#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!
വര്‍ഷം 1998
വര്‍ഷം 1998
പ്രീഡിഗ്രി ഒന്നാം വര്‍ഷം ട്യൂഷന് പോയ ആറ്റിങ്ങല്‍ വിക്ടറി കോളേജിലെ മിക്ക അദ്ധ്യാപകരേയും ഓര്‍മയുണ്ടെങ്കിലും വളരെക്കുറച്ചുപേരോട് മാത്രമേ ഇപ്പോഴും ബന്ധമുള്ളൂ. ഇപ്പോഴും എവിടെയെങ്കിലും വെച്ച് കാണുമായിരിക്കും എന്ന് ഓര്‍ക്കുന്ന ഒരാളാണ് ഇന്നത്തെ പാട്ടോര്‍മ്മ.
കെമിസ്ട്രി പഠിപ്പിക്കാന്‍ വന്നിരുന്ന ഒരു ടീച്ചര്‍ - ആദ്യത്തെ ദിവസം താടിക്കാരൻ ഭർത്താവിനൊപ്പം ചെറിയ ഇടവഴിയിലൂടെ നടന്ന് ടീച്ചര്‍ സ്ടാഫ്റൂമിലേക്ക് കയറുമ്പോള്‍ ഞങ്ങള്‍ പെണ്‍കുട്ടികള്‍ - കല്ലുവും, അഖിയും , മഞ്ജുവും, ഗീതുവും, ഷെൻസിയും ഒക്കെ ആ സ്ത്രീയുടെ സൗന്ദര്യം കണ്ട് വായും പൊളിച്ചു നിൽക്കുകയായിരുന്നു, ഞങ്ങൾക്ക് പഠിപ്പിക്കാൻ വരുന്ന ടീച്ചർ ആണെന്നറിയാതെ നല്ലസ്സലായി വായ്‌നോട്ടം തുടരുമ്പോൾ ടീച്ചർ സ്റ്റാഫ്‌റൂമിൽ നിന്നിറങ്ങി ഞങ്ങളുടെ ക്‌ളാസിലേക്ക് വന്നു. പടർന്ന കണ്മഷിയെഴുതിയ കണ്ണുകളും, കുഞ്ഞുപൊട്ടിനു മുകളിൽ അലസമായി ഒന്നിനുമേലൊന്നായി തൊട്ട ചന്ദനവും കുങ്കുമവും സിന്ദൂരവും കൊണ്ട് നിറച്ച നെറ്റിയും നടുഭാഗത്തുന്നു വിഭജിച്ച് പിന്നിലേക്ക് മെടഞ്ഞിട്ട മുടിയും ഒക്കെയായി ഒരു നാച്വറൽ ബ്യുട്ടി ആയിരുന്നു ടീച്ചർ. മധുരമായ ശബ്ദത്തിൽ ഞങ്ങളോട് അവർ പേര് പറഞ്ഞപ്പോൾ, കല്ലു എന്ന് ഞാൻ വിളിക്കുന്ന കല പറഞ്ഞു എത്രമാത്രം യോജിക്കുന്ന പേര്! പേരെന്താണെന്നോ - 'ശോഭാറാണി ' - ശരിക്കും ശോഭയുടെ റാണി ആയിരുന്നു ആ ആൾ!
ടീച്ചറുടെ ക്‌ളാസ്സുകൾ ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമായിരുന്നു. ഇടയ്ക്കിടെ ഞങ്ങളുടെ ഭാഗത്തോരു കുഞ്ഞുസ്വകാര്യം പങ്കുവെക്കലുണ്ട് ടീച്ചറിന് - പെൺകുട്ടികളോട് ഒരിത്തിരി ഇഷ്ടം കൂടുതലുള്ള ഒരു ടീച്ചർ! അങ്ങനെയൊരു ദിവസമാണ് 'ഹരികൃഷ്ണൻസ് ' എന്ന ചിത്രത്തിലെ ജൂഹി ചാവ്‌ളയുടെ ചുരിദാറുകളെക്കുറിച്ചു ഞങ്ങൾ സംസാരിക്കുന്നത് കേട്ടുകൊണ്ട് ടീച്ചർ വന്നത്. അന്നാ സിനിമ കണ്ട പെൺകുട്ടികൾ ഓർക്കുന്നുണ്ടാകും, അരികുകളിൽ ലേസ് പിടിപ്പിച്ച ഷാളുകളും അതേ ലേസ്വർക്ക് ചെയ്ത കയ്യും കഴുത്തും ഉള്ള ജൂഹിയുടെ ചുരിദാറുകൾ, സാരികൾ - ഹരികൃഷ്ണൻസ് കഴിഞ്ഞാണ് ആ ഫാഷൻ ട്രെൻഡ് ആയത്.
ഞങ്ങളുടെ ആ സിനിമാവിശേഷം കേട്ടുവന്ന ശോഭടീച്ചർ ഒരു രഹസ്യം പറയുന്നത് പോലെ ഞങ്ങളോട് പറഞ്ഞു -
"അതേ, ഈ സിനിമയ്ക്ക് മുൻപേ ഞാനിത്തരം ചുരിദാറുകൾ ചെയ്യിച്ചിരുന്നു കേട്ടോ. കൽക്കത്തയിൽ പഠിക്കുന്ന സമയത്ത് ഇങ്ങനെയുള്ള തുണികൾ വാങ്ങാൻ കിട്ടുമായിരുന്നേ കുറഞ്ഞ വിലയ്ക്ക്, അതിലൊക്കെ കിന്നരികൾ വെച്ചതുപോലെ ഇങ്ങനെ നനുത്ത തൂവലുകളെപ്പോലുള്ള ലേസുകൾ പിടിപ്പിച്ചിരുന്നു ഞാനും സുഹൃത്തുക്കളും. ഇപ്പോൾ ഈ സിനിമ കണ്ടപ്പോഴാ അതിവിടെ ട്രെൻഡ് ആയിന്നറിഞ്ഞേ"
അന്നുമുതൽ പൊന്നാമ്പൽ പുഴയിറമ്പിൽ ജൂഹിക്കൊപ്പം ശോഭടീച്ചറും നടക്കാറുണ്ട് എന്റെ കണ്ണിൽ ....
---------------------------------------------------------------------------------------------------------------------------------------
#100DaysOfSongs -നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
#Day96
#100DaysOfSongs -നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
#Day96
ഗാനവും രംഗവും മനോഹരം!
ReplyDeleteആശംസകൾ
'പൊന്നാമ്പൽ പുഴയിറമ്പിൽ...'
ReplyDeleteജൂഹിക്കൊപ്പം ഓർമ്മയിൽ ശോഭടീച്ചറും