Saturday, March 14, 2020

'മലയണ്ണാർക്കണ്ണൻ മാർകഴിത്തുമ്പിയെ .....'

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 1997-98 സമയം
കൃത്യമായ വർഷമോർമ്മയില്ല ... കുറച്ചേറെ വർഷങ്ങൾക്ക് മുൻപാണ് , ഞാൻ ഒൻപതിലോ പത്തിലോ പഠിക്കുവാണ് - ബന്ധുവായ ഒരു അപ്പൂപ്പൻ മരിച്ച വിവരമറിഞ്ഞു അമ്മയോടൊപ്പം ഞാനും അവിടെ എത്തി. അമ്മയുടെ വീട് ആറ്റിങ്ങലിൽ പൂവൻപാറ ആറിന് അക്കരെയാണ്. ഏതാണ്ട് അതിനൊക്കെ അടുത്തായാണ് ഈ സ്ഥലവും. എനിക്ക് പണ്ടുമുതലേ ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ഒക്കെ അമ്മയ്‌ക്കൊപ്പം പോകാൻ ഇഷ്ടമാണ് - ചേട്ടന്മാർക്ക് നല്ല കട്ട ബോറടിയും.

മരണവീടും കല്യാണവീടും ബന്ധുക്കളെയൊക്കെ കാണാൻ കിട്ടുന്ന അവസരമാണല്ലോ. പ്രത്യേകിച്ചും സ്‌കൂൾ കുട്ടികൾക്ക് അവധിക്കാലം വരും മുൻപ് തന്നെ കിട്ടുന്ന ഒരു എക്സ്ട്രാ ബോണസ് ഡേ. അമ്മയുടെ അച്ഛനും അമ്മയുമൊക്കെ അമ്മയുടെ ചെറുപ്പത്തിൽ തന്നെ മരിച്ചുപോയതുകൊണ്ട് ഇമ്മാതിരി പരിപാടികളിലും വർഷത്തിൽ ഒന്നോ രണ്ടോ തവണയുള്ള തേങ്ങയിടാൻ പോക്കും മാത്രമാണ് ആ നാടുമായുള്ള ബന്ധം. അവിടെയെത്തി അമ്മ കരയുന്ന ബന്ധുക്കളോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ പോയ സമയത്ത് ഞാൻ വേറെയാരെലും കമ്പനി കിട്ടുമോയെന്ന് കറങ്ങിനടക്കുവാ.

അങ്ങനെ കറങ്ങിച്ചുറ്റി നടക്കുമ്പോൾ ആണ് ഗർഭിണികളായ രണ്ട് കസിൻചേച്ചിമാർക്ക് വിശപ്പടിച്ചത്, കൂട്ടത്തിൽ ഒരു ചേച്ചിയുടെ മകൾക്കും പിന്നെ ചെറുതായി എനിക്കും വിശക്കുന്നുണ്ടോ എന്നൊരു സംശയം  അങ്ങനെ ഭക്ഷണം വാങ്ങിക്കഴിച്ചിട്ടു തിരിച്ചു ഇങ്ങോട്ടേക്ക് തന്നെ എത്താമല്ലോയെന്ന പ്രലോഭനത്തിൽ ഞാനും കാറിൽ ചാടിക്കയറി. പത്തുമിനിറ്റ് ദൂരെയുള്ള ഇന്ത്യൻ കോഫിഹൌസിലേക്കുള്ള യാത്രയിൽ കാറിൽ കേട്ട പാട്ടിന്നും ഓർമയുണ്ടാകാൻ കാരണം ഒരു ഒന്നേമുക്കാൽ വയസുകാരി അതിനൊപ്പം ഈണത്തിൽ കൊഞ്ചിപ്പാടിയത് കൊണ്ടുതന്നെയാണ്  . പാട്ടുകാരിയെപ്പറ്റി പറയുകയാണെങ്കിൽ പറഞ്ഞുവരുമ്പോൾ ഞാൻ ഓളുടെ ചിറ്റ/ കുഞ്ഞ ഒക്കെയാണെങ്കിലും ആശാട്ടി 'സ്‌കൂൾ യൂണിഫോമിൽ' കണ്ടുപരിചയമുള്ള എന്നെ ആർഷേച്ചീന്നാണ് വിളിക്കൽ. ഞാനായിട്ട് പിന്നെ തിരുത്താനും പോയിട്ടില്ല, കുഞ്ഞിന്റെ ഒരാഗ്രഹമല്ലേ .

ആ കുഞ്ഞിപ്പോ വലിയ ആളാണുട്ടാ - രണ്ടു പടത്തിൽ നായികയായി കഴിഞ്ഞു, മൂന്നാമത്തേത് അണിയറയിൽ ഒരുങ്ങുന്നു, പാട്ടിന്റെ വീഡിയോ ആൽബമിറക്കി, റ്റെഡ്X ടോക്ക് ചെയ്തു, കുറെയേറെ മോഡലിംഗ് ചെയ്തു - എന്നാലും ആർഷേച്ചി വിളി ആള് മാറ്റിട്ടില്ല. എനിക്കിപ്പോഴും ആളെ ഓർക്കുമ്പോൾ ഈ രംഗം ഓർമ്മ വരും അല്ലെങ്കിൽ ഈ പാട്ട്കേൾക്കുമ്പോൾ അവളെ ഓർമ്മവരും! കൈക്കുടന്ന നിലാവ് എന്ന ചിത്രത്തിലെ 'മലയണ്ണാർക്കണ്ണൻ മാർകഴിത്തുമ്പിയെ .....' പാട്ട് ആള് പാടിവന്നപ്പോൾ 'മയന്നക്കന്നാ' ഒക്കെ ആയിപ്പോയെങ്കിലും ഈണമൊക്കെ കറ-കറക്ട് ആരുന്നേ തലയൊക്കെ കുലുക്കി നല്ല ഗുണ്ടുമണിക്കുട്ടിയായിട്ട് ഈ പാട്ടുപാടിയിരുന്ന, ചിക്കൻ ഫ്രൈഡ് റൈസ് ഒത്തിരിയിഷ്ടമുണ്ടായിരുന്ന ആ ഒന്നേമുക്കാൽ വയസുകാരിയ്ക്കാകട്ടെ ഇന്നത്തെ നമ്മുടെ പാട്ടോർമ്മ.

ഓഫ്: ആളാരാ എന്നറിയാൻ ആകാംക്ഷ ഉള്ളോരൊക്ക #LUCA എന്ന പുത്യേ സിനിമയിലെ നായിക ആരാണെന്ന് നോക്കിയാൽ മതി  


------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

3 comments:

  1. ആർഷേച്ചി വിളിയും പാട്ടോർമ്മയും ...
    നന്നായി.
    ആശംസകൾ

    ReplyDelete
  2. 'ലൂക്കാ' യിലെ നായികയുടെ കുട്ടിക്കാലം ഓർമ്മിപ്പിക്കുന്ന ഒരു ഗാനം 

    ReplyDelete
  3. കൊള്ളാലോ....

    പാട്ട് ഒട്ടും ഇഷ്ടമില്ല.

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)