#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!
വർഷം 1998
ഫാത്തിമയിലെ ഒന്നാം വർഷ പ്രീഡിഗ്രിക്കാരിയായി വിലസിനടക്കുന്ന സമയത്താണ് കോളേജ് ഇലക്ഷൻ വരുന്നത്. എല്ലാ പാർട്ടിക്കാരുടെ കൂടെയും ഉണ്ടാകും പാട്ടുപാടാനുള്ള ഒന്നുരണ്ടു തല്പരകക്ഷികൾ. അങ്ങനെയുള്ള ഒരു പുള്ളിക്കാരൻ - തൽകാലം പേര് നമുക്ക് ബിജോയ് എന്ന് ആക്കാം - ശരിക്കുള്ള പേര് പറഞ്ഞിനി പുള്ളിക്കൊരു കുഴപ്പം ആകണ്ട അങ്ങനെ അങ്ങോര് ഒത്തിരി നല്ല പാട്ടുകളൊക്കെ പാടിയങ്ങനെ പ്രചരണം കൊഴുപ്പിച്ചു നടക്കുന്ന കാലം. ഡിഗ്രിക്കാരനായ കക്ഷിയുടെ പ്രണയിനിയും കൂട്ടത്തിൽ ഉണ്ടാകാറുണ്ട് മിക്കപ്പോഴും. പല നല്ല പാട്ടുകളും പാടാൻ ഞങ്ങൾ ആവശ്യപ്പെടുന്ന കൂട്ടത്തിൽ ഒരു പാട്ടിന്റെ വരികൾ അറിയില്ല എന്ന് പറഞ്ഞപ്പോൾ എപ്പോഴും കൂടെക്കൊണ്ടു നടക്കാറുള്ള ഡയറിയുടെ ഒരു പേജ് കീറി ഞാനെഴുതിക്കൊടുത്തു,
"എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു ...
അത്രമേൽ ഇഷ്ടമായ് നിന്നെയെൻ പുണ്യമേ ...."
അത്രമേൽ ഇഷ്ടമായ് നിന്നെയെൻ പുണ്യമേ ...."
മുഴുവൻ വരികളും കാണാതെ പഠിച്ചുവെച്ചിരുന്ന പാട്ടുകളായിരുന്നു സമ്മർ ഇൻ ബേത്ലഹേമിലെ ഓരോ പാട്ടും. അതുകൊണ്ടാണല്ലോ സൂപ്പർ ഈസിയായിട്ട് അങ്ങോട് എഴുതിക്കൊടുക്കാൻ പറ്റിയത്. ആശാൻ അടുത്ത ദിവസം പഠിച്ചുകൊണ്ട് വരാമെന്നൊക്കെ പറഞ്ഞുപോയി, ഞങ്ങൾ ക്ളാസിലേക്കും പോന്നു.
പിറ്റേദിവസം ആയപ്പോൾ നമ്മുടെ അഭ്യുദയകാംക്ഷിയായ വളരെയേറെ പ്രിയപ്പെട്ട ഒരു ചേച്ചിപ്പെണ്ണ് പാഞ്ഞുവരുന്നു. വന്നയുടനെ പറഞ്ഞത് 'വേഗം നിന്റെ ഡയറിയെടുത്ത് എനിക്ക് എത്രയോ ജന്മമായ് എഴുതിത്തന്നേ ' എന്നാണ്. ശ്ശെടാ ...ഇനിയിപ്പോ ഇതാണോ ട്രൻഡ് എന്നോർത്ത് ഞാൻ ഒന്നൂടി ചോദിച്ചു
"അതെന്തിനാ ചേച്ചി ഡയറിയിൽ തന്നെ എഴുതിത്തരണമെന്നു പറയുന്നേ?"
കഥയപ്പോഴല്ലേ അറിയുന്നേ - മറ്റേ കക്ഷി ഇല്ലേ നമ്മുടെ പാട്ടുകാരൻ ഹീറോ. പുള്ളി പ്രണയിനിയ്ക്കൊരു അസൂയ ആയിക്കോട്ടേന്നു കരുതി ഞാൻ പാട്ടെഴുതിക്കൊടുത്ത ഡയറിച്ചീന്തിനെ ഒരു 'ആരാധികയുടെ കടുത്ത പ്രണയാഭ്യർത്ഥന' ആയി അവതരിപ്പിച്ചിരിക്കുന്നു, നമ്മുടെ വളരെയടുത്ത ചേച്ചിയുടെ അടുത്ത് ആണ് പ്രണയിനി പരാതിയും കാമുകനുമായി എത്തിയത്. ഒരു പ്രണയകലഹം ഉണ്ടാകാതിരിക്കട്ടെയെന്നും എൻ്റെ പേരിൽ ആകണ്ട അവര് പിരിയുന്നതെന്നും ഓർത്ത് ചേച്ചി ഇതുപോലെ എന്റെ കയ്യിലുമുണ്ട് ഇതേ പാട്ട് , ആർഷ എല്ലാര്ക്കും പാട്ടെഴുതികൊടുക്കുന്നത് ഡയറിത്താളിലാണ് എന്നും അവിടെ തള്ളിയിട്ടാണ് ചേച്ചി ഇവിടെ പാഞ്ഞുവന്നിരിക്കുന്നത് - പ്രൂഫ് ഉണ്ടാക്കാൻ! ഞാൻ ആണെങ്കിൽ കണ്ണും മൂക്കും തള്ളിയിരിക്കുകയാണ് ഈ കഥ കേട്ടിട്ട്!!
ചേച്ചിയോട് ഞാൻ : "എന്തിനാ ഈ ഇരട്ടിപ്പണി! സത്യം പറഞ്ഞാൽ പോരേ - അത് ഞാൻ പറഞ്ഞോളാം ആ പെങ്കൊച്ചിനോട്, പിന്നെ ലോ ഗന്ധർവ്വൻ ചേട്ടനെ ഒന്ന് കണ്ടു രണ്ടു വർത്തമാനോം പറയാം"
സ്കൂൾ തലം മുതൽ ആൺപിള്ളേരോട് അടിയെങ്കിൽ അടി, കുത്തെങ്കിൽ കുത്ത് എന്ന് നടന്നിട്ട്, കോളേജിൽ എത്തി ഇച്ചിരെ മര്യാദ കാണിച്ചുനിന്നപ്പോൾ ഇങ്ങനെയൊരു അപമാനം ...ശോ!! അതും ഇങ്ങോരോട് ..... (പുള്ളി എന്റെ കണ്ണിലെ സുന്ദര കാമദേവനൊന്നും ആയിരുന്നില്ല) ഒന്നുമില്ലെങ്കിൽ സിംഗിൾ ആയി നടക്കുന്ന ആരോടെങ്കിലും പ്രേമാരാധന തോന്നാനുള്ള വകതിരിവ് എനിക്കുണ്ടെന്ന് ആ ചോട്ടനു തോന്നിയില്ലല്ലോ എന്നാലോചിക്കുമ്പോൾ ആണ് .....ബിൽഡപ്പ് തീരെ ശരിയായില്ല എന്ന് തോന്നിയേ!
എന്തായാലും ആ മനുഷ്യൻ നശിപ്പിച്ചു കയ്യിൽത്തന്നത് എന്റെ ഏറ്റോം പ്രിയപ്പെട്ട പാട്ടുകളിലൊന്നാണ് .... പിന്നെയീ പാട്ട് എപ്പോക്കേട്ടാലും എനിക്ക് ചിരി വരും ആ ഗന്ധർവനെ ഓർത്തിട്ട്! ചുളുവിൽ ഒന്ന് തള്ളിനോക്കിയതാ - അടിപിടി വെള്ളപ്പൊക്കം ആയി നാശകോശമായിപ്പോയിന്ന് പറഞ്ഞാൽപ്പോരേ!
https://www.youtube.com/watch?v=SbxAua09qo4
----------------------------------------------------------------------------------------------------------------------------------
#100DaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
#100DaysToLove
#100SongsToLove
#Day87
----------------------------------------------------------------------------------------------------------------------------------
#100DaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
#100DaysToLove
#100SongsToLove
#Day87
പ്രണയകലഹമുണ്ടാക്കാൻ അവസരമൊരുക്കുന്ന പാട്ടുകൾ...
ReplyDeleteആശംസകൾ
പ്രണയകലഹമുണ്ടാക്കാൻ ഇടയാക്കുന്ന പാട്ടുകൾ .
ReplyDeleteആശംസകൾ
അത് കൊള്ളാമല്ലോ ... അതെന്നാ പണിയാ അവൻ കാണിച്ചത്?
ReplyDeleteഏറ്റവും ഇഷ്ടമുള്ള പാട്ടും സിനിമകളിലൊന്നും.
ReplyDelete
ReplyDeleteഎത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു ...
അത്രമേൽ ഇഷ്ടമായ് നിന്നെയെൻ പുണ്യമേ ..
ചിരിച്ചു പോയി 😊
ReplyDelete