Tuesday, February 11, 2020

'നൂറു പൊൻതിരി നീട്ടിയെൻ മണിയറ വാതിലോടാമ്പൽ നീക്കവേ.... '

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 2005

ഇന്നത്തെ പാട്ടെനിക്ക് രണ്ടുപേരുടെ ഓർമ്മയാണ്. 2005 മുതലുള്ള ആദ്യ ഓർമ്മയുടെ കൂടെ കൂടിയതാണ് 2008 - 09 ലെ ഓർമ്മ. പക്ഷേ, ആ രണ്ടാമത്തെ ഓർമ്മക്കാരന്റെ പേരിവിടെ പറയാൻ നിർവാഹമില്ല - അതൊരു നഷ്ടപ്രണയമോഡ് പാട്ടാണ് ആ ആശാന്, ഇപ്പോൾ വേറെ കല്യാണമൊക്കെ കഴിഞ്ഞു കുഞ്ഞുകുട്ടി പരാധീനവുമായി ജീവിക്കുന്ന ആ ചെക്കനെ ഞാൻ വെറുതെ കൊലയ്ക്ക് കൊടുക്കണ്ടല്ലോ. എന്നാലും ഈ പാട്ട് കേൾക്കുമ്പോഴൊക്കെ അവൻ വളരെ കാഷ്വലായി പറഞ്ഞ ഒരു വാചകം ഓർമ്മ വരും - പാട്ടുകാരിയായിരുന്ന അവൾ സ്ഥിരമായി പാടിയിരുന്ന/ അവളെക്കൊണ്ട് സ്ഥിരമായി റാഗിംഗിന് പാടിച്ചിരുന്ന പാട്ടാണിത് എന്ന്. അന്നുമുതലേ ഈ പാട്ട് കേൾക്കുമ്പോൾ സിനിമയിലൊക്കെ കാണുമ്പോലെ കുറേ ചെക്കന്മാരുടെ നടുക്ക് നിന്ന് അതിമധുരമായി പാടുന്ന ഒരു പെങ്കൊച്ചിങ്ങനെ മനസ്സിൽ തെളിയും. എന്നെക്കൊണ്ടൊക്കെ റാഗിങ്ങ് ടൈമിൽ പാടിച്ചിരുന്നവരെക്കുറിച്ചു ഓർക്കുമ്പോൾ 'കഷ്ടം തന്നെ മുതലാളീ'ന്നല്ലാതെ എന്തോർക്കാൻ! വാലെന്റൈൻസ് ഡേ ഒക്കെ അടുത്തുവരുന്നത് കൊണ്ട് ചുമ്മാ ഒന്ന് പറഞ്ഞെന്നേയുള്ളൂ ഈ കഥ 
ആദ്യത്തെ ഓർമ്മ - ഒരു സ്റ്റാഫ് റൂമാണ് - പത്തനംതിട്ടയിലെ ഒരു പ്രൈവറ് എൻജിനീയറിങ് കോളേജിലെ IT സ്റ്റാഫ്‌റൂം, അവിടെ ഈ പാട്ടെനിക്കായി പാടുന്ന പ്രിയപ്പെട്ട ഒരുവൾ. ലിത, എബി, സ്മിത, ഗ്ലാക്‌സി ഒക്കെയുണ്ട് ചുറ്റിലും. കുറച്ചുനാളേ ഉണ്ടായിരുന്നുള്ളൂ അവിടെ.. പക്ഷേ, നല്ല അനുഭവങ്ങൾ തന്നയിടമാണ് - ഒരു ജോലിസ്ഥലത്ത് നിന്ന് ആദ്യമായി പറഞ്ഞുവിട്ടത് അവിടെ നിന്നാണ് (പിന്നതൊരു തുടർക്കഥ ആയോന്ന് ചോദിക്കരുത്  ). നല്ലസ്സൽ 'ചീപ്പ്' മാനേജുമെന്റ് ആയിരുന്നു അവിടെയുണ്ടായിരുന്നത് - സ്റ്റാഫ് മീറ്റിംഗിൽ പിള്ളേരെക്കുറിച്ചു പച്ചയ്ക്ക് അശ്ലീലം പറഞ്ഞിരുന്ന ആ 'മഹാമനസ്കനായ' ചെയർമാനെ ഞാൻ മനസാ സ്മരിക്കുന്നു. എല്ലാ മാസവും ഉള്ള മീറ്റിങ്ങിൽ ആ 'തങ്കപ്പെട്ട മനുഷ്യന്റെ' വായിൽ നിന്ന് പൊഴിഞ്ഞു വീഴുന്ന മണിമുത്തുകൾ കേട്ട് തൊലിപൊളിഞ്ഞ് ഇരിക്കുമായിരുന്നു ഒരു കൂട്ടം യുവ അദ്ധ്യാപികമാർ. അറിയാതെപോലും അപ്പുറത്തെ നിരയിലിരിക്കുന്ന കൂടെ ജോലി ചെയ്യുന്ന ആണുങ്ങളെ നോക്കാതിരിക്കാൻ ഞങ്ങൾ പാടുപെടുമായിരുന്നു. ഏകദേശം രൂപം കിട്ടിയല്ലോ അല്ലെ എന്നെ എന്തിനാണ് പറഞ്ഞുവിട്ടതെന്ന് - ആ മാസം പറഞ്ഞുവിട്ടില്ലായിരുന്നേൽ ഞാൻ തന്നെ ഇറങ്ങിപ്പോന്നേനെ , അവിടെ പിടിച്ചു നിന്ന കാരണങ്ങൾ - സൗഹൃദങ്ങളും, കുറച്ചു കുട്ടികളുമാണ്.

ആ കോളേജിനെക്കുറിച്ച് ഓർക്കുമ്പോൾ കുറെ സ്നേഹമുള്ള പിള്ളേരെ ഓർക്കുന്ന കൂട്ടത്തിൽ ഒരു തല തിരിഞ്ഞ ചെക്കനെക്കൂടി ഞാനോർക്കും. ഒരു ദിവസം കൊടുങ്കാറ്റുപോലെ സ്റ്റാഫ് റൂമിലേക്ക് വന്നു കയറി, എന്റെ മുന്നിൽ വന്നുനിന്നു ഉടുത്തിരുന്ന മുണ്ടു മടക്കിക്കുത്തി ഇന്റെർണൽ മാർക്ക് കൂട്ടിയിടാൻ ഭീഷണി മുഴക്കിയ ഒരു ചെക്കനെ! ഞാൻ അവിടെനിന്നു പോന്നതിനുശേഷം ദിവസങ്ങളോളം എൻ്റെ മൊബൈൽ ഫോണിൽ മാറിമാറി പല നമ്പരുകളിൽ നിന്ന് വിളിച്ചു തെറിയും അശ്ലീലവും പറഞ്ഞിരുന്ന ഒരു കുട്ടിയെ! സ്റ്റാഫ്‌റൂമിൽ ടീച്ചറിനോട് അപമര്യാദയായി പെരുമാറിയതിനും, റിക്കോർഡ് ബുക്കിൽ തിരിമറി നടത്തിയതിനും ഫൈനൽ എക്‌സാമിന്‌ തൊട്ടുമുൻപ് സസ്‌പെൻഡ് ആകപ്പെട്ടവൻ! അവന്റെ സസ്‌പെൻഷൻ നോട്ടീസ് കണ്ടതിന്റെ രണ്ടാം ദിവസമാണ് എന്നെ ചെയർമാൻ വിളിപ്പിച്ച് ഇനിയിവിടെ ടീച്ചറുടെ സേവനം ആവശ്യമില്ല എന്ന് പറഞ്ഞത്. അങ്ങനെ ഞാനുമവനും ഏതാണ്ട് ഒരേസമയം അവിടെ നിന്നൊരു ബ്രേക്ക് എടുത്തു. അതിനുശേഷം  അറിയാത്ത നമ്പറിൽ നിന്ന് വിളി വരുമ്പോൾ അറിയാം ഇതവനും കൂട്ടുകാരും കൂടി ഒപ്പിക്കുന്നതാണെന്ന്. ടിവി ഓൺ ചെയ്ത് മാക്സിമം ശബ്ദത്തിൽ വെച്ചിട്ട് അതിന്റെ സ്‌പീക്കറിനടുത്ത് ഫോൺ വെച്ചിട്ട് ഞാനെന്റെ പണിയ്ക്ക് പോകും. കാശ് പോകുന്നത് എന്റയല്ലല്ലോ - അവന്മാരുടേത് അല്ലേ  പക്ഷേ, അവനോട് ഇപ്പോഴും തെല്ലും ദേഷ്യമില്ല - കാരണം അവൻ കരുതിയത്, ഒരുപക്ഷേ ഇപ്പോഴും വിശ്വസിക്കുന്നത് അന്നവനെ സസ്‌പെൻഡ് ചെയ്തതിനു കാരണം ഞാൻ കൊടുത്ത മൊഴി ആണെന്നാണ്. അതങ്ങനെയല്ല എന്നറിയാവുന്ന ഒരാൾ ഞാൻ ആണ്, മറ്റു രണ്ടുപേർ അന്ന് എന്നോടൊപ്പം വൈസ് പ്രിൻസിപ്പലിന്റെ റൂമിൽ ഉണ്ടായിരുന്ന ടീച്ചറും വൈസ് പ്രിൻസിപ്പലും. എന്തായാലും തെളിയിച്ചിട്ട് എനിക്ക് പ്രത്യേകിച്ചൊന്നും നേടാനില്ലാത്ത കാര്യമായതുകൊണ്ട് ഞാനതിനെ അതുവഴി വിട്ടു.

പാട്ടിൽ നിന്ന് വിട്ടുപോകുന്നില്ല.പാട്ടോർമ ഇപ്പോഴും പ്രിയപ്പെട്ട ഒരുവളെക്കുറിച്ചു തന്നെ - ശ്രീജാദേവി എന്ന ശ്രീ. ആ കുഞ്ഞു ശരീരത്തിൽ നിന്നാണോ ഈ പാട്ടു വരുന്നതെന്ന് നമുക്ക് അതിശയം തോന്നും. അത്ര മനോഹരമായിട്ടാണ് അവൾ എല്ലാപ്പാട്ടും പാടുക. അതിൽ എനിക്കേറ്റവും ഇഷ്ടമുള്ള പാട്ടാണിത്..വെറുതെ കണ്ണടച്ചിരുന്നു ആസ്വദിക്കാൻ കഴിയുന്ന പാട്ടുകളിലൊന്ന്. മനസിനെ എപ്പോഴും പ്രണയാതുരമാക്കുന്ന പാട്ട്.

'നൂറു പൊൻതിരി നീട്ടിയെൻ
മണിയറ വാതിലോടാമ്പൽ നീക്കവേ.... '

അവിടെ നിന്ന് കരഞ്ഞുകൊണ്ടിറങ്ങിപ്പോന്നത് എന്നെയവർ പറഞ്ഞുവിട്ടല്ലോ എന്നോർത്തിട്ടല്ല, നല്ല കുറച്ചു സൗഹൃദങ്ങൾ മിസ്സാകുമല്ലോ എന്നോർത്തിട്ടാണ്. ഗ്ലാക്‌സി , മെഗ്‌ദ, ചാന്ദ്നി ഒക്കെ എവിടെയാണെന്നും കൂടി അറിയില്ല .. എബിയെ ഇവിടെ FB യിൽ കാണാറുണ്ട് ഇടയ്ക്കിടെ. നിഷ ഇപ്പോഴും കൂട്ടുണ്ട്.  ശ്രീ ഇടയ്ക്കിടെ മാഞ്ഞുപോകും വീണ്ടും പൂർവാധികം ശക്തിയോടെ തിരികെ വരും - കുറേയെറെനാൾ മിണ്ടാതിരുന്നാലും ചിലരോട് നമുക്ക് ഇന്നലെ സംസാരിച്ചു നിർത്തിയതുപോലെ മിണ്ടാൻ കഴിയില്ലേ? അങ്ങനെയൊരാളാണ് എനിക്ക് ശ്രീ. അവളെയോർക്കാൻ ഈ പാട്ട് കേൾക്കേണ്ട ആവശ്യമില്ല പക്ഷേ ഈ പാട്ട് അന്നത്തെ ജീവിതം ഓർമ്മിപ്പിക്കും ... കൂട്ടുകാരെ ഓർമ്മിപ്പിക്കും, പ്രിയപ്പെട്ട ചില കുഞ്ഞുങ്ങളെ ഓർമ്മിപ്പിക്കും പിന്നെ......, പിന്നെ എന്നെ ഭീഷണിപ്പെടുത്തിയ എവിടെയാണെന്ന് ഒരു പിടിത്തവുമില്ലാത്ത ആ കുഞ്ഞാടിനെ ഓർമ്മിപ്പിക്കും!

OFF : അവര് പറഞ്ഞുവിട്ടതിനു ശേഷമുള്ള രണ്ടാഴ്ച വീട്ടിൽ ടിവിയും കണ്ടുറങ്ങി സുഖിച്ചിട്ട് ഞാൻ കഴക്കൂട്ടത്തൊരു കോളേജിൽ ജോലിയ്ക്ക് കയറി, അത് വേറെ കാര്യം - വീട്ടിൽ നിന്നും പോയിവരാവുന്നയിടമെന്ന സൗകര്യവും!

https://www.youtube.com/watch?v=jYCWAElP-jE
-----------------------------------------------------------------------------------------------------------------------------------------
#HundredDaysOfSongs - ഇന്നുമുതൽ നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

4 comments:

  1. താരം വാൽക്കണ്ണാടി.....
    എന്നിക്ക് പഴയ പല പാട്ടിന്റെയും അനുപല്ലവികളാണിഷ്ടം

    ReplyDelete
  2. മ്മടെ നിള .... 😍😍😍😍
    ഈ പോസ്റ്റും വായിച്ചപ്പോൾ മുൻപ് വായിച്ച ഓർമ വന്നു . പ്രത്യേകിച്ച് ആ കോളേജിലെ ഇഷ്യൂ .
    ഈ പാട്ട് കേൾക്കുമ്പോഴൊക്കെ കുഞ്ഞിലേ ടാക്കീസിൽ പടം കണ്ടപ്പോ മുരളി വരുമോ വരുമോ എന്ന് പേടിച്ച ആ ഫീലിംഗ് ഓർമ വരും ...

    ReplyDelete
  3. നൂറു പൊൻതിരി നീട്ടിയെൻ
    മണിയറ വാതിലോടാമ്പൽ നീക്കിയിതാ .... 
    ഇരുയോർമ്മകളായി ആമോദത്തോടെ പങ്കുവെച്ചിരിക്കുന്നു 

    ReplyDelete
  4. എന്റെ കളക്ഷൻസിൽ ഉണ്ട് ഈ പാട്ട്... നൂറു വട്ടം ഇഷ്ടം...

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)