2020 മാർച്ച് 20 , ലോകത്തിന്റെ മറ്റൊരു കോണിലിരുന്ന് മലയാളത്തിലെ ഈ കുറിപ്പ് എഴുതുമ്പോൾ ഇത് വായിക്കാൻ പോകുന്ന നിങ്ങളും എഴുതുന്ന ഞാനുമെല്ലാം കടന്നുപോകുന്നത് ചരിത്രം അടയാളപ്പെടുത്തുന്ന ഒരു കാലത്തിലൂടെയാണ്. ലോകം ചുരുങ്ങുന്നു എന്ന് പലപ്പോഴായി പലയിടങ്ങളിൽ കേട്ടിരുന്നു എങ്കിലും ലോകം വീടുകളിലേക്ക് ചുരുങ്ങിയതിന് നമ്മൾ സാക്ഷികളാകുകയാണ്. ജീവിതകാലത്തിൽ അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള പ്രതിസന്ധികളിലൂടെ നാമെല്ലാം കടന്നുപോകുമ്പോൾ നമ്മളോടൊപ്പം കുഞ്ഞുങ്ങളെ എങ്ങനെ ചേർത്തുനിർത്താം എന്ന് നാം ആലോചിക്കേണ്ടിയിരിക്കുന്നു. കൊറോണ എന്ന മഹാമാരിയെക്കുറിച്ചു ഇപ്പോൾ കുഞ്ഞുങ്ങൾ എല്ലാം ഏതെങ്കിലും തരത്തിൽ കേട്ടുകാണും. മുതിർന്നവരെപ്പോലെ കാര്യങ്ങൾ വിവേചനബുദ്ധിയോടെ തിരിച്ചറിയാനുള്ള കഴിവുകൾ കുഞ്ഞുങ്ങൾക്ക് കുറവായതുകൊണ്ട് തന്നെ അവരിലേക്ക് കാര്യങ്ങൾ എങ്ങനെ എത്തിക്കണം എന്നതിൽ നമുക്കൊരു ധാരണ ഉണ്ടാകണം. ഇതിനു മുൻപ് പ്രളയവും, നിപ്പയും അതിജീവിച്ചവരാണ് ഇനിയും വരും ദുരന്തങ്ങളും അതിജീവിക്കാനുള്ള പ്രത്യാശ അടുത്ത തലമുറയിലേക്ക് പകരാൻ നമുക്ക് കഴിയണം. പലപ്പോഴും കുഞ്ഞുങ്ങൾ ചുറ്റിനുമുള്ളത് ഓർക്കാതെ ആകും നമ്മൾ രോഗം പടരുന്നതും മരണവും ഒക്കെ സംസാരിക്കുക. താഴെപ്പറയുന്ന കാര്യങ്ങൾ കുഞ്ഞുങ്ങളുമായുള്ള ആശയവിനിമയത്തിൽ ഓർക്കുക.
1. കുട്ടികൾക്ക് ആ കാര്യത്തിൽ എത്രത്തോളം അറിവ് ഉണ്ടെന്ന് മനസിലാക്കുക :
ഏറ്റവും എളുപ്പവഴി അവരോട് തന്നെ എന്താണ് അവർക്ക് അറിയുന്നത് എന്ന് ചോദിക്കുന്നത് തന്നെയാണ്. ഈ കൊറോണക്കാലത്തെ കുറിച്ചും അവർക്ക് പത്രങ്ങളിൽ നിന്നും , ടീവി യിൽ നിന്നും, കൂട്ടുകാരിൽ നിന്നും അദ്ധ്യാപകരിൽ നിന്നും രക്ഷിതാക്കളുടെ പരസ്പര സംഭാഷണത്തിൽ നിന്നും ഒക്കെ കേൾക്കുന്നതും ഒക്കെച്ചേർത്ത് ഒരാകെത്തുക അവരുടെ മനസിൽ ഉണ്ടാകും. ചിലപ്പോൾ എങ്കിലും അതിശയോക്തിപരമായ പലതും അവർ വിശ്വസിക്കുന്നുമുണ്ടാകും. ഉദാഹരണത്തിന് ഇവിടെ എൻ്റെ മൂന്നാം ക്ളാസ്സുകാരൻ മകൻ കഴിഞ്ഞ ആഴ്ച സ്കൂളിൽ നിന്നും വീട്ടിൽ എത്തിയത് "കൊറോണ " എന്ന പേര് "ക്രൗൺ" എന്ന പേരിൽ നിന്നും രൂപമാറ്റം സംഭവിച്ചുണ്ടായത് ആണെന്നും ആ വൈറസിന് ഒരു കിരീടത്തിന്റെ രൂപം ആയത് കൊണ്ട് ശരിക്കുള്ള സയന്റിഫിക് പേര് ക്രൗൺ വൈറസ് എന്നാണ് എന്നും പറഞ്ഞുകൊണ്ടാണ്. കൂടുതൽ ചർച്ചകളിൽ മനസിലായി അത് അവൻ്റെ ഉറ്റസുഹൃത്ത് ആയ മറ്റൊരു ഇന്ത്യൻ കുട്ടി അവൻ്റെ മാതാപിതാക്കളുടെ സംഭാഷണത്തിൽ നിന്നും കേട്ടെടുത്തത് ആണെന്ന്. വാട്സാപ്പ് യൂണിവേഴ്സിറ്റികൾ വീട്ടിൽ കേറ്റിയില്ലെങ്കിലും കുഞ്ഞുങ്ങളിലേക്ക് എങ്ങനെ എത്തുന്നു എന്ന് അന്നാണ് മനസിലായത്. ഇതുപോലെ നമ്മുടെ ഓരോ കുഞ്ഞുങ്ങൾക്കും ഉണ്ടാകും ഒരുപക്ഷേ ഈ കൊറോണ എന്ന രാക്ഷസനെ കുറിച്ച് ഒരു കഥ! അതുകൊണ്ട് ആദ്യം അവരോട് തന്നെ ചോദിച്ചു മനസിലാക്കുക എന്താണ് അവരുടെ അറിവിൻ്റെ അറ്റം എന്ന്. ആറുവയസിൽ താഴെയുള്ള കുഞ്ഞുങ്ങളോട് അവർക്കിതിനെക്കുറിച്ചു തീരെ കേട്ടറിവില്ല എങ്കിൽ സംസാരിക്കേണ്ട ആവശ്യമില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
2 . സ്വന്തം ആശങ്കകൾ അകറ്റുക -
ഏത് പ്രതിസന്ധി ഘട്ടത്തെക്കുറിച്ചും കുഞ്ഞുങ്ങളോട് സംസാരിക്കുന്നതിനു മുൻപ് സ്വയം ഒരു അവലോകനം നടത്തുക. എന്തൊക്കെ ആശങ്ക നമുക്കുണ്ട് എന്നത് ആദ്യം പങ്കാളിയോടോ സുഹൃത്തിനോടോ ഡോക്ടർമാരോടോ മറ്റാളുകളോടോ സംസാരിച്ച് ഒരു കൃത്യമായ ധാരണ അച്ഛനമ്മമാർ ഉണ്ടാക്കേണ്ടത് ആവശ്യമാണ്. മക്കളോട് ഒരു പാനിക് മോഡിൽ സംസാരിക്കുന്നത് ഗുണത്തേക്കാൾ ദോഷമേ ചെയ്യൂ. നമുക്കും പേടിയുണ്ടാകാം , നാളെയെക്കുറിച്ചു ആശങ്ക ഉണ്ടാകാം - സ്വാഭാവികം മാത്രമാണ്. പക്ഷേ, കുഞ്ഞുങ്ങളോട് സംസാരിക്കുമ്പോൾ ഈ ലോകം വളരെ ഭീതിപ്പെടുത്തുന്നതാണ് എന്ന രീതിയിൽ സംസാരിക്കുന്നത് കുഞ്ഞുങ്ങളിൽ അനാവശ്യമായ anxiety ഉണ്ടാക്കും എന്ന് പഠനങ്ങൾ പറയുന്നു. അത് വളരുന്ന പ്രായത്തിൽ അവരിൽ അനാവശ്യ ഭീതികൾ ജനിപ്പിക്കുകയും ഉത്സാഹവും അന്വേഷണ തൽപ്പരതയും കുറയ്ക്കുകയും ചെയ്യും .
3. കുഞ്ഞുങ്ങളുടെ പേടിയെ തള്ളിക്കളയരുത് :
നേരത്തെപറഞ്ഞതുപോലെ കുഞ്ഞുങ്ങൾക്ക് ആദ്യമേതന്നെ അകപ്പെട്ടിരിക്കുന്ന സാഹചര്യത്തെക്കുറിച്ചു ബോധമുണ്ടാകാം. ചിലപ്പോൾ അവർക്ക് പേടിയും ന്യായമായ ആശങ്കയും ഉണ്ടാകാം. എല്ലാം ശരിയാകും എന്ന് വെറുതേ പറയുന്നതിനേക്കാൾ അവരുടെ ഭയമെന്താണ് എന്ന് അവരെ കേൾക്കാൻ ശ്രമിക്കുക. ചിലപ്പോൾ അവർ മരിച്ചുപോകും എന്നോ, രക്ഷിതാക്കളെ പിരിയേണ്ടി വരും എന്നോ ഒക്കെയാകും അവരുടെ ആശങ്ക. കുട്ടിക്കാലത്തെ ട്രോമകൾ പിന്നീട് കുട്ടികളെ വല്ലാതെ ബാധിക്കും എന്നതിനാൽ കുഞ്ഞുങ്ങളോട് സംസാരിക്കുമ്പോൾ അതിനെക്കുറിച്ച് വ്യക്തമായ ബോധത്തോടെ സംസാരിക്കുക. കൂട്ടുകാരിൽ ഒരാൾ ചിലപ്പോൾ അവരോട് നാമെല്ലാം മരിക്കാൻ പോകുകയാണ് എന്ന് പറഞ്ഞിട്ടുണ്ടാകാം. അതൊരു ഗൗരവതരമായ കാര്യമാണ് . അതുകൊണ്ടുതന്നെ കുഞ്ഞുങ്ങൾക്ക് അത്തരം ഒരു ഭയമുണ്ടെങ്കിൽ അതിന്റെതായ വില കൊടുക്കുക തന്നെവേണം . നമുക്ക് കുട്ടിക്കാലത്ത് ഉണ്ടായ പേടികളെക്കുറിച്ചും എങ്ങനെയാണു പിന്നീടു നമ്മൾ അതിനെ കടന്നുവന്നത് എന്നും ഒക്കെ സംസാരിക്കാം. കുഞ്ഞുങ്ങൾക്ക് ധൈര്യം ഉണ്ടാക്കുക എന്നത് തന്നെയാണ് ചെയ്യേണ്ട ഏറ്റവും പ്രധാന കാര്യം. ശ്രദ്ധിക്കേണ്ടത് കുട്ടികൾക്ക് മുന്നിൽ വെച്ച് മരണഭീതി , മരണപ്പെട്ടവരുടെ ഭയപ്പെടുത്തുന്ന നമ്പരുകൾ, ചികിത്സ കിട്ടാതെ പോകുന്നവരുടെ ആശങ്കകൾ ഒക്കെ പങ്കാളിയോടോ കൂട്ടുകാരോടോ പങ്കുവെക്കുമ്പോൾ ശ്രദ്ധിക്കണം എന്നതാണ്. എന്നാൽ തീരെ നിസാരമായി കാണുകയും ചെയ്യരുത് . കുഞ്ഞുങ്ങളിലെ ഭീതിയെ മാറ്റാൻ, ഇത്രയുമൊക്കെ മുൻകരുതലുകൾ നമ്മളെടുത്താൽ പിന്നീട് ഭയക്കേണ്ട കാര്യമില്ല എന്ന രീതിയിൽ സംസാരിക്കണം. കൊറോണയുടെ കാര്യത്തിൽ ആണെങ്കിൽ വ്യക്തിശുചിത്വം എത്രത്തോളം പ്രധാനമാണെന്നു പഠിപ്പിക്കാനുള്ള അവസരമായി അതിനെ കാണാം.
4 . കുട്ടികളുടെ പ്രായത്തിന് അനുസരിച്ചുള്ള പ്രതികരണം:
തീരെച്ചെറിയ കുഞ്ഞുങ്ങളോട് ഒരു കഥപോലെ പറയാം നമുക്ക്. കൊറോണയെ ഒരു രാക്ഷസൻ ആയും ഡോക്ടർമാരും സയന്റിസ്റ്റുകളും അതിനെതിരെ യുദ്ധം ചെയ്യുന്നവരായും നമ്മുടെ കുട്ടി അതിനവരെ സഹായിക്കുന്ന ആളുമായി സങ്കൽപ്പിച്ച് ഒരു കഥ പോലെ പറഞ്ഞുനോക്കൂ. കുട്ടികൾക്ക് അത് വളരെവേഗം മനസിലായേക്കും. കുറച്ചുകൂടി മുതിർന്ന കുട്ടികളോട് എന്താണ് വൈറസ് എന്നതിനെക്കുറിച്ചും സംസാരിക്കാം. എന്തൊക്കെ തരം രോഗങ്ങൾ നമുക്ക് വരാം എങ്ങനെയൊക്കെ വരാം ഈ വൈറസുകൾ കാരണം എന്നതൊക്കെ അറിയാൻ കുട്ടികൾക്ക് കൗതുകമുണ്ടായേക്കും. എന്തുകൊണ്ട് ആണ് ഇപ്പോഴത്തെ അസുഖം എല്ലാവരും കൂടുതൽ മുൻകരുതലുകൾ എടുക്കുന്നത്, എങ്ങനെയാണ് നമുക്ക് ഇതിനെ പ്രതിരോധിക്കാൻ കഴിയുക ഇതൊക്കെ സംസാര വിഷയം ആക്കാം.
5. ശുചിത്വത്തിന്റെ ആവശ്യം
കുഞ്ഞുങ്ങളോട് വൃത്തിയെക്കുറിച്ച് സംസാരിക്കാൻ പറ്റിയ സമയമാണ് ഈ കാലം. എന്തുകൊണ്ട് ആണ് ബാത്റൂമിൽ പോയിവന്നാൽ കൈകൾ വൃത്തിയാക്കേണ്ടത് , എന്ത്കൊണ്ട് ഭക്ഷണത്തിനു മുൻപും ശേഷവും കൈകൾ വൃത്തിയായി ഉരച്ചുകഴുകണം, എന്തുകൊണ്ട് പുറത്തു യാത്ര ചെയ്തുവന്നുകഴിഞ്ഞാൽ അതേ വസ്ത്രങ്ങളോടെ വീട്ടിൽ ഇരിക്കാൻ പാടില്ല അങ്ങനെയങ്ങനെ നിരവധി വ്യക്തി ശുചിത്വ കാര്യങ്ങളും ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കേണ്ട ഉത്തരവാദിത്വത്തെക്കുറിച്ചും സംസാരിക്കാനുള്ള അവസരമായി ഇതിനെ കാണുക. കൈകൾ കഴുകുന്ന വീഡിയോകൾ കാണിക്കുക , അവരെക്കൊണ്ട് അതിനെക്കുറിച്ച് സംസാരിപ്പിക്കുകയോ, അവർ ചെയുന്ന കാര്യങ്ങൾ വീഡിയോ എടുത്തു കാണിക്കുകയോ ചെയ്യുക ഇതൊക്കെയും കുഞ്ഞുങ്ങൾക്ക് കൂടി ഇഷ്ടപ്പെടുന്ന കാര്യമാണ്.
6 . വീടുകൾക്ക് ഉള്ളിലേക്ക് ചുരുങ്ങേണ്ടിവന്നതിൻ്റെ നല്ലവശം പറയുക :
പലപ്പോഴും കുട്ടികൾക്ക് - പ്രത്യേകിച്ചും സ്കൂളിൽ പൊയ്ക്കൊണ്ടിരുന്ന കുഞ്ഞുങ്ങൾക്ക് വീട്ടിനുള്ളിൽ ഒന്നിൽ കൂടുതൽ ദിവസം ഇരിക്കുക എന്ന് പറയുന്നത് വളരെ വിഷമകരം ആയ കാര്യമാണ്. അവരോട് എന്തുകൊണ്ടാണ് നമ്മൾ ഇങ്ങനെ ഇരിക്കേണ്ടി വരുന്നത് എന്നത് പറയുക. അതിനെ കൂടുതൽ പോസിറ്റീവ് ആക്കാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുക. ഇങ്ങനെ കിട്ടുന്ന സമയങ്ങളിൽ ഒരു സമയക്രമം ഉണ്ടാകുന്നത് കാര്യങ്ങൾ കൂടുതൽ കൃത്യതയോടെ ചെയ്യുന്നതിന് സഹായിക്കും. അച്ഛനും അമ്മയും വർക്ക് ഫ്രം ഹോം എന്ന ഓപ്ഷനും മക്കൾക്ക് സ്കൂളിൽ പോകാൻ കഴിയാത്ത അവസ്ഥയും ആകുമ്പോൾ ചെയ്യാൻ കഴിയുന്നത് എല്ലാവര്ക്കും ഫോളോ ചെയ്യാവുന്ന ഒരു ടൈംടേബിൾ ഉണ്ടാക്കുക എന്നതാണ് .
വീട്ടിനുള്ളിൽ ഒരു സ്കൂൾ + ഓഫിസ് എന്ന രീതിയിൽ കാര്യങ്ങൾ നടത്തികൊണ്ട് പോകണം എങ്കിൽ കൃത്യമായ ടൈംടേബിൾ ഉണ്ടാകുന്നത് മാത്രമാണ് മടുപ്പുണ്ടാക്കാതെ ഇരിക്കാനുള്ള വഴി. കുഞ്ഞുങ്ങളുടെ ടൈംടേബിളിൽ ഇന്റർവെൽ , സ്നാക്ക് ടൈം, ലഞ്ച് ടൈം ഒക്കെ സെറ്റ് ചെയ്തുകഴിഞ്ഞാൽ രക്ഷിതാക്കൾക്കും അതിനു അനുസരിച്ചു അവരുടെ ജോലിസമയം ക്രമപ്പെടുത്തുകയും ഇപ്പോൾ വീണുകിട്ടുന്ന ഈ സമയം കുടുംബത്തോടൊപ്പം കിട്ടുന്ന കൂടുതൽ സമയം ഭംഗിയുള്ള നിമിഷങ്ങളാക്കി മാറ്റാനും കഴിയും.
7 . സാമ്പത്തികശാസ്ത്രം
ഏത് ദുരന്തവും അതനുഭവിക്കുന്നവരിൽ സാമ്പത്തികമായ പ്രതിസന്ധികൾ ഉണ്ടാക്കും. കുഞ്ഞുങ്ങൾക്ക് എന്തുകൊണ്ട് പുറത്തുപോയി ഭക്ഷണം കഴിക്കാൻ കഴിയുന്നില്ല എന്നതും എന്തുകൊണ്ടാണ് പുതിയ വിലപിടിച്ച വസ്ത്രം എടുക്കാൻ കഴിയാത്തത് എന്നും എന്തുകൊണ്ട് നമ്മൾ ഈ പ്രാവശ്യം പിറന്നാളുകൾ ആഘോഷിക്കുന്നില്ല എന്നതും കൃത്യമായി കുട്ടികളിലേക്ക് പകരുക. മിതവ്യയവും നാളെയിലേക്ക് കരുതിവെക്കേണ്ടതിന്റെ ആവശ്യകതയും കുഞ്ഞുങ്ങൾക്ക് മനസിലാക്കിച്ചു കൊടുക്കാൻ കഴിയുന്ന അവസരങ്ങളാണ് പലപ്പോഴും ഇത്തരം പ്രതിസന്ധികൾ. കുഞ്ഞുങ്ങളിൽ നിന്ന് അത്തരം കാര്യങ്ങൾ ഒളിപ്പിച്ചുവെക്കുകയല്ല വേണ്ടത് എന്നും അവരോട് യാഥാർഥ്യം പറഞ്ഞു മനസിലാക്കിക്കുകയാണ് വേണ്ടത് എന്നും വിദഗ്ധർ പറയുന്നു.
ഈ കാലവും കടന്നുപോകും എന്നതാണ് കുഞ്ഞുങ്ങളോടും നിങ്ങൾ ഓരോരുത്തരോടും പറയാനുള്ളത് . ഒരു സൂര്യൻ അസ്തമിച്ചുദിച്ചുയരുന്നത് ഈ രോഗമില്ലാത്ത നല്ല പ്രഭാതത്തിലേക്കാകും എന്ന ശുഭപ്രതീക്ഷയോടെ അമേരിക്കയിൽ നിന്നൊരമ്മ.
കുട്ടികൾക്കായി അമേരിക്കയിൽ നിന്നൊരമ്മയയച്ച സന്ദേശം അർത്ഥവത്തായി. അറിവുകൾ പകരുന്നതായി.
ReplyDeleteആശംസകൾ
തീർച്ചയായും എല്ലാവരും മനസ്സിലാക്കേണ്ട കാര്യങ്ങൾ തന്നെ. വിജ്ഞാനപ്രദമായ ഒരു പോസ്റ്റ്..
ReplyDeleteVery informative dear..And conveying awareness too.. By God's grace we are doing good..May the almighty give us strength to overcome this epidemic..
ReplyDeleteStay safe..God bless
:-)
ReplyDeleteവിഷയം ഗംഭീരമായി
ReplyDeleteവിഷയം ഗംഭീരമായി
ReplyDeleteനല്ല കുറിപ്പ് 👌
ReplyDeleteകൊള്ളാം
ReplyDeleteഈ കോവിഡ് കാലത്ത് മാതാപിതാക്കൾക്ക്
കുട്ടികളെ ബോധവൽക്കരണം നടത്തി ജീവിതം
പ്രാപ്തമാക്കുവാൻ പറ്റുന്ന ഏഴ് സന്ദേശങ്ങൾ
Onnaayi ...!
ReplyDelete.
Manoharam, Ashamsakal...!!!
NALLA ARTICLE. ALL THE BEST
ReplyDelete