക്കെ അപ്പുറത്തെ 'പ്രണയ'ടീമിലെ നായകൻ നോക്കുന്നുണ്ട് .. പറഞ്ഞുവരുമ്പോൾ അവനാണല്ലോ അന്ന് ഞങ്ങളുടെ എല്ലാവരുടെയും ചുമതല. വന്ന ചേട്ടന്മാരിൽ ഒരാൾ, മരച്ചോട്ടിൽ ഇരിക്കുകയായിരുന്ന എന്നോട് പതുക്കെ തലയൊന്നു കുനിച്ചുചോദിച്ചു "അതേ, ഇപ്പോക്കേട്ടില്ലേ, ആ റിങ്ടോൺ ഒന്നയച്ചു തരോ?" !! 'പ്ലിങ്ങ് 'എന്നൊരൊച്ച കേട്ടില്ലേ? എൻ്റെ കിളി പോയതാ!  അതായതുത്തമാ അപ്പോൾ എനിക്ക് ഫോൺ വന്നില്ലേ, ആ ഫോൺവിളിയുടെ റിങ് ടോൺ മെസ്സേജ് ആയിട്ടൊന്നയച്ചു കൊടുക്കാമോ എന്നാണ് ചോദ്യം. സത്യത്തിൽ എനിക്കിത്തിരി മടിയുണ്ടായിരുന്നു - ആരെന്നും ഏതെന്നും അറിയാത്ത ഒരാൾക്ക് അയാളുടെ മൊബൈലിലേക്ക് എൻ്റെ നമ്പറിൽ നിന്നും മെസ്സേജ്അ യയ്ക്കണ്ടേ.. അന്ന് വേറെ രീതിയിലൊന്നും ട്രാൻസ്ഫർ ചെയ്യാൻ പറ്റുകയുമില്ല. മടിച്ചിരുന്ന എന്നോട് "നീയങ്ങട് കൊടുക്ക് ആച്ചീ, ഈയൊരു നമ്പർ വെച്ച് അവരെന്ത് ചെയ്യാനാ. . ചെയ്താൽ നമുക്കപ്പോ നോക്കാംന്നേ, നമ്മുടേലും ഉണ്ടല്ലോ അവരുടെ നമ്പർ" എന്ന് പറഞ്ഞവൻ കോളേജിലെ ചങ്ക് സഹോസിൽ ഒരാളായിരുന്നു. (ഇപ്പൊ ആശാൻ കെട്ടിയോളും കുട്ടിയോളും ഒക്കെയായി ബാംഗ്ലൂരിൽ എവിടെയോ അലയുന്നുണ്ട്  ) അവൻ്റെ മൂപ്പിക്കലും, പിന്നെ ഈ ട്യൂൺ കേട്ട് മനസ്സലിഞ്ഞൊരാൾ ചോദിക്കുമ്പോൾ എങ്ങനെ കൊടുക്കാതിരിക്കും എന്ന ചിന്തയും ചേർന്ന് ഞാനാ റിങ്ടോൺ ജീവിതത്തിൽ ഒരിക്കൽ മാത്രം കണ്ട ആൾക്ക് അയച്ചുകൊടുക്കുക തന്നെ ചെയ്തു! ആ ചെക്കന്മാർ നല്ല മര്യാദരാമന്മാരായിരുന്നു എന്നുകൂടി പറയട്ടേ - ഞാൻ രണ്ടുമൂന്നു ദിവസം കഴിഞ്ഞ് ആ നമ്പർ ഡിലീറ്റ് ചെയ്തു കളഞ്ഞെങ്കിലും കുറച്ചേറെ നാൾ ഓർത്തുവെച്ചിരുന്നു - അഥവാ എന്തേലും കുനഷ്ട് വന്നാൽ ഓർക്കണമല്ലോ. പക്ഷേ അജ്ഞാതനായ ആ മാന്യൻചെക്കൻ ഒരു തുടർ മെസ്സേജ് പോലും അയച്ചില്ല എന്നോർക്കുമ്പോൾ ഞാനന്ന് ആ റിങ്ടോൺ കൊടുത്തല്ലോ എന്നൊരു ചുമ്മാ സന്തോഷം തോന്നും!

ഇപ്പോൾ നിങ്ങളെല്ലാം ആകാംക്ഷാഭരിതരായി "തേങ്ങയുടക്ക് സ്വാമീ - റിങ്ടോൺ പറ" എന്ന് പറയുന്നത് എനിക്ക് കേൾക്കാം .. 2004 മുതൽ ആ നോക്കിയയുടെ സെറ്റ് മാറും വരെ എൻ്റെ റിങ്‌ടോണായിരുന്ന പ്രിയപ്പെട്ട ശബ്ദം - ലതികടീച്ചറിൻ്റെ വിഷാദ മനോഹരശബ്ദം .... "ലാ ലാ ലലലാ..., ലലലാ... ലലലാ ...ലാ..ലാ ലലലാ.. ലലലാ ". ഇപ്പോഴും കേട്ടാൽ അറിയാതെ നെഞ്ചൊന്നു പിടയ്ക്കുന്ന ഈണം, ഇപ്പോഴും tvയിൽ കാണുമ്പോൾ അവരൊന്ന് നോക്കിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന സീൻ, കുഞ്ഞിലേ കണ്ടപ്പോൾത്തന്നെ അവസാനഭാഗം മാറ്റിയെഴുതണമെന്നും ഈ പ്രിയദർശൻ എന്ത് ദുഷ്ടനാണെന്നും തോന്നിപ്പിച്ച സിനിമ!


ഇന്നത്തെ ഓർമയീണം ഒരു പരിചയോമില്ലാത്ത പെൺകൊച്ചിനോട് റിങ്ടോൺ ചോദിച്ച ആ ചേട്ടായിയ്ക്ക് 

https://www.youtube.com/watch?v=LIE_4i6N6_s&feature=youtu.be&fbclid=IwAR2VhlNrEBfRsLeHv1D8nAuOflpy2zv1KIbYtmNSBA2Pfju33hPd8pkf4Ns
--------------------------------------------------------------------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ