Friday, February 14, 2020

"ഏൻ ഇദയം.....ഉടൈത്തായ് നോറുങ്കവേ .... "

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 2014

ജീവിതമൊഴുകിയ വഴികളിലൂടെ വന്നെത്തിയത് അമേരിക്കയിലാണ് - ഇവിടെ എത്തുംവരെ കേട്ടിട്ടുപോലുമില്ലാതിരുന്ന വിസ്കോൺസിൻ എന്ന സംസ്ഥാനത്തിലെ മിൽവാക്കീ എന്ന ഐസ് ബൗളിലേക്ക്. സിനിമകളിൽ കണ്ടിരുന്ന അമേരിക്കയല്ല ശരിക്കുമുള്ള അമേരിക്ക എന്ന് മനസിലാക്കിയത് ഈ മഞ്ഞുംകട്ടയ്ക്കുള്ളിലിരുന്നാണ്. അമേരിക്കയിലെ ഒരു ഗ്രാമം - കൃഷി പ്രധാന ജീവനോപാധിയായ, കുടുംബബന്ധങ്ങൾക്കും സ്നേഹത്തിനുമൊക്കെ പ്രാധാന്യം കൊടുക്കുന്ന, ഏക്കറുകളോളം സ്ഥലത്ത് പശുക്കളെയും കുതിരകളെയുമൊക്കെ വളർത്തുന്നയിടം വെണ്ണയ്ക്കും ബട്ടറിനും ബീറിനുമൊക്കെ പേരുകേട്ട അമേരിക്കയുടെ 'ഡയറി ലാൻറ്' അതാണ് വിസ്കോൺസിൻ. കഷ്ടി ഒന്നര വയസു കഴിഞ്ഞ കുഞ്ഞനെയും കൊണ്ട് ഡൽഹിയിലെ ജോലി കളഞ്ഞിട്ട് ഇവിടേക്ക് എത്തിപ്പെടുമ്പോൾ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് സത്യത്തിൽ അറിയില്ലായിരുന്നു.

2012 - വിസ്കോൺസിനിൽ ഞങ്ങൾ എത്തിയത് മരങ്ങൾ ഇലപൊഴിക്കുന്ന ഒരു സെപ്റ്റംബറിലാണ്. എല്ലു കുളിർപ്പിക്കുന്ന തണുത്ത കാറ്റ് എപ്പോഴും ചീറിയടിക്കുന്ന ഇടം. ഞങ്ങളാദ്യമായി വന്ന ദിവസം മഴ പെയ്തിരുന്നു, ചെറുവെയിലുമുണ്ടായിരുന്നു... രണ്ടിനുമിടയിലൂടെ മഴവില്ലുകൾ - അതേ മഴവില്ലുകൾ തന്നെ, രണ്ടെണ്ണം ഞങ്ങളെ വരവേൽക്കാൻ എന്നതുപോലെ ചിരിച്ചിരുന്നു. അന്ന് ഞങ്ങളെ എയർപോർട്ടിൽ നിന്ന് ഹോട്ടലിലേക്ക് കൊണ്ടുപോകാൻ വന്ന ടാക്‌സിക്കാരൻ അപ്പൂപ്പൻ മഴവില്ലുകൾ കണ്ട് കൗതുകത്തിൽ മിഴിഞ്ഞ എൻ്റെ കണ്ണുകൾ കണ്ടാകണം ഇരട്ട മഴവില്ലുകൾ ഇവിടെ സർവസാധാരണമാണെന്നും മിൽവാക്കി മഴവില്ലുകളുടെ നാടാണെന്നുമൊക്കെ വെച്ചുകാച്ചിയത്. എന്തായാലും അതിനു ശേഷം വർഷങ്ങൾ കഴിഞ്ഞാണ് ഞാനിവിടെ ഇരട്ട മഴവില്ലു കണ്ടത്!

കടുത്ത ശൈത്യം ഉള്ളയിടമാണ് വിസ്കോൺസിൻ - ഒക്ടോബറിലെ നനുത്ത മഞ്ഞോടെ തുടങ്ങിയാൽ പിന്നെ ഏപ്രിൽ ആയിട്ടേ അത് കഴിയൂ എന്ന് ഇവിടെ എത്തിയതിന്റെ അടുത്ത മാസം തന്നെ മനസിലായി. നരച്ച ആകാശവും വെളുവെളുത്ത് കാണാദൂരത്തോളം കിടക്കുന്ന റോഡുകളും പറമ്പുമൊക്കെ നമ്മളെക്കൊണ്ട് വിഷാദഗാനങ്ങൾ പാടിക്കും. ഡിപ്രഷൻ എന്ന അവസ്ഥ വരാൻ ഏറ്റവും എളുപ്പമുള്ള കാലാവസ്ഥയാണ് ഇവിടുത്തെ ശൈത്യകാലം. എന്നെ സംബന്ധിച്ച് വർഷങ്ങൾക്കുശേഷം വീണുകിട്ടിയ ചുമ്മായിരിപ്പിന്റെ ഇടവേളയായിരുന്നു അത്. കുഞ്ഞൻ ഉറങ്ങുന്ന സമയത്ത് കണ്ടുതീർത്ത നെറ്റ്ഫ്ലിക്സ് സീരീസുകൾ, സിനിമകൾ എല്ലാം കഴിഞ്ഞിട്ടും സമയം ബാക്കിയായപ്പോൾ ഞാനെന്റെ പഴയ ബ്ലോഗ് പൊടിതട്ടിയെടുത്തു. ഈ ഫേസ്‌ബുക്കിൽ ബ്ലോഗേഴ്സ് ഗ്രൂപ്പിൽ അംഗമായതോടെയാണ് ഞാൻ ഫേസ്‌ബുക്കിൽ എഴുത്തിന്റെ സാദ്ധ്യതകൾ തിരിച്ചറിയുന്നത്. നാടും വീടും വിട്ട് മറ്റൊരിടത്തെത്തുമ്പോൾ ആർക്കും സംഭവിക്കുന്നതുപോലെ ഞാനെന്റെ നൊസ്റ്റാൾജിയ ഇവിടെ ഒഴുക്കാൻ തുടങ്ങി! ജീവിതം ഞാൻ എഴുതാൻ ബാക്കിവെച്ചവയ്ക്ക് വേണ്ടിക്കൂടിയായത്‌ ഇവിടെ എത്തിയതിനു ശേഷമാണ് ..... Everything happens for a reason !


ഇവിടെനിന്നുള്ള 'മലയാളി' എന്ന മാഗസിനിൽ എഴുതാൻ തുടങ്ങിയത്, അതിലൂടെ മലയാളിFM എന്ന ഞങ്ങളുടെ സ്വന്തം അമേരിക്കൻ-മലയാളി റേഡിയോയിൽ ഒരു പ്രോഗ്രാം ചെയ്യാൻ തുടങ്ങിയത്... ഒക്കെയും ആകസ്മികമായിരുന്നു. ഇപ്പോൾ എന്നെ വായിക്കുന്ന എത്രപേർക്ക് അറിയുമെന്നറിയില്ല എന്റെയാ റേഡിയോ ജീവിതം. 2014 മുതൽ - 16 തുടക്കം വരെ അങ്ങനെയുമൊരു സമയമുണ്ടായിരുന്നു. 'എന്നിശൈ ' എന്ന പരിപാടിയിൽ തമിഴ് പാട്ടുകളായിരുന്നു എൻ്റെ കൂടെ. ഓരോ ആഴ്ചയും ഒരു തീം -അതിലെ അഞ്ചാറ് പാട്ടുകൾ - പിന്നെ പുതു ഇശൈ എന്ന് ഒരു പുതിയ ആളെ പരിചയപ്പെടുത്തൽ, ശ്രോതാക്കൾ ആവശ്യപ്പെടുന്ന ഒരു പാട്ട്, ഏറ്റോം പുതിയ ഒരു പാട്ട് ..അങ്ങനെയങ്ങനെ ഒരു മണിക്കൂർ പരിപാടി. 2014 ലെ വാലൻന്റൈൻ ദിവസത്തിന് മുന്നോടിയായി പ്രണയ ഗാന റിക്വസ്റ്റുകൾ ചോദിച്ചുകൊണ്ടൊരു പോസ്റ്റ് ഇട്ടിരുന്നു. അന്ന് വന്ന കത്തുകളിൽ ഒന്ന് ഇന്നുമെനിക്ക് പ്രിയപ്പെട്ടതാണ്, ആ കത്തെഴുതിയ പുള്ളിയും പുള്ളിയുടെ നല്ല പാതി വള്ളിയും ഒക്കെ ഇവിടെ പലർക്കും സുപരിചിതരും 
പുള്ളിയുടെ 'അനുവാദ'ത്തോടെ ഞാനാ കത്ത് ഇവിടെ പ്രസിദ്ധീകരിയ്ക്കുന്നു (  ഇത് വായിച്ചുകഴിയുമ്പോൾ അങ്ങോർ ഉടക്കും കൊണ്ടുവരും, എന്നെ രക്ഷിച്ചേക്കണം അമ്മാവനിൽ നിന്നും! )
Dear Aarsha,
Love is the only thing that makes us believe in ourselves to continue with our lives.
I met my wife 23 years before, and we are still frozen in the love that we felt for each other then.
I would like to dedicate a song to my dear wife Bindu,(I call her Vally) through Ennisai (Valentine’s Day). Me in Saudi Arabia and she in Trivandrum now.
Song - Hosana
Film- Vinnai thaandi varuvaayaa.
Luv
PRADEEP NANDANAM

എത്ര മനോഹരമായ കത്ത് - വളരെ ചുരുങ്ങിയ വാക്കുകളിൽ ഇതിലും മനോഹരമായി എങ്ങനെ പറയും! പ്രണയമാണ് ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഒരേയൊരു ഘടകം - അത് നമ്മളോടാകാം, ഒരു വസ്തുവിനോടാകാം, വ്യക്തിയോടാകാം..എന്തിനോടും ആകാം. ഈ പുള്ളി വമ്പൻ മെയിലൊക്കെ അയച്ചതിന്റെ രണ്ടാം കൊല്ലം നാട്ടിൽ ലാൻഡ് ചെയ്തു, പിന്നെ വള്ളിയെവിട്ട് തിരികെപ്പോയില്ലാന്നേ. ഞാൻ അപ്പോഴും കരുതി ഇനിയെങ്കിലും അടിപിടി ആയിക്കോളുമെന്ന്  പക്ഷേങ്കി അവരിപ്പോഴും ജപ്പാനും, തായ്‌ലാൻഡുമൊക്കെ ചുറ്റിക്കറങ്ങുവാ, പോരാഞ്ഞിട്ട് മുട്ടിനു മുട്ടിനു ഫോട്ടോയും പുള്ളി-വള്ളി പോസ്റ്റുകളും (അസൂയയൊന്നുമല്ല, ചെറ്യേ ഒരു കൊതിക്കെറു ... അസുഖമാ മരുന്നില്ല സോറി!) 2014 മുതൽ എനിക്കീ പാട്ട് ഈ പുള്ളിയും, വള്ളിയും മാത്രമാണ് - Thank you for making us believe in LOVE again and again!

(അന്ന് ഈ പാട്ടിനു വേണ്ടി ഞാൻ തയാറാക്കിയ ഓഡിയോ ഫയൽ നഷ്ടമായിപ്പോയി എന്ന് ഇപ്പോൾ അതിടാൻ വേണ്ടി തപ്പിയപ്പോൾ ആണ് അറിഞ്ഞത്. ഇത് മാത്രമല്ല - എന്നിശൈയുടെ എല്ലാ ഫയലും! )
"ഏൻ ഇദയം.....ഉടൈത്തായ്  നോറുങ്കവേ .... "
So wishing you all a very very happy Valentine's Day! 


-----------------------------------------------------------------------------------------------------
#HundredDaysOfSongs - ഇന്നുമുതൽ നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

4 comments:

  1. അതേ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് പ്രണയം തന്നെയാണ്... അവനവനോട് ഉള്ളതാണെങ്കിൽ പോലും.. ☺️
    ഈ പാട്ടിനോടുള്ള പ്രിയം എന്താണെന്നു വെച്ചാൽ ഗർഭിണി ആയിരുന്ന സമയത്ത് കണ്ട സിനിമയാണ് ഇതെന്നതാണ്. അന്നതിലെ പാട്ടുകൾ ഒരുപാടിഷ്ടമായിരുന്നു.ഈ പാട്ടും ഭാവവും ചിത്രീകരണവും എല്ലാം ❤️❤️😊

    ReplyDelete
  2. ഇതല്ലോ ഓർമ്മകൾക്ക് സുഗന്ധവും, തിളക്കവും നൽകുന്നത്!
    ആശംസകൾ

    ReplyDelete
  3. പുള്ളിയെ ഇങ് വരുത്തണമല്ലോ ...

    ReplyDelete
  4. 'പ്രണയമാണ് ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഒരേയൊരു ഘടകം - അത് നമ്മളോടാകാം, ഒരു വസ്തുവിനോടാകാം, വ്യക്തിയോടാകാം..എന്തിനോടും ആകാം. ഈ പുള്ളി വമ്പൻ മെയിലൊക്കെ അയച്ചതിന്റെ രണ്ടാം കൊല്ലം നാട്ടിൽ ലാൻഡ് ചെയ്തു, പിന്നെ വള്ളിയെവിട്ട് തിരികെപ്പോയില്ലാന്നേ. ഞാൻ അപ്പോഴും കരുതി ഇനിയെങ്കിലും അടിപിടി ആയിക്കോളുമെന്ന് :/ പക്ഷേങ്കി അവരിപ്പോഴും ജപ്പാനും, തായ്‌ലാൻഡുമൊക്കെ ചുറ്റിക്കറങ്ങുവാ, പോരാഞ്ഞിട്ട് മുട്ടിനു മുട്ടിനു ഫോട്ടോയും പുള്ളി-വള്ളി പോസ്റ്റുകളും (അസൂയയൊന്നുമല്ല, ചെറ്യേ ഒരു കൊതിക്കെറു ... അസുഖമാ മരുന്നില്ല സോറി!) 2014 മുതൽ എനിക്കീ പാട്ട് ഈ പുള്ളിയും, വള്ളിയും മാത്രമാണ് '
    പ്രദീപ് ഭായിയും ഡോക്ട്ടരും വീണ്ടും നിറഞ്ഞാടുന്ന ഒരു പാട്ടോർമ്മ

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)