Monday, June 16, 2014

ഏയ് ഓട്ടോ

"ഏയ്‌ ഓട്ടോ.... " ചീറിപ്പാഞ്ഞു പോകുന്ന കാറുകള്‍ക്ക് ഇടയില്‍ കൂടി ഞാന്‍ കാണുന്നത് കറുപ്പില്‍ മഞ്ഞ നീട്ടി വരച്ച നമ്മുടെ സ്വന്തം ശകടം തന്നെയാണെന്ന് ഉറപ്പ് വരുത്തി ഒന്ന് കൂടി കൂക്കി വിളിച്ചു "ഏയ്‌...........ഓട്ടോ" . ഇത്തവണ ലക്ഷ്യസ്ഥാനത്ത് തന്നെയെത്തി എന്‍റെ കളകൂജനം എന്ന് ആ ഓട്ടോചേട്ടന്‍റെ തിരിഞ്ഞു നോക്കാതെയുള്ള കൈ പൊക്കി കാണിക്കലില്‍ മനസിലായി. മുന്നിലൂടെ ചീറിപ്പാഞ്ഞു പോയ ഒരു  വലിയ വണ്ടി കണ്ണില്‍ നിന്ന് മറഞ്ഞപ്പോള്‍ ദേ മുന്നില്‍ നില്‍ക്കുന്നു ആള്‍! ശെടാ, ഇതിനിടയില്‍ ഈ പുള്ളി എങ്ങനെ റോഡിന്‍റെ അങ്ങേ തലയില്‍ നിന്ന് ഇങ്ങെത്തി എന്ന് അതിശയിക്കുന്നതിനിടയില്‍ കേട്ടു -
 "എവടെ പൂവാനപ്പീ?? മീറ്റര്‍ ചാര്‍ജ്ജും ടിപ്പും തരണം കേട്ടാ "
എന്ത്!! ഒരു മലയാളി... അതും തിരുവനന്തപുരത്തുകാരന്‍! വിശ്വസിക്കാമോ എന്‍റെ പാറമേല്‍ കാവിലമ്മച്ചീ..  അതിന്‍റെ കണ്‍ഫ്യൂഷനില്‍ നില്‍ക്കുമ്പോള്‍ അടുത്ത  മിസ്സൈല്‍ :
"എന്തരപ്പീ നിന്ന് കിനാവുകള്‍ കാണണ് ? എവിടെ പൂവാനാണ്? എനിക്ക് പുള്ലാരേം കൊണ്ട് സ്കൂള്‍ ഓട്ടം ഉള്ളേണ്   , അയിനു പറ്റൂല്ലേല്‍ വേറെ ആളെ നോക്കണം "

ഇനിയും ആ ചേട്ടനെ കൊണ്ട് രാമായണം പറയിപ്പിക്കാതെ  വേഗം കേറുന്നതാണ് നല്ലതെന്ന് മനസിലായത് കൊണ്ട് ഞാന്‍ പോലും അറിയാതെ ഓട്ടോക്കുള്ളില്‍ എത്തിപ്പെട്ടു .
"ചേട്ടാ , പബ്ലിക്‌ ലൈബ്രറി വരെ പോകാനാ. മീറ്റര്‍ ഇട്ടാലെത്രയാകും ?"

"പുള്ളയെ കണ്ടപ്പോഴേ മനസിലായി  മലയാളിയാണെന്ന് , സ്കൂള്‍ ഓട്ടം ഒണ്ടായിട്ടും അതോണ്ടാണ് ഞാന്‍ വന്നത്. ഇവുത്തില്‍ കാണിക്കുന്നതും 2 ഡോളറും തരണമപ്പീ , ഒഴിക്കണ ഗ്യാസിനോക്കെ ഇപ്പൊ ഭയങ്കര കായികള്‍ ആണ്. അല്ലെങ്കി ഞാന്‍ മീറ്റര്‍ ചാര്‍ജ് മാത്രേ വാങ്ങോള്ളാരുന്നേ - ആറ്റുകാലമ്മച്ചിയാണേ സത്യം "
സൈഡിലേ മീറ്റര്‍ തൊട്ട് ഒറ്റശ്വാസത്തില്‍ ചേട്ടന്‍ പറഞ്ഞു.  പറച്ചിലും മീറ്റര്‍ കറക്കവും ഒരേ സ്പീഡില്‍ ആണെന്ന് തോന്നിപ്പോയി. എന്നാലും ആദ്യമായി ഇവിടെ കിട്ടിയൊരു മലയാളി ഓട്ടോ ചേട്ടന്‍ അല്ലെ , മനസ് വന്നില്ല ഇറങ്ങിപോകാന്‍. മീറ്റര്‍ ചാര്‍ജ് എങ്കില്‍ അങ്ങനെ എന്ന് കരുതി മിണ്ടാതിരുന്നു.
"അല്ല ചേട്ടാ, നിങ്ങള്‍ എങ്ങനെ ഇവിടെ വന്നു പെട്ട്? "

"ഓ എന്തരു പറയാനെക്കൊണ്ട് . ഗള്‍ഫില്‍ പോകാനായിരുന്നു പുള്ളെ ഇന്റര്‍നാഷണല്‍ ലൈസന്‍സുകള്‍ ഒക്കെ എടുത്തത് -അപ്പ ദാണ്ടേ അവിടെന്നു എല്ലാരേം ഇന്ത്യയിലോട്ട് പറഞ്ഞു വിടുന്നു ,എന്തരോ നിക്കാക്കത്ത് എന്നാ നിതാക്കത്ത് എന്നാ മറ്റാ പറയണ ഒന്നാണ് പോലും. അങ്ങനെ നോക്കിയപ്പ ഇവിടെ സ്റ്റാന്റില്‍ ഒരോട്ടോ ഒഴിവുണ്ടെന്നു ഫേസ്ബുക്കില്‍ കണ്ടതാണ്. അപ്പഴേ നമ്മള്‍ ആപ്പ്ളിക്കേഷനുകള്‍  മെയിലില്‍ അയച്ച്   അവര് 'സ്കൈ' വെച്ചൊക്കെ വര്‍ത്താനങ്ങള്‍ പറഞ്ഞ് ഓട്ടോയ്കും എനിക്കും അപ്പത്തന്നെ വിസകള്‍ അടിച്ചു കയ്യില്‍ തന്നില്ലേ.  "


"സ്കൈ വെച്ച് വര്‍ത്തമാനം - അതെന്ത് സാധനാ ചേട്ടാ? "


"ഈ അപ്പി എന്തരു ചോയിക്കണ് -ഈ കമ്പ്യൂട്ടറുകളില്‍ ഒക്കെയില്ലേ -നമ്മക്ക് അവരേം അവര്ക്ക് നമ്മളേം കണ്ടോണ്ട് മിണ്ടീം പറഞ്ഞും ഒള്ളതെ . അയിനു സ്കൈ എന്നാണ് പറയണ പോലും. നാട്ടിലെ റ്റെക്നോപാര്‍ക്കില്‍ നമ്മള അക്കന്റെ പയല് ജ്വാലി ചെയ്യുന്നുണ്ട്.അവനീ കമ്പ്യൂട്ടറിന്റെ എല്ലാ കിടുപിടീം അറിയാം.അങ്ങനെയല്ലേ ഈ facebook ഒക്കെ ഞാന്‍ പഠിച്ചത്"

ചേട്ടന്‍ സ്കൈപ് ആണ് ഉദ്ദേശിച്ചത് എന്നെനിക്കു മനസിലായി. ആളൊരു സരസന്‍ വാചകപ്രിയന്‍ ആണെന്ന് ഇത്രേം നേരം കൊണ്ട് പിടികിട്ടി, എന്നാല്‍ പിന്നെ  നാട്ടിലെ ചില വിശേഷങ്ങള്‍ കൂടി ചോദിക്കാം എന്ന് കരുതി ഞാന്‍ പതുക്കെ തുടങ്ങി.


"ചേട്ടാ നാട്ടില്‍ നിന്ന് വന്നിട്ട് എത്രയായി ?അവിടെ എന്തൊക്കെ വിശേഷങ്ങള്‍?ഇവിടെയോക്കെ ഇഷ്ടം ആയോ? മഞ്ഞത്ത് വണ്ടിയോടിക്കാന്‍ പ്രയാസം ഉണ്ടോ? "


ബെല്ലും ബ്രെയ്ക്കും ഇല്ലാത്ത ചോദ്യങ്ങള്‍ കേട്ടിട്ടാണെന്ന് തോന്നുന്നു പുള്ളി കണ്ണാടിയില്‍ കൂടി അല്ലാതെ തന്നെ ഒന്ന് തിരിഞ്ഞു നോക്കിയത് .


"കഴിഞ്ഞ മാസം ഒന്നാം തീയതി ഞാനിവിടെ വന്നിട്ട് ഒരു മാസം ആയപ്പീ. ഓ! എന്തരു ഇഷ്ടപ്പെടാന്‍. വായ്ക്ക് രുചിയായിട്ട് ഇച്ചിരി ചോറും കറീം പോലും കിട്ടൂല്ല. ഈ മഞ്ഞുകളൊക്കെ കാണാനും ഫോട്ടോ പിടിക്കാനും കൊള്ളാം. ജീവിക്കാന്‍ സുഖം നമ്മള പപ്പനാവന്റെ മണ്ണ് തന്നെ . ചൂട് ഇല്ലോളം കൂടിയാലും രാവിലെ മൊതല്‍ അവിടത്തെ സ്റ്റാന്റില്‍ കിടക്കണ ഒരു സുഖം കിട്ടോ? നാട്ടിലും ഇപ്പൊ എല്ലാരക്കും കഷ്ടകാലങ്ങള്‍ തന്നപ്പീ . നമ്മള സുനന്ദ കൊച്ചു മരിച്ചതിനെന്തൊക്കെ പുകിലായിരുന്നു. പാവം ആ ശശി. ശശിയെ അറിഞ്ഞൂടെ? നമ്മള പുള്ള ആണ്. എന്തരായാലും ഇപ്പ ഒന്നും കേക്കാനില്ല . കമ്മുണിസ്ടും കാണ്ഗ്രസും അല്ലാതെ ഇപ്പ ഒരെണ്ണം കൂടി ഒണ്ട് -ആപ്പ് - ആരക്കൊക്കെ ആപ്പാകും എന്ന് വഴിയെ വഴിയെ കാണണം.'തൊറപ്പ' ആണ് ചിഹ്നം - എനിക്കാണെങ്കില്‍ അത് കാണുമ്പളെക്കും നമ്മളെ ഹെല്‍ത്തിലെ തൂപ്പുകാരി മേരിക്കുട്ടിയെ ഓര്‍മ്മ വരും കേട്ടാ. അവളെ കണ്ടാല്‍ ഒരു മെനയില്ലെന്നെ ഉള്ളൂ - തൊറപ്പ എടുത്താപ്പിന്നെ എല്ലാടോം മുച്ചോടും അടിച്ചു വാരി ഒരേ  മേളങ്ങള്‍ ആണ് . പിന്നെ നമ്മള ഉദയഭാനു അണ്ണന്‍ മരിച്ചു പോയി കേട്ടാ..നല്ല തൊണ്ട ആയിരന്നു നല്ല മനുഷേനും . പറഞ്ഞിട്ട് കാര്യമില്ല, പോയില്ലേ. നമ്മള ഇല്ല ചെക്കന്‍ ഇല്ലേ ഗാന്ധിജിയുടെ ചെറുപിള്ള രാഹുല്‍ ഗാന്ധി  , എന്തരാ ഇന്റര്‍വ്യൂ ഒണ്ടായിരുന്നെന്നാ പിന്നെ അത് സില്മേല്‍ എടുത്തെന്നാ ഫയങ്കര ഹിറ്റായെന്നാ ഒക്കെ കേട്ട് ഇതൊക്കെ ഒള്ളതാ കള്ലോ ആരക്കറിയാം അപ്പീ.
നമ്മള നാട്ടിലെ റോഡുകളില്‍ ഗട്ടറില്‍ ഓടിക്കണ വെച്ച് നോക്കിയാല്‍ ഈ മഞ്ഞൊന്നും ഒന്നുമല്ല
-പിന്നെ എന്താരാണെന്ന് വെച്ചാല്‍ നമ്മള സാദാ കൈലി ഉടുത്ത് നടക്കാന്‍ പറ്റൂല്ല . ഒന്ന് പുറത്തേക്ക് പോകണമെങ്കില്‍ എന്തോരമാ ഉടുക്കേണ്ടത് . എല്ലാം വാരിച്ചുറ്റി വരാന്‍ തന്നെ പിടിക്കും അര മണിക്കൂര്‍. എന്നാലും ഇവിടുത്തെ രീതികളൊക്കെ കൊള്ളാം കേട്ടാ . ഇന്നാളി ഒരു സായിപ്പന്‍ ചെക്കന്‍ വന്നു ഫോട്ടോ എടുത്തിട്ട് പൈസേം തന്നിട്ട് പോയി. കൊഴപ്പമില്ലാതെ തട്ടീം മുട്ടീം അങ്ങനെ പൂവാണ് മക്കളെ. "


ചേട്ടന്‍റെ നിര്‍ത്താത്ത വര്‍ത്തമാനത്തിനൊപ്പം മറ്റെന്തോ കൂടി ഉച്ചത്തില്‍ കേള്‍ക്കാന്‍ തുടങ്ങി - ചാടിയെഴുന്നേറ്റ് അലാറം ഓഫ്‌  ചെയ്തപ്പോഴാണ് ഞാനിത്ര നേരം കണ്ടതും കേട്ടതും ഒക്കെ സ്വപ്നം ആണെന്ന് എനിക്ക് ബോധം വന്നത് .

ഇവിടെ ഈ തിരക്കില്‍,  മഹാനഗരത്തില്‍ ഞാനേറ്റവും കൂടുതല്‍ മിസ്സ്‌ ചെയ്യുന്നത് എന്താണെന്ന് പറഞ്ഞാല്‍ ഒരുപക്ഷെ നിങ്ങള്‍ എന്നെ പുച്ഛിച്ചേക്കാം  - എനിക്ക് വട്ടാണെന്ന് പറഞ്ഞേക്കാം ..പക്ഷെ പറയാതെ വയ്യ ഞാനിവിടെ നമ്മുടെ സ്വന്തം ഓട്ടോറിക്ഷയെ ആണ് ഏറ്റവും കൂടുതല്‍ മിസ്സ്‌ ചെയ്യുന്നത്!! ഞെട്ടണ്ട മനുഷ്യന്മാരെ സത്യാ പറഞ്ഞത്. നാട്ടില്‍ നിന്നു ഇവിടെ എത്തിയിട്ട് ആദ്യമായി പുറത്ത് പോയ ദിവസം കണ്ണ് തിരയാതെ  തിരഞ്ഞത് മുഴുവന്‍,  ഏറ്റവും പരിചയമുള്ള ആ മഞ്ഞയില്‍ കറുപ്പ് വരച്ച മൂട്ട വണ്ടിയെ ആണ് . അങ്ങനെ ഒന്നില്ല എന്ന സത്യത്തിനോട്‌ പൊരുത്തപ്പെടാന്‍ വല്ലാതെ കഷ്ടപ്പെട്ടു . ഇപ്പോഴും ഇടയ്ക്ക് ഓര്‍ക്കും ഒരു ഓട്ടോ കിട്ടിയിരുന്നെങ്കില്‍!!




വന്നു പെട്ട നഗരത്തില്‍ കാലു കുത്തിയ നിമിഷം ഞാനനുഭവിച്ചു ആ മിസ്സിംഗ്‌  ,നിരനിരയായി കടന്നു പോകുന്ന വണ്ടികളില്‍   പല നിറങ്ങളില്‍ പല വലുപ്പത്തില്‍ കാറുകള്‍ , കൂറ്റന്‍ ട്രെയിലറുകള്‍ , മാലിന്യം കോരുന്ന ട്രക്കുകള്‍, മഞ്ഞ നിറത്തിലെ സ്കൂള്‍ ബസുകള്‍ , ആളുകളില്ലാതെ ഓടുന്ന സര്‍ക്കാര്‍ ബസുകള്‍ ....ഇല്ല! എന്‍റെ റോഡ്‌ കാഴ്ച പൂര്‍ണ്ണം ആകുന്നില്ല! ഇരുചക്ര മുച്ചക്ര വാഹനങ്ങള്‍   വാലേ വാലേ പോകുന്നത് കാണാത്ത ഒരു റോഡും നമ്മളെ സംബന്ധിച്ച് പൂര്‍ണ്ണം ആണെന്ന് എനിക്ക് തോന്നില്ല.  മഞ്ഞു പെയ്യുന്ന ദിനങ്ങളില്‍ ഒന്നിലാണ് അടുത്ത വീട്ടിലെ സായിപ്പ് നമ്മുടെ നാട്ടിലെ "ആപ്പ" ഓട്ടോ പോലൊരു വണ്ടി തള്ളി കൊണ്ട് പോകുന്നത് കണ്ടത്.. ഓര്‍മ്മകളിലേക്ക് ഒരു പെരുമഴപ്പെയ്ത് നടത്തി എന്നെ ഈ സ്വപ്നത്തിലേക്ക് എത്തിച്ചത് പോലും ആ പാട്ടവണ്ടി ആണ്.


ഇവിടെ എന്നെങ്കിലും ഒരു കാക്കിയിട്ട ഓട്ടോക്കാരനെ കണ്ടാല്‍ കൂടെ കളിച്ചു വളര്‍ന്ന സുഹൃത്തിനെ കണ്ടത് പോലെ തോന്നാം .അത്ര മേല്‍ ഓട്ടോ എന്ന വികാരം നമ്മിലൊക്കെ ഉണ്ട് -പ്രത്യേകിച്ചും മലയാളികള്‍ക്ക് ഓട്ടോ വീട്ടിലെ വാഹനം പോലെയാണ് അല്ലെ? ബാന്ഗ്ലൂര്‍ലെയും ചെന്നൈയിലെയും ഡല്‍ഹിയിലെയും ഒക്കെ കഴുത്തറുപ്പന്‍ ഓട്ടോചാര്‍ജ്ജും അറ്റിട്ട്യുടും അല്ല നമ്മുടെ നാട്ടിലെ ഓട്ടോക്കാര്‍ക്ക് എന്നെനിക്ക് എപ്പോഴും  തോന്നിയിട്ടുണ്ട് . സൌഹൃദ കവലകള്‍ ആണ് ഓട്ടോ സ്റ്റാന്റുകള്‍ - ഒരു സ്ഥലത്തെ എല്ലാ വാര്‍ത്തയും ആദ്യം ചര്‍ച്ച ആകുന്നത് അവിടെയാകും. ഓട്ടോ റിക്ഷ എന്നതൊരു സംസ്കാരം ആണ് സഹായമനസ് ഉള്ള ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മസംസ്കാരം. അടിയും പിടിയും ഗോസ്സിപ്പും വഴക്കും ഒക്കെ ഉണ്ടാകുമെങ്കിലും എന്ത് പ്രശ്നത്തിനും , കല്യാണത്തിനും, അടിയന്തരത്തിനും ആദ്യം ഓടിയെത്തുന്ന ഒരു ഗ്രൂപ്പ്‌ ഇവരാണ്. ചിലപ്പോള്‍ എങ്കിലും പ്രവാസത്തില്‍ നഷ്ടബോധം തോന്നുന്നത് അത്തരം കൂട്ടായ്മകള്‍ ആണെന്ന് പറയാതെ വയ്യ.


എത്തിപ്പെട്ട അമേരിക്കന്‍ സ്ഥലത്ത് ബസ് പിടിച്ചു എവിടേക്കും പോകാന്‍ ഒക്കില്ല എന്ന സത്യം മനസിലായപ്പോള്‍  മുതല്‍ എന്നും ആലോചിക്കും ഇവിടെ ഒരു ഓട്ടോ ഉണ്ടായിരുന്നെങ്കില്‍  എന്ന് . ഒന്ന് കടയില്‍ പോകാന്‍ , കുഞ്ഞിനെ സ്കൂളില്‍ നിന്ന് വിളിച്ചു കൊണ്ട് വരാന്‍, അത്യാവശ്യത്തിനു ഒന്ന് ഡോക്ടറെ കാണാന്‍ പോകാന്‍ ഡ്രൈവിംഗ് അറിയാതെ നിവര്‍ത്തിയില്ല . ജീവിതത്തിലെ ഓട്ടോയുടെ പ്രാധാന്യം മനസിലായത് അപ്പോഴാണ് . നമ്മുടെ നാട്ടിലെ പോലെ പുറത്തേക്കു നോക്കിയാല്‍ തന്നെ വരിയായി കിടക്കുന്ന ഓട്ടോകള്‍ ഉള്ള ഒരു സ്റ്റാന്റ് എല്ലാ അമേരിക്കന്‍ ജന്ക്ഷനിലും വേണം.  മിനിമം ചാര്‍ജ് മാത്രം വാങ്ങി എല്ലാ സ്ടോപ്പിലും മഞ്ഞത്തും മഴയത്തും കൊണ്ടാക്കുന്ന കാക്കിയിട്ട ഓട്ടോ ചേട്ടന്മാര്‍ നാട് മുഴുവന്‍ -ആഹ അങ്ങനെ ഒരു കിനാശ്ശേരി ! അല്ല അങ്ങനെ ഒരു അമേരിക്ക അതാണെന്‍റെ  സ്വപ്നം - എത്ര സുന്ദരമായ നടക്കാത്ത  സൊപ്പനം അല്ലെ? എന്നാലും കാണാന്‍ ആര്‍ക്കും കാശ് കൊടുക്കണ്ടല്ലോ... അതുകൊണ്ട് ഞാന്‍ ഓട്ടോകള്‍ നിറഞ്ഞ ഒരമേരിക്ക സ്വപ്നം കാണട്ടെ !


( മലയാളി മാഗസിന്‍ മാര്‍ച്ച്‌ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത് )

13 comments:

  1. അതുകൊണ്ട് ഞാന്‍ ഓട്ടോകള്‍ നിറഞ്ഞ ഒരമേരിക്ക സ്വപ്നം കാണട്ടെ !
    സ്വപ്നമല്ലേ കണ്ടോ കണ്ടോ... :P

    കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല എന്ന് പറയണത് പോലെ നുമ്മടെ ഓട്ടോക്ക് ഇത്രേം വിലയുണ്ടന്നു അറിഞ്ഞില്ല.. ഞാൻ ബെക്കം പൊറത്ത് പോയി ഒരു ഓടോകളൊക്കെ കണ്ടിട്ട് വരാമപ്പീ... :P

    ReplyDelete
  2. വായിച്ചു.സന്തോഷം..

    ReplyDelete
  3. Malluvinte Chinthakal. ...!

    Manoharam Arsha, Ashamsakal...!!!

    ReplyDelete
  4. സ്വപ്‌നങ്ങള്‍ ചിലപ്പോഴൊക്കെ സംഭവിച്ചേക്കാം.
    അങ്ങിനെ സംഭവിച്ചാല്‍ അമേരിക്കയുടെ കാഴ്ച ഒരു രസായിരിക്കും.

    ReplyDelete
  5. ഇന്‍ഡ്യ അമേരിക്കയും അമേരിക്ക ഇന്‍ഡ്യയുമൊക്കെയാകുമ്പോ ഇങ്ങനെ വല്ലതുമൊക്കെ സംഭവിച്ചേക്കാം!

    ReplyDelete
  6. ഒരു ഓട്ടക്കാലണക്ക് വിലയില്ലാത്ത
    സ്വപ്നം തന്നെയായായല്ലോ ഇത്...ആർഷെ!

    ReplyDelete
  7. ഞാനിന്നലെ ഉച്ചയ്ക്ക് ഞങ്ങളുടെ നാട്ടിലെ ആട്ടോ സ്റ്റാന്‍റെുള്ള സെന്‍റ്റില്‍ ഇറങ്ങി നിരനിരയായി കിടക്കുന്ന ആട്ടോറിക്ഷായുടെ അടുത്തുചെന്നു നോക്കിയപ്പോള്‍ ഒരൊറ്റയെണ്ണത്തിലും ഡ്രൈവര്‍മാരില്ല.കാരണം തിരക്കിയപ്പോഴാണ് അറിഞ്ഞത് എല്ലാവരും ഒത്തൊരുമിച്ച് കൂട്ടത്തിലുള്ള കൂട്ടുക്കാരന്‍റെ മോന്‍റെ പേരിടല്‍ ചടങ്ങിന് പോയിരിക്കുകയാണെന്ന്.........
    ആശംസകള്‍

    ReplyDelete
  8. ശെരിയണല്ലോ ആച്ചീ .. ഈ ഓട്ടോ ഇല്ലേൽ ഭയങ്കര കഷ്ടമാ ല്ലേ .

    ReplyDelete
  9. ഒരു ഓട്ടോ മേടിച്ചു അമേരിക്കയില്‍ ഒരു "ഷീ ഓട്ടോ" ക്ക് തുടക്കം കുറിക്കുക..

    വായിച്ചപ്പോള്‍ ഒന്ന് മനസിലായി ഓട്ടോ മാത്രമല്ല തിരോന്തരവും മിസ്സ്‌ ആകുന്നുന്ടെന്നു

    ReplyDelete
  10. ശര്യാ... എന്തുണ്ടായിട്ടെന്താ ഓട്ടോ ഇല്ലെങ്കില്‍ പിന്നെ എന്തു കാര്യം? നമ്മക്ക് ഓട്ടോ വേണം.. ഉത്തരധ്രുവത്തിലും ഓട്ടോ വേണം... ങാ.

    എഴുത്ത് ഉഷാറായി. അഭിനന്ദനങ്ങള്‍

    ReplyDelete
  11. ഓട്ടോകള്‍ നിറഞ്ഞ ഒരമേരിക്ക-ആഹാ...എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം... :D

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)