Tuesday, October 22, 2019

സ്‌ക്രീൻ ടൈമിന്റെ പ്രത്യയശാസ്ത്രം

ഇന്നലെ ജനിച്ച കുഞ്ഞു മുതൽ 18 വയസുകാരി വരെയുള്ള കുഞ്ഞുങ്ങളെക്കുറിച്ചു മാതാപിതാക്കൾക്കുള്ള ഏറ്റവും സാധാരണമായ പരാതിയാണ് അന്തമില്ലാതെ നീളുന്ന സ്‌ക്രീൻ ടൈമുകൾ. "ഏതുനേരവും ടീവീയുടെ മുൻപിൽ ആണ് ", "കമ്പ്യൂട്ടർ ഗെയിം ഒഴിഞ്ഞിട്ടൊരു സമയമില്ല"
"മൊബൈൽ കിട്ടിയാലേ ഭക്ഷണം കഴിക്കൂന്നേ" "ആറുമാസം ആയിട്ടില്ല പക്ഷേ ടീവിയിലെ ശബ്ദം കേട്ടാൽ അപ്പോൾ തല പൊക്കിനോക്കും"  എന്നുവേണ്ട എല്ലാ തരത്തിൽപ്പെട്ട കുഞ്ഞുങ്ങളെക്കുറിച്ചും തരാതരം പരാതികളുണ്ട് ഈ കാറ്റഗറിയിൽ!  പൊതുവായ ആരോഗ്യകാര്യങ്ങളിലേക്ക് കടക്കുന്നതിനു മുൻപ് എന്റെ സന്താനങ്ങളുടെ "കാഴ്ചശീലങ്ങൾ" പറയാം.

സിനിമാനടൻ ആകണം എന്ന് ആഗ്രഹിച്ചു നടക്കുന്ന എട്ടുവയസുകാരൻ മൂത്ത പുത്രനെ സിനിമ കാണിക്കാതെ ഇരിക്കുന്നത് മോശമാണല്ലോ.  പണ്ടുകാലം മുതലേ സിനിമാപ്രാന്തരായ മാതാപിതാക്കൾ കുട്ടിയോട് പറഞ്ഞ കണ്ടീഷൻ ആഴ്ചയിൽ രണ്ടു സിനിമ കാണാൻ സമ്മതിക്കാം എന്നതാണ്. കേബിൾ ടീവി ഇല്ലാത്ത വീട്ടിൽ ഓൺലൈൻ സൈറ്റുകൾ തന്നെയാണ് ശരണം. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം , മറ്റുചില തമിഴ് - മലയാളം സിനിമാ സൈറ്റുകൾ ഒക്കെയാണ് പൊതുവെ ഞങ്ങൾക്ക് ഇവിടെ ആശ്രയം. വെബ് സീരീസുകൾ/ കാർട്ടൂണുകൾ  പൊതുവേ വലിയ താല്പര്യമില്ല എന്ന് പറഞ്ഞിട്ടുള്ളതുകൊണ്ട് ആശാനും സിനിമ കാണാൻ കിട്ടുന്ന അവസരം കളഞ്ഞുകുളിക്കില്ല. എല്ലാ വെള്ളിയാഴ്ചയും അച്ഛന്റെയും അമ്മയുടെയും സിനിമ തുടങ്ങുമ്പോൾ മക്കൾക്കും സിനിമ കിട്ടും.  മലയാളം/തമിഴ്/ഹിന്ദി  കുടുംബചിത്രങ്ങൾ ആണെങ്കിൽ മക്കളേയും കൂടെക്കൂട്ടിയാണ് വെള്ളി രാത്രിയിലെ ഷോ.  അതല്ല കുഞ്ഞുങ്ങൾക്ക് അങ്ങനെയങ്ങട് സുഖിച്ചുകാണാൻ കഴിയാത്ത സിനിമയാണെങ്കിൽ കുട്ടികളുടെ ചലച്ചിത്രവിഭാഗത്തിൽ നിന്നും ഏതെങ്കിലും അവർക്ക് കാണാൻ വേണ്ടിയിട്ടുകൊടുക്കും. ചാനലുകൾ ഇല്ല എന്ന് നേരത്തെ പറഞ്ഞല്ലോ, അതുകൊണ്ട് തന്നെ ടീവിയിൽ സിനിമ ഗൂഗിൾ ക്രോം വഴി കാസ്റ്റ് ചെയ്തുകൊടുത്താലേ അവർക്ക് കാണാൻ കഴിയൂ. ഞങ്ങളുടെ  ലാപ്ടോപ്പ് / മൊബൈൽ രണ്ടാൾക്കും ഓഫ്‌ലിമിറ്സ് ആണ് . അച്ഛനോ അമ്മയോ അനുവാദം കൊടുത്താൽ മാത്രം ഉപയോഗിക്കാൻ കഴിയുന്നവ. പ്രത്യേകിച്ചും  മൊബൈൽ - രണ്ടു മക്കൾക്കും എടുത്തുപെരുമാറാൻ കൊടുക്കാറില്ല , യുട്യൂബ് , ഗെയിംസ് ഒന്നും തന്നെ ഞങ്ങൾ കൊടുക്കാതെ പ്രവർത്തിപ്പിക്കാനും കഴിയില്ല.  


വല്ലപ്പോഴും എങ്കിലും 8  വയസുകാരന് കൂട്ടുകാർ പറഞ്ഞ ഒരു ഗെയിം കളിക്കണം എന്ന് തോന്നിയാൽ അവനു വേണ്ടി അവന്റെ മുൻപിൽ വെച്ച് ഗെയിം ഇൻസ്റ്റാൾ ചെയ്ത് കളിച്ചുകഴിഞ്ഞാൽ അപ്പോൾ തന്നെ uninstall  ചെയ്യുന്ന ഒരു "സൈക്കോ"  'അമ്മ കൂടിയാണ് ഞാൻ.  ഇത്രോം പണിപ്പെട്ട് കളിക്കേണ്ട എന്ന് കരുതിയാണോ എന്തോ മകന് അതങ്ങനെ ഒരു നിർബന്ധബുദ്ധി ആയിട്ട് വന്നിട്ടില്ല. ഇളയ മകന് ചില സീരീസുകൾ ഇഷ്ടം ആണ്, കുട്ടിപ്പാട്ടുകൾ പോലെയുള്ളവയും ചില കാർട്ടൂണുകളും ഒക്കെ.  സിനിമ കണ്ടു മനസിലാക്കാനുള്ള പ്രായം ആകാത്തത് കൊണ്ട് ഇടയ്ക്ക് ആശാനെ പ്രതിനിധീകരിച്ചു ചില കാർട്ടൂൺ സീരീസുകളും പാട്ടുകളും വെക്കാറുണ്ട്. വേനലവധിക്കാലത്ത്  ഏതാണ്ട് എല്ലാ ദിവസവും മൂത്തയാൾ ഒരു സിനിമ കണ്ടിരുന്നു - അത് കുറച്ചു കൂടുതൽ ആണെന്നു ഞങ്ങൾക്ക് തന്നെ തോന്നിയിരുന്നു, എങ്കിലും  സ്‌ക്രീൻ ഒഴിവാക്കിയുള്ള മറ്റുപല കാര്യങ്ങളും ആൾ ചെയ്തിരുന്നതിനാൽ ഇതൊരു "സമ്മർ ഫൺ" എന്ന രീതിയിൽ പ്രമേയം പാസാക്കിയിരുന്നു വീട്ടിൽ. അങ്ങനെ സിനിമ കാണാൻ കൊടുത്തിരുന്ന സമയത്ത് തന്നെ സ്‌കൂൾ തുറന്നാൽ സ്‌കൂളുള്ള ദിവസങ്ങളിൽ ടീവി  കാഴ്ചകൾ ഉണ്ടാകില്ല ചോദിക്കണ്ട എന്നൊരു നിബന്ധനയും വെച്ചിരുന്നു.  ഇപ്പോൾ സ്‌കൂൾ തുറന്നു രണ്ടാഴ്‌ച കഴിയുന്ന സമയത്ത് വീണ്ടും ഞങ്ങൾ വെള്ളിയാഴ്ച രാത്രി ശനിയാഴ്ച രാത്രികളിലെ സിനിമാക്കാഴ്ചകളിലേക്ക് തിരികെ പോന്നിരിക്കുന്നു. 

വീട്ടിലെ പണിഷ്മെന്റുകളിൽ വളരെ ശക്തമായ സ്വാധീനം ചെലുത്തുന്ന ഒന്നാണ് "സ്ക്രീൻടൈം ഓഫ് "  എന്നത്. ടീവി  ഒരു പ്രലോഭനവും പാഷനുമായ മൂത്തയാൾക്കും, മൂത്തയാൾ ചെയ്യുന്നതെല്ലാം അനുകരിക്കുന്ന രണ്ടാമത്തവനും ടീവി വീക്കെൻഡ് കിട്ടാതെ ഇരിക്കുക എന്നത് അതിഭീകരമായ ശിക്ഷയാണ്. അതുകൊണ്ടുതന്നെ അതിൽ നിന്നും രക്ഷപെടാൻ വേണ്ടി പരിഹാരക്രിയകളും, നല്ല കുട്ടി സ്വഭാവം കടം മേടിക്കലുമൊക്കെ ഇവിടെ സ്ഥിരം നടക്കുന്ന സംഭവങ്ങൾ ആണ്. സ്‌കൂൾ പ്രവർത്തി ദിനങ്ങളിൽ സ്‌ക്രീൻ ടൈം ഇല്ലായെന്ന് അറിയാമെങ്കിലും ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ മൂത്തയാൾ രണ്ടാൾക്കുംവേണ്ടി ചെറുതായി ഒന്ന് സൂചിപ്പിച്ചുനോക്കും.  നടക്കുന്നില്ലഎന്ന്  കാണുമ്പോൾ വെള്ളിയാഴ്ചയ്ക്ക് വേണ്ടി കാത്തിരിക്കുകയും ചെയ്യും. രണ്ടുപേരുടെയും സ്വഭാവത്തിൽ നിന്നും തോന്നിയിട്ടുള്ള കാര്യം - ശീലങ്ങളാണ് എല്ലാം എന്നാണ്! 


1 ) ശീലം 

മൊബൈൽ എടുക്കാൻ പാടില്ല എന്നത് , ലാപ്ടോപ്പ് ഓണാക്കി കാർട്ടൂൺ കാണാൻ പാടില്ല എന്നത്,  അച്ഛനോ അമ്മയോ സമ്മതിക്കാതെ ടീവിപ്പരിപാടി കാണാൻ ശ്രമിക്കാതെ ഇരിക്കുക എന്നത് ഒക്കെ രണ്ടാൾക്കും ഉണ്ടാക്കിയ ഒരു ശീലമാണ്. കുഞ്ഞിലേ മൂത്തയാൾ കരയുമ്പോൾ ഒരിക്കലും മൊബൈൽ കൊടുത്തിരുത്തിരുന്നില്ല. സ്വാഭാവികമായും രണ്ടാളും ബിസി ആകുന്ന ദിവസങ്ങളിൽ ഇടയ്ക്കൊരു കാർട്ടൂൺ ഇട്ട് ഇരുത്തിയാൽ കൂടിയിരിക്കുന്ന ആൾക്കാർക്ക്  അവരുടെ പണി കുറഞ്ഞുകിട്ടും. പക്ഷേ അപ്പോഴും ടീവി ഓണാക്കി ഇഷ്ടമുള്ള കാർട്ടൂൺ മൊബൈലിൽ നിന്നോ ലാപ്ടോപ്പിൽ നിന്നോ ടീവിയിലേക്ക് കണക്ട് ചെയ്യാൻ ശ്രമിക്കരുത് എന്നത് കുഞ്ഞിലേ ശീലിപ്പിച്ച കാര്യമാണ്.  ടീവി/ യുട്യൂബ് / ഗൂഗിൾ എന്ത് ആവശ്യം ഉണ്ടെങ്കിലും അച്ഛനോടോ അമ്മയോടോ പറയുക - കുറച്ചുനാളുകൾ കഴിയുമ്പോൾ ഈ സമവാക്യം മാറും എന്നറിയാം. എങ്കിലും പറഞ്ഞാൽ മനസിലാകുന്ന  കാലത്തോളം ഇങ്ങനെ പോകട്ടെ എന്നാണ്.  മൊബൈൽ & ലാപ്ടോപ്പ് അച്ഛന്റെയും അമ്മയുടെയും ആണ് എന്ന് കുഞ്ഞുങ്ങളോട് ഉറപ്പിച്ചു പറയുന്നത് ഗുണം ചെയ്യും എന്നാണ് അനുഭവം. 


2)  സ്ക്രീൻടൈം -  ടൈംഔട്ട് 

നേരത്തേ സൂചിപ്പിച്ചത് പോലെ പണിഷ്മെന്റിലെ ആദ്യ ഐറ്റം തന്നെ സ്‌ക്രീൻ ടൈം കുറയ്ക്കുന്നത് ആക്കുക. ദുശീലങ്ങൾ, ദുർവാശി മുതലായവ കുട്ടികൾ കാണിക്കുമ്പോൾ  അടിക്കുന്നതിന്  പകരം അവർക്ക് വിഷമവും എന്നാൽ അവരിൽ ഇമ്പാക്ട് (മാറ്റം)  ഉണ്ടാകുന്ന തരത്തിലുളളത് ആക്കുന്നത് കുട്ടികളെ പോസിറ്റീവ് ആയി ചിന്തിക്കാൻ പ്രേരിപ്പിക്കും.  ഒരാഴ്ചത്തേക്ക് സ്ക്രീൻ ടൈം ഇല്ല എന്ന് പറഞ്ഞാൽ അതിൽ ഉറച്ചുനിൽക്കുകയും വേണം ! അല്ലെങ്കിൽ ചിലപ്പോൾ ഭാവിയിൽ വിപരീതഫലം ആകും ഉണ്ടാകുക. 

3)  ഒരേകാര്യം ആവർത്തിച്ച്  ആവശ്യപ്പെട്ടാൽ 


ഒരേ കാര്യം തന്നെ പത്തുവട്ടം ആവർത്തിച്ചാൽ പ്രതീക്ഷിക്കാത്ത പ്രത്യാഘാതം ആണ് അത് ഉണ്ടാക്കുക എന്ന് കുഞ്ഞുങ്ങളെ പറഞ്ഞു മനസിലാക്കിക്കുന്നത് നല്ലതാണ്.  ഉദാഹരണത്തിന് - കുട്ടിക്ക് ഇഷ്ടമുള്ള ഒരു വെബ് സീരിസ് കുറച്ചുസമയം കഴിഞ്ഞു കാണാൻ തീരുമാനിക്കുന്നു. പക്ഷേ,  ആ സമയം വരെ കാത്തുനിൽക്കാൻ ക്ഷമ ഇല്ലാതെ വീണ്ടും വീണ്ടും കുട്ടി അതിനു വേണ്ടി വാശി പിടിക്കുകയാണെങ്കിൽ  ടീവി ടൈം കൊടുക്കാതെ ഇരിക്കാം.  ഒന്നോരണ്ടോ വട്ടം ഇതേ ശൈലി  തുടരുമ്പോൾ കുട്ടികൾക്ക് കാര്യം മനസിലാകുകയും സ്‌ക്രീൻ ടൈമിന് വേണ്ടിയുള്ള  അനാവശ്യമായ വാശി ഇല്ലാതെയാകുകയും ചെയ്യുന്നതായാണ് അനുഭവം! 



4)  തീരെച്ചെറിയ കുഞ്ഞുങ്ങൾ 


തീരെച്ചെറിയ കുഞ്ഞുങ്ങളെ കഴിവതും സ്ക്രീൻ കാണിക്കാതെ ഇരിക്കുന്നതാണ് ഉത്തമം. ചോറ് കൊടുക്കുമ്പോൾ,  കിടന്നുള്ള കളികളിൽ ഒക്കെ ഇപ്പോ മിക്ക വീടുകളിലും ടീവി ഓൺ ചെയ്ത് കൊടുക്കുന്നതാണ്  പതിവ്. ഇത്തരം സന്ദർഭങ്ങളിൽ വീഡിയോ ഇല്ലാതെ പാട്ടുകൾ മാത്രം കേൾപ്പിക്കുന്നതിലൂടെ കുഞ്ഞുങ്ങളുടെ കാഴ്ചയ്ക്ക് ഒരു പരിധി വരെ സംരക്ഷണം നൽകാം.  

5)  കംപ്യുട്ടർ/ മൊബൈൽ ഗെയിമുകൾ 


അതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചു പ്രായത്തിനു അനുസരിച്ചു പറഞ്ഞു മനസിലാക്കിക്കാൻ ശ്രമിക്കുകയും ഏത് ഗെയിമും രക്ഷിതാക്കളുടെ അനുവാദത്തോടെയോ , സാന്നിധ്യത്തിലോ മാത്രം ആദ്യം കളിയ്ക്കാൻ  സമ്മതിക്കുകയും ചെയ്യുക. 


6)  ഇന്റർനെറ്റിന്റെ നല്ല  മുഖം


പരന്നുവിശാലമായി കിടക്കുന്ന ഈ ഇന്റർനെറ്റിന്റെ അനന്ത സാധ്യതകളെക്കുറിച്ചു കുഞ്ഞുങ്ങളെ ചെറുപ്പം മുതലേ പറഞ്ഞു മനസിലാക്കിക്കുക. അവർക്ക് ചെയ്യാൻ കഴിയുന്ന കണക്ക്, കോഡിങ്ങ് , സ്പെല്ലിങ് മുതലായവയുടെ നല്ലൊരു ശേഖരം തന്നെ ഗൂഗിളിന് നല്കാൻ കഴിയും.  ഏറ്റവും പ്രധാനമായി ഓർക്കേണ്ട കാര്യം - നല്ലതും ചീത്തയും എന്താണെന്ന് കുഞ്ഞിലേ മുതലേ പറഞ്ഞു മനസിലാക്കിക്കാൻ ശ്രമിക്കുകയും കൃത്യമായി അവരുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും ചെയ്യുക. ഓൺലൈൻ ആക്ടിവിറ്റീസ് രഹസ്യമായി പിന്തുടർന്ന് കണ്ടുപിടിക്കേണ്ട ആവശ്യമില്ല.  മക്കളോട് വിശ്വാസം ഇല്ലാത്തതു പോലെയുള്ള പെരുമാറ്റവും ദോഷകരം ആണ്. പകരം അച്ഛനും അമ്മയും ഇതൊക്കെ നോക്കുമെന്നും കുറച്ചുകൂടെ മുതിരും വരെ അത് ആവശ്യമാണ് എന്നും പറഞ്ഞു ബോധ്യപ്പെടുത്തുക. 


സ്‌ക്രീൻ ടൈം എങ്ങനെ കുറയ്ക്കാം എന്ന് ചിന്തിക്കുമ്പോൾ എനിക്ക് എപ്പോഴും തോന്നാറുള്ളത്  നമുക്ക് കുട്ടികൾക്കൊപ്പം സമയം ചിലവഴിക്കാൻ കഴിയാതെ വരുമ്പോൾ ആണ് ഇത്തരം സഹായക മാദ്ധ്യമങ്ങൾ അത്യാവശ്യം ആയി വരുന്നത്. അതിനുപകരം ടീവി ടൈം എന്നത് ഒരു വിനോദോപാധി ആണെന്ന രീതിയിലേക്ക് മാറ്റിയാൽ കുട്ടികളുടെ അഡിക്ഷൻ ഒരു പരിധി വരെ കുറയ്ക്കാൻ സാധിച്ചേക്കും. 

(OurKids September 2019Edition)

17 comments:

  1. ഇന്ന് ഞാനിക്കാര്യം ഓർത്തതേയുള്ളൂ.അപ്പോളിതാ അങ്ങ്‌ ദൂൂൂൂൂൂരേന്ന് ചേച്ചി ഇത്‌ ബ്ലോഗിലിട്ടിരിക്കുന്നു.

    കുഞ്ഞുണ്ണി രണ്ട്‌ മൂന്ന് ദിവസമായി മൊബൈൽ ഫോണെടുത്ത്‌ ,എങ്ങനെയാണെന്നറിയത്തില്ല ---നേരേ യൂറ്റ്യൂബിൽ കയറുന്നു.എന്തൊക്കെയോ കാണുന്നു.ചിരിക്കുന്നു.ഞങ്ങൾ അവൾക്ക്‌ ഫോണോ ടീവിയോ കാണിച്ചിട്ടേയില്ല.ഫോൺ അച്ഛനുമമ്മയും കൊണ്ടുനടക്കുന്ന ഒരു സാധനം+ടിവി ഭിത്തിയിൽ തൂങ്ങിക്കിടക്കുന്ന മറ്റൊരു സാധനം ----ഇതാണവളുടെ ചിന്തയെന്നാണു എന്റെ തോന്നൽ.കൊച്ചിനങ്ങനെയാണാവോ!?!?!?

    എത്ര കാലം നമുക്കിവയിൽ നിന്നും അകറ്റി നിർത്താൻ കഴിയും.

    ഇന്ന് വൈകിട്ടാണു ഞാൻ ഒരു കാര്യം ഓർത്തത്‌.അവൾക്ക്‌ കഥപ്പുസ്തകങ്ങൾ വാങ്ങിക്കൊടുത്തിട്ടില്ല എന്ന കാര്യം.നാളെ അഞ്ചാറെണ്ണം വാങ്ങിക്കൊടുക്കണം.അതിലെ കഥകളും വായിച്ച്‌ കൊടുക്കണം.

    വൈകിട്ട്‌ ആറുമണി മുതലേ അവളെ ഞങ്ങൾക്ക്‌ കൂടെ കിട്ടുന്നുള്ളൂ.അവളുടെ ബാല്യം വീട്ടിൽ ചെലവഴിപ്പിക്കാതെ നശിപ്പിക്കുകയാണല്ലോയെന്ന ദു:ഖം കലശലായുണ്ട്‌.

    ReplyDelete
  2. Arsha...nalla post.... ellam kunjungalumayi bandhappetta karyangal anu Arsha post cheyyunnathu. Kochukuttikal ulla parents sradhikkenda orupadu karyangal ithil paranjitundu.. innathe kochukuttikal game inganeyulla karyangalkkadimappedukayanu.. ellathinum oru paridhi vakkunnathu nannanu

    ReplyDelete
    Replies
    1. ഈ മംഗ്ളീഷ്‌ വളരെ ആരോചകം ആണ്.അല്പം ശ്രമിച്ചാൽ നന്നായി മലയാളം ടൈപ് ചെയ്യാം.പ്ളേ സ്റ്റോറിൽ നിന്ന് മംഗ്ളീഷ്‌ എന്നൊരു ആപ് ഇൻസ്റ്റാൾ ചെയ്താൽ മാത്രം മതി.

      Delete
    2. google chrome ഇൻസ്റ്റാൾ ചെയ്താൽ മലയാളക്രമീകരണത്തിലൂടെ മലയാളം കിട്ടും.ഞാനങ്ങനെയാണുച്ചെയ്യുന്നത്.
      ആശംസകൾ

      Delete
  3. എന്റെ മക്കൾ ജോലി കിട്ടിയ ശേഷം അവരവർ തനിയെ വാങ്ങിച്ചുപയോഗിക്കുന്നു..അതുവരെ ഞങ്ങൾ ഇതൊന്നും വാങ്ങികൊടുത്തില്ല. ഒരു ബ്ലാക്ക് & white tv.. അത് അച്ഛന് news കാണാനുള്ള ഉപകരണം ആയിരുന്നു. എനിക്ക് പണ്ടേ tv യിൽ താല്പര്യം കുറവായിരുന്നു. അച്ഛനെയും മക്കളെയും നോക്കുന്ന ജോലിതന്നെ തീരാത്ത അവസ്ഥയായിരുന്നു.. മക്കൾ +2ആയപ്പോൾ tv color ആക്കി... എന്റെ മോൾക്ക്‌ പഠിത്തത്തിൽ മാത്രമായിരുന്നു താല്പര്യം. മോൻ അങ്ങനെ ആയിരുന്നില്ല.. പക്ഷേ അച്ഛനെ നല്ല പേടിയായിരുന്നു.. പലതും എന്നോട് പറയുമ്പോൾ ഞാൻ പറയും അച്ഛനോട് ചോദിച്ച് വാങ്ങിക്കോളാൻ. അതിന് അവൻ മുതിരാറില്ല... ഇന്ന് രണ്ടുപേരും മൊബൈൽ മാറിവരുന്നതിനനുസരിച്ചു ഞങ്ങൾക്ക് വാങ്ങിത്തരുന്നു.. വീട്ടിൽ ഹോം തീയറ്റർ ഒരുക്കിത്തരുന്നു... IT പ്രഫഷണൽസ് ആണ് രണ്ടുപേരും. ജീവിതം സ്വസ്ഥം.. സമാധാനം മക്കൾ നമ്മുടെ നിയന്ത്രണത്തിൽ ആയിക്കിട്ടിയാൽ. നല്ല ലേഖനം.

    ReplyDelete
  4. ആർഷ, വളരെ നല്ല കുറിപ്പ്.. ലിങ്ക് ഷെയർ ചെയ്യുന്നു.

    ReplyDelete
  5. Sheelamulla kaazchakalum ...!!!
    .
    Manoharam, Ashamsakal....!!!

    ReplyDelete
  6. പഠനാർഹമായക്കുറിപ്പു്... ആശംസകൾ

    ReplyDelete
  7. നമ്മെക്കണ്ടിട്ടാണല്ലോ മക്കൾ പഠിക്കുന്നത്. കുട്ടികൾക്ക് നാം റോൾമോഡൽ ആവുക എന്നതാണ് പ്രധാനം . കാലികപ്രസക്തിയുള്ള ലേഖനം . ആശംസകൾ

    ReplyDelete
  8. 'ആദ്യം അവനവൻ നന്നാവണം എന്നിട്ടു സ്വയം നന്നായാൽ മതി' എന്ന സിനിമ ഡയലോഗ് ആണ് ഓർമവന്നത്. അച്ഛനുമമ്മയും മൊബൈലിൽ കളിക്കുമ്പോൾ കുട്ടികളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ലല്ലോ.. ഞാനും വ്യത്യസ്തനാണ് എന്നല്ല... 'അമ്പുകൊള്ളാത്തവരില്ല കുരുക്കളിൽ' എന്നാണ് അവസ്ഥ.

    ReplyDelete
    Replies
    1. സത്യമാണ്.ഇതാണ് ഇന്നത്തെ അവസ്ഥ.

      Delete
  9. വളരെ നല്ല പോസ്റ്റ്.പക്ഷെ ഇത് നടപ്പാക്കാൻ ഒത്തിരി മെനക്കേടണം.

    ReplyDelete
  10. അമ്മയുടെ മരണം , നീട്ടി വെച്ച ചികിത്സ മുതൽ കാരണങ്ങളാൽ  രണ്ട് മാസമായി ബൂലോകത്ത് എത്തി നോക്കാറില്ലായിരുന്നു ...
    2012 ലണ്ടൻ ഒളിമ്പിക്സ് സമയത്തെ ചാരപ്പണി വേളകളിലാണ് ഇതിന് മുമ്പ് ഞാനൊരു മൂന്ന് മാസത്തെ ബ്ലോഗ് ബ്രെയ്ക്ക് എടുത്തിരുന്നത് ...!
    ഇന്ന് മുതൽ  ഈ മൂഷിക പുത്രൻ വീണ്ടും ബൂലോഗ മല പിന്നേയും ചുരുണ്ടു തുടങ്ങുവാൻ തുടങ്ങുകയാണ് കേട്ടോ കൂട്ടരെ

    ReplyDelete
  11. ഇതിലൊന്നും വലിയ കമ്പമില്ലാത്ത ആളാണ് എന്റെ മോൾ.. നന്നായി വായിക്കും.. പുസ്തകമാണ് സുഹൃത്ത്.. ആഴ്ചയിൽ രണ്ട് ദിവസം പ്ളേ ഡേറ്റ് ആണ്.. കൂട്ടുകാരുടെ കൂടെ 7 30 വരെ കളിയാണ്.. പരീക്ഷകൾക്ക് അത്യാവശ്യം മാർക്കുണ്ട്.പക്ഷെ anxiety ഒരല്പം കൂടുതലാണ്.. അതിന് mindful യോഗ പ്രാക്ടീസ് ചെയ്യുന്നു.

    ReplyDelete
  12. ആദ്യമായിട്ടാണ്.
    വളരെ സീരിയസ് ആയ അപ്രോച്ച്.
    എളുപ്പത്തിന് തരം തിരിച് എഴുതി.
    ഒരു ബുദ്ധിമുട്ടുമില്ലാതെ ആശയം മനസിലെത്തും.വലിച്ചുനീട്ടലില്ല.
    ഇഷ്ടപ്പെട്ടു ട്ടാ.ഫോളോ ചെയ്യുന്നുണ്ട്

    ReplyDelete
  13. തങ്കപ്പേട്ടൻ പറഞ്ഞപോലെ പഠനാർഹമായക്കുറിപ്പുകൾ തന്നെ 

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)