Friday, March 20, 2020

"പൊൻമേഘമേ ശലഭങ്ങളേ .. "

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 1996
ഒൻപതാം ക്ലാസ്സ് തുടങ്ങും മുൻപുള്ള സമയം - നാവായിക്കുളം ജംക്ഷനിൽ IOB ബാങ്കിന് സമീപത്തുള്ള ചെമ്മൺവഴിയേ കുറച്ചുദൂരം നടന്നെത്തുന്ന പായലുപിടിച്ച മതിലും വെട്ടുകല്ലുപടികളും ഉള്ള ഒരു വീടുണ്ടായിരുന്നു. വീടിന്റെ ശരിക്കുമുള്ള ഉടമസ്ഥർ ലണ്ടനിൽ എവിടെയോ ആയിരുന്നതുകൊണ്ടാണ് ആ കുടുംബവീട് ഞങ്ങൾക്ക് വാടകയ്ക്ക് കിട്ടിയത്. നോക്കിനടത്താൻ ഉടമസ്ഥരുടെ കാര്യസ്ഥരെപ്പോലെ ഒരമ്മൂമ്മയും മക്കളും- അവരുമായിട്ടാരുന്നു ഞങ്ങളുടെ ഇടപെടലുകളൊക്കെ. ഒത്തിരിപ്പറമ്പുള്ള, പറമ്പിലൊത്തിരി മരങ്ങളുള്ള, മൂന്നു വലിയ ഞാവൽ മരങ്ങളുള്ള, നിറയെ കായ്ക്കുന്ന ചാഞ്ഞുകിടക്കുന്ന കൊമ്പുള്ള പറങ്കിമാവുള്ള, നിറയെ ചക്കയുള്ള, വെള്ളംകൊള്ളി മാങ്ങായുള്ള, അധികം പുളിയില്ലാത്ത ഇല കാണാത്ത രീതിയിൽ കായ് പിടിക്കുന്ന ശീമനെല്ലിക്കയുള്ള (ലൗലോലിക്ക), വീടിനു മുന്നിൽ കളിയിൽ ഉള്ള (തൊഴുത്തും ഒരു മുറിയും ചേർന്നൊരു ചെറിയ കെട്ടിടം) വീട്! എൻ്റെ സ്വപ്നങ്ങളിലെ വീട് അങ്ങനെയായിരുന്നു കുറേനാൾ വരെ.. അത്തരമൊരു വീടിനു തരാനാകുന്ന ഒരു വെറും സന്തോഷമുണ്ട് - അങ്ങനെയൊരു വീടിനെ അറിയാൻ കഴിയുമ്പോൾ ലഭിക്കുന്ന സന്തോഷം - ആ സന്തോഷത്തെക്കുറിച്ച് ആലോചിക്കുമ്പോൾ തോന്നും ഞാനും ചേട്ടന്മാരും ഭാഗ്യം ചെയ്തവരായിരുന്നു.. എന്തോരം വീടുകളിലാ ഞങ്ങൾ താമസിച്ചേ 2004 വരെയുള്ള സമയം കൊണ്ട്!

കുന്നുവിള വീടെന്ന ആ വീട്ടിലായിരിക്കുമ്പോൾ ആണ് അമ്മയുടെ സ്‌കൂളിൽ പുതുതായി വന്ന ഹരിപ്പാടുകാരിയായ ഒരു കുഞ്ഞുടീച്ചറിന് വേറെങ്ങും താമസിക്കാൻ ഇടം കിട്ടാത്തതുകൊണ്ട് ഞങ്ങളുടെ വീട്ടിലിടം കിട്ടിയത്. ജൂലി എന്ന ആ ചേച്ചിയും അമ്മയും അച്ഛനുമൊക്കെ ഒരുമിച്ച്‌ വീട്ടിലേക്ക് വന്നപ്പോൾ ഏറ്റവുമധികം സന്തോഷിച്ചത് ഞാനാകണം - ചേട്ടന്മാർ തിരുവനന്തപുരത്തേക്ക് പഠിക്കാൻ പോയ സമയമായിരുന്നു. വീട്ടിൽ ഞാനും അമ്മയും മാത്രമായപ്പോഴാണ് ജൂലിച്ചേച്ചി കടന്നുവരുന്നത്. എനിക്ക് ഒരു കൂട്ടുകാരിയെക്കിട്ടിയപോലെ - മാത്രവുമല്ല ഈ ഇരട്ടച്ചേട്ടൻമാരുടെ ചില നേരത്തെ അപ്രമാദിത്തം എനിക്കത്രക്കങ്ങട് പിടിക്കുന്നുമുണ്ടായിരുന്നില്ല, ഒരു പെൺകമ്പനി കിട്ടിയപ്പോൾ എനിക്കും ഒരാളായപോലെ ഒരു ഫീൽ. ജൂലിച്ചേച്ചിയുടെ ഇന്റർവ്യൂ സമയത്ത് മധുരമായ ശബ്ദത്തിൽ ഒരു കാക്കയുടെ പാട്ടുപാടിയാണ് പിള്ളേരെയും ഹെഡ് മാസ്റ്ററെയും കയ്യിലെടുത്തത്. പാട്ട് പഠിച്ച ജൂലിച്ചേച്ചിയുടെ ഏറ്റവും പ്രിയപ്പെട്ട രണ്ടു പാട്ടുകൾ പിന്നെയുള്ള ഒരുവർഷത്തിൽ എനിക്കുവേണ്ടി ഒത്തിരിത്തവണ പാടിത്തന്നിട്ടുണ്ട്.

ഒരുവർഷം കഴിഞ്ഞപ്പോൾ ജൂലിച്ചേച്ചി തിരികെ നാട്ടിലേക്ക് പോയി. അതിനിടയിലൊരു ദിവസം അവരുടെ വീട്ടിലേക്ക് ഞങ്ങളൊക്കെക്കൂടി പോയിരുന്നു - കുറെക്കുറെ മീൻ വിഭവങ്ങൾ കൂട്ടിയുള്ള ഊണൊരുക്കിയാണ് ജൂലിച്ചേച്ചിയുടെ 'അമ്മ ഞങ്ങളെ സ്വീകരിച്ചത് - ആലപ്പുഴയുടെ എല്ലാ പ്രൗഢിയോടുംകൂടി. പോയതിനുശേഷം ചേച്ചിയെ കണ്ടിട്ടില്ല... കല്യാണമൊക്കെ കഴിഞ്ഞു സുഖമായി ജീവിക്കുന്നുണ്ടാകണം.
ചേച്ചി എനിക്കായി പാടിത്തന്നിരുന്ന രണ്ടു പാട്ടുകളിലൊന്ന് നിങ്ങൾക്കായി ഇന്നത്തെ ഓർമ്മപാട്ടിൽ ..

"പൊൻമേഘമേ ശലഭങ്ങളേ ...
താരങ്ങളേ ഇതിലേ വരൂ ...
നാലമ്പലം വലമായി വരൂ ..
അരയാൽക്കൊമ്പിൽ നാമം ചൊല്ലും
ഗന്ധർൻ കാറ്റേ
തുളസീദളം ചൂടാൻ വരൂ! "
------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

7 comments:

  1. ആ വീട്... അത് കൊതിപ്പിക്കുന്ന ഒരു വീടാണ് കേട്ടോ.... വളർത്തു മൃഗങ്ങൾ ഉള്ള വീട് കുട്ടികൾ ഉള്ള വീട് പോലെ സന്തോഷം നൽകുന്ന ഇടമാണ്.!!!

    കുറച്ചു കാലത്തേക്കെങ്കിലും ഒരു ചേച്ചിയെ കൂട്ട് കിട്ടിയല്ലോ.. :D

    ReplyDelete
  2. അസൂയെപെടുത്തുന്നുണ്ട് , ആ വീടും ചുറ്റുവട്ടവും .

    ജൂലി ടീച്ചർടെ പാട്ട് കേൾക്കാൻ പറ്റിയില്ല.

    ReplyDelete
  3. വീട്ടിൽ ഒരു അതിഥി താരം ഉണ്ടാകുന്നതും ഇത്തരം ഒരു വീടുണ്ടാകുന്നതും ഏറെ ആനന്ദകരം തന്നെ.

    ReplyDelete
  4. എന്റെ സ്വപ്ന വീട് ഇപ്പോഴുമൊരു സ്വപ്നം തന്നെയാണ്. 😊
    നീളൻ വരാന്തയും മുറ്റവും, കാറ്റത്തു വരാന്തയിലേക്ക് പാറിവീഴുന്ന ഇലകളും ആകാശം കാണാവുന്ന, എന്നാൽ തണലുള്ള ഒരു ടെറസും...❤️
    സോപാനത്തിലെ ഈ പാട്ടും പ്രിയതരം ☺️

    ReplyDelete
  5. പറമ്പും മരങ്ങളും പക്ഷാമൃഗാദികളും നിറഞ്ഞ നാട്ടിൻപ്പുറത്തെ വീട് എത്ര മനോഹരം!
    ആശംസകൾ



    ReplyDelete
  6. കൊള്ളാം.... ഇഷ്ടം.

    പാട്ട് നല്ല ഇഷ്ടം.

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)