Tuesday, July 7, 2015

രൂപാന്തരണം


എത്രയെത്ര നാളുകള്‍ കൊണ്ടൊരു കൊച്ചു-
 കൂട്ടിലൊളിച്ചിരുന്നെന്നോ ഞാന്‍
പച്ചപാകിയ മെത്തയില്‍ ഞാനെന്‍റെ കൊച്ചു-
പുഴുവുടല്‍ ചുരുട്ടിപ്പുതച്ചുറങ്ങി.

കണ്ടുതീര്‍ക്കേണ്ട സ്വപ്നങ്ങളൊക്കെയും,
കഴിഞ്ഞുപോയതിന്‍ കറുപ്പായിരുന്നു
അറിഞ്ഞിരുന്നില്ലയീ  ചിറകുകള്‍ക്കൊക്കെയും
അതിരുകളില്ലാത്ത   ചന്തമുണ്ടെന്നന്ന്‍,
ഞാനുയിര്‍ ചേര്‍ത്തു ചവച്ചു തുപ്പിയാല്‍,
നിറങ്ങള്‍ മഴവില്‍ നൃത്തമാടുമെന്ന് !

pic courtesy Shamnadh Shajahan 









പനിമഴക്കാലങ്ങള്‍, പ്രണയനോവുകള്‍,
വറുതിയും, വേനലും, പരിഭവക്കുത്തും,
ഉള്ളില്‍ നിന്നൊരു ചോരമണമുള്ള ജീവന്‍,

എല്ലാം മറവിയുടെ പിന്നിലെക്കെറിഞ്ഞ്
ഞാനെന്‍റെ കൊച്ചുപുഴുവുടല്‍ ചുരുട്ടിയുറങ്ങി!

ഇരുളഴിഞ്ഞു , പകലുലഞ്ഞു വന്നൊരു നേരത്ത്
ഇതിലെന്നെ കാണുകെന്നോതിപ്പറക്കയായ്..
പ്രണയമുണ്ടെന്‍റെ ചിറകിന്‍ ചുമപ്പില്‍,
മധുരമുണ്ടെന്‍റെ കണ്ണിന്‍ കറുപ്പില്‍,
മഴനിഴലുണ്ടെന്‍റെ പാതി വിടരുന്ന ചിറകില്‍!
പുഴുവായിരുന്നത് ഞാനായിരുന്നുവെങ്കില്‍
ഈ പൂമ്പാറ്റയെന്നത് ആരായിരിയ്ക്കും???



12 comments:

  1. മനോഹരം ചേച്ചി . പുഴുവും ഞാൻ ചിത്ര ശലഭവും ഞാൻ .

    ReplyDelete
  2. മനോഹരമായ കവിത


    ശുഭാശംസകൾ.......

    ReplyDelete
  3. ഭാവനകള്‍ വര്‍ണ്ണഭംഗിയുള്ള ചിത്രശലഭങ്ങളായ് പാറിപ്പറക്കട്ടെ!
    ആശംസകള്‍

    ReplyDelete
  4. പുയൂനെ ഇനിക്ക് ഇഷ്ടായിട്ടാ... !

    ReplyDelete
  5. പുഴുവിനും പൂമ്പാറ്റയ്ക്കും എന്റെ ആശംസകൾ...

    ReplyDelete
  6. കാര്യങ്ങൾ പറയുന്നു. കാവി ഭംഗി ഒന്നും കാണാനായില്ല.

    ReplyDelete
  7. ഇന്നലെ പുഴു
    ഇന്ന് പൂമ്പാറ്റ
    നാളെ...!!!!

    ReplyDelete
  8. പുഴുവും, ശലഭവുമൊക്കെ നീ തന്നെയല്ലയോ...

    ReplyDelete
  9. ചിറകുകള്‍ക്ക് അതിരില്ലാത്ത ആകാശമുണ്ടെന്ന് അറിഞ്ഞിരുന്നോ ആവോ?

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)