Friday, February 28, 2020

'കേവല മർത്യഭാഷ കേൾക്കാത്ത ദേവദൂതികയാണ് നീ.... '

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 1996-97
ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന സമയം. ജയാകോളേജ് എന്ന ടൂട്ടോറിയൽ കോളേജിൽ ട്യൂഷന് പോകുന്ന സമയം. കൂടുതലും ആണുങ്ങളാണ് സാറന്മാരായിട്ടുള്ളത്. ആകെക്കൂടി രണ്ടേ രണ്ട് പെൺ ടീച്ചേഴ്സ് ; ബീനച്ചേച്ചിയും അനിതച്ചേച്ചിയും - രണ്ടാളും കണക്ക് പഠിപ്പിക്കുന്നവർ. ബീനച്ചേച്ചിയുടെ വീട്ടിൽ ചേട്ടന്മാർ കുറച്ചുനാൾ കണക്ക് ട്യൂഷന് പോയ പരിചയവും അമ്മയുടെ സൃഹുത്തിന്റെ അനിയത്തി എന്ന അടുപ്പവുമുണ്ട്. അനിതച്ചേച്ചി ജയാകോളേജിലെ തന്നെ സുനിൽ സാറിന്റെ പെങ്ങളാണ്, ഒരോട്ടമോടിയാൽ ചെന്നുനിൽക്കുന്ന വീട്. അതുകൊണ്ടുതന്നെ ഇവരെ രണ്ടുപേരെയും ടീച്ചറേന്ന് വിളിച്ചതിനേക്കാൾ കൂടുതൽ ചേച്ചീന്നാണ് വിളിച്ചത്.


അങ്ങനെയിരിക്കെയാണ് വീട്ടുകാർക്ക് മുൻപരിചയമില്ലാത്ത ഒരു ടീച്ചർ ജയാകോളേജിൽ പഠിപ്പിക്കാൻ വരുന്നുവെന്ന കരക്കമ്പി കിട്ടിയത്. ഇംഗ്ലീഷ് പഠിപ്പിക്കുന്ന സുശീന്ദ്രൻ സാറിൻ്റെ ഭാര്യയാണ്‌ പുതിയ ടീച്ചർ, വലിയ ഗൗരവക്കാരിയാണ് എന്നൊക്കെ കിട്ടിയ ക്‌ളാസ്‌റൂം രഹസ്യങ്ങൾ ഒക്കെ അന്യോന്യം ചെവിയിലോതി ഇരിക്കുമ്പോഴാണ് അജിതടീച്ചർ കയറിവന്നത്. മുഖത്തു വലിയൊരു റൌണ്ട് ഫ്രേം ഉള്ള കണ്ണടയുണ്ടായിരുന്നു, ഒരു പൊട്ടും ഹൃദ്യമായ ചിരിയുമായി ടീച്ചർ കസേര വലിച്ചിട്ടിരുന്നത് എൻ്റെ ഹൃദയത്തിലേക്കാണ്. അന്ന് തുടങ്ങിയ സ്നേഹം ഇപ്പോഴും കാണുമ്പോൾ ആർഷക്കുട്ടീ എന്നൊരു വിളിയിൽ ഒഴുകും. കഴിഞ്ഞ വെക്കേഷന് പോയപ്പോഴാണ് അറിഞ്ഞത് ടീച്ചറിപ്പോൾ ഞാൻ ഒന്ന് മുതൽ നാലു വരെ പഠിച്ച നാവായിക്കുളം LP സ്‌കൂളെന്ന മേലേസ്‌കൂളിലെ പ്രധാനാദ്ധ്യാപിക ആണെന്ന്. കവിതാബുക്കിറങ്ങിയതിനു ശേഷം ഓരോന്ന് ഒപ്പിട്ട് അമ്മയെ ഏല്പിച്ചു - ടീച്ചറിന് കൊടുക്കാനും സ്‌കൂളിൽ വെയ്ക്കാനും.

ടീച്ചറെ ഓർക്കുമ്പോൾ ഒരു ദിവസം ക്‌ളാസ് തുടങ്ങും മുൻപ് ടീച്ചർ പറഞ്ഞ ഒരു വാചകമാണ് പാട്ടോർമ്മയാകുക. ഞങ്ങളുടെ ക്‌ളാസിൽ ഒരു ത്രിമൂർത്തി സഖ്യം ഉണ്ടായിരുന്നു - മൂന്നു സുന്ദരിക്കോതകളുടെ സഖ്യം. ഷെറി-ഷെമി -ജെസി മൂന്നാളും ആ തട്ടമൊക്കെ ഇട്ടുവരുന്നത് കണ്ടാലുണ്ടല്ലോ സൂർത്തുക്കളേ പിന്നെ കുറച്ചുനേരത്തേക്ക് ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല്ല അവിടുത്തെ ആണ്പിള്ളേര്ക്ക് (ആ സുന്ദരികളോട് കാര്യമായ അസൂയ ഉണ്ടായിരുന്നു എന്ന തുണിയുടുക്കാത്ത സത്യം ഇപ്പോൾ തുറന്നുപറയുന്നു). അതിലതിസുന്ദരിയ്ക്ക് നമ്മുടെ പഴയ സിനിമാനടി, ഒളിച്ചിരിക്കാൻ വള്ളിക്കുടിലൊരുക്കിയ സലീമയുടെ ചെറുതല്ലാത്ത ഛായ ഉണ്ടായിരുന്നു എന്നത് ഞങ്ങൾ എപ്പോഴും ( ഇപ്പോഴും) പറയാറുള്ള കാര്യവുമാണ്.

ഒരൂസം അജിതടീച്ചർ ക്‌ളാസ് എടുക്കാൻ തുടങ്ങും മുൻപായി ഷെമിയെ നോക്കിചിരിച്ചുകൊണ്ട് പറഞ്ഞു - "ഇയാളെ കാണാൻ സലീമയെപ്പോലെ ഉണ്ട് കേട്ടോ, അതുകൊണ്ടുതന്നെ എപ്പോഴൊക്കെ ഇയാളെ കാണുമ്പോഴും ഞാനൊരല്പ നേരം ആ നഖക്ഷതങ്ങളിൽ കുരുങ്ങികിടക്കാറുണ്ട്!" അന്നുമുതൽ, ആ നിമിഷം മുതൽ ഞാനും! നഖക്ഷതങ്ങളിലെ സലീമയുടെ പാട്ട് എനിക്ക് അജിതടീച്ചറിനേയും ആ ഓല മേഞ്ഞ ക്‌ളാസ്മുറിയേയും ഷെമിയേയും ഓർമ്മിപ്പിക്കും...

'കേവല മർത്യഭാഷ കേൾക്കാത്ത
ദേവദൂതികയാണ് നീ.... '
---------------------------------------------------------------------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

Thursday, February 27, 2020

"പാടീടാം നാഥന്റെ ഗീതങ്ങള്‍ ആമോദ സന്തോഷത്താല്‍ "

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!


വർഷം 1988
ക്രിസ്തുമസ് പരീക്ഷ തുടങ്ങുന്നതിന് മുന്നേ തന്നെ നാവായിക്കുളത്തെ കൊച്ചുവീട്ടിൽ ഞങ്ങൾ ക്രിസ്ത്മസ് ഒരുക്കങ്ങൾ തുടങ്ങും. മണ്ഡല കാലം തുടങ്ങി കഴിഞ്ഞിട്ടാകും ഡിസംബര്‍ എത്തുക, അപ്പോളത്തെ ഡിമാണ്ട് സ്റ്റാര്‍ വേണം എന്നതാണ്. ചുമന്നതും മഞ്ഞയും നിറയെ കുത്തുകള്‍ ഉള്ളതുമായ നക്ഷത്രങ്ങള്‍. ലൈറ്റ് ഇടുന്ന പരിപാടി ചേട്ടന്മാരുടെ വക. കത്തി അണയുന്ന ലൈറ്റ് സംവിധാനം ഉണ്ടാക്കി ചേട്ടന്മാര്‍ ചുറ്റുവട്ടത്തെ കേമന്മാര്‍ ആകും. ചിലപ്പോള്‍ ഒന്നില്‍ കൂടുതല്‍ നക്ഷത്രങ്ങള്‍ ഉണ്ടാകും മുറ്റത്തെ വേപ്പ് മരത്തില്‍, കഴിഞ്ഞ കൊല്ലങ്ങളിലേതെടുത്തു വെച്ചത്. പിന്നെ സ്കൂളില്‍ കൂട്ടുകാരോടൊക്കെ നമ്മുടെ സ്റ്റാറിനെ പറ്റിയുള്ള വീമ്പു പറച്ചിലിനും മുടക്കം വരുത്താറില്ല. ഞങ്ങളുടെ ഗ്രാമത്തില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും ആണ് ക്രിസ്ത്യാനികളെക്കാള്‍ അധികം ഉണ്ടായിരുന്നത്. എങ്കിലും നക്ഷത്രങ്ങള്‍ മിക്കവാറും എല്ലായിടത്തും കാണാറുണ്ട്. ഇപ്പോളും അങ്ങനെ തന്നെയാണോ എന്നറിയില്ല. ഈ മേളപ്പെരുക്കത്തിനിടയില്‍ ക്രിസ്മസ് പരീക്ഷ കഴിയും. പിന്നെയല്ലേ പൂരം! ക്രിസ്തുമസിന്റെ മുഴുവന്‍ ആഘോഷവും കൊടിയിറങ്ങുന്നത് അച്ഛന്റെ നാട്ടില്‍ ആണ്... ചങ്ങനാശ്ശേരിയിലെ അമരപുരം എന്ന മറ്റൊരു ചെറിയ ഗ്രാമത്തില്‍. ഓരോ പരീക്ഷകളും കടന്നു വരുന്നത് ഇത് കഴിഞ്ഞു കിട്ടിയാല്‍ വെക്കേഷന്‍ ഉണ്ടെന്നതും, അപ്പോള്‍ അച്ഛന്‍വീട്ടില്‍ പോകാമെന്നതുമായ ആകര്‍ഷണത്തിലാണ്.

നാവായിക്കുളം പോലെ ആയിരുന്നില്ല അമര; റബ്ബര്‍ മരങ്ങള്‍ നിറഞ്ഞ, ഒരുപാട് പള്ളികള്‍ ഉള്ള, പള്ളിപ്പെരുന്നാളുകൾ ഉള്ള ഒരു കുഞ്ഞി ഗ്രാമം. അച്ഛൻവീട് ഒരു ചരിഞ്ഞ പ്രതലത്തിലാണ്, ഉരുണ്ടു പോയാല്‍ ചെന്നെത്തുക താഴത്തെ "മമ്മിയുടെ" വീട്ടിലാണ്. ആ വീട്ടിലെ റോസമ്മ അമ്മയെ ഞങ്ങള്‍ എല്ലാരും മമ്മി എന്നാണു വിളിച്ചിരുന്നത്. ഒരു പക്ഷേ, ആ ഗ്രാമത്തില്‍ ആദ്യമായി "മമ്മി" എന്നുള്ള പരിഷ്കാര വിളി കടന്നെത്തിയത് ആ വീട്ടില്‍ ആയിരുന്നിരിക്കാം. എന്തായാലും ഞാന്‍ ഉള്‍പ്പെടുന്ന കുട്ടിപ്പട്ടാളത്തിന് ആ മമ്മിയുടെ ചെറുമക്കള്‍ ആകാനുള്ള പ്രായം ഉണ്ടായിരുന്നു. ക്രിസ്തുമസിനു ഒരാഴ്ച മുന്‍പേ തന്നെ അച്ഛന്‍ പെങ്ങളെ - അപ്പച്ചിയെ - സോപ്പ് ഇടാന്‍ തുടങ്ങും ഞാന്‍. എന്തിനാന്നാ? പ്ലം കേക്കിനു വേണ്ടി. അന്ന് അത്തരം കേക്ക് ആയിരുന്നു എല്ലായിടത്തും - ബ്രൌണ്‍ കളറില്‍ ഇടയ്ക്കിടെ പല നിരത്തിലെ ചെറി കഷ്ണങ്ങളും ആയി. ഐസിംഗ് ഉള്ള കേക്ക് വലിയൊരു ആഡംബരം ആയിരുന്ന കാലം, ഇതെങ്കിലും ഒന്ന് ഒപ്പിച്ചെടുക്കാന്‍ കഠിന പ്രയത്നം തന്നെ വേണം.

നാവായിക്കുളത്ത് ഇല്ലാതിരുന്ന മറ്റൊരു കാര്യം കാരോള്‍ സംഘങ്ങള്‍ ആണ്. ഒരാഴ്ച മുന്നേ തുടങ്ങും ക്ലബ്ബുകളുടെ വകയായുള്ള കരോള്‍ റോന്തുകള്‍, കൂടെ പിരിവും. രാത്രി ആയാല്‍ കാത്തിരിപ്പാണ് ഇന്ന് ഏതു ക്ലബ്ബുകാരാ വരുക, ഏതു പാട്ടാ പാടുക.. അങ്ങനെ അങ്ങനെ. ക്രിസ്തുമസിനു തലേ ദിവസം ആണ് പള്ളികളിലെ സംഘങ്ങള്‍ വരുക.പക്ഷെ ഞങ്ങളുടെ പ്രദേശത്ത് മറ്റൊരു കരോള്‍ കൂടി എല്ലായിടത്തും എത്തുമായിരുന്നു, ചുറ്റുവട്ടത്തെ 7 -8 വീടുകളില്‍ മാത്രം, അതിനു പേര് കുട്ടിക്കരോള്‍ എന്നാണ്. സംഘാംഗങ്ങള്‍ ഞാനും അയല്‍പക്കത്തെ കൂട്ടാളീസും തന്നെ. സാന്താ ക്ലോസ്സിന്റെ മുഖം മൂടികള്‍ കിട്ടും 2 രൂപയ്ക്ക്. അതൊരെണ്ണം വാങ്ങിയാല്‍ പിന്നെ ബാക്കി ഒക്കെ സ്വയം പരിശ്രമം തന്നെ. അമ്മയുടെയോ അമ്മായിമാരുടെയോ അല്ലെങ്കില്‍ സ്വന്തമോ ആയ ഒരു ചുവന്ന മാക്സി ഒപ്പിക്കുക, ആവശ്യത്തിനു പാട്ടകളും കുപ്പികളും (ഡ്രം സെറ്റ്) മുറ്റത്തും പറമ്പിലും നിന്നും എടുക്കുക... ഞങ്ങളുടെ കരോള്‍ സംഘം റെഡി.

പാട്ടുകള്‍ അധികം ഒന്നുമുണ്ടാകില്ല. ഒന്നോ രണ്ടോ, അതും മുഴുവന്‍ അറിയുന്നുണ്ടാകില്ല.ഒരു പാട്ടിന്‍റെ വരികള്‍ തുടങ്ങുന്നത് "പാടീടാം നാഥന്റെ ഗീതങ്ങള്‍ ആമോദ സന്തോഷത്താല്‍ " എന്നായിരുന്നു... കേട്ടിട്ട് വല്ല പിടിത്തോം കിട്ടിയോ പുള്ളകളേ? ഇത് അപ്പോഴത്തെ ഹിറ്റ്‌ ഹിന്ദി ഗാനം "ഏക്‌ ദോ തീന്‍ " ന്‍റെ ട്യൂണില്‍ ഉള്ള പാരടിപ്പാട്ടാണ്. എവിടെ നിന്നും കിട്ടിയതാണെന്ന് അറിയില്ല, ആ പാട്ട് വന്‍ ഹിറ്റ്‌ ആയിരുന്നു ഞങ്ങളുടെ കരോളില്‍. എന്തായാലും എല്ലാം ഒരു തരത്തില്‍ ഒപ്പിച്ച് വീട് വീടായി കയറി ഇറങ്ങും ഞങ്ങള്‍ .. പാട്ട് നന്നായോ നന്നായില്ലയോ എന്നുള്ളതല്ലായിരുന്നു പ്രധാനം, എല്ലായിടത്ത് നിന്നും കിട്ടുന്ന "പോക്കറ്റ്‌ മണികള്‍ " ആയിരുന്നു ഞങ്ങളെ കൊണ്ട് ഈ കടും കൈ ചെയ്യിച്ചിരുന്നത്.... പിറ്റേ ദിവസത്തെ ഞങ്ങളുടെ ക്രിസ്തുമസ്മധുരത്തിന് വേണ്ടി വരുന്ന മിട്ടായികള്‍ ഈ വഴിക്ക് ഒത്തു പോരും.

ക്രിസ്തുമസിനു രാവിലെ തന്നെ മമ്മിയുടെ വീട്ടില്‍ നിന്നും പാലപ്പവും ചിക്കനും എത്തും, പിന്നെ കുശാല്‍. ഉച്ചക്ക് കേക്ക് മുറിക്കും. എനിക്ക് ഇപ്പോളും അറിയില്ല, എന്തിനാ ഞങ്ങള്‍ ക്രിസ്തുമസിനു ഉച്ചക്ക് കേക്ക് മുറിച്ചിരുന്നത് എന്ന്, പക്ഷേ അതെല്ലാ വര്‍ഷവും ഉള്ള ഒരു ചടങ്ങായിരുന്നു. അതോടെ കഴിഞ്ഞു ക്രിസ്തുമസ് ആഘോഷം. ഇനി അടുത്ത വര്‍ഷം എന്ന് പറഞ്ഞു സാന്താക്ലോസ്സിന്‍റെ മുഖം മൂടി പെട്ടിയില്‍ വെയ്ക്കുമ്പോള്‍ അടുത്ത കരോളിനെ കുറിച്ചാകും ഞങ്ങളുടെ ചിന്ത... ഇനിയും എത്ര നാള്‍ കാത്തിരിയ്ക്കണമെന്ന്!

ഇപ്പോളുള്ള കുട്ടികള്‍ കരോള്‍ സംഘം ഉണ്ടാക്കുന്നുണ്ടോ എന്നറിയില്ല... എന്തായാലും അവര്‍ ക്രിസ്തുമസ് ആഘോഷിക്കുന്നുണ്ടാകും അല്ലെ? ഇന്നത്തെ പാട്ടോർമ്മ ആ കുട്ടിക്കരോളിനും താഴത്തെ മമ്മിയുടെ പാലപ്പത്തിനും സ്റ്റ്യുവിനും!
 https://youtu.be/w5na7pJYAvQ
-
---------------------------------------------------------------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

Wednesday, February 26, 2020

'നലം വാഴ എന്നാളും എൻ വാഴ്ത്തുക്കൾ '

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 2008
എംടെക് ക്ലാസുകൾ അവസാനിക്കാൻ ഇനിയും മൂന്നു നാല് മാസം മാത്രം. മെയിൻ പ്രോജക്ടിന്റെ ഏതോ ഒരു റിപ്പോർട്ട് സബ്മിഷന് എത്തിയതാണ് ഞങ്ങൾ - അരുൺ, മണി, വക്കീൽ പ്രഭു എന്ന വക്കീൽ, ജന എന്ന ജനനി, വിഷ്ണു എന്നവിഷ്ണുപ്രിയ - എല്ലാരും കൂടിയിരുന്നൊരു നൊസ്റ്റു അയവിറക്കൽ സമയം. ജനനിയും ഞാനും മാത്രം ബിടെക് - പിന്നെ രണ്ടുകൊല്ലം ജോലി- അതിന് ശേഷം ഇവിടെ പഠിക്കാൻ വന്നവരാണ്. മറ്റുള്ളവർ ബിടെക് കഴിഞ്ഞു നേരെ പിജി ചെയ്യാൻ വന്നവരായതുകൊണ്ടുതന്നെ പ്രോജക്ടിന്ജോലിയുടെ സാദ്ധ്യതകൾ, ഇപ്പോൾ നടക്കുന്ന ക്യാംപസ് പ്ളേസ്മെന്റിൽ ജോലി കിട്ടുമോ ഇല്ലയോ ഒക്കെ സംസാര വിഷയങ്ങളായി. കൂട്ടത്തിൽ ചെറിയൊരു കരിങ്കാലി ഞാനാണ് - ആദ്യത്തെ രണ്ടു കമ്പനികൾ CTS & HCL ക്യാംപസിൽ ഒരുമാസം മുൻപ് വന്നുപോയപ്പോൾ ഞാൻ HCL ൽ കേറിപ്പറ്റിയിരുന്നു.


അടുത്തടുത്ത പേര് കാരണം ലാബ് ദിവസങ്ങളിൽ അരുണാണ് എൻ്റെ പാർട്ണർ - കമ്പനി ലിസ്റ്റിൽ കയറിയപ്പോൾ മുതൽ അവൻ പറയും " ആദ്യം ഞാൻ ചെയ്യട്ടെ, ഉനക്ക് താൻ വേല കെടച്ച്ടിച്ചേ". കോഡിങ്ങിൽ ആശാൻ പുലിയാണ്, അതോണ്ട് മാത്രം ഞാൻ പതുക്കെ സൈഡിലേക്ക് മാറി ത്യാഗം കാണിച്ചുപറയും.... "നീയ് ചെയ്തുകഴിഞ്ഞെന്തേലും ബാക്കിയുണ്ടെങ്കിൽ മാത്രം മതി എനിക്ക്". പ്രായം കുറവാണേലും ചില സമയത്ത് അവനൊരു അമ്മാവൻ സ്വഭാവം കാണിക്കും, മിക്കവാറും ജനനിയുടെയോ എൻ്റെയോ വായിൽനിന്ന് ചീത്ത കേൾക്കുകയും ചെയ്യും. ആകെ അവൻ്റെ വിരട്ടലിന് പേടിക്കുന്ന ഒരേയൊരാൾ പാവം വിഷ്ണു ആയിരുന്നു.


അങ്ങനെ നൊസ്റ്റു അടിച്ചൊക്കെ ഇരിക്കുമ്പോൾ ഫെയർവെൽ ഉണ്ടാകുമോ ഇല്ലയോ എന്നൊരു വർണ്യത്തിൽ ആശങ്ക എല്ലാവര്ക്കും. കോളേജിൻ്റെ ഒരു ഇരിപ്പുവശം വെച്ച് ഒരു കുന്തോം ഉണ്ടാകാൻ സാദ്ധ്യതയില്ല എന്ന് ഞങ്ങൾക്കെല്ലാവർക്കും അറിയാം. ഫെയർവെൽ ഉണ്ടാകുക ആണെങ്കിൽ എല്ലാവരും ഓരോരുത്തർക്കും ഓരോ പാട്ട് ഡെഡിക്കേറ്റ് ചെയ്യണം എന്നൊരു ചർച്ച വന്നപ്പോൾ ആണ് ഈ പാട്ട് അരുൺ എനിക്കുവേണ്ടി പാടിയത്. അവൻ പാടിയപ്പോൾ സിനിമയോ സീനോ ഒന്നും ഓർമ വന്നില്ല... മാത്രമല്ല 'നലം' എന്ന തമിഴ്വാക്കിനെ ഞാനപ്പോൾ ആണ് ശ്രദ്ധിക്കുന്നത്. അവനോട് തന്നെ ചോദിച്ചു എന്താണ് 'നലം വാഴ എന്നാളും എൻ വാഴ്ത്തുക്കൾ ' എന്നാലർത്ഥമെന്ന് - ' Wishing you good luck foever /everyday ..' എന്നും സന്തോഷമായി ജീവിക്കാൻ സുഹൃത്തനൊരാശംസ. പിന്നീട് തേടിപിടിച്ചുകണ്ടു ഈ പാട്ട് .. രേവതിയും അരവിന്ദ് സ്വാമിയും ഉള്ള പാട്ടിൽ രേവതി എന്ന സുഹൃത്തിനുവേണ്ടി അരവിന്ദ് സ്വാമിയുടെ പിറന്നാൾ ആശംസ ആണ് ഈ പാട്ട് ...

നൻപാ ... കോളേജിൻ്റെ താഴെയുണ്ടായിരുന്ന വിശാലമായ കാന്റീനിലെ വട്ടത്തിൽ കൂട്ടിയിട്ട കസേരകളിലിരുന്ന് ഏത്തയ്ക്കാ ബജി കഴിച്ചുകൊണ്ട് ഒരിക്കൽക്കൂടി ഈ പാട്ടാസാദിക്കണം! കലർപ്പില്ലാതെയാശംസിയ്ക്കാൻ ...நன்பா Arun Chinnathambi நலம் வாழ எந்நாளும் நல் வாழ்த்துக்கள்! /www.youtube.com/watch?v=JjRs0KjYzbo
-----------------------------------------------------------------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

Tuesday, February 25, 2020

'കന്യാമറിയമേ തായേ'

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 1987 അല്ലെങ്കിൽ 88

പാട്ടോർമ്മകളിലെ സജീവസാന്നിദ്ധ്യം 'ജിബി'യുടെ ഒരു ചോദ്യമാണ് ഇന്നത്തെ ഓർമ്മപ്പാട്ടിനെ തേടിപ്പോകാൻ കാരണം. ഏതാണ് ആദ്യം തിയറ്ററിൽ പോയി കണ്ട സിനിമ - മിക്കവാറും എൻ്റെ ഉത്തരം തെറ്റായിരിക്കും കാരണം ആദ്യമായി ഞാൻ കണ്ട സിനിമ എനിക്ക് ഓർമയില്ല. നാവായിക്കുളം പിജി തിയറ്ററിൽ മാസത്തിൽ രണ്ടും മൂന്നും വട്ടം മാറിവന്നിരുന്ന മലയാളം തമിഴ് ഇംഗ്ലീഷ് ഇടിപ്പടങ്ങളെ ഏതാണ്ട് എല്ലാംതന്നെ ഞാനും ചേട്ടന്മാരും കണ്ടിട്ടുണ്ട്. അതായിരുന്നു ആകെയുണ്ടായിരുന്ന റോയൽ വിനോദോപാധി. അച്ഛൻ കോട്ടയത്ത് നിന്നും വരുന്ന ആഴ്ചകളിലൊക്കെ ഞങ്ങൾ സെക്കന്റ് ഷോയ്ക്ക് പോയി. ജാക്കിച്ചാന്റെയും ബ്രൂസ്‌ലിയുടേയും ഭാഷയറിയാത്ത ഇടിപ്പടങ്ങൾക്കൊക്കെ ചേട്ടന്മാരുടെ കയ്യുംപിടിച്ചു ഞാനുമുണ്ടായിരുന്നു ആ ആൺകുട്ടിക്കൂട്ടത്തിനൊപ്പം! അതുകൊണ്ടുതന്നെ ഓർമ്മയുറയ്ക്കും മുൻപ് മുഴുവൻ സിനിമയും ഇരുന്നു കാണുന്ന പരുവത്തിനുമുൻപ് ഞാൻ തിയറ്ററിൽപ്പോയി സിനിമ കണ്ടിട്ടുണ്ടാകണം! ( താച്ചുണ്ണിയേയും ദിച്ചുണ്ണിയേയും ആറുമാസം കഴിഞ്ഞപ്പോൾ തിയറ്ററിൽ കൊണ്ടുപോയ ദുഷ്ടയായ 'അമ്മ' കൂടിയാണ് ഞാൻ - അവന്മാർ സുഖമായിട്ട് ഉറങ്ങി അത്രന്നെ! )


എന്തായാലും എൻ്റെ ഓർമയിൽ പിജി തിയറ്ററിൽ കണ്ട രണ്ടു ബ്ലാക്ക്&വൈറ്റ് ചിത്രങ്ങളുടെ അറ്റവും മുറിയുമുണ്ട്. റിലീസ് പടങ്ങൾ അല്ലാതെ ഇടയ്ക്കിടെ പഴയ ചിത്രങ്ങൾ വരാറുണ്ടായിരുന്നു അവിടെ. അങ്ങനെയൊരു അലസസുന്ദര വാരാന്ത്യത്തിൽ ഞങ്ങൾ പോയതാകണം ഈ സിനിമകൾക്ക്. ഞാൻ ഈ ചിത്രം ഓർത്തിരിക്കുന്നതിന് ഒരൊറ്റ കാരണമേ ഉള്ളൂ - ആ സിനിമയുടെ പേര്! ഞാനാദ്യമായി ആ വാക്ക് കേട്ടത് അന്നാണ് - ജ്ഞാനസുന്ദരി. നിങ്ങൾക്കറിയാം ആ വാക്ക്, നമ്മളിപ്പോൾ സ്ഥിരമായി കേൾക്കുന്ന Bold&Beautiful- ജ്ഞാനം കൊണ്ട് സുന്ദരിയായവളോ ജ്ഞാനവും സൗന്ദര്യവുമുള്ളവളോ എന്തായാലും ആ വാക്കെന്നെ ഒത്തിരി ആകർഷിച്ചു. കയ്യിൽക്കിട്ടുന്നതെന്തും വായിക്കുന്ന സ്വഭാവശീലമുള്ള ആളാക്കിയത് അച്ഛനാണ്. വളരെക്കുഞ്ഞിലേ വായിച്ചുതുടങ്ങുകയും കടുകട്ടി വാക്കുകൾ സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കൽ ഹോബിയുമാക്കിയിരുന്ന അഞ്ചുവയസുകാരിയ്ക്ക് ആ പേര് എങ്ങനെ ഇഷ്ടപ്പെടാതിരിക്കും?


സിനിമയിൽ ശ്രീ.പ്രേം നസീർ ഉണ്ടായിരുന്നു, നായികയെ ഒന്നും അറിയില്ല അന്ന് (Smt.L.വിജയലക്ഷ്മി ആണെന്ന് ഇന്ന് കണ്ടുപിടിച്ചു!). പക്ഷേ അതി ബുദ്ധിശാലിയായ ഒരു സ്ത്രീയുടെ കഥയായിരുന്നു ഈ സിനിമ എന്നാണ് എൻ്റെ ഓർമ്മ - കുറെയേറെ വേഷപ്പകർച്ചകളൊക്കെയായി ആൾമാറാട്ടം ഒക്കെ നടത്തുന്ന സിനിമ. കഥാപാത്രങ്ങൾ സംസാരിച്ച പല വാക്കുകളുടെയും അർത്ഥം അച്ഛനോട് ചോദിക്കേണ്ടിവന്നു. സ്റ്റുഡിയോ സെറ്റപ്പിലുള്ള ഈ സിനിമയിലെ ഒരു പാട്ട് 'അമ്മ പാടിക്കേട്ടിട്ടുള്ളതാണ് - ഇപ്പോൾ ആ പാട്ടുകൾ തിരഞ്ഞു പോയപ്പോൾ എനിക്കാകെ ഓർമയുള്ളത് ഈ പാട്ടും 'കന്യാമറിയമേ തായേ' എന്ന പാട്ടും മാത്രം! ഇപ്പോൾ സിനിമയൊന്നും കൂടി തപ്പിയെടുത്ത് കണ്ടാലോ എന്നൊരാലോചനയില്ലാതില്ല. കണ്ടുകഴിഞ്ഞാൽ ഞാൻ പറയാം - ഈ സിനിമയെക്കുറിച്ചുള്ള എൻ്റെ ഓർമ്മ ശരിയാണോ അല്ലയോന്ന് 
അപ്പോളിന്നത്തെ പാട്ട് 'ജ്ഞാനസുന്ദരി' എന്ന മനോഹരവാക്കിനു മുന്നിൽ ഭ്രമിച്ചു നിന്ന ആ മഞ്ഞഫ്രില്ലുഫ്രോക്കുകാരിക്ക് 
--------------------------------------------------------------------------------------------------------------------------------------

#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

Monday, February 24, 2020

പാണ്ടിമേളം പാട്ടും കൂത്തും ....

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 2005
പത്തനംതിട്ടയിലെ കോളേജിൽ പഠിപ്പിച്ചിരുന്ന സമയത്ത് കിട്ടിയ നാലഞ്ച് സൗഹൃദങ്ങൾ ഇന്നും വളരെ പ്രിയപ്പെട്ടവയാണ്. അവിടെ പെരിനാട് നിന്ന്, തട്ടുതട്ടായിക്കിടക്കുന്ന കൈതച്ചക്കത്തോട്ടങ്ങൾ (പൈനാപ്പിൾ) കണ്ടുകണ്ടു മല കയറിക്കയറിപ്പോകുന്ന യാത്രയുടെ അവസാനം ആ കുന്നിനുച്ചിമണ്ടയിൽ ഭംഗിയുള്ളൊരു കോളേജ് കെട്ടിടം ചിരിച്ചു നിന്നിരുന്നു. ആ നിരന്ന തറയിൽ എത്തും മുൻപുള്ള തട്ടിലായിരുന്നു ലേഡീസ് ഹോസ്റ്റൽ. രാത്രിയായാൽ ചീവീടുകളുടെ പാട്ടും, എല്ലുകുളിരുന്ന തണുപ്പുമുണ്ടായിരുന്ന അവിടുത്തെ ജീവിതവും രസമുള്ള ഓർമയാണ്. ആദ്യം കുറച്ചുനാൾ ഹോസ്റ്റലിന്റെ താഴെനിലയിൽ തന്നെയുള്ള ഒരു ഡോമിലായിരുന്നു എനിക്ക് സ്ഥലം കിട്ടിയത് - രമ എന്ന എപ്പോഴും ചിരിക്കുന്ന പാവം ഭാവമുള്ളയാൾ, പ്രതിഭ എന്ന നീളക്കാരി, നിയ എന്ന കോട്ടയംകാരി അച്ചായത്തി, ഉരുണ്ട മാന്മിഴിയുണ്ടായിരുന്ന മറ്റൊരാൾ സിനി എന്നായിരുന്നോ പേരെന്ന് ഓർമ എന്നോട് ചോദിക്കുന്നുണ്ട്! - ഇവർക്കിടയിലേക്ക് 'അഞ്ചാമൾ ' ആയിട്ടാണ് ഞാൻ കടന്നുചെന്നത്. കോളേജ് ഹോസ്റ്റൽ ജീവിതത്തിനൊരു എക്സ്റ്റൻഷൻ പോലായിരുന്നു അവിടുത്തെ ജീവിതം. ഇടയ്ക്ക് വരാന്തയിൽ പുറത്തുകാണുന്ന പിള്ളേരോട് ഒരു മസിലുപിടിത്തം കാണിക്കുമെങ്കിലും ഡോമിനുള്ളിൽ കയറി വാതിലടച്ചാൽ പിന്നെ ഞങ്ങളാരാ അവരാരാ എന്ന് നമുക്ക് തന്നെ ഒരു ബോധോമില്ല എന്ന അവസ്ഥ. ഈ അഞ്ചുപേരും 2004 -2003 ഒക്കെ എൻജിനീയറിങ് കഴിഞ്ഞ് ഇറങ്ങിയവരാണ് എന്ന് പറയുമ്പോൾ ഊഹിക്കാമല്ലോ - അദ്ധ്യാർത്ഥി എന്നൊരവസ്ഥ! ആറാമതൊരാളായി കടന്നുവന്ന സുമോൾ മിസ്സ് ഗൃഹസ്ഥാശ്രമം എന്ന വിഷമവൃത്തത്തിനിടയിൽ എത്തിപ്പെട്ടത് ഞങ്ങൾക്കിടയിലായിരുന്നു. ഞങ്ങളുടെ കത്തിയടി/പാട്ടുപാടൽ ബഹളങ്ങൾക്കിടയിൽ പിറ്റേന്നത്തെ ക്ലാസിലേക്ക് തയ്യാറെടുക്കാൻ വിഷമിച്ചിരുന്ന മിസ്സിനെ രമ പലപ്പോഴും വേറെയിടങ്ങളിലേക്ക് രക്ഷിച്ചുകൊണ്ടുപോകും.


കുറച്ചു ദിവസം കഴിഞ്ഞപ്പോൾ എനിക്ക് മുകളിലെ നിലയിലെ ഒരു റൂമിലേക്ക് സ്ഥാനക്കയറ്റം കിട്ടി - നിഷാ സോംസ് എന്ന തിരുവന്തോരംകാരിക്കും, ഗ്ലാക്‌സി എന്ന മൂവാറ്റുപുഴക്കാരിക്കും അപ്പുറത്തൊരു ബെഡിൽ ഞാനും ചേക്കേറി. ശ്രീജ, മെഗ്‌ദ , സ്മിത, ചാന്ദ്നി ഇവരൊക്കെ ചേർന്നൊരു അയൽപക്കലോകം. ശ്രീജയുടെ പാട്ടുകളാണ് അവിടുത്തെ ലോകത്തിലേറ്റവും ഓർമ. പിന്നെയുള്ളത് മെഗ്ദയുടെ പൊടിപ്പും തൊങ്ങലും വെച്ചുള്ള കഥകൾ - ആക്കൂട്ടത്തിൽ കല്യാണം കഴിഞ്ഞു കുട്ടിയെ വീട്ടിലാക്കി ഹോസ്റ്റൽ ജീവിതം ജീവിക്കേണ്ടി വന്ന ഒരേയൊരാൾ മെഗ്‌ദ ആയിരുന്നു. ആ പേരിനോട് തന്നെ ഒരു പ്രത്യേക ഇഷ്ടം തോന്നിയിരുന്നു മെഗ്‌ദയെ പരിചയപ്പെടുമ്പോൾ. എല്ലാ വെള്ളിയാഴ്ചയും മെഗ്‌ദ ഓടും തിരുവനന്തപുരത്തേക്ക് - രാത്രി വൈകിയെത്തുമ്പോൾ അവിടെ പുള്ളിക്കാരിയുടെ സജിത്തേട്ടൻ വിളിക്കാൻ വന്നു നിൽക്കുന്നുണ്ടാകും, തിങ്കളാഴ്ച വെളുപ്പിനേയുള്ള വണ്ടിക്ക് കേറി കോളേജിൽ എത്തിക്കഴിയുമ്പോൾ കുഞ്ഞിനെ വിട്ടുവന്നതോർത്ത് അന്നുമുഴുവൻ ആൾ മൂഡോഫ് ആകും. അപ്പോൾ ഞങ്ങൾ ആശാട്ടിയുടെ വീരസാഹസിക പ്രണയ കഥ പറയാൻ പറയും - ഒട്ടും ആവേശം ചോരാതെ വീണ്ടും വീണ്ടും ആ കഥ പറഞ്ഞു ഞങ്ങളെ ത്രില്ലടിപ്പിക്കുന്ന മെഗ്‌ദയുടെ മുഖം!


അങ്ങനെയിരിക്കേ ഞങ്ങൾ കുറച്ചുപേർ നിഷയുടെ വീട്ടിൽ ഒരു ദിവസം ചിലവഴിക്കാൻ തീരുമാനിച്ചു (എന്തിനായിരുന്നു അതെന്ന് ഇപ്പോൾ ഒരോർമയുമില്ല!). തിരുവനന്തപുരത്ത് പോങ്ങുംമൂട് അടുത്താണ് നിഷയുടെ പുതിയതായി പണികഴിപ്പിച്ച വീട്. മകളോടൊപ്പം ജോലി ചെയ്യുന്ന നാലഞ്ച് പെൺകുട്ടികൾ വീട്ടിലെത്തിയപ്പോൾ അവിടെ അച്ഛനും അമ്മയ്ക്കും അവളുടെ അനിയത്തിയ്ക്കുമൊക്കെ വൻ സന്തോഷം. സൽക്കാരത്തോട് സൽക്കാരം ... അതും കഴിഞ്ഞ് ഞങ്ങളെയും കൊണ്ട് അപ്പോഴത്തെ പുത്തൻപുതിയ സിനിമ കാണിക്കാൻ തമ്പാന്നൂർ തിയറ്ററിൽ കൊണ്ടുപോയി. ശ്രീവിശാഖ് / ശ്രീകുമാർ ആയിരുന്നു എന്നാണ് ഓർമ. പടം പൊളിയായിരിക്കും എന്ന് പോസ്റ്റർ കണ്ടപ്പോഴേ തോന്നി - മമ്മൂട്ടി ഒരുമാതിരി തിളങ്ങുന്ന ജൂബയും, കറുത്ത മുണ്ടും, കുറെ സ്വർണമാലയും അതും പോരാഞ്ഞ് കൂളിംഗ് ഗ്ലാസും വെച്ച് നിൽക്കുന്ന എമണ്ടൻ പോസ്റ്ററുകൾ തലസ്ഥാനം മുഴുവൻ! ഇങ്ങോർക്ക് ശരിക്കും കൂളിംഗ്‌ഗ്ലാസിൽ ആരോ കൈവിഷം കൊടുത്തിട്ടുണ്ടെന്നോർത്താണ് ഈ സിനിമയ്ക്ക് പോയത് -അല്ലെങ്കിൽപിന്നെ ബോധമുള്ള ആരേലും ഈ കൈലിമുണ്ടിനൊപ്പം കൂളിംഗ് ഗ്ലാസ് വെക്കുമോ! പക്ഷേ...... പക്ഷേ ആ രണ്ടു രണ്ടര മണിക്കൂർ - ചിരിച്ചു ചിരിച്ചു മണ്ണുകപ്പി, ഈ പാട്ട് വന്നപ്പോൾ ഇളകിമറിഞ്ഞ സദസ്സിനൊപ്പം ഞങ്ങളും കൂകിയാർത്തു, ഇടക്കൊന്നു കണ്ണുനിറച്ചു - പടം തീർന്നിറങ്ങിയപ്പോൾ അതിലെ 'ഒരു വരവൂടെ വരേണ്ടിവരും, പുലിയല്ല ഒരു സിംഗം , സ്ഥാവരോം ജംഗമോം' ഉൾപ്പെടെയുള്ള ഡയലോഗുകളും കൊണ്ടാണ് പോന്നത്. പിന്നെത്രയോ സൗഹൃദ സദസുകളിൽ ഈ ഡയലോഗിന്റെ പല രൂപഭാവങ്ങൾ കേട്ട് ചിരിച്ചിരിക്കുന്നു!


രാജമാണിക്യം - എന്ന സിനിമ തിരുന്തോരത്തെ ഒരു തിയറ്ററിൽ നിന്നാണോ നിങ്ങൾ കണ്ടത്? എങ്കിൽ യുവർ എക്സ്പെരിയൻസ് വാസ് ഓസം 
അന്നത്തെ ആ 'അദ്ധ്യാർത്ഥി'പെണ്ണുങ്ങൾക്ക് സമർപ്പിക്കുന്നു ഈ പാട്ട്!

---------------------------------------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

Sunday, February 23, 2020

"അക്ഷരനക്ഷത്രം കോർത്ത ജപമാലയും കയ്യിലേന്തി.."


#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 2008


ഞാൻ എഴുതാതെ മാറ്റിവെച്ച ഒരു പാട്ടായിരുന്നു അമ്മമ്മ... അമ്മമ്മ പോയി ഇന്ന് - 23rd ഫെബ്രുവരി 2019. കഴിഞ്ഞ ആഴ്ച്ച 94 -ആം പിറന്നാൾ ആഘോഷിച്ചപ്പോൾ ഇനിയുമൊത്തിരി പിറന്നാളുകൾ ചിരി പടർത്തി കൂടെയുണ്ടാകും എന്ന് കരുതിയിരുന്നു. അഭിയേട്ടന്റെ അമ്മമ്മയാണ് ശരിക്കും.... പക്ഷേ എന്നെ ഒത്തിരി ഇഷ്ടപ്പെട്ടിരുന്ന, കാണുമ്പോഴൊക്കെ കെട്ടിപിടിച്ചു മുത്തം തന്നിരുന്ന അമ്മമ്മയെ ന്റെ സ്വന്തം എന്നാ ഞാൻ പറഞ്ഞിരുന്നേ.. ആദ്യമായി കാണുന്നത് 2008 ഒക്ടോബർ 27 നാണ് - ഞങ്ങളുടെ കല്യാണത്തിന്റെ പിറ്റേ ദിവസം, ചെർപ്പുളശ്ശേരിയിൽ വെച്ച് നടത്തിയ റിസപ്‌ഷന്. കല്യാണം നാവായിക്കുളത്ത് വെച്ചായിരുന്നത്കൊണ്ട് അമ്മമ്മയ്ക്ക് അത്രയും ദൂരം യാത്രയിൽ ചെയ്ത് വരാൻ കഴിഞ്ഞിരുന്നില്ല... അന്നും കിട്ടി ഒരു മുത്തം.
ആദ്യം കണ്ടപ്പോൾ മനസ്സിൽ വന്ന രൂപം അഗ്നിദേവനിലെ മുത്തശ്ശിയുടേതാണ്... ആ പാട്ടാണ് എനിക്ക് അമ്മമ്മ. കാണാതെ പോകുന്നവരിൽ, പറയാതെ പോകുന്നവരിലേക്ക് ഒരാൾ കൂടി....

                     അമ്മമ്മ ആദ്യമായി താച്ചുവിനെ കണ്ടപ്പോൾ എടുത്ത ഫോട്ടോ


                                      ദിച്ചുന് മുത്തശ്ശിയമ്മയേനെ കാണാൻ പറ്റീല്ല 

അക്ഷരനക്ഷത്രം കോർത്ത ജപമാലയും കയ്യിലേന്തി
അഗ്നിയിൽ സ്ഫുടം ചെയ്തെടുത്ത മനസ്സാം ശംഖുമൂതി
ജന്മഗേഹം വിട്ടിറിങ്ങും അമ്മമ്മ .....
https://youtu.be/pz-3f4TyQPc
-----------------------------------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 
#100SongsToLove
#Day40 #AMMAMMA 


Saturday, February 22, 2020

"യെ ജോ ധോടെ സെ ഹേ പൈസേ ... ഖർജ് തും പർ കരൂം കൈസേ! "

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 2002 ൻ്റെ പകുതികളിൽ എപ്പോഴോ

കാസർഗോഡ് LBS എൻജിനീയറിങ് കോളേജിന്റെ വിശാലമായ ലോകത്ത് എത്തിപ്പെട്ടിരുന്നുവെങ്കിലും മെയിൻ ലേഡീസ് ഹോസ്റ്റൽ അപ്പോഴും ഞങ്ങൾക്ക് അന്യമായിരുന്നു. ആദ്യത്തെ കൊല്ലം മുഴുവൻ ബാച്ചും ചെർക്കള കഴിഞ്ഞുള്ള ഒരു സ്ഥലത്തെ ഫ്ളാറ്റുകളിലാണ് ജീവിച്ചത്. സീനിയേഴ്സിന്റെ റാഗിങ്ങ് ഒഴിവാക്കാനുള്ള സുഗതൻ സാറിൻ്റെ അതിഭീകരൻ ബുദ്ധി - എന്തൂട്ട് കാര്യം? സീനിയർ ചേച്ചിമാർ ആരാ മോളുമാർ! അവർ വെയിറ്റ് ചെയ്യും - ആദ്യകൊല്ലം നമ്മളെയൊന്നും അങ്ങൊട് പോയി മുട്ടിയാലും മൈൻഡ് ചെയ്യൂല്ല ... പത്തടി തള്ളി നിന്നേ സംസാരിക്കൂ. അവരെന്നിട്ട് ഇങ്ങനെ കാത്തിരുന്ന് കാത്തിരുന്നു ഒരുകൊല്ലം കഴിയുമ്പോൾ പുതിയ ജൂനിയേർസ് വരും, പഴയ പിള്ളേരെ ആട്ടിന്കുട്ടികളെപ്പോലെ നേരെ മെയ് ഹോസ്റ്റലിൽ കൊണ്ട് ആ സിംഹക്കൂട്ടിലേക്ക് എറിഞ്ഞുകൊടുക്കും. കശ്‌മലകൾ നല്ലതുപോലെ സമയമെടുത്ത് ഞങ്ങളെ നൊട്ടിനുണഞ്ഞ് കഴിക്കും!


ഞങ്ങളുടെ വർഷം മാത്രം ഇതിനൊരു ചെറിയൊരു മാറ്റം വന്നു. IT ഉൾപ്പെടെ പുതിയ കോഴ്‌സുകൾ തുടങ്ങിയ വർഷം ആയിരുന്നത്കൊണ്ട് എല്ലാവർക്കും കോളേജ് ഹോസ്റ്റലിൽ റൂം കിട്ടിയില്ല. സീനിയേഴ്സിന്റെ പിടിയിൽ നിന്ന് രക്ഷപെടാൻ കാത്തുനിന്ന ഞങ്ങൾ കുറച്ചുപേർ കിട്ടിയ തക്കത്തിന് ജൂനിയേഴ്സിന്റെ കൂടെക്കൂടി വീണ്ടും തടിതപ്പി. പൊവ്വലിൽ തന്നെ ഒരു റെയിൽവേ ക്വാർട്ടേഴ്‌സ് പോലെ തോന്നുന്ന 11 ഒറ്റമുറി വീടുകൾ. മുറിയും, ഹാളും,അടുക്കളയും ഒക്കെയുള്ള വീടുകൾ തന്നെ - ഞങ്ങൾക്കത് 5 പേര് താമസിക്കുന്ന വീടുകളായി. ഒന്നാം വർഷം മുതൽ ഒരുമിച്ചുണ്ടായിരുന്നവർ പിന്നീട് പ്രധാന ഹോസ്റ്റലിലേക്ക് മാറിയപ്പോഴും അടുത്തടുത്ത റൂമുകൾ തിരഞ്ഞെടുത്തു. F7, F9 & F10 - അതായിരുന്നു ഞങ്ങൾ ടീം 'അണ്ടാസ് & അള്ളീസി'ൻ്റെ റൂമുകൾ. ഇതെന്തൂട്ട് പേരെന്നൊന്നും ചോദിക്കരുത് - ഇട്ടവൾക്ക് പോലും ഇപ്പോൾ ഓർമയുണ്ടാകില്ല ഇത്രയും മനോഹരമായ പേരെന്തിന് സമ്മാനിച്ചുവെന്ന്! അവിടെ നിന്നിറങ്ങുംവരെ മേട്രന് പോലും അറിയില്ലായിരുന്നു ഞങ്ങൾ 12 പേരിൽ ആരാണ് ഈ പറഞ്ഞ റൂമുകളിൽ എന്ന്. ഞങ്ങളെ എല്ലാവരെയും ചേർത്ത് F7, F9 & F10 എന്ന് പറഞ്ഞു മേട്രൺ സമാധാനിച്ചു.

രണ്ടുകൊല്ലം പിടികൊടുക്കാതെ രക്ഷപ്പെട്ടു നടന്നിട്ട് അവസാനം ഞങ്ങൾ അൻപതോളം പേര് നേരെ ചെന്നു കേറുമ്പോൾ - സീനിയേഴ്സ് എന്ന സുമ്മാവാ?എല്ലാവര്ക്കും മെമ്മോ കിട്ടി, രാത്രി ഏതൊക്കെ റൂമിൽ ആരൊക്കെ ചെല്ലണമെന്ന്. കോഴിയെപ്പിടിത്തം, ബെഞ്ചിലിരിക്കൽ അങ്ങനെ എന്തൊക്കെയോ കലാപരിപാടികൾ അരങ്ങേറി. പിറ്റേ ദിവസം മെസ്സിൽ എത്തിയപ്പോൾ ആണ് ഭീകരികൾ അവിടേയും വല വിരിച്ചിട്ടുണ്ടെന്ന് മനസിലായത്. ഭക്ഷണം വായിൽ വെച്ചാലല്ലേ കഴിക്കേണ്ടൂ ..അതിനുമുന്നേ ചോദ്യം വരും - ഏതേലും അലുക്കുലുത്ത് ചോദ്യങ്ങളാകും മിക്കപ്പോഴും. അങ്ങനെ ഒന്നൊന്നര മണിക്കൂർ കൊണ്ട് ചോർ കഴിച്ചാലും കഴിച്ചില്ലെങ്കിലും സീനിയർ ചേച്ചിമാരുടെ നടുക്കിങ്ങനെ ജാമായി ഇരിക്കുന്ന ഒരു സുഖമറിയാൻ പറ്റി. മെസ്ഹാളിൽ പലയിടങ്ങളിൽ പല രാഗങ്ങളിൽ പാട്ടുകൾ മുഴങ്ങും, കരച്ചിലും കേൾക്കാം കേട്ടോ.

ഞങ്ങളുടെ കൂട്ടത്തിലെ 'കട്ടസൗഹൃദം' മോഡിൽ ഉള്ള ആളാണ് മഞ്ജുഷ. ഇപ്പോഴും സുഹൃത്തുക്കൾ ചങ്കാണ് എന്ന് പറയുന്ന ഒരാൾ. ഒരിക്കലും ഫോൺ വിളിച്ചാൽ കിട്ടാറില്ല എന്നതൊഴിച്ചാൽ വേറെ കുഴപ്പമൊന്നും ഇല്ല. ഇപ്പോഴും അതിനാണ് ആ പുള്ളിക്കാരിക്ക് ചീത്ത കേൾക്കാറുളളത് - വാട്സാപ്പ് വന്നതുകൊണ്ടുള്ള ഗുണം ഫോൺ ചെയ്യൽ ഏതാണ്ട് പൂർണമായും ഒഴിവായി എന്നതാണ്! ആ മഞ്ജു പാടിയാണ് ഞാൻ ആദ്യമായി ഇന്നത്തെ പാട്ടോർമ്മപ്പാട്ട് കേൾക്കുന്നത് - ഇതേ സിനിമയിലെ "ഘർ സെ നികൽതെ ഹി ...." ആയിരുന്നു കൂടുതൽ പോപ്പുലർ ആയ പാട്ട്. പക്ഷേ ആദ്യമായി ഇവളിത് പാടി കേട്ടപ്പോൾ മുതൽ എനിക്കതിനോട് മൊഹബത്ത് തുടങ്ങിയിരുന്നു.

അന്ന് മെസ്സിൽ പോയപ്പോൾ മഞ്ജുവിനെ ഒരു സീനിയർ കൂട്ടം പിടിച്ചു, എന്നെ വേറൊരു കൂട്ടം പിടിച്ചു ..കൂടെയുണ്ടായിരുന്ന മറ്റുളവരേയും ഓരോരോ സംഘം വീതിച്ചെടുത്തു. മെസ്ഹാളിലേക്ക് താമസിച്ചുപോകുക എന്ന ഞങ്ങളുടെ സ്ട്രാറ്റജി മനസിലാക്കിയ സീനിയേഴ്സ് അവിടെ പാത്തിരിക്കുവായിരുന്നെന്നേ! ഞാനിരിക്കുന്നസീറ്റിനു അടുത്ത് തന്നെയാണ് മഞ്ജുവിനെ പിടിച്ച ടീം. അതിലൊരാൾ അവളോട് പാടാൻ പറയുന്നു - അവൾ ഈ പാട്ട്, കഴിഞ്ഞ രണ്ടുകൊല്ലമായി ഞാൻ സ്നേഹിച്ചുകൊണ്ടു നടന്ന ഈ പാട്ട് -ഇതിലും വൃത്തികേടായി ഇനി പാടാൻ കഴിയില്ല എന്നതുപോലെ പാടുന്നു. ബസിലും ട്രെയിനിലുമൊക്കെ കേട്ട് നമുക്ക് സുപരിചിതമായ ഒരു ഈണമില്ലേ? അതേ ഈണത്തിൽ .... ഞെട്ടിയിരിക്കുന്ന എന്നോട് പാടാൻ പറഞ്ഞതും വേറൊന്നും നോക്കാതെ ഞാനും കണ്ണുമടച്ച് മഞ്ജുവിനെ ധ്യാനിച്ച് ഈ പാട്ടങ്ങു പാടി. മെസ്ഹാളിന്റെ പലയിടങ്ങളിൽ നിന്നും ഇതേ പാട്ട് പിച്ചക്കാരുടെ ഈണത്തിൽ മുഴങ്ങിക്കേട്ടതോടെ അന്നത്തെ റാഗിങ്ങ്നു തിരശീല വീണു. പിറ്റേ ദിവസവും അതിനു പിറ്റേ ദിവസവും അതിനും പിറ്റേ ദിവസവും ഒക്കെ ഞങ്ങൾ F7, F9 & F10 റൂമുകാർ ഇതേ പാട്ട് മാത്രം പാടി... വേറൊരു പാട്ടും അറിയില്ലയെന്ന് പറയുന്ന ഞങ്ങളോട് അവരെന്ത് പറയാൻ! അവസാനം നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ ആ പാട്ടിന്റെ കാര്യത്തിൽ തീരുമാനമായി - മേലാൽ ഈ പാട്ട് ഹോസ്റ്റലിന് അകത്തു കേറ്റിപ്പോകരുതെന്നും തമാശയ്ക്ക് പോലും ഈ പാട്ടാരും പാടരുതെന്നും!

അങ്ങനെ ഞങ്ങളുടെ സീനിയർ ചേച്ചിമാരുടെ ക്ഷമ പരീക്ഷിച്ച ആ പാട്ടും മഞ്ജുവും, മറ്റു F7, F9 & F10 ടീമുകളും മെസ്സും ഒക്കെയാണ് ഈ പാട്ടെനിക്ക് -
"യെ ജോ ധോടെ സെ ഹേ പൈസേ ...
ഖർജ് തും പർ കരൂം കൈസേ! "
-----------------------------------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ നീയെന്നണിയത്തു തന്നെ നില്‍ക്കൂ ...

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 1994 - 95
നാവായിക്കുളം ഗവൺമെന്റ് സ്‌കൂളിൽ ഏഴാം ക്‌ളാസിൽ പഠിക്കുന്ന സമയം - അക്കൊല്ലത്തെ യുവജനോത്സവത്തിനാണ് ഈ കവിത ആദ്യമായി ശ്രദ്ധിച്ചത് എന്നാണ് ഓർമ. ഒരു വർഷം സീനിയറായ 'സിമി' ചേച്ചിയ്ക്കായിരുന്നു അക്കൊല്ലം യുവജനോത്സവത്തിന് ഹൈസ്‌കൂൾ തലത്തിൽ ഒന്നാം സ്ഥാനം. യുപി വിഭാഗത്തിൽ ഞാൻ ചൊല്ലിയ 'മാ നിഷാദ' യ്ക്കും.

പണ്ട് പലപ്രാവശ്യം പറഞ്ഞ കാര്യം ഞാൻ വീണ്ടും വീണ്ടും വായനക്കാരെ ഓർമിപ്പിക്കുന്നു - എൻ്റെ നാവായിക്കുളം ഒരു ചെറിയ സുന്ദര ഗ്രാമമായിരുന്നു അന്ന്, അവിടുത്തെ സ്‌കൂളാകുന്ന മൂക്കില്ലാ രാജ്യത്തെ മുറിമൂക്കിയായിരുന്നു ഞാൻ. അതുകൊണ്ടുതന്നെ പത്താം ക്ലാസ് വരെയും ചെയ്യാൻ പറ്റുന്ന എല്ലാ പരിപാടിക്കും പേരുകൊടുക്കുന്നത് എന്റെയൊരു ഹോബിയായിരുന്നു. യുവജനോത്സവത്തിന് 15 ഐറ്റത്തിന് പേര് കൊടുത്താൽ പിന്നെ അതിനോട് അടുത്തുള്ള മിക്ക ദിവസങ്ങളിലും റിഹേഴ്സൽ എന്നൊക്കെ പറഞ്ഞു ചാടാമല്ലോ. മൂന്നു ഭാഷയിലെയും കവിത, പ്രസംഗം, ഉപന്യാസം ഒക്കെ എൻ്റെ സ്ഥിരം സമ്മാനം ഐറ്റം ആയിരുന്നു - അപാര തൊലിക്കട്ടി എന്നല്ലാതെ ഇപ്പോൾ വേറൊന്നും ആ നാളുകളെക്കുറിച്ചു പറയാനില്ല! എൻ്റെ പ്രിയപ്പെട്ട സഹപാഠികളെ, ചേച്ചി -ചേട്ടന്മാരേ, കുഞ്ഞുപൈതങ്ങളേ, അദ്ധ്യാപകരേ, നാട്ടുകാരേ ക്ഷമിക്കൂ... അന്ന് പലപ്പോഴും ചേട്ടന്മാർ എന്നെ പറഞ്ഞുമനസിലാക്കിക്കാൻ ഒക്കെ ശ്രമിച്ചിട്ടുണ്ട് - പക്ഷേങ്കി ഞാനൊന്നും ചെവിയിലേക്ക് പോലും എടുത്തിട്ടില്ല - ക്ഷമി ബേഗൂ സഹോസ്! ഇതിൽ എനിക്ക് ഏറ്റവും കൂടുതൽ നന്ദി പറയാനുള്ളത് അച്ഛനമ്മമാരോടാണ്... അപാര ആത്‌മവിശ്വാസം കുത്തിനിറച്ചെന്നെ വളർത്തിയതിന്. പൊട്ടിത്തകർന്നു തരിപ്പണമാകാൻ ഒരുപാട് കാരണങ്ങൾ ഉണ്ടായിരുന്നിട്ടും - നിറം, പൊക്കം, സാമ്പത്തികസ്ഥിതി എല്ലാം അക്കമിട്ടു നിരന്നു നിന്നിരുന്നു മുന്നിൽ- പക്ഷേ ഒക്കേറ്റിനെയും പുറംകാലു കൊണ്ട് തൊഴിച്ചു നടന്നുപോകാൻ പഠിപ്പിച്ചത് അച്ഛനാണ്.


അത്തവണത്തെ യുവജനോത്സവം കഴിഞ്ഞപ്പോൾ ഞാനുറപ്പിച്ചു - അടുത്ത കൊല്ലം ഞാൻ ചൊല്ലുന്നത് ഇക്കുറി സിമിച്ചേച്ചി ചൊല്ലിയ കവിത തന്നെ, അത്രക്ക് ചങ്കിൽ പതിഞ്ഞ വരികൾ... അടുത്ത ദിവസത്തെ സ്‌കൂൾ ഇന്റർവെൽ സമയത്ത് തന്നെ ഞാനും കൂട്ടുകാരികളും കൂടി (പാറുവും മഞ്ജുവും ആയിരുന്നു എന്നാണ് ഓർമ) സിമിച്ചേച്ചിയുടെ ഒക്കെ ഹൈസ്‌കൂൾ ക്‌ളാസുകൾ ഉളള കെട്ടിടത്തിൽപ്പോയി. സ്‌കൂളിലെ മലയാളം ടീച്ചർ സുഹ്റടീച്ചറിന്റെ മോൾ ആണ് ഈ സിമിച്ചേച്ചി, അതുകൊണ്ട് പണ്ടേ നമുക്ക് ആളിനെ അറിയാം. മിക്കവാറും ഉപന്യാസം, കഥ- കവിത രചന ഒക്കെ സംഘടിപ്പിക്കുന്നത് സുഹ്റാടീച്ചർ ആണ് (പിന്നെ, ടീച്ചർ നമ്മുടെ ഇരട്ടച്ചേട്ടന്മാരെ പഠിപ്പിച്ചിട്ടുമുണ്ട് - സെയിം വേതാളം കഥ  )

ആ കവിത എഴുതിവാങ്ങുക എന്നതാണ് ഉദ്ദേശം. സിമിച്ചേച്ചി സീനിയറിന്റെ എല്ലാ ജാടയോടെയും എഴുതിത്തരാം എന്ന് സമ്മതിച്ചു - പക്ഷേ ഒരു കണ്ടീഷൻ, എന്താണെന്നോ ഒരു ചെറിയ കളി കളിയ്ക്കണം. കവിത കിട്ടാൻ ഞാൻ എന്ത് ചെയ്യാനും റെഡി ആണല്ലോ! ചെയ്യേണ്ടത് ഇത്ര മാത്രം കയ്യുകൾ രണ്ടും നേരെ വെച്ച് വിരലുകൾ കോർത്തുവെയ്ക്കുക (തൊഴുതു നില്കുന്നത് പോലെ, പക്ഷേ വിരലുകൾ കോർത്തിട്ടാകണം), എന്നിട്ട് കണ്ണടയ്ക്കുക. ഇത്രേയുള്ളൂ. ഞാൻ വേഗം കണ്ണടച്ച് രണ്ടു കയ്യും തൊഴുന്ന പൊസിഷനിൽ വെച്ച് ഒരു കയ്യിലെ വിരലുകൾ മറ്റേ വിരലുകൾക്കിടയിൽ കോർത്തതുപോലെ വെച്ച് റെഡി ആയി. പിന്നെയവിടെ മുഴങ്ങിയത് എൻ്റെ അലർച്ചയായിരുന്നു - എന്താ കാരണം?അങ്ങനെ വിരലുകൾ കോർത്ത് പിടിക്കുമ്പോൾ ആ മുകളിലെ വിരലുകൾ ചേർത്ത് രണ്ടു വശത്തുനിന്നും അമർത്തിയാൽ സ്വർഗം കാണും മക്കളേ ..സ്വർഗം! അന്ന് കയ്യിലൊരു ചിരട്ട മോതിരമുണ്ടായിരുന്നു - ചേട്ടന്മാർ ഉണ്ടാക്കിത്തന്നത്, അത് കയ്യിലമർന്ന പാട് രണ്ടുമൂന്നു ദിവസം നീറിനീറിക്കിടന്നു. സിമിച്ചേച്ചി തമാശയ്ക്ക് ചെയ്തതാണ് കേട്ടോ, കയ്യിൽ മോതിരമുള്ള കാര്യം പുള്ളിക്കാരി ശ്രദ്ധിച്ചിരുന്നില്ല.

എന്തായാലും അന്നുമുതൽ എനിക്കീ കവിത കേൾക്കുമ്പൊഴൊക്കെ അക്ഷരാർത്ഥത്തിൽ വേദനിക്കും 
ഇനി വർഷങ്ങൾ ഫാസ്റ്റ് ഫോർവേർഡ് അടിച്ച് 2008ൽ വന്നു നിൽക്കുമ്പോൾ- വേണുച്ചേട്ടൻ കാവ്യഗീതികളിലൂടെ ഈ ആർദ്രതയുമായി വീണ്ടുമെത്തുന്നത് അപ്പോഴാണ്. ഞാനും കെട്ട്യോനും അന്നുമിന്നും ആവർത്തിച്ചു കേൾക്കുന്ന പ്രിയപ്പെട്ട കവിതകളിലൊന്ന്.... കേൾക്കുമ്പോഴൊക്കെയും ഉള്ള് പിടയ്ക്കുന്നൊരൊന്ന്.
"ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ

നീയെന്നണിയത്തു തന്നെ നില്‍ക്കൂ ...
എന്നോ പഴകിയൊരോര്‍മ്മകള്‍ മാതിരി
നിന്നു വിറക്കുമീ ഏകാന്ത താരകളെ
ഇന്നൊട്ട് കാണട്ടെ നീ തൊട്ടു നില്‍ക്കൂ....
ആതിര വരുന്നേരമൊരുമിച്ച് കൈകള്‍ കോര്‍ത്തെതിരേല്‍ക്കണം നമുക്കിക്കുറി,
വരും കൊല്ലമാരെന്നുമെന്തെന്നുമാര്‍ക്കറിയാം! "
മാതൃഭാഷാദിനത്തിൽ ഇതിലും ചേർന്നതൊന്നെനിക്ക് നിങ്ങളോട് പങ്കുവെക്കാനില്ല 
-----------------------------------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

Thursday, February 20, 2020

"പോവോമ്മാ ഊർഗോളം ... ഭൂലോകം എങ്കെങ്കും..."

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 1991
ചേട്ടന്മാർ പഠിച്ച സമയത്ത് അവരുടെ അതേ ബാച്ചിൽ പഠിച്ചിരുന്ന ഒരു ചേച്ചി ഉണ്ടായിരുന്നു - അമ്പിളി എന്നാണ് പേരോർമ്മ. തെറ്റാണോയെന്ന് ചേട്ടന്മാരോ, അവരുടെ ബാച്ചിലെ ആരെങ്കിലുമോ വന്നു പറയണം, അതുവരെ നമുക്ക് കക്ഷിയെ അമ്പിളി എന്നുതന്നെ വിളിക്കാം. ഞാനും ചേട്ടന്മാരും 5 വയസു വ്യതാസമുണ്ടായിരുന്നത് കൊണ്ട് അവർ ഹൈ സ്‌കൂളിലേക്ക് എത്തിക്കഴിഞ്ഞിട്ടേ ഞാൻ അവരുടെ സ്‌കൂളിലേക്ക് എത്തിയുള്ളൂ. ഇവന്മാര് ഇരട്ടകൾ ആയതുകൊണ്ടും അത്യാവശ്യം പഠിത്തം, കലാപരിപാടികൾ ഇതിലൊക്കെ തല കൊണ്ടുവെച്ചിരുന്നതുകൊണ്ടും വിനയകുനയന്മാർ ആയിരുന്നതുകൊണ്ടും സ്‌കൂളിൽ എല്ലാർക്കും ഇവരെ അറിയാം - 
എന്തൊരു പാരയാണെന്ന് നോക്കണേ .. നമ്മളെ ആദ്യമായി പഠിപ്പിക്കാൻ വരുന്ന സാറന്മാരും ടീച്ചറന്മാരും എല്ലാം പേര് ചോദിക്കാൻ എണീപ്പിക്കുന്ന ഫസ്റ്റ് പീരിയഡിൽ തന്നെ ശരമെയ്യും "ആഹാ നീയാ അംജിത്തിന്റെയും അമിതാബിന്റെയും പെങ്ങളല്ലേ" (ഞങ്ങ മലയാളം മീഡിയം പിള്ളേർക്ക് അന്ന് ആണുങ്ങളായിട്ടുള്ള അദ്ധ്യാപകർ സാറന്മാരും, പെണ്ണുങ്ങൾ ടീച്ചറന്മാരും ആയിരുന്നു  ) - എനിക്ക് അവരെ അറിയുകയേ ഇല്ലായെന്ന് പറയണമെന്നുണ്ട് - കിം ഫലം?! അടുത്ത വാചകം ഉടനെത്തും "മോഹനൻ സാറിനേയും ടീച്ചറിനേയും കണ്ടായിരുന്നു ബുക്ക് വാങ്ങാൻ വന്നപ്പോൾ/ സ്കോളർഷിപ് ഒപ്പിടാൻ വന്നപ്പോൾ/ ഫോം തരാൻ വന്നപ്പോൾ " - അതായതുത്തമാ അച്ഛനേയും അമ്മയേയും നന്നായി അറിയാം, അധികം വിളച്ചിൽ വേണ്ടാന്ന്! അതോടെ ഞാൻ പകുതി കാറ്റുപോയ ബലൂൺ ആകും. പിന്നെ നായയുടെ വാല് പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും തിരിച്ചെടുക്കുമ്പോൾ വളഞ്ഞല്ലേ ഇരിക്കൂ! അതുകൊണ്ട് ആദ്യത്തെ ഒരു മാസം കഴിയുമ്പോൾ ഞാനെൻ്റെ സ്വന്തം സ്വഭാവം പുറത്തെടുക്കുകയും അദ്ധ്യാപകർ എല്ലാരും ഒന്നടങ്കം അടുത്ത വട്ടം അമ്മയെ കാണുമ്പോൾ "അവന്മാര് എന്ത് പാവങ്ങളാണ്ന്നാ...." എന്ന് പറഞ്ഞുതുടങ്ങുകയും ചെയ്യും. ഞാൻ ആ സ്‌കൂളിൽ നിന്നും ഇറങ്ങുംവരെ ഇതെൻ്റെ കൂടെത്തന്നെ ഉണ്ടായിരുന്നു - വിക്രം വേതാളം പോലെ.

ഈ രണ്ടാളും സ്‌കൂളിൽ പോപ്പുലർ ആയിരുന്നത്കൊണ്ടുള്ള ഗുണം - സീനിയർ ചേച്ചിമാർക്കൊക്കെ നമ്മളെ വലിയ കാര്യമാ .. പരീക്ഷാഹാളിൽ അടുത്ത് വന്നിരിക്കുന്ന ചേച്ചിമാർക്കൊക്കെ നമ്മളോട് വൻ പരിഗണന ആണ്. യുവജനോത്സവം ആകുമ്പോഴും സ്പോർട്സ് മീറ്റ് വരുമ്പോഴും എന്നുവേണ്ട സകല കാര്യത്തിനും നമുക്കീ സീനിയർ പിന്തുണ കിട്ടും. ചേട്ടന്മാരുടെ സുഹൃത്തുക്കൾ - വീടിനടുത്തുള്ള മിക്കവരും എൻ്റെ സ്വന്തം 'ബ്രോ ഗ്യാങ്' ആയിരുന്നു. ചേട്ടന്മാർ മൂന്നിലോ നാലിലോ ഒക്കെ പഠിക്കുമ്പോൾ അമ്മയോട് അനുവാദം ചോദിക്കും, പുറത്തെ തെങ്ങിൻപറമ്പിലോ പാറപ്പുറത്തോ അമ്പലപ്പറമ്പിലോ കൂട്ടുകാർക്കൊപ്പം പോയിക്കളിക്കാൻ. അമ്മയുടെ മറുപടി രസകരമാണ്, അവിടെ മൂലയ്ക്ക് മൂക്കും തോണ്ടിയിരിക്കുന്ന എന്നെച്ചൂണ്ടി അമ്മ പറയും - "ദോ, ആ സാധനത്തിനെക്കൂടി കൊണ്ടുപോകാമെങ്കിൽ നിങ്ങൾക്ക് പോകാം, ഇല്ലെങ്കിൽ പോണ്ട" വെട്ടൊന്ന് മുറി രണ്ടുപോലാണ് "'അമ്മ ശാസനം", പിന്നെ അപ്പീലോന്നുമില്ല. പാവം ചേട്ടന്മാർ ഈ ശല്യത്തിനെക്കൂടി കൂടെ കൊണ്ടുപോകാം എന്നങ്ങ് തീരുമാനിക്കും. ഉപ്പേർ കളിക്കാനും, പന്ത് കളിക്കാനും, ക്രിക്കറ്റ് കളിക്കാനുമൊക്കെ ആ ആൺകൂട്ടത്തോടൊപ്പം ഞാനും കൂടി - സ്വന്തമായി ഒരു ഗ്യാങ് ഞാനുണ്ടാക്കിയെടുക്കും വരെ. എന്നെ ഈ ചെക്കന്മാരുടെ ഗ്രൂപ്പ് നല്ലോണം പറ്റിച്ചിട്ടുമുണ്ട് - ആദ്യത്തെ ബാറ്റിങ് തന്ന് ഔട്ടാക്കി ഇരുത്തുകയും, ഒരു തരത്തിലും ബാൾ എത്താത്തയിടത്തു കൊണ്ട് ഫീൽഡിങ്ങിനു നിർത്തിയതുമൊന്നും ഞാൻ മറന്നിട്ടില്ലാട്ടാ 
പറഞ്ഞുപറഞ്ഞ് ഇതിപ്പോ ചേട്ടന്മാരെക്കുറിച്ചായിപ്പോകും - അതോണ്ട് നമുക്കാ പാട്ടുകാരിയിലേക്ക് തിരികെപ്പോകാം. സ്‌കൂളിലെ അത്യാവശ്യം പാടുന്ന ചേച്ചിയായിരുന്നു ഈ അമ്പിളിച്ചേച്ചി. സംഘഗാനം, ലളിതഗാനത്തിനൊക്കെ ഹൈസ്ക്കൂൾ തലത്തിൽ അവരുടെ ടീമിനാണ് ഫസ്റ്റ് കിട്ടുക. പഠിത്തത്തിൽ പിന്നിലായിരുന്നെങ്കിലും മ്യൂസിക് പീരിയഡിൽ ആള് സൂപ്പർ സ്റ്റാർ ആകും! അതിമധുരമായ ശബ്ദം -എത്ര ഹൈ പിച്ച് പാട്ടും ഭാവഭേദം കൂടാതെ പാടാനുള്ള കഴിവ് - എങ്ങനെ സൂപ്പർ സ്റ്റാറാകാതിരിക്കും? അന്നത്തെ സംഗീതം ടീച്ചർ - ലളിതാംബിക ടീച്ചർ ആണ്. ഇടക്കൊക്കെ ചീത്തയൊക്കെ കിട്ടിയിട്ടുണ്ടെങ്കിലും എനിക്ക് ഇഷ്ടമുള്ള ടീച്ചർ ആയിരുന്നു പുള്ളിക്കാരി. ഞാനാദ്യമായി മരത്തിൽ കായ്ക്കുന്ന 'മുന്തിരിയെക്കുറിച്ചു കേൾക്കുന്നത് ടീച്ചർ പറഞ്ഞിട്ടാണ്, അവരുടെ വീട്ടിലുണ്ടായിരുന്നുവത്രേ.


ടീച്ചറിനൊരു സ്വഭാവമുണ്ടായിരുന്നു. നന്നായി പാടുന്ന കുട്ടികളെ മറ്റ് ക്‌ളാസുകളിലെ മ്യൂസിക് പീരിയഡിൽ അവിടെ കൊണ്ടുവന്നു പാടിക്കും. ഈ ഒരൊറ്റ കാരണം കൊണ്ടാണ് അമ്പിളിച്ചേച്ചി ചേട്ടന്മാരുടെ ക്‌ളാസ് അല്ലായിരുന്നു എന്ന് ഞാൻ ഓർക്കുന്നത്. ആ ചേച്ചിയെ ചേട്ടന്മാരുടെ ക്‌ളാസിലെ മ്യൂസിക് പീരിയഡിൽ കൊണ്ടുവന്നു പാടിക്കുന്നത് ഇവർക്ക് അത്ര പിടിച്ചിരുന്നില്ല. ഇപ്പോൾ ആ ചേച്ചി എവിടെയാണെന്ന് അറിയില്ല, പത്താം ക്‌ളാസ് കഴിഞ്ഞപ്പോൾ പഠിത്തം നിർത്തിയിരിക്കണം, അങ്ങനെ നിർത്തുന്നവർ ജീവിതം തുടർന്നിരുന്നത്പോലെ അണ്ടിയാപ്പീസിൽ ജോലിക്ക് ചേർന്നിരുന്നിരിക്കണം, പഠിപ്പിനൊപ്പം പാട്ടും നിർത്തിയിരുന്നിരിക്കണം! ഇന്നാലോചിക്കുമ്പോൾ തോന്നും - ഒരുപക്ഷേ, കടുത്ത ജീവിത സാഹചര്യങ്ങളിൽ നിന്ന് വന്നിരുന്ന ആ പെൺകുട്ടിക്ക് ജീവിതത്തിലേക്ക് എന്നെന്നും എടുത്തുവെയ്ക്കാൻ പറ്റിയ സുവർണ നിമിഷങ്ങൾ ആകണം ആ സംഗീതം ക്‌ളാസുകൾ!

സിനിമയിൽ കണ്ടതല്ലാതെ ഈ പാട്ട് അമ്പിളിച്ചേച്ചി പാടിയാണ് ഞാനേറ്റവും കൂടുതൽ കേട്ടിട്ടുള്ളത്. മാസ്റ്റർപീസ് എന്ന് പറയാവുന്ന ഒരൈറ്റം.
"പോവോമ്മാ ഊർഗോളം ...
ഭൂലോകം എങ്കെങ്കും..."

വരികൾ തെറ്റായിട്ടായിരുന്നിരിക്കണം അന്ന് പാടിയിരുന്നത് എന്ന് പിന്നീട് തോന്നി - പക്ഷേ ഈണവും ഭാവവും കടുകിട തെറ്റിയിരുന്നില്ല! ഉച്ചയൂണ് സമയത്ത് സ്‌കൂൾ ഗ്രൗണ്ടിൽ വട്ടം കൂടിനിൽക്കുന്ന യു പി പിള്ളേരുടെ അഭ്യർത്ഥന മാനിച്ച് ഈ പാട്ടു പാടുന്ന അമ്പിളിച്ചേച്ചി - കഴുത്തിലെ കറുത്ത ചരടും, ചന്ദനക്കുറിയും, താളം പിടിക്കുന്ന കാൽവിരലുകളും, ഉയർന്ന ശ്രുതിയിലേക്ക് കയറുമ്പോൾ അടയുന്ന കണ്ണുകളും എല്ലാം നോക്കി വായ പൊളിച്ചു നിൽക്കുന്ന ഞാനും! അതാണെനിക്കീ പാട്ട്!

----------------------------------------------------------------------------------------------------------------------------------------
#100DaysOfSongs
#100DaysToLove
#100SongsToLove
#Day37

Wednesday, February 19, 2020

"വാലിന്മേൽ പൂവും വാലിട്ടെഴുതിയ വേൽമുനക്കണ്ണുമായി വന്ന വേശക്കിളിമകളേ ...."

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 1994
ഇന്നത്തെ പാട്ടോർമ്മ ലോകത്തിലുള്ള എല്ലാ പെൺകുഞ്ഞുങ്ങൾക്കും വേണ്ടിയാണ്.... ജീവിതത്തിൽ ആദ്യമായി ഈ പാട്ടുകേട്ടത് എപ്പോഴാണെന്ന് കൃത്യമായി ഓർമയില്ല - റേഡിയോയിലെ പുതിയ പാട്ടുകളിലൂടെയോ, ചിത്രഗീതത്തിലൂടെയോ ആകണം. ഒരു ചേട്ടച്ഛൻ നോക്കിവളർത്തിയ കുഞ്ഞിൻ്റെ സിനിമ കണ്ടത് അപ്പുറത്തെ വീട്ടിൽ കാസറ്റിട്ടപ്പോഴാണ് - എനിക്ക് രണ്ടുചേട്ടച്ഛന്മാർ ഉള്ളതുകൊണ്ടാകും ആ സിനിമ ഒത്തിരി ഇഷ്ടമായത്! വളർന്നു വലുതാകുമ്പോൾ അഹങ്കാരിയായിപ്പോയ സിനിമയിലെ പെങ്കൊച്ചിനെ നോക്കി ആ വീട്ടിലെ അമ്മയും പറഞ്ഞു, അല്ലേലും ഇപ്പോഴത്തെ പെൺപിള്ളേർക്കൊക്കെ രണ്ടടിയുടെ കുറവുണ്ടെന്ന്!

ആദ്യമായ് കേട്ടതുമുതൽ ഇന്ന് കേൾക്കുമ്പോഴും അറിയാതെ മനസൊന്ന് തരളമാകും, സ്നേഹം വരും ഉള്ളിൽ, ഒരു പുഞ്ചിരി വിടരും ...

"വാലിന്മേൽ പൂവും
വാലിട്ടെഴുതിയ വേൽമുനക്കണ്ണുമായി
വന്ന വേശക്കിളിമകളേ ...."

ഈ പാട്ടിനെ ഞാൻ അന്നുമുതൽ സൂക്ഷിച്ചു സൂക്ഷിച്ചു വെച്ചിരുന്നതാ പെൺകുട്ടി ഉണ്ടാകുമ്പോൾ പാടിയുറക്കാനും കളിപ്പിക്കാനും. ചേട്ടമ്മാർക്ക് രണ്ടാൾക്കും ആൺകുട്ടികൾ ആയതോടെ അടുത്ത ഊഴം എന്റേതായപ്പോൾ - താച്ചു ഉണ്ടാകും മുൻപ് എന്നെ വയറുകാണാൻ വന്ന എല്ലാവരും ഉറപ്പിച്ചു, പെൺകുഞ്ഞു തന്നെ! അപ്പുറത്തെ വീട്ടിലെ അമ്മൂമ്മമാരും, രണ്ട് ചേടത്തിയമ്മമാരും ചെർപ്പുളശ്ശേരിയിൽ ചേച്ചിയും എന്നുവേണ്ട എല്ലാരും പെങ്കൊച്ച് വയറ്റിലുണ്ടെങ്കിലുള്ള ലക്ഷണങ്ങളും പെണ്കുഞ്ഞിനുള്ള പേരുമൊക്കെ തകൃതിയായി ആലോചിക്കാൻ തുടങ്ങി. ആദ്യത്തേത് നഷ്ടമായ ഒരനുഭവം ഉണ്ടായിരുന്നത്കൊണ്ട് ഞങ്ങൾ രണ്ടാളും പേരൊന്നും ആലോചിക്കാതെ കുഞ്ഞ് നല്ല ആരോഗ്യത്തോടെ ഇരിക്കണേ എന്ന് മാത്രം ആഗ്രഹിച്ചു. ആണായാലും പെണ്ണായാലും ആരോഗ്യമുള്ള കുഞ്ഞാകണേ, കുഴപ്പങ്ങളൊന്നും ഇല്ലാതെ കിട്ടണേയെന്ന് പ്രാർത്ഥിച്ചുപ്രാർത്ഥിച്ചാണ് ആശുപത്രിയിലേക്ക് പ്രസവിക്കാൻ പോയത്.

ഓപ്പറേഷൻ ടേബിളിൽ കണ്ണും തുറന്നു എല്ലാം കണ്ടും കേട്ടും കിടന്ന എന്നോട് അനസ്തേഷ്യ നൽകിയ ഡോക്ടർ എന്താണ് ഉറങ്ങാത്തത് എന്ന് ചോദിച്ചപ്പോൾ ഞാൻ ഒന്നുമില്ല എന്ന് കണ്ണിറുക്കി ചിരിച്ചു. സത്യത്തിൽ പേടിയായിരുന്നു, കുഞ്ഞിനെ പുറത്ത് കാണുംവരെ! എടുത്തയുടനെ കോർഡ് മുറിക്കാതെ തന്നെ ഡോക്ടർ എൻ്റെ മുഖത്തിന് മുകളിലേക്ക് കാണിച്ചിട്ട് പറഞ്ഞു "മോനാണ് ആർഷാ". (എനിക്ക് ആ കർക്കശക്കാരൻ മുരടൻ ഡോക്ടറിനെ ഒട്ടും ഇഷ്ടമല്ലായിരുന്നു, പക്ഷേ ആ ഒരൊറ്റ മുഹൂർത്തത്തിന് ഞാൻ അദ്ദേഹത്തിനോട് ആജീവനാന്തം കടപ്പെട്ടിരിക്കുന്നു!) മോനാണ് എന്ന് കേട്ടതും ഞാൻ ഈ "പെങ്കൊച്ച്" കഥപറഞ്ഞ എല്ലാവരുടേയും മുഖമോർത്ത് അത്യാവശ്യം നല്ല രീതിയിൽ തന്നെ ചിരിച്ചതോടെ അനസ്തിസ്റ്റ് വീണ്ടും എന്നെയൊന്നു നോക്കി - ഇതിൻ്റെ പിരി മൊത്തം പോയോ എന്ന അർത്ഥത്തിൽ!

രണ്ടാമൻ -ദിച്ചപ്പൻ - ഇവിടെയാണല്ലോ ജനിച്ചത്. അതുകൊണ്ട് അഞ്ചാം മാസം ആയപ്പോൾ തന്നെ അറിഞ്ഞിരുന്നു, താച്ചു 'ബേബി ബ്രദർ' വിശേഷം നല്ലോണം കൊണ്ടാടുകയും ചെയ്തു. അവൻ പറയുന്നത് അവൻ പറഞ്ഞിട്ട് വന്നതാണല്ലോ ബേബി, അതുകൊണ്ട് അവനറിയാമായിരുന്നു അനിയൻ ആണെന്ന് എന്നാണ്. രണ്ടാമതും മോനാണ് എന്നറിഞ്ഞപ്പോഴും ആരോഗ്യത്തോടെ ആശാൻ പുറത്തെത്തണേയെന്നായിരുന്നു പ്രാർത്ഥന. എൻ്റെ 'അമ്മ മാത്രം പറഞ്ഞു "ഞാനിനി ആർക്ക് വള വാങ്ങിക്കൊടുക്കും!" - ആ വാങ്ങാനുള്ള വളയൊക്കെ ആദ്യം എനിക്ക് വാങ്ങിത്താ എന്ന് പറഞ്ഞത് ശരിക്കങ്ങോട്ട് ഏറ്റില്ല  അത്യാവശ്യം കോംപ്ലിക്കേഷൻസൊക്കെ ഉണ്ടായിരുന്ന രണ്ടാമത്തെ ഗർഭവും, ഓപ്പറേഷനും കൂടിയായപ്പോൾ ഈ പാട്ടിനെ ഞാൻ പതുക്കെ മടക്കി ഉത്തരത്തിൽ വെച്ചതായിരുന്നു  . കെട്ടിയോന്റെ വീട്ടിൽ ചേച്ചിക്ക് ഒന്നും, അനിയന് ഒന്നും എന്ന കണക്കിൽ രണ്ടു പെൺകുഞ്ഞുങ്ങൾ ഉള്ളത്കൊണ്ട് തൃപ്തിപ്പെട്ടു പോരുവായിരുന്നേ.

അങ്ങനെയങ്ങനെയിരിക്കേ ഇതാ വന്നിരിക്കുന്നു ഞങ്ങളുടെ കുടുംബത്തിലും ഒരു കുഞ്ഞിപ്പെണ്ണ് - ചേട്ടന് രണ്ടാമത്തെ കുഞ്ഞാവ മോളാണ്... ആമിയ എന്ന ആമിക്കുട്ടി / മിയക്കുട്ടി! അവൾ വന്നതുമുതൽ മനസു മുഴുവൻ ഈ പാട്ടാണ് ... ഇനിയെന്നും ഈ പാട്ട് എനിക്ക് അവളാണ്  എല്ലാ
പെൺകുഞ്ഞുങ്ങളും രാജകുമാരിമാരായി വളരട്ടെ, ചേട്ടച്ഛൻ സ്നേഹിച്ചതുപോലെ അവരെ സ്നേഹിക്കാൻ ചേട്ടന്മാരും അച്ഛൻമാരും ഉണ്ടാകട്ടെ ... 
അപ്പച്ചിയെപ്പോലെ മിടുമിടുക്കിയാകട്ടേ ആമിയക്കുട്ടി എന്ന് ഞാൻ പറയും - അവളുടെ അച്ഛനുമമ്മയും സമ്മതിക്കുമോ എന്നറിയില്ല! 


-----------------------------------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ