#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!
വർഷം 1991
മൂന്നിലോ നാലിലോ പഠിക്കുന്നതെന്ന് കൃത്യമായി ഓർമയില്ല. മറ്റൊരു പാട്ടോർമയിൽ പറഞ്ഞതുപോലെ കുടുംബത്തോടെ സിനിമാകാണലിന് ഇറങ്ങിയതാണ് ഞങ്ങൾ. പത്തുമിനിറ്റ് പോലും വേണ്ട അന്ന് ഞങ്ങൾ താമസിക്കുന്നിടത്തുനിന്നു നാവായിക്കുളം PG തിയറ്ററിലേക്ക് നടന്നെത്താൻ. എന്നിട്ടും അന്നത്തെ സിനിമയ്ക്ക് അല്പം വൈകിയാണ് എത്തിയത്. തുടക്കത്തിലെ 'സീറ്റിൽ ചവിട്ടരുത്' മുതൽ അവസാനത്തെ ഫുൾ ക്രെഡിറ്റ്സും എഴുതിക്കാണിക്കും വരെ കണ്ടാലേ സിനിമാകാണലിനു പരിപൂർണ്ണത വരൂ എന്ന് വിശ്വസിക്കുന്ന എനിക്ക് ഒരു ചെറിയ ഈർഷ്യ തോന്നാതിരുന്നില്ല. ഇരുട്ടത്ത് സീറ്റ് തപ്പി നടക്കുമ്പോഴും കണ്ണ് സ്ക്രീനിലാണേ. ഒരു കടലോരം, ഓടുന്ന പെൺകുട്ടികൾ... തിരയടിച്ചു വന്ന എന്തോ ഒന്ന് കയ്യിലെടുക്കുന്ന സുന്ദരിയായ നായിക. ഇതായിരുന്നു ജീവിതകാലം മുഴുവൻ പ്രണയിച്ച ഒരു സിനിമയുടെ ഞാൻ കണ്ട തുടക്കം - ഞാൻ ഗന്ധർവ്വൻ!
പിന്നെത്രയോ കൗമാര സങ്കൽപ്പരാത്രികളിൽ, മിന്നാമിനുങ്ങുകളെക്കാണുമ്പോൾ, സ്കൂളിലേക്ക് പോകുന്ന വഴിയിലെ പാല പൂക്കുമ്പോൾ, കയ്യിൽ മൈലാഞ്ചിച്ചിത്രങ്ങൾ വരയുമ്പോൾ കൂടെയുള്ളൊരു അദൃശ്യഗന്ധർവനോട് സംസാരിച്ചിരുന്നു. ചാനലുകൾ ഒക്കെ ജീവിതത്തിൽ സർവ്വസാധാരണമായപ്പോൾ ഒരുപാടുവട്ടം ഈ ചിത്രം ആവർത്തിച്ചാവർത്തിച്ചു കാണുമ്പോഴും അവസാനമെത്തുമ്പോൾ ഉള്ളൊന്നു വിറയ്ക്കും, ആ പൊള്ളുന്ന ആഭരണത്തിൻ്റെ ചൂടറിയും! എങ്കിലും... എങ്കിലുമാ ഗന്ധർവന് ആഗ്രഹിച്ചതുപോലെ ഈ ഭൂമിയിൽ വെറുമൊരു മനുഷ്യനായി ജീവിക്കാൻ കഴിഞ്ഞില്ലല്ലോന്ന് സങ്കടപ്പെടും....
പദ്മരാജൻ എന്ന ആ താടിക്കാരനെ ആരാധിക്കാൻ തുടങ്ങിയതും അപ്പോഴാണ്. 'ഇന്നലെ' കണ്ടിരുന്നെങ്കിലും ഇത്രമേൽ ഇഷ്ടം തോന്നിയിരുന്നില്ല. വായനയുടെ പലയിടങ്ങളിലൂടെ അലഞ്ഞുതിരിഞ്ഞ കാലത്ത് ഏറ്റവും പ്രിയപ്പെട്ടവളായി 'ലോല' മാറിയതും പിന്നീട് പിന്നീട് തൂവാനത്തുമ്പികളും, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളും ടെലിവിഷനിലൂടെ പലയാവർത്തി കണ്ടതും ഈ ഗന്ധർവനെ ഓർത്തു മാത്രമാണ്.
കാലമോടിയോടിപ്പോയപ്പോഴും ആ വട്ട് കൂടെത്തന്നെയുണ്ടായിരുന്നു. തേടിപ്പിടിച്ചു വായിച്ച ആളുടെ ഭാര്യയേയും മകനേയും ഒരു ചടങ്ങിൽ വെച്ച് വർഷങ്ങൾക്ക് ശേഷം കണ്ടപ്പോൾ ഇടിച്ചുകയറി മിണ്ടാൻ ഒരൊറ്റ കാരണമേ ഉണ്ടായിരുന്നുള്ളൂ - എൻ്റെ ഓർമയിലെ ഗന്ധർവ്വൻ!
ഇതിലെ എല്ലാപാട്ടുകളും ഇഷ്ടമാണ്... പക്ഷേ, ഈ പാട്ട് ഒരു പെൺപാട്ടാണ്...
കൃത്യമായി വരച്ചിട്ടിരിക്കുന്ന, ഗന്ധർവസാമീപ്യം കൊതിക്കുന്ന ചഞ്ചലമായ മനസുള്ള കൗമാര-യൗവന പെൺമനസുകൾ!
"പദമണിയുമ്പോള് കാവുണരുമ്പോള്
മുത്തിളകുന്ന മനോലതയില്
മുത്തിളകുന്ന മനോലതയില്
ഗന്ധര്വരാഗമായ് .... പാലപ്പൂവേ! "
-----------------------------------------------------------------------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്. പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച് - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്. പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച് - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ
ആർഷ, പാലപ്പൂവേ പാടി നടന്ന ഒരു സ്കൂൾ കുട്ടിയെ ഓർമ വന്നു.. അത്രമേൽ മോഹിപ്പിക്കുന്ന പാട്ടുകൾ ആയിരുന്നു ആ സിനിമയിലേതു. ഗന്ധർവ്വൻ എന്ന മിത്തിനു എന്ത് ഭംഗി അല്ലേ, അല്പം കൂടി നന്നാക്കാൻ ആവുമായിരുന്നു ആ സിനിമ എന്നും തോന്നിയിട്ടുണ്ട്.. സ്നേഹം, ഈ പാട്ടോർമ്മക്കു.. ❤️
ReplyDeleteസിനിമ കണ്ടില്ലെങ്കിലും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്നായിരുന്നു പാലപ്പുവേ...
ReplyDeleteഇഷ്ടപ്പെട്ട ഗാനംത്തന്നെ! അതോടൊപ്പം എഴുപതുകാലഘട്ടത്തിൽ വന്ന പത്മരാജന്റെ'നക്ഷത്രങ്ങളേ കാവൽ' എന്ന നോവലും വായനക്ക് ഊർജ്ജം പകർന്നു.'നെല്ലു'മായി താരതമ്യം ചെയ്യുമ്പോൾ എന്നുപ്പോലും ചിന്തിച്ച കാലം. അതിലെ കഥാപാത്രങ്ങൾ... രചനാഗുണം. വായനാസുഖം... പിന്നെ സിനിമാരംഗത്തായല്ലോ കൂടുതലും... ആശംസക
ReplyDeleteഇതിലെ എല്ലാപാട്ടുകളും ഇഷ്ടമാണ്... പക്ഷേ, ഈ പാട്ട് ഒരു പെൺപാട്ടാണ്...
ReplyDeleteകൃത്യമായി വരച്ചിട്ടിരിക്കുന്ന, ഗന്ധർവസാമീപ്യം കൊതിക്കുന്ന ചഞ്ചലമായ മനസുള്ള കൗമാര-യൗവന പെൺമനസുകൾ...