Wednesday, February 12, 2020

"അൻപ് തോഴി .... "

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 2006 - 2008

രണ്ടുകൊല്ലം ഗസ്റ് ലെക്ച്ചററും അല്ലാത്ത ലെക്ച്ചറും ഒക്കെയായി ഒരു ജോലി ജീവിതം. വീണ്ടും പഠിക്കണമെന്ന് തീരുമാനിക്കുന്നത് അപ്പോഴാണ്. അതിൻ്റെ കാരണങ്ങൾ പഠിക്കുക എന്നതൊഴിച്ചു മറ്റുപലതുമായിരുന്നുവെങ്കിലും ജീവിതത്തിൽ എടുത്ത നല്ല തീരുമാനങ്ങളിൽ ഒന്നായിരുന്നു MTech നു പോകാൻ തീരുമാനിച്ചത്. എൻജിനീയറിങ്ങിലെ ആദ്യത്തെ വർഷത്തെ മാർക്കുകൾ കണ്ടാൽ ഞാനിപ്പോഴും ഓടും - അങ്ങനെ കിട്ടിയ ആകെമൊത്തം ടോട്ടലിനെ എങ്ങനെയെങ്കിലും 65 % ന്റെ കുറ്റിയിൽ കൊണ്ട് കെട്ടിയാണ് BTech കഴിഞ്ഞിറങ്ങിയത്. പത്താം ക്‌ളാസ് മുതലുള്ള മാർക്കുകൾ നിരത്തിവെച്ചാൽ 92 ൽ നിന്നും ശർറേ ന്നൊരു പോക്കായിരുന്നു എന്റെ മാർക്കിന്റെ നിലവാരം. MTech എൻ്റെ പുനരുജ്ജീവനമായിരുന്നു... ജീവിതത്തിനെ വീണ്ടും വ്യാഖ്യാനിക്കാൻ കിട്ടിയ അവസരം. അത് ശരിയായി ഉപയോഗിച്ചുവെന്ന് ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ തോന്നാറുമുണ്ട്.

പിജി ചെയ്യാൻ പോയ തമിഴ്‌നാട്ടിലെ കോളേജിനെയും ഹോസ്ടലിനെയും കുറിച്ച് പറയുകയാണെങ്കിൽ കേരളത്തിലെ സർക്കാർ/അർദ്ധസർക്കാർ കോളേജിൽ പഠിച്ചിട്ടു ചെല്ലുന്ന ആർക്കും ദഹിക്കാൻ കുറച്ചു പ്രയാസമുള്ള അന്തരീക്ഷം. സ്വാതന്ത്ര്യമുണ്ടോ എന്ന് ചോദിച്ചാൽ പോസ്റ്റ് ഗ്രാജുവേഷൻ ചെയ്യുന്നവർക്കൊക്കെ അത്യാവശ്യം സ്വാതന്ത്ര്യമുണ്ട്. പക്ഷേ, പാവം ബിടെക് പിള്ളേരുടെ കട്ടേം പടോം മടക്കുന്ന തരത്തിലായിരുന്നു മിക്ക നിയമങ്ങളും. എല്ലാ തിങ്കളാഴ്ചയും ഇന്റെർണൽ പരീക്ഷകൾ - ഒരു തരത്തിലും പിള്ളേരെ വീട്ടിൽ പോകാൻ സമ്മതിക്കില്ല. സ്ട്രിക്റ്റ് അറ്റൻഡൻസ് ഒക്കെയായിരുന്നതുകൊണ്ട് ആ രണ്ടുകൊല്ലോം പൊങ്കലും ദീപാവലിയും ഒഴികെ ബാക്കി എല്ലാ സമയവും ഞങ്ങൾ ആ ഹോസ്റ്റലിൽ തന്നെയായിരുന്നു. കോളേജിലെ ആർട്സ് ഡേപരിപാടികൾ ക്‌ളാസ് മുടക്കാതിരിക്കാനായി ക്‌ളാസ്സുള്ള ദിവസങ്ങളുടെ വൈകുന്നേരങ്ങളിലാണ് നടത്തിയിരുന്നത് - അഞ്ചു മണി മുതൽ 8 മണി വരെ രണ്ടോ മൂന്നോ ദിവസമായി സമയം പിരിച്ചു നടത്തുന്ന പരിപാടിക്ക് പിജിക്കാരെയൊന്നും ആ പരിസരത്തുപോലും കാണില്ല. ഞങ്ങളുടെ ഹോസ്റ്റൽ ബ്ലോക്കിൽ ഫാഷൻ ടെക്നോളജി പഠിച്ചിരുന്ന കുറച്ചു പൈതങ്ങൾ ഉണ്ടായിരുന്നത്കൊണ്ട് മാത്രം ഇമ്മാതിരി പരിപാടികൾ ഒക്കെ ഞങ്ങൾ അറിഞ്ഞുപോന്നു.

സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് ക്‌ളാസിലെ ആകെ 15 റെഗുലർ പിള്ളേരിൽ 5 പെൺകുട്ടികളും ബാക്കി കുമാരന്മാരും. മിക്ക കുട്ടികളും ബിടെക് കഴിഞ്ഞു നേരെ വന്നവർ.. ചുരുക്കം ചിലർ എന്നെപ്പോലെ ഒരു ജോലിബ്രേക് ഒക്കെ എടുത്തു വന്നവരാണ്. രണ്ടു മലയാളികളായിരുന്നു ക്‌ളാസിൽ - ഞാനും ഷാന്റിയും. ആരോടും അധികം മിണ്ടാതെ, ചീത്തത്തരത്തിന് ഒന്നിനും കൂടാതെ, പഠിത്തം മാത്രം ജീവിത വ്രതമാക്കി കൊണ്ട് നടന്ന ആളായിരുന്നു ഷാന്റി. ഞങ്ങളുടെ ഫസ്റ്റ് റാങ്കുകാരി! കോഴ്സ് കഴിഞ്ഞുള്ള ഒരു സുപ്രഭാതത്തിൽ വന്ന ഫോൺ വിളിയിൽ അറിഞ്ഞു ഗ്രാജുവേഷൻ സെറിമണിക്ക് കാത്തുനിൽക്കാതെ അവൾ പോയി എന്ന്... അച്ഛനോടൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ ഇടറോഡിൽ നിന്ന് വന്ന ഒരു വണ്ടിയിടിച്ചു തെറിച്ചുവീണതാണ് അവൾ... പിന്നെയുണർന്നില്ല! .

പറയാതെ പോയ മറ്റൊരാൾ ജ്ഞാനം ആണ് - GP എന്ന ജ്ഞാനപ്രകാശം. എല്ലാ ക്‌ളാസിലുമുണ്ടാകുമല്ലോ ഒരു 'കൂൾ' ബോയ്. ജ്ഞാനം ആയിരുന്നു ഞങ്ങളുടെ ക്‌ളാസിലെ സൂപ്പർ കൂൾ ബോയ്. എല്ലാ കാര്യത്തിനും ചിരിച്ചുകൊണ്ട് നിൽക്കുക അവന്റെ പ്രത്യേകത ആയിരുന്നു. എന്നെ പ്രായത്തിൽ സീനിയർ ആണെന്നും പറഞ്ഞ് ' ഓയ് ചേച്ചീ' എന്നാണ് വിളിക്കുക, അവന്റെ ഏറ്റവും വലിയ സംശയം എന്തിനാണ് മലയാളികൾ 'ഓമനക്കുട്ടീ' ന്നു പെണ്ണുങ്ങളെ വിളിക്കുന്നത് എന്നായിരുന്നു - തമിഴ് സിനിമാ നടൻ വിവേകിനെ വെറുത്തുപോയി ഇങ്ങനെയൊരു ചിത്രം മലയാളികളെക്കുറിച്ചു കൊടുത്തതിന്. ജ്ഞാനത്തിന്റെ വീട്ടിലെ എല്ലാ പ്രതീക്ഷയും അവനിലായിരുന്നു. അവന്റെ കുടുംബത്തിലെന്നല്ല അവന്റെ ഊരിൽത്തന്നെ ആദ്യമായാണ് ഒരാൾ MTech ചെയ്യാൻ വരുന്നത്. ചേട്ടനും അച്ഛനും അമ്മയും ഉള്ള കുടുംബത്തിലെ 'രാജകുമാരൻ ' ആയിരുന്നു ജ്ഞാനം. പഠിത്തം കഴിഞ്ഞയുടൻ കോയമ്പത്തൂരുള്ള ഒരു പ്രൈവറ്റ് കോളേജിൽ നല്ല ശമ്പളത്തിൽ ജോലിക്ക് ചേർന്ന ജ്ഞാനത്തിന് ഒരു നേരമിരുട്ടിയ നേരത്ത് വീട്ടിൽ പോകാനും അമ്മയെക്കാണാനും തോന്നി. ബൈക്കോടിക്കാൻ പഠിക്കുന്നേയുള്ളായിരുന്നു അവൻ, ആ മൂന്നുമണിക്കൂർ യാത്രയ്ക്ക് രാത്രി കൂടെയുള്ളയാളുടെ ബൈക്കും എടുത്തിറങ്ങിയ അവൻ വീട്ടിലെത്തിയില്ല. ചീറിപ്പാഞ്ഞ ഏതോ നാഷണൽ പെർമിറ്റ് വണ്ടിയിൽ അവന്റെ ആ യാത്ര തീർന്നു... മസ്തിഷ്ക മരണം സംഭവിച്ച ജ്ഞാനം ഇന്നും മറ്റു മൂന്നുപേരിൽ ജീവിച്ചിരിക്കുന്നുണ്ട് എന്നത് പേപ്പറിലൂടെ വായിച്ചറിഞ്ഞു.

ക്‌ളാസിൽ എന്റെ ഏറ്റവും അടുത്ത സുഹൃത്ത് പെൺകുട്ടികളിൽ ജന എന്ന ജനനിയും ആൺകുട്ടികളിൽ മണിയും വക്കീലുമായിരുന്നു. മണി, ഞാൻ, അരുൺ - ലാബ് എക്സാം തീർക്കുന്ന കാര്യത്തിൽ ഒരു മത്സരം തന്നെയുണ്ടായിരുന്നു ഞങ്ങൾക്കിടയിൽ. ആരാദ്യം പൂർത്തിയാക്കി പുറത്തിറങ്ങുമെന്നത് ഒരു വാശിയാക്കി എടുത്തു ഞങ്ങൾ മൂന്നാളും. ആട്ടോഗ്രാഫ് എന്ന സിനിമ കണ്ടത് വർഷങ്ങൾക്ക് മുൻപ് ബിടെക് ഹോസ്റ്റലിൽ വെച്ചാണെങ്കിലും ഈ പാട്ട് എനിക്ക് പ്രിയപ്പെട്ടതായത് സേലത്തു പഠിക്കുമ്പോൾ ആണ്. നൻപൻ മണി എനിക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്ത പാട്ട് - "ഈ ചിത്രം കണ്ടപ്പോൾ ഇങ്ങനെയൊരു സൗഹൃദം, സ്നേഹയുടെ കാരക്ടർ പോലെയൊരാൾ തനിക്ക് ഉണ്ടായിരുന്നെങ്കിൽ എന്നാലോചിച്ചിട്ടുണ്ട്, ഇപ്പോൾ എനിക്ക് അങ്ങനെയൊരു സൗഹൃദമുണ്ട്" എന്ന്പറഞ്ഞ പാട്ട്. നല്ല സൗഹൃദങ്ങളുടെ പങ്കുവെക്കലാണ് ഈ ഗാനം - ആൺ പെൺ സൗഹൃദം എന്നല്ല, ജീവിക്കാൻ പ്രേരിപ്പിക്കുന്ന എല്ലാ നല്ല സൗഹൃദങ്ങളും!
நண்பா, இந்த பாடல் உனக்காக
நம்ம நட்ப்புக்காக! Mani Bala 
"ദാഗം എൻട്രു സൊല്കിറേൻ..  മരക്കന്റ്ര് ഒൻട്രെ തരുകിറേൻ 
പസിക്കത് എൻട്രു സൊൽകിറേൻ.... നെല്മണി ഒൻട്രെ തരുകിറേൻ 
ഉന്തൻ കൈവിരൽ പിടിക്കയിൽ .. പുതുതായ് നമ്പിക്കൈ പിറക്കറുത് 
ഉന്തൻ കൂടെ നടക്കയിൽ.. ഒൻപതാം ദിസയും തിറക്കുത് !"  

youtube.com/watch?v=9iNHqahrZL0
---------------------------------------------------------------------------------------------------------------------------------------
#HundredDaysOfSongs - ഇന്നുമുതൽ നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

4 comments:

  1. ഓട്ടോഗ്രാഫ് എന്ന സിനിമയോടാണ് കൂടുതലിഷ്ടം, അതിലെ മറ്റു രണ്ട് പാട്ടുകൾ ആണ് കൂടുതൽ ഇഷ്ടം. ഈ പാട്ടിന്റെ പ്രത്യേകത സ്‌നേഹയെപ്പോലൊരു കൂട്ടുകാരിയെകുറിച്ചുള്ളതാണ് അത് എന്നതാണ്.. ഇങ്ങനെയൊരു സുഹൃത്തായി ആർഷയെ ഒരാൾ വിശേഷിപ്പിച്ചെങ്കിൽ അതൊരു വലിയ ബഹുമതിയാണ് കേട്ടോ ❤️❤️❤️ ആർഷയുടെ വാക്കുകളിൽ "ജീവിക്കാൻ പ്രേരിപ്പിക്കുന്ന സൗഹൃദമായി" കൂടെനിൽക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും സമർപ്പിക്കാവുന്ന പാട്ടാണിത്. :)

    ReplyDelete
  2. നല്ല സൗഹൃദങ്ങളുടെ
    പങ്കുവെക്കലാണ് ഈ ഗാനം -
    ആൺ പെൺ സൗഹൃദം എന്നല്ല,
    ജീവിക്കാൻ പ്രേരിപ്പിക്കുന്ന എല്ലാ നല്ല സൗഹൃദങ്ങളും...!

    ReplyDelete
  3. ഷാൻറിയും, GP യും നൊമ്പരപ്പെടുത്തുന്ന ഓർമ്മകളായി🌹🌹🙏🙏

    ReplyDelete
  4. പറയാതെ മറയുന്നവർ... അവരാണല്ലേ ഏറ്റവും വേദന സമ്മാനിക്കുന്നവർ?? എന്തായാലും ഈ സൗഹൃദപ്പാട്ട് എനിക്കും പ്രിയം ❤️

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)