#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!
വർഷം 1988
ക്രിസ്തുമസ് പരീക്ഷ തുടങ്ങുന്നതിന് മുന്നേ തന്നെ നാവായിക്കുളത്തെ കൊച്ചുവീട്ടിൽ ഞങ്ങൾ ക്രിസ്ത്മസ് ഒരുക്കങ്ങൾ തുടങ്ങും. മണ്ഡല കാലം തുടങ്ങി കഴിഞ്ഞിട്ടാകും ഡിസംബര്‍ എത്തുക, അപ്പോളത്തെ ഡിമാണ്ട് സ്റ്റാര്‍ വേണം എന്നതാണ്. ചുമന്നതും മഞ്ഞയും നിറയെ കുത്തുകള്‍ ഉള്ളതുമായ നക്ഷത്രങ്ങള്‍. ലൈറ്റ് ഇടുന്ന പരിപാടി ചേട്ടന്മാരുടെ വക. കത്തി അണയുന്ന ലൈറ്റ് സംവിധാനം ഉണ്ടാക്കി ചേട്ടന്മാര്‍ ചുറ്റുവട്ടത്തെ കേമന്മാര്‍ ആകും. ചിലപ്പോള്‍ ഒന്നില്‍ കൂടുതല്‍ നക്ഷത്രങ്ങള്‍ ഉണ്ടാകും മുറ്റത്തെ വേപ്പ് മരത്തില്‍, കഴിഞ്ഞ കൊല്ലങ്ങളിലേതെടുത്തു വെച്ചത്. പിന്നെ സ്കൂളില്‍ കൂട്ടുകാരോടൊക്കെ നമ്മുടെ സ്റ്റാറിനെ പറ്റിയുള്ള വീമ്പു പറച്ചിലിനും മുടക്കം വരുത്താറില്ല. ഞങ്ങളുടെ ഗ്രാമത്തില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും ആണ് ക്രിസ്ത്യാനികളെക്കാള്‍ അധികം ഉണ്ടായിരുന്നത്. എങ്കിലും നക്ഷത്രങ്ങള്‍ മിക്കവാറും എല്ലായിടത്തും കാണാറുണ്ട്. ഇപ്പോളും അങ്ങനെ തന്നെയാണോ എന്നറിയില്ല. ഈ മേളപ്പെരുക്കത്തിനിടയില്‍ ക്രിസ്മസ് പരീക്ഷ കഴിയും. പിന്നെയല്ലേ പൂരം! ക്രിസ്തുമസിന്റെ മുഴുവന്‍ ആഘോഷവും കൊടിയിറങ്ങുന്നത് അച്ഛന്റെ നാട്ടില്‍ ആണ്... ചങ്ങനാശ്ശേരിയിലെ അമരപുരം എന്ന മറ്റൊരു ചെറിയ ഗ്രാമത്തില്‍. ഓരോ പരീക്ഷകളും കടന്നു വരുന്നത് ഇത് കഴിഞ്ഞു കിട്ടിയാല്‍ വെക്കേഷന്‍ ഉണ്ടെന്നതും, അപ്പോള്‍ അച്ഛന്‍വീട്ടില്‍ പോകാമെന്നതുമായ ആകര്‍ഷണത്തിലാണ്.
നാവായിക്കുളം പോലെ ആയിരുന്നില്ല അമര; റബ്ബര്‍ മരങ്ങള്‍ നിറഞ്ഞ, ഒരുപാട് പള്ളികള്‍ ഉള്ള, പള്ളിപ്പെരുന്നാളുകൾ ഉള്ള ഒരു കുഞ്ഞി ഗ്രാമം. അച്ഛൻവീട് ഒരു ചരിഞ്ഞ പ്രതലത്തിലാണ്, ഉരുണ്ടു പോയാല്‍ ചെന്നെത്തുക താഴത്തെ "മമ്മിയുടെ" വീട്ടിലാണ്. ആ വീട്ടിലെ റോസമ്മ അമ്മയെ ഞങ്ങള്‍ എല്ലാരും മമ്മി എന്നാണു വിളിച്ചിരുന്നത്. ഒരു പക്ഷേ, ആ ഗ്രാമത്തില്‍ ആദ്യമായി "മമ്മി" എന്നുള്ള പരിഷ്കാര വിളി കടന്നെത്തിയത് ആ വീട്ടില്‍ ആയിരുന്നിരിക്കാം. എന്തായാലും ഞാന്‍ ഉള്‍പ്പെടുന്ന കുട്ടിപ്പട്ടാളത്തിന് ആ മമ്മിയുടെ ചെറുമക്കള്‍ ആകാനുള്ള പ്രായം ഉണ്ടായിരുന്നു. ക്രിസ്തുമസിനു ഒരാഴ്ച മുന്‍പേ തന്നെ അച്ഛന്‍ പെങ്ങളെ - അപ്പച്ചിയെ - സോപ്പ് ഇടാന്‍ തുടങ്ങും ഞാന്‍. എന്തിനാന്നാ? പ്ലം കേക്കിനു വേണ്ടി. അന്ന് അത്തരം കേക്ക് ആയിരുന്നു എല്ലായിടത്തും - ബ്രൌണ്‍ കളറില്‍ ഇടയ്ക്കിടെ പല നിരത്തിലെ ചെറി കഷ്ണങ്ങളും ആയി. ഐസിംഗ് ഉള്ള കേക്ക് വലിയൊരു ആഡംബരം ആയിരുന്ന കാലം, ഇതെങ്കിലും ഒന്ന് ഒപ്പിച്ചെടുക്കാന്‍ കഠിന പ്രയത്നം തന്നെ വേണം.
നാവായിക്കുളത്ത് ഇല്ലാതിരുന്ന മറ്റൊരു കാര്യം കാരോള്‍ സംഘങ്ങള്‍ ആണ്. ഒരാഴ്ച മുന്നേ തുടങ്ങും ക്ലബ്ബുകളുടെ വകയായുള്ള കരോള്‍ റോന്തുകള്‍, കൂടെ പിരിവും. രാത്രി ആയാല്‍ കാത്തിരിപ്പാണ് ഇന്ന് ഏതു ക്ലബ്ബുകാരാ വരുക, ഏതു പാട്ടാ പാടുക.. അങ്ങനെ അങ്ങനെ. ക്രിസ്തുമസിനു തലേ ദിവസം ആണ് പള്ളികളിലെ സംഘങ്ങള്‍ വരുക.പക്ഷെ ഞങ്ങളുടെ പ്രദേശത്ത് മറ്റൊരു കരോള്‍ കൂടി എല്ലായിടത്തും എത്തുമായിരുന്നു, ചുറ്റുവട്ടത്തെ 7 -8 വീടുകളില്‍ മാത്രം, അതിനു പേര് കുട്ടിക്കരോള്‍ എന്നാണ്. സംഘാംഗങ്ങള്‍ ഞാനും അയല്‍പക്കത്തെ കൂട്ടാളീസും തന്നെ. സാന്താ ക്ലോസ്സിന്റെ മുഖം മൂടികള്‍ കിട്ടും 2 രൂപയ്ക്ക്. അതൊരെണ്ണം വാങ്ങിയാല്‍ പിന്നെ ബാക്കി ഒക്കെ സ്വയം പരിശ്രമം തന്നെ. അമ്മയുടെയോ അമ്മായിമാരുടെയോ അല്ലെങ്കില്‍ സ്വന്തമോ ആയ ഒരു ചുവന്ന മാക്സി ഒപ്പിക്കുക, ആവശ്യത്തിനു പാട്ടകളും കുപ്പികളും (ഡ്രം സെറ്റ്) മുറ്റത്തും പറമ്പിലും നിന്നും എടുക്കുക... ഞങ്ങളുടെ കരോള്‍ സംഘം റെഡി.
പാട്ടുകള്‍ അധികം ഒന്നുമുണ്ടാകില്ല. ഒന്നോ രണ്ടോ, അതും മുഴുവന്‍ അറിയുന്നുണ്ടാകില്ല.ഒരു പാട്ടിന്‍റെ വരികള്‍ തുടങ്ങുന്നത് "പാടീടാം നാഥന്റെ ഗീതങ്ങള്‍ ആമോദ സന്തോഷത്താല്‍ " എന്നായിരുന്നു... കേട്ടിട്ട് വല്ല പിടിത്തോം കിട്ടിയോ പുള്ളകളേ? ഇത് അപ്പോഴത്തെ ഹിറ്റ് ഹിന്ദി ഗാനം "ഏക് ദോ തീന്‍ " ന്‍റെ ട്യൂണില്‍ ഉള്ള പാരടിപ്പാട്ടാണ്. എവിടെ നിന്നും കിട്ടിയതാണെന്ന് അറിയില്ല, ആ പാട്ട് വന്‍ ഹിറ്റ് ആയിരുന്നു ഞങ്ങളുടെ കരോളില്‍. എന്തായാലും എല്ലാം ഒരു തരത്തില്‍ ഒപ്പിച്ച് വീട് വീടായി കയറി ഇറങ്ങും ഞങ്ങള്‍ .. പാട്ട് നന്നായോ നന്നായില്ലയോ എന്നുള്ളതല്ലായിരുന്നു പ്രധാനം, എല്ലായിടത്ത് നിന്നും കിട്ടുന്ന "പോക്കറ്റ് മണികള്‍ " ആയിരുന്നു ഞങ്ങളെ കൊണ്ട് ഈ കടും കൈ ചെയ്യിച്ചിരുന്നത്.... പിറ്റേ ദിവസത്തെ ഞങ്ങളുടെ ക്രിസ്തുമസ്മധുരത്തിന് വേണ്ടി വരുന്ന മിട്ടായികള്‍ ഈ വഴിക്ക് ഒത്തു പോരും.
ക്രിസ്തുമസിനു രാവിലെ തന്നെ മമ്മിയുടെ വീട്ടില്‍ നിന്നും പാലപ്പവും ചിക്കനും എത്തും, പിന്നെ കുശാല്‍. ഉച്ചക്ക് കേക്ക് മുറിക്കും. എനിക്ക് ഇപ്പോളും അറിയില്ല, എന്തിനാ ഞങ്ങള്‍ ക്രിസ്തുമസിനു ഉച്ചക്ക് കേക്ക് മുറിച്ചിരുന്നത് എന്ന്, പക്ഷേ അതെല്ലാ വര്‍ഷവും ഉള്ള ഒരു ചടങ്ങായിരുന്നു. അതോടെ കഴിഞ്ഞു ക്രിസ്തുമസ് ആഘോഷം. ഇനി അടുത്ത വര്‍ഷം എന്ന് പറഞ്ഞു സാന്താക്ലോസ്സിന്‍റെ മുഖം മൂടി പെട്ടിയില്‍ വെയ്ക്കുമ്പോള്‍ അടുത്ത കരോളിനെ കുറിച്ചാകും ഞങ്ങളുടെ ചിന്ത... ഇനിയും എത്ര നാള്‍ കാത്തിരിയ്ക്കണമെന്ന്!
ഇപ്പോളുള്ള കുട്ടികള്‍ കരോള്‍ സംഘം ഉണ്ടാക്കുന്നുണ്ടോ എന്നറിയില്ല... എന്തായാലും അവര്‍ ക്രിസ്തുമസ് ആഘോഷിക്കുന്നുണ്ടാകും അല്ലെ? ഇന്നത്തെ പാട്ടോർമ്മ ആ കുട്ടിക്കരോളിനും താഴത്തെ മമ്മിയുടെ പാലപ്പത്തിനും സ്റ്റ്യുവിനും!
https://youtu.be/w5na7pJYAvQ
-
---------------------------------------------------------------------------------------------------------------------------------
-
---------------------------------------------------------------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച് - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച് - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ
പാട്ടോർമ്മകളിെലെ രുചി മധുരം!
ReplyDeleteആശംസകൾ
ഇത് വായിച്ചപ്പോ ഞങ്ങൾ കുട്ടീസുകളുടെ കരോൾ ഓർമ്മവന്നു ❤️❤️
ReplyDeleteഓർമകളുടെ രാജകുമാരി. ❤️
ReplyDelete