കുറേക്കാലം കൂടിക്കിട്ടിയ അവധിക്കാലം ആസ്വദിക്കണം എന്ന് ഉറപ്പിച്ചത് പോലെയായിരുന്നു ലയകൃഷ്ണന്‍ ആരോടും ഒന്നും പറയാതെ ടെക് സിറ്റിയില്‍ നിന്നും പഴമയുടെ ഗ്രാമത്തിലേക്ക് തിരക്കിട്ടോടിയത് . കല്‍ ഒതുക്കുകള്‍ കയറുമ്പോഴേ കണ്ടു നരച്ച മാക്സിയില്‍ ഒരു ക്ഷീണിച്ച രൂപത്തിനെ , മെല്ലിച്ച കയ്യില്‍ ചൂലിനെ നീരു തടിപ്പിച്ച വിരലുകള്‍ കൊണ്ട് കൂട്ടിപ്പിടിച്ചു വിഷമിച്ചു മുറ്റം അടിക്കുകയാണ്. കണ്ടപ്പോള്‍ തന്നെ അവള്‍ക്ക് ദേഷ്യമാണു പൊട്ടിപ്പുറത്തേക്ക് വന്നത്
"എത്ര പറഞ്ഞാലാ അമ്മാ ഒന്നനുസരിക്കുവാ? അപ്പുറത്തെ അജിതേച്ചി സഹായിക്കാന്‍ വരുന്നുണ്ട്,എന്ന് പറഞ്ഞിട്ട് ഇപ്പോഴും അമ്മന്നെയാണോ ഇതൊക്കെ! "
തിരിഞ്ഞു നോക്കിയ ക്ഷീണിച്ച കണ്ണുകളില്‍ കുഴിയില്‍ നിന്നൊരു പ്രകാശം പരന്നു പൊലിഞ്ഞു
"എന്താ ലച്ചൂ പെട്ടെന്ന് ? പറഞ്ഞില്ലാലോ ഇന്നലെ വിളിച്ചപ്പോള്‍?
നീയിങ്ങനെ നോക്കുവൊന്നും വേണ്ടാ കൊച്ചേ .. അജിത വരാറുണ്ട് , ഇതിപ്പോള്‍ ആകെ കരിയില പാറിയപ്പോള്‍ ഞാനൊന്നു ഒതുക്കിയെന്നെ ഉള്ളൂ... ഡോക്ടറും പറഞ്ഞു കൈവിരലുകള്‍ക്ക് അനക്കം വേണമെന്ന്. നീ ഡ്രസ്സ് മാറി വാ ,ഞാന്‍ ചായ എടുക്കാം -അതോ കുളി കഴിഞ്ഞിട്ടേ ഉള്ളോ? "
"ഉവ്വല്ലോ അമ്മയ്ക്ക് എല്ലാത്തിനും ഉണ്ട് ഓരോ ന്യായങ്ങള്‍! ഹും... എന്താ കാര്യം! പറഞ്ഞാല്‍ കേള്‍ക്കില്ലാലോ - എനിക്ക് ചായ വേണം. നല്ല തലവേദന. കുളിയൊക്കെ പിന്നെ "
പഴയൊരു പാവാട തപ്പിയെടുത്ത് ചുരിദാറിന്റെ അയഞ്ഞൊരു മേല്‍ക്കുപ്പായവും ഇട്ടു അടുക്കളയില്‍ എത്തുമ്പോഴേക്കും ചൂടന്‍ ചായയും പൂളിയ മാങ്ങാക്കഷ്ണവും അമ്മ റെഡി ആക്കിയിരുന്നു. കണ്ടപ്പോളേ വായില്‍ കപ്പലോട്ടാന്‍ ഉള്ള വെള്ളം നിറഞ്ഞത് കൊണ്ട് കൈ ആദ്യം നീണ്ടത് മാങ്ങാ പിഞ്ഞാണത്തിലേക്കാണ് .വായിലിട്ടാല്‍ അലിഞ്ഞു പോകുന്ന മാങ്ങാപ്പൂള്‍ കഴിക്കുമ്പോള്‍ അവളോര്‍ത്തു ബംഗ്ലോരിലെ മാങ്ങയ്ക്ക് എന്താണിത്രയും സ്വാദില്ലാത്തത് .
"പൊന്നുവമ്മയുടെ വീട്ടിലെ മാങ്ങയാ. പാവം ! വയ്യ. നീ പോകും മുന്പ് ഒന്നവിടെ പോണംട്ടാ . ഇതെന്ത് വേഷാ കൊച്ചേ -നിനക്ക് മര്യാദയ്ക്ക് ഒരുടുപ്പില്ലേ? വല്യ കൊട്ടാരത്തിലെ കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആണുപോലും. അപ്പുറത്തും ഇപ്പുറത്തും ഉള്ളോരെക്കൊണ്ട് പറയിക്കും "
അമ്മയുടെ ആവലാതി ചിരിയുണര്‍ത്തി .. സമാധാനമായി ഒരു ഡ്രസ്സ് ഇടാനും അയല്‍ക്കാരെ പേടിക്കണോ എന്‍റെ അമ്മേ! മര്യാദയ്ക്ക് ആണല്ലോ ഈ ഡ്രസ്സ് എന്ന് മനസിലോര്‍ത്ത് ചായഗ്ലാസുമായി ലയ വരാന്തയിലേക്ക് പോയി. ആഗ്രഹിച്ചു പണിത വീടിന്‍റെ ഏറ്റവും ഇഷ്ടമുള്ള ഇടം , കാഴ്ച കണ്ടിരിക്കാന്‍ പറ്റിയ രീതിയില്‍ സിടൌട്ടില്‍ കെട്ടിയ അരപ്ലേസ് . കാല് നീട്ടി ഭിത്തിയില്‍ ചാരിയിരുന്ന് ചായ മൊത്തിക്കുടിക്കുമ്പോള്‍ പുറകിലൊരു തട്ടും ചോദ്യോം ഒരുമിച്ച് -
"മക്കളെപ്പോ എത്തീ ? " -അപ്പുറത്തെ പാറൂമ്മ ആണ് .
കാലം എവിടെയോ വെച്ച് ചങ്ങാത്തം കൂടിപ്പോയതാണ് പാറൂമ്മയോട്. പഴയ ഫ്രോക്കുകാരി മുഴുപ്പാവാടയും സാരിയുമൊക്കെ മാറി അണിയാന്‍ തുടങ്ങിയിട്ടും ഈ ആള് അന്ന് കണ്ടത് പോലെ തന്നെ. എപ്പോള്‍ കാണുമ്പോളും മുണ്ടിന്‍റെ കോന്തലയില്‍ നിന്ന് ഒരു തുണ്ട് കല്‍ക്കണ്ടമുണ്ടാകും സമ്മാനിക്കാന്‍. കുറെ അതിശയിപ്പിച്ചിട്ടുണ്ട് എന്ത് മന്ത്രവിദ്യയിലാണ് ഈ കുഞ്ഞുകോന്തല ഇത്രയും കല്‍ക്കണ്ടക്കഷ്ണങ്ങളെ ഒളിപ്പിക്കുന്നതെന്ന്. അമ്മയുടെ ആകാശവാണി ആണ് പാറൂമ്മ , ലോകത്തിലെ എല്ലാ ന്യൂസും കൃത്യമായിട്ട് ഇവിടെ എത്തിക്കും, ഇവിടുന്നുള്ളത് പുറത്തോട്ടും.
"ഇപ്പൊ ഓടിയെത്തിയെ ഉളളൂ പാറമ്മോ . എന്തൊക്കെ വിശേഷങ്ങള്‍? കുഞ്ഞീം പൊന്നീം സ്കൂളില്‍ പോയോ? ബിന്ദേച്ചി ഇഡ്ഡലിപ്പുറത്താ ? " ഒരു മണിക്കൂര്‍ നേരം പാറുവമ്മയ്ക്ക് സംസാരിക്കാനുള്ള വിഷയം കൊടുത്തിട്ട് പേപ്പറുകാരന്‍റെ വിളി കേള്‍ക്കുന്നുണ്ടോ എന്ന് നോക്കുമ്പോള്‍ അവളോര്‍ത്തു , ഇവിടെയിങ്ങനെ ചമ്രം പടിഞ്ഞിരുന്നു, ചായ കുടിച്ചു, പേപ്പര്‍ വായിക്കുന്ന സുഖം എത്രയായാലും ഓഫീസിലെ കമ്പ്യുട്ടറില്‍ ഓണ്‍ലൈന്‍ പേപ്പറിന് തരാന്‍ കഴിയുന്നില്ല. ഒരു വാര്‍ത്തയും ഞെട്ടിക്കുന്നുമില്ല, സന്തോഷിപ്പിക്കുന്നുമില്ല. ഇടവേളകളില്‍ പോലും സാലറി ഹൈക്കും , കമ്പനി ചാട്ടവും മാത്രം സംസാരിക്കുന്ന ഈ ജോലി മടുത്തിരിക്കുന്നു. ഏതെങ്കിലും തരത്തില്‍ ഒരു തിരിച്ചുവരവ് നടത്താന്‍ ആഗ്രഹിക്കാത്ത ദിവസങ്ങളില്ല എന്നായിരിക്കുന്നു.
"ലയേച്ചീ പൂയ്, സ്വപ്നം കാണാ? " ചോദ്യോം പേപ്പറും ഒരുമിച്ചാണ് എത്തിയത് , അയലത്തെ കുട്ടനാണ് . പരിസരങ്ങളിലെ പേപ്പര്‍ അവന്‍റെ കുത്തകാവകാശമാണ്.
"സുഖല്ലേ" എന്നൊരു ചോദ്യത്തില്‍ ഉത്തരവും അന്വേഷണവും ഒക്കെയൊതുക്കി അവള്‍ പേപ്പര്‍ നിവര്‍ത്തി. ഉള്ളില്‍ നിന്ന് വീണ ഒരു നോട്ടിസിലേക്ക് ഒന്നേ നോക്കിയുള്ളൂ - ഉറക്കത്തിലും മറക്കാത്ത ആ മുഖം ചിരിച്ചു കൊണ്ട് അതില്‍. ഒരൊറ്റ നിമിഷം കൊണ്ട് ലയയുടെ മുന്നില്‍ കാലിഡോസ്കോപ്പിലെ ചിത്രങ്ങള്‍ പോലെ പലതും മാറിമറിഞ്ഞു. പറങ്കിമാവുകള്‍ നിറഞ്ഞ ചെമ്മണ്‍നിരത്തിലൂടെ തയ്ച്ചുകിട്ടിയ യുണിഫോറം മാറോടു ചേര്‍ത്ത് പിടിച്ചു ധൃതിയില്‍ നീങ്ങുന്ന ഒരു ഏഴാം ക്ലാസുകാരി പെണ്‍കുട്ടിയേയും , സഹായിക്കാന്‍ പരിചയഭാവത്തില്‍ അരികില്‍ നിര്‍ത്തിയ ഓട്ടോക്കാരനെയും , ഓട്ടോയ്ക്കുള്ളില്‍ കണ്ട ചിരിക്കുന്ന ഒരു കുഞ്ഞുമുഖവും, വലിയ മുത്തുകള്‍ കോര്‍ത്തിട്ടിരുന്ന തന്‍റെ മാലയിലൂടെ താഴേക്ക് ഇഴഞ്ഞ , അഴുക്കു നിറഞ്ഞ നീണ്ട നഖങ്ങളുള്ള വിരലോടിച്ച് വില ചോദിച്ച ശബ്ദവും, അറയ്ക്കുന്ന ചിരിയുടെ കൈ തട്ടി മാറ്റി പുറത്തേക്ക് ചാടിയ സമയത്തെ ശ്വാസം മുട്ടുന്ന അവസ്ഥയും, വീണുമെണീച്ചും ഓടിവീട്ടിലേക്കെത്തിയ തന്‍റെ മുട്ടിലെയും കയ്യിലേയും മുറിവുകള്‍ കണ്ടമ്പരന്ന അമ്മയുടെ മുഖവും എല്ലാം ഇന്നലെക്കഴിഞ്ഞത് പോലെ ലയയില്‍ വീണ്ടും നിറഞ്ഞു.
' ഒരുപാട് കള്ളങ്ങളില്‍ അന്ന് അമ്മയെ വിശ്വസിപ്പിച്ചെങ്കിലും പിന്നീട് എത്രയോ വട്ടം ചിലന്തിയരിക്കും പോലെ ആ വിരലുകള്‍ നെഞ്ചിലോടി നടക്കുന്നതായി അനുഭവിച്ച് ഉറക്കമില്ലാതെ കിടന്നിട്ടുണ്ട് . ആരോടും പറയാന്‍ കഴിഞ്ഞില്ല, പേടിയായിരുന്നു അമ്മയോട് പറയാന്‍ പോലും. അന്നാ വണ്ടിയില്‍ കണ്ടത് മോളാണെന്ന് പറഞ്ഞത് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല , വണ്ടിയില്‍ കയറ്റാന്‍ വേണ്ടിയുള്ള സൂത്രം ആയിരുന്നെങ്കില്‍ ! ആ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചുവോ ഒന്നുമറിയില്ല . ഇനിയത് ശരിക്കും ആ വൃത്തികെട്ട ജന്തുവിന്‍റെ മകള്‍ തന്നെയാണെങ്കില്‍... ' ഓര്‍മ്മകളെ പുറത്തേക്ക് എറിയാനെന്നത് പോലെ അവള്‍ തല ശക്തിയായി കുടഞ്ഞു.
"ഇന്നലെയാ മോളേ , മ്മടെ നാലും കൂടിയ മുക്കില്ലേ അവിടെ ഒരു ട്രാന്സോര്ട്ട് ബസാണ് ഇടിച്ചിട്ട് കടന്നു കളഞ്ഞ്. പാവം, നല്ല തങ്കപ്പെട്ട മനുഷേനായിരുന്നു, എവിടെ കണ്ടാലും പാറൂമ്മ കേറാന്‍ പറഞ്ഞെത്ര പ്രാവശ്യം ,ഇവിടെ ഈ നടേല് കൊണ്ടിറക്കിയിട്ടുണ്ടെന്നോ , അല്ലേലും നല്ല മനുഷേര്‍ക്ക് ദൈവം ആയുസ് കൊടുക്കൂല്ലാല്ല്" .
പാറുവമ്മയുടെ 'ആത്മാര്‍ത്ഥമായ' പായാരം പറച്ചിലിന്
"അതേയതെ നല്ലസല്‍ 916 തങ്കം "
എന്ന് പറഞ്ഞു നിര്‍ത്താതെ പൊട്ടിപ്പൊട്ടിച്ചിരിക്കുന്ന ലയയെ ആദ്യമായി കാണുമ്പോലെ അമ്മ നോക്കിനിന്നു. ഒന്നും മനസിലാകാതെ നിന്ന അമ്മയ്ക്ക് അമര്‍ത്തിയൊരു ഉമ്മ കൊടുത്ത് ലയ ഒന്നാസ്വദിച്ചു കുളിക്കാനായി , കിണറിലെ തണുത്ത വെള്ളത്തില്‍ അഴുക്കിനെ മുഴുവന്‍ കഴുകി കളഞ്ഞൊന്നു ഫ്രെഷാകാനായി പുറത്തെ കുളിപ്പുരയിലേക്ക് നടന്നു.