#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!
വർഷം 1998 -99 ആകണം
പത്താംക്ലാസൊക്കെ കഴിഞ്ഞ് പ്രീഡിഗ്രിയുടെ അനന്തപഥങ്ങളിൽക്കൂടി അലഞ്ഞുതിരിഞ്ഞുനടക്കുന്ന സമയം.
അടുത്തകൊല്ലത്തോടെ പ്രീഡിഗ്രി നിർത്തലാക്കുമെന്ന ഒരു കരക്കമ്പി പറന്നു നടന്നിരുന്നതുകൊണ്ട് ഫാത്തിമയിലെ ഒന്നാംവർഷ പ്രീഡിഗ്രിക്കാരെന്ന ആഡംബരം മുഴുവൻ തലയിലേറ്റിവെച്ച് ആഘോഷിക്കുമ്പോൾ ആണ് ഇലക്ഷൻ വരുന്നത്. അന്നത്തെ പ്രിയപ്പെട്ട കൂട്ട് ഡിഗ്രിക്ക് പഠിക്കുന്ന ബിനുമോളേച്ചി ആണ്. ചേച്ചിയാണെങ്കിലോ ചങ്കിലെ ചോര ചെഞ്ചോര ടൈപ്പ് ആളാ - ഇപ്പോഴും! സ്വഭാവികമായും ഇടതുപക്ഷചായ്വുമായി ഞാനും ചേച്ചിയോടൊപ്പം കൂടി. വിപ്ലവം പണ്ട് ഞരമ്പുകളിൽ തിളച്ചിരുന്നൊരു കാലം. ഫാത്തിമ പൊതുവേ KSU അനുഭാവമുള്ള ഇടമാണെന്നത് പരസ്യമായ രഹസ്യമാണ്, പ്രിൻസിപ്പലച്ചന്റെയും മറ്റദ്ധ്യാപകരുടെയും ഒക്കെ പിന്താങ്ങലോടെ അതിങ്ങനെ വെടിവട്ടം പോലെ നടക്കും. അതേ സമയം തൊട്ടപ്പുറത്തെ വളവിലുള്ള SN വിമൻസും SN മിക്സഡ് കോളേജുമാണേൽ ചുവപ്പിൻ്റെ കോട്ടയും. നമുക്ക് പാർട്ടിയൊന്നും വിഷയമല്ല കൂട്ടുകാരാണ് വിഷയം കെഎസ്യു ആയാലെന്താ എസ്എഫ്ഐ ആയാലെന്താ! എബിവിപി എന്നൊരു പ്രസ്ഥാനം അന്നാ ഏരിയയിൽ കണികാണാൻ ഇല്ലായിരുന്നു - ഇപ്പോഴത്തെ അവസ്ഥ അറിയില്ല!
ഇലക്ഷന് വോട്ടു പിടിക്കാൻ നിൽക്കുന്നത് തന്നെ നല്ല രസാ.. ഗേറ്റിന്റെ ഒരുവശത്ത് SFI ക്കു വേണ്ടി മത്സരിക്കുന്ന ജൂലിച്ചേച്ചിക്കും ബിനുമോൾച്ചേച്ചിക്കും വോട്ടിന് അഭ്യര്ത്ഥിച്ചുകൊണ്ട് ഞാനാകും - മറുവശത്ത് KSU ന് വേണ്ടി ജോൺചേട്ടൻ(ഓര്മ ശരിയാണെങ്കിൽ ആ വർഷം പുള്ളി UUC ആയിട്ടായിരുന്നു, അതിനടുത്ത കൊല്ലം കോളേജ് ചെയർമാൻ). എന്റെയടുത്ത് വരുന്ന ആളിനെ അപ്പുറത്തേക്കും വിടും അവിടുന്ന് പിടി വിടുവിച്ച് വരുന്ന ആളിനെ ഇവിടേക്ക് പതുക്കെ സൈഡ് ആക്കുകയും ചെയ്യും. അതൊരു രസമുള്ള കാലമായിരുന്നേ.... സാധാരണ ഗതിയിൽ ആണ്കുട്ടികൾക്ക് പ്രവേശനമില്ലാത്ത ഞങ്ങളുടെ പെൺമുറ്റത്തേക്ക് പ്രിൻസിപ്പലിന്റെ അനുമതിയോടെ ചെക്കന്മാർ കടന്നുകയറുന്ന ദിവസങ്ങളാണ് ഇലക്ഷനടുപ്പിച്ച സമയം. എത്ര പ്രണയങ്ങൾ പൂത്തുലയുന്ന സമയം..എത്ര കണ്ണേറുകളും അടക്കിപ്പിടിച്ച ചിരികളും പങ്കുവെക്കപ്പെടുന്ന സമയം,വലിയ ചേട്ടന്മാരുടേയും ചേച്ചിമാരുടെയും ഘോരഘോരമുയരുന്ന പ്രസംഗങ്ങളും വാഗ്ദാനങ്ങളും കേട്ട് മിക്ക ജസ്റ്റ്- ആഫ്റ്റർ-സ്കൂൾ പ്രീഡിഗ്രി പിള്ളേരുടെയും കിളിപോയി നിൽക്കുന്ന കാലം! പിന്നീട് ആലോചിച്ചിട്ടുണ്ട് പ്രീഡിഗ്രി നിർത്തലാക്കിയതോടെ കാമ്പസിലെ കളർ മങ്ങിയിട്ടുണ്ടാകുമെന്ന്!
ക്ലാസ്മേറ്റ്സ് സിനിമയോർക്കുന്നില്ലേ, നരേൻ അവതരിപ്പിച്ച കഥാപാത്രത്തിനെ പാട്ടുപാടിക്കാൻ രണ്ടുകൂട്ടരും അടിച്ചുമാറ്റിക്കൊണ്ടുപോകുന്നത്. അതുപോലെയൊക്കെയാണ് ഇവിടെയും. പ്രീഡിഗ്രി പിള്ളേരെ കയ്യിലെടുക്കുന്നോരാണ് ജയിക്കുക എന്നുറപ്പ് ഉള്ള സമയമായത്കൊണ്ട് നമ്മൾക്കൊക്കെ വലിയ വിലയാ അന്ന്. ഇലക്ഷൻദിവസം ടെൻഷനടിച്ചു നടന്ന ബിനുമോളേച്ചിയോട് ഞാൻ സ്വകാര്യം പോലെ പറഞ്ഞു "അതേയ്, 'അമ്മ പറഞ്ഞാരുന്നു വോട്ട് ചെയ്തിട്ട് വേഗം വീട്ടിലെത്തിയിട്ട് പാതകത്തിലിരിക്കുന്ന കാരറ്റ് അരിഞ്ഞു തോരൻ വെക്കണമെന്ന്" -ഇതുപറഞ്ഞതുമാത്രേ എനിക്കോർമ്മയുള്ളൂ. തുരുതുരാ ചീത്തയായിരുന്നു നാലുവശത്തൂന്നും! വൈകുന്നേരം വരെ അവിടെ ഇരുത്തിച്ച് ചിന്നക്കടയിലുണ്ടായിരുന്ന വിജയാഘോഷയാത്രയും കൂടിച്ചിട്ടേ എൻ്റെ ബാഗ് എനിക്ക് തിരികെ കിട്ടിയുള്ളൂ ആ കാളിക്കൂട്ടത്തിന്റെ കയ്യിൽനിന്നും. അമ്മേടെ കാരറ്റ് തോരൻ സ്വാഹാ!
അപ്പൊ പറഞ്ഞുവന്നത് അക്കൊല്ലം ഏതാണ്ടെല്ലാ സീറ്റും എസ് എഫ് ഐ തൂത്തുവാരി.. ഓരോരോ സീറ്റിന്റെയും വോട്ട് നിലവാരം വരുമ്പോഴും ഫാത്തിമയുടെ പ്രധാന പടികളിറങ്ങി വരുന്ന ഇടത്തിലെ പുല്ലിൽ ചടഞ്ഞിരുന്ന ഞങ്ങൾ ആർത്തുവിളിച്ചു. എല്ലാ റിസൾട്ടും വരുന്നതിനു മുൻപ് തന്നെ മാഗസിൻ എഡിറ്ററായി മത്സരിച്ച ചേട്ടൻ (രാജേഷ് എന്നായിരുന്നോ പേരെന്ന് അവ്യക്തമായ ഓർമയെ ഉള്ളൂ) വൻഭൂരിപക്ഷത്തിൽ ജയിച്ചത് അന്നൗൺസ് ചെയ്തതും ആശാനൊരു സൈക്കിളെടുത്തു വട്ടത്തിൽ കറങ്ങികൊണ്ട് ഉച്ചത്തിൽ പാടാൻ തുടങ്ങി - "ആലേലോ പൂലേലോ ആലെപ്പൂലേലോ ..." ഞങ്ങളൊക്കെ പിന്നാലെ "ആക്കൊമ്പിൽ അഞ്ചുമാങ്ങ ഈക്കൊമ്പിലഞ്ചു മാങ്ങാ കാക്ക കൊത്തണ മാങ്ങയ്ക്കാരാ തോട്ടി കെട്ടണത് " ആറാറര മണിയോടെ എല്ലാ റിസൾട്ടും വന്ന് എല്ലാത്തിനേം തൂക്കിയെടുത്തും മാലയിടിച്ചും ചിന്നക്കടയെത്തി, ബാക്കി കോളേജിലെ പിള്ളേരും വന്ന് ഇച്ചിരി നേരം ചിന്നക്കട മൊത്തത്തിലൊന്ന് ബ്ലോക്കാക്കിയിട്ടാണ് വീട്ടിൽപോകുന്ന കാര്യം ചെറുതായി ഓർമ്മവരുന്നത്. ഞാനും കോളേജ് വൈസ് ചെയർമാനായി ജയിച്ച ജൂലിച്ചേച്ചിയും പോകുന്നത് ഒരേവഴിക്കാണേ - ഞാൻ നാവായിക്കുളത്തിറങ്ങും ചേച്ചി അതിനു രണ്ടുസ്റ്റോപ്പ് അപ്പുറത്തും. രണ്ടാളും തിരക്കിട്ടോടിയൊരു ഫാസ്റ്റിൽ കയറി ഏതാണ്ട് ഏഴര മണിസമയത്ത് ഞാൻ നാവായിക്കുളം ജംക്ഷനിൽ വന്നിറങ്ങിയതും കറണ്ടങ്ങു പോയി..!!
ആ സമയത്ത് ഞങ്ങൾ താമസിക്കുന്നത് നാവായിക്കുളത്തിന്റെ NH സൈഡിൽ അല്ലാ - എംജി റോഡ് സൈഡിൽ സ്കൂളിനൊക്കെ അടുത്തായിട്ടാണ്. NH ഭാഗത്ത് എതുകാട്ടുവാതുക്കൽ എന്ന ജംക്ഷനിൽ ബസിറങ്ങി കുറച്ചുദൂരം നടന്നാലേ ആ വീടെത്തൂ. പോകുന്ന വഴിയൊക്കെ പണ്ട് താമസിച്ചിരുന്ന വീടുകളും പരിചയക്കാരും ആയതുകൊണ്ടും ആ സമയത്ത് അമ്പലത്തിലൊക്കെ പോയിത്തിരികേ പോകുന്നവർ കുറെയേറെ ആ ചെമ്മൺറോഡിൽ ഉണ്ടാകും എന്നുള്ളതുകൊണ്ടും എനിക്ക് വലിയ പേടിയൊന്നും തോന്നിയില്ല. ആടിപ്പാടി വീട്ടിൽ ചെന്നപ്പോൾ നല്ല തല്ലുകിട്ടിയതോടെ ഇലക്ഷൻ ജയിച്ച ആ ഒരിതങ്ങുപോയിപ്പോയി!

ഇപ്പോഴുമെപ്പോഴും "ആലേലോ പൂലേലോ " എന്ന ആഘോഷപ്പാട്ടു കേൾക്കുമ്പോൾ ഞാൻ ഫാത്തിമയുടെ മുറ്റത്തെത്തും. അവിടെ പഠിച്ചിരുന്ന എല്ലാ പെൺകുട്ടികൾക്കും കിട്ടാതിരുന്ന ഒരു പ്രിവിലേജ് എനിക്ക് കിട്ടിയ ദിവസത്തിനെക്കുറിച്ചോർക്കും .. ഞങ്ങളുടെയാ സന്തോഷ സൈക്കിൾ ഡാൻസോർക്കും!
------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച് - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ

#100DaysToLove
#Day58
ഞാൻ നോക്കുമ്പോ എനിക്കും ഉണ്ട് ഇത്പോലെ കുറേ പാട്ടോർമകൾ.. നൂറെണ്ണം ഒന്നുമില്ല.. 10-20 എണ്ണം കാണും. അതുപക്ഷേ ഇതുപോലെ ഹൃദ്യമായ നല്ലോർമ്മകളായി എഴുതാൻ മാത്രം കിടിലനും അല്ല അതിനുള്ള സ്കില്ലും ഇല്ല. എന്നെങ്കിലും കോമൺ പാട്ട് വരുമ്പോൾ കമന്റിൽ ഇടാം.
ReplyDeleteആർത്താഹ്ലാദിച്ചാൽ കരയേണ്ടിയും വരും!
ReplyDeleteആശംസകൾ
ക്ലാസ്സ്മേറ്റും സൈക്കിൾ ഡാൻസും പിന്നെയൊരു പാട്ടും
ReplyDeleteഎന്നാ ഓര്മയാ മേഡം...
ReplyDeleteപ്രീഡിഗ്രിക്കാലം ഓർത്തുപോയി.