വായിച്ചാലും വളരും വായിച്ചില്ലേലും വളരും..
പക്ഷേ,
വായിച്ചാല്‍ വിളയും വായിച്ചില്ലേല്‍ വളയും! - കുഞ്ഞുണ്ണിമാഷിന്‍റെ ഈ വരികളോര്‍ത്തുകൊണ്ട് നമുക്കിത്തവണ തുടങ്ങാം. കുഞ്ഞുങ്ങളില്‍ എങ്ങനെയാണു വായനശീലം വളര്‍ത്തിയെടുക്കേണ്ടത് എന്ന് പലരും ചോദിക്കാറുണ്ട് - പ്രത്യേകിച്ചും ദൃശ്യ,ശ്രവ്യ മാദ്ധ്യമങ്ങളുടെ അതിഭീകരമായ കടന്നുകയറ്റം ഉള്ള ഈ സമയത്ത്. ഓരോ വീട്ടിലേയും ഓരോ കുടുംബാംഗങ്ങത്തിന്‍റെയും സ്വകാര്യഇടങ്ങളിലേക്ക് കടന്നെത്തുന്ന മൊബൈല്‍ കൂടിയാകുമ്പോള്‍ കുഞ്ഞുങ്ങളെ എങ്ങനെ ഇന്റര്‍ആക്ടിവ് അല്ലാത്ത ഒരു മാദ്ധ്യമത്തില്‍ പിടിച്ചിരിത്തും എന്നതൊരു ചോദ്യം തന്നെയാണ്. പക്ഷേ, കുഞ്ഞുങ്ങളില്‍ എന്നല്ല എല്ലാവരിലും തന്നെ അറിയാനുള്ള കൌതുകം, സങ്കല്‍പ്പിക്കാനുള്ള കഴിവ് ഒക്കെ ഒരുപോലെയാണ്. എല്ലാ കുഞ്ഞുങ്ങളും ജനിക്കുന്നത് ഒരുപോലെയും നമ്മളവരെ പല രീതിയില്‍ പല തലത്തില്‍ ഉള്ളയിടങ്ങളിലേക്ക് തിരിച്ചുവിടുകയുമാണ് ചെയ്യുന്നത് എന്ന് എപ്പോഴും തോന്നാറുണ്ട്. അപ്പോള്‍പ്പിന്നെ എന്തുകൊണ്ടാണ് ചില കുട്ടികള്‍ നന്നായി വായിക്കുകയും ചിലര്‍ വായന വെറുക്കുകയും ചെയ്യുന്നത്? വായനാശീലം എന്ന വാക്കിനെ ഒന്നുകൂടി സൂക്ഷിച്ചുനോക്കിയേ; നിങ്ങള്‍ക്ക് തന്നെ കിട്ടും ആ ഉത്തരം! വായന ഒരു ശീലമാണ് - വായിക്കാനുള്ള കൌതുകം എല്ലാവരിലും ഉള്ളതും, വായനാശീലം നമ്മള്‍ ശീലിച്ച് എടുക്കുന്നതുമാണ്. വീണ്ടും ഒരു പഴംചൊല്ലോര്‍മ്മിക്കുന്നു -"ചൊട്ടയിലെ ശീലം ചുടല വരെ!" '
കുഞ്ഞുങ്ങളുടെ വായനാശീലം വളര്‍ത്താന്‍ ആദ്യം വേണ്ടത് രക്ഷിതാക്കള്‍ കുറച്ചു സമയം അതിനുവേണ്ടി ചിലവഴിക്കാന്‍ തയാറാവുക എന്നതാണ്, അതെന്തിനാണപ്പാ കുഞ്ഞ് വായിക്കുന്നതിന് നമ്മള്‍ സമയം ചിലവഴിക്കുന്നത് എന്ന് ഒരു ചോദ്യം മനസ്സില്‍ വന്നോ? എങ്കില്‍ ആ മുകളിലെ പഴംചൊല്ല് ഒന്നുകൂടി ശരിക്കുനോക്കിക്കോളൂ. 'ചൊട്ടയില്‍' ആണ് നമ്മള്‍ ഈ ശീലം തുടങ്ങേണ്ടത്. അതായത് വായനയുടെ ശീലം തുടങ്ങുന്നതിന് വായന അറിയണമെന്നില്ല എന്ന്! വായന ശീലിപ്പിക്കാന്‍ ഏറ്റവും പറ്റിയ പ്രായം ഏതാണ് എന്നാലോചിച്ചാല്‍ 5 വയസ് എന്നോ 6 വയസ്എന്നോ ആണ് നിങ്ങളുടെ ഉത്തരം എങ്കിലും ആ പഴംചൊല്ലൊന്നും കൂടി ഓര്‍ക്കാന്‍ പറയും ഞാന്‍. ഗര്‍ഭാവസ്ഥയില്‍ ആയിരുന്ന അഭിമന്യു കേട്ട്പഠിച്ച ചക്രവ്യുഹത്തിന്‍റെ കഥ ഒരു മിത്തല്ല എന്ന് ചുരുക്കം. വയറ്റില്‍ കുഞ്ഞുരുവാകുന്ന സമയം മുതല്‍ ഒരു 10 മിനിറ്റ് നമുക്ക് കുഞ്ഞിനായി കേള്‍ക്കാന്‍ പാകത്തില്‍ കഥ പറയുകയോ വായിക്കുകയോ ആകാം. കുഞ്ഞു ജനിച്ചുകഴിഞ്ഞാല്‍ എല്ലാ ദിവസവും പത്തു മിനിറ്റ് കയ്യിലൊരു ബുക്കും പിടിച്ച് അച്ഛനോ അമ്മൂമ്മയോ അപ്പൂപ്പനോ മൂത്ത സഹോദരങ്ങളോ അമ്മയ്ക്ക് പറ്റുമെങ്കില്‍ അമ്മയോ ഇത് ചെയ്യുക. ഒരേ ബുക്ക് തന്നെ വായിച്ചാല്‍ മതി അവര്‍ മാറ്റിപ്പറയും വരെ. പക്ഷേ, ഓര്‍ക്കുക നമ്മളൊരു ശീലം തുടങ്ങുകയാണ് (അല്ല! തുടരുകയാണ്) - സമയാസമയത്ത് പാല് കുടിക്കുംപോലെ, അപ്പിത്തുണി മാറുംപോലെ ഉറങ്ങുംപോലെ, നമ്മളൊരു ചായ കുടിക്കുംപോലെ , പല്ല് തേക്കുംപോലെ ഒരു ശീലം. കുറച്ചുനാളുകള്‍ നമ്മള്‍ ഈ 10 മിനിറ്റ് ചിലവാക്കിയാല്‍ കുഞ്ഞിനുള്ളില്‍ ജീവിതകാലത്തേക്ക് മുഴുവനായി പതിയുന്ന ഒരു ശീലം തുടങ്ങുകയായി.
ഓപ്പറേഷന്‍ വായനാശീലം ആദ്യപടി കഴിഞ്ഞു. നിങ്ങള്‍ പോലുമറിയാതെ നിങ്ങളുടെ കുട്ടിയുടെ ജീവിതചര്യയില്‍ നിങ്ങളാ വായനയെ കൂട്ടിക്കലര്‍ത്തിക്കഴിഞ്ഞു. രണ്ടാമത്തെ പടി എന്നത് ഒരേ ചിത്രപുസ്തകം തന്നെ ആവര്‍ത്തിച്ചാവര്‍ത്തിച്ചു വായിക്കുമ്പോള്‍ അതിലേക്ക് എങ്ങനെ കൂടുതല്‍ വാക്കുകള്‍ കൊണ്ടുവരാം എന്നതാണ്. രണ്ടു വയസുകാരി വാക്കുകള്‍ കൊഞ്ചിപ്പറഞ്ഞു തുടങ്ങുന്ന സമയമാകും, കേള്‍ക്കുന്നവയെല്ലാം ഒപ്പിയെടുക്കാന്‍ ശ്രമിക്കും. അമ്മയും കുഞ്ഞുമുള്ള ഒരു ചിത്രത്തില്‍ നിന്ന് അമ്മ, ബേബി,വാവ,പാല്‍, ചാച്ചാം, മുടി കണ്ണ് അങ്ങനെയങ്ങനെ വാക്കുകള്‍ പതുക്കെ പതുക്കെ കൂട്ടിച്ചേര്‍ക്കുക... ഓര്‍ക്കുക - ആവര്‍ത്തനം ആണ് നമ്മുടെ താക്കോല്‍. നമ്മുടെ കുട്ടിക്കാലം ഓര്‍ത്തുനോക്കൂ, ആവര്‍ത്തിച്ചു വായിച്ചിരുന്ന ബാലരമകള്‍, ടിന്‍ടിന്‍, അമര്‍ ചിത്രകഥ ..നമുക്ക് മടുത്തിരുന്നോ? ഇല്ല എന്ന് തന്നെയാകും 90 ശതമാനം ആളുകളുടെയും ഉത്തരം. ചിത്രങ്ങളില്‍ക്കൂടി കഥകളില്‍ക്കൂടി കടന്നുപോകുന്ന കുഞ്ഞുങ്ങളുടെ പദസമ്പത്ത് വളരെ വലുതായിരിക്കും. ഇവിടെ പല ലൈബ്രറികളിലും 6 മാസം മുതലുള്ള കുഞ്ഞുങ്ങളുടെ വായനക്കൂട്ടങ്ങളുണ്ട്. കുഞ്ഞുങ്ങളെയും കൊണ്ട് ലൈബ്രറിയിലേക്ക് ആ സമയത്ത് ചെന്നാല്‍ മതി. അവിടെ ഒരാള്‍ കഥ വായിക്കുന്നുണ്ടാകും - ഒരേ പ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ക്കായി ഉള്ള ഇത്തരം കൂട്ടായ്മകള്‍ നമുക്ക് നാട്ടിലും പരീക്ഷിക്കാവുന്നതേയുള്ളൂ -അംഗനവാടികള്‍ക്കും മുന്‍പൊരു കുട്ടിക്കൂട്ടം.
അടുത്ത ഘട്ടത്തിലാണ് ശരിക്കും നമ്മളവരെക്കൊണ്ട് വായിക്കാന്‍ ശ്രമിപ്പിക്കുന്നത്. ഒരു മൂന്നു - നാല് വയസ് പ്രായമുള്ള കുഞ്ഞുങ്ങള്‍. ഓരോ കുഞ്ഞുങ്ങളും വായിക്കുന്നതും സംസാരിച്ചു തുടങ്ങുന്നതും ഒക്കെ വ്യത്യസ്തമായിട്ടായിരിക്കും. എങ്കില്‍ക്കൂടി 3 മുതല്‍ 4.5 വയസുവരെയുള്ള സമയത്തിനിടയില്‍ കുഞ്ഞുങ്ങള്‍ പൊതുവേ കൂടുതല്‍ വാക്കുകള്‍ പറയാനും ആവര്‍ത്തിച്ച് കാണുന്നവ തിരിച്ചറിഞ്ഞു റീപ്രൊഡ്യുസ് ചെയ്യാനും ശ്രമിക്കും. ചില കുട്ടികളെ കണ്ടിട്ടില്ലേ മൂന്നു വയസില്‍ തന്നെ ഒരു ചിത്രകഥ അങ്ങനെ കാണാപാഠം പറയുന്നുണ്ടാകും. അതില്‍ തെറ്റൊന്നുമില്ല - വായിക്കാന്‍ അറിയില്ലെങ്കിലും അവര്‍ കണ്ടു പരിചയമുള്ളതിനെ തിരിച്ചറിഞ്ഞു പറയാന്‍ ശ്രമിക്കുന്നതാണ്. ഒരു സുഹൃത്തിന്‍റെ മകള്‍ ചെറുപ്പത്തില്‍ എന്നും സിന്‍ട്രല്ലയുടെ ചിത്രകഥ വായിച്ചുകേള്‍ക്കാന്‍ വാശിപിടിക്കുമായിരുന്നു. മൂന്നു മൂന്നര വയസായപ്പോള്‍ മുതല്‍ അവള്‍ തനിയെ ആ ബുക്കെടുത്തുവെച്ച് വള്ളിപുള്ളി വിടാതെ വായിക്കാനും തുടങ്ങി. പിന്നെയാണ് ശ്രദ്ധിച്ചത് ആശാട്ടി അതിലെ ചിത്രം നോക്കിയാണ് ഈ കഥ മുഴുവന്‍ വായിക്കുന്നത്. പേജ് മറിഞ്ഞു പോയാലും ആള്‍ നല്ലസലായിട്ടു വായന തുടരും.
നാലാമത്തെ ഘട്ടത്തില്‍ അവരവരുടെ താല്പര്യം അനുസരിച്ചുള്ള ബുക്കുകള്‍ എത്തിച്ചു കൊടുക്കുക എന്നതാണ്. ചില കുട്ടികള്‍ക്ക് ചിത്രങ്ങള്‍ കൂടുതലുള്ള കഥയാകും ഇഷ്ടം. ചിലര്‍ക്ക് സങ്കല്‍പ്പലോകത്തുള്ള കഥകള്‍ ചിലര്‍ക്ക് ശാസ്ത്രം ചിലര്‍ക്ക് ചരിത്രം. ഇവിടെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന ഒരു കാര്യം വായനാശീലം വളര്‍ത്തിയെടുക്കാന്‍ സ്കൂളുകള്‍ ശ്രമിക്കുന്ന രീതിയാണ്. കിന്റെര്‍ഗാര്ടന്‍ മുതലേ കുഞ്ഞുങ്ങള്‍ക്ക് ക്ലാസില്‍ ഒരു കുഞ്ഞു ലൈബ്രറിയും വായനയ്ക്കായി ഒരു സമയവും ഉണ്ടാകും. പഠനവിഷയങ്ങള്‍ അവര്‍ വായിച്ചു തുടങ്ങുന്നത് വളരെയേറെ കാലം കഴിഞ്ഞാണ്. കഥകളിലൂടെ തുടങ്ങി ഓരോരുത്തര്‍ക്കും ഇഷ്ടമുള്ളതിലേക്ക് എത്തിക്കുന്നതും ഇഷ്ടമില്ലാത്തതാണെങ്കില്‍ കൂടി എല്ലാത്തിന്റെയും ഒരു മിശ്രണം കുട്ടികളുടെ വായനയില്‍ എത്തിക്കുന്നതിന്റെയും ക്രെഡിറ്റ് സ്കൂളുകളിലെ അദ്ധ്യാപകര്‍ക്കും ലൈബ്രറിയനും ഉള്ളതാണ്. സ്വന്തമായി വായിച്ചു തുടങ്ങുന്ന കുട്ടികളിലും ഓരോരുത്തരുടെ ശൈലിയും, നിലവാരവും ഓരോ തരത്തിലാകും. സ്കൂളുകളില്‍ കുട്ടികള്‍ക്ക് വായനയുടെ ഒരു അളവുകോല്‍ ഉണ്ട്. ഓരോ മൂന്നുമാസത്തിലും ഒരു കുട്ടിയുടെ വായനയുടെ നിലവാരം എങ്ങനെയാണെന്ന് നോക്കുകയും അവര്‍ക്ക് പറ്റിയ രീതിയിലുള്ള പുസ്തകങ്ങള്‍ കൊടുക്കുകയും ചെയ്യും.
ഇതോടൊപ്പം നമ്മള്‍ രക്ഷിതാക്കള്‍ക്ക് ചെയ്യാവുന്ന കാര്യം വായനയെ നന്നായി പ്രോത്സാഹിപ്പിക്കുക എന്നതാണ് - ഇതാണ് അവസാനത്തെയും, അവസാനമില്ലാത്തതുമായ ഘട്ടം. ഇവിടെ ഞങ്ങള്‍ ചെയ്തിരുന്ന ഒരു കാര്യം മകന്‍റെ കിന്റര്‍ഗര്ട്ടന്‍ സമയം മുതല്‍ അവന്‍ വീട്ടിലേക്ക് കൊണ്ടുവന്നു വായിക്കുന്ന ബുക്കുകളുടെ പേരെഴുതി വെക്കാന്‍ തുടങ്ങിയതാണ്. ഒരു വര്ഷം കൊണ്ട് വായിക്കുന്ന ബുക്കുകളുടെ എണ്ണതിനനുസരിച്ച് ഒരു കുഞ്ഞു ഗിഫ്ടും ഉണ്ടാകും ഓരോ വര്‍ഷവും. വര്‍ഷാവസാന കണക്കെടുക്കുമ്പോള്‍ ആ മുഖത്ത് വിരിയുന്ന അഭിമാനച്ചിരി ഉണ്ടല്ലോ -അത് അനിര്‍വചനീയം ആണ്! പിന്നെ സ്കൂളില്‍ നടക്കുന്ന ബുക്ക് ഫെയര്‍, എല്ലാ വര്‍ഷവും പല പ്രാവശ്യങ്ങളിലായി കുറഞ്ഞ വിലയ്ക്ക് ബുക്കുകള്‍ വാങ്ങാന്‍ കിട്ടുന്ന 'സ്കൊളാസ്ടിക്' ബുക്ക്‌മേള, 6 മണിക്കൂര്‍ വായിച്ച ബുക്കുകളുടെ ലിസ്റ്റ് കൊടുത്താല്‍ ഫ്രീ ആയി ടിക്കറ്റ് കിട്ടുന്ന തീം പാര്‍ക്കുകള്‍, വേനല്‍ക്കാല അവധിക്ക് ഓരോ ആഴ്ചയും വായിച്ച ബുക്കിന്‍റെ ലിസ്റ്റ് കൊടുത്താല്‍ സമ്മാനം തരുന്ന ലൈബ്രറികള്‍ എന്നുവേണ്ട ഈ രാജ്യത്തില്‍ വായനയെ പരിപോഷിപ്പിക്കാനുള്ള ശ്രമങ്ങള്‍ കാണുമ്പോള്‍ സത്യത്തില്‍ അതിശയം തോന്നും. കുട്ടികള്‍ക്ക് വേണ്ടിയുള്ള ലൈബ്രറിസെക്ഷന്‍ കാണുമ്പോള്‍ തോന്നുന്നതും മറ്റൊന്നല്ല. സാഹചര്യം കിട്ടുമ്പോഴൊക്കെ കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ സമ്മാനമായി കൊടുക്കുന്നതും വായന വളര്‍ത്തും. കുഞ്ഞുങ്ങളുടെ പ്രായത്തിന് അല്ലെങ്കില്‍ അഭിരുചിക്ക് അനുസരിച്ച് ആകണം സമ്മാനമെന്ന് മാത്രം. ഇവിടെ മകന് നോണ്‍-ഫിക്ഷന്‍ ബുക്കുകളാണ് അധികം പ്രിയം. അതുകൊണ്ട് തന്നെ ഇത്തവണ ക്രിസ്ത്മസ് സമ്മാനലിസ്റ്റില്‍ രണ്ടാമതായി ആ ആവശ്യം കണ്ടപ്പോള്‍ അത് തന്നെ മതിയെന്ന് ഉറപ്പിച്ചു.
ഇത്രയുമൊക്കെ ചെയ്തത് കൊണ്ട് ഒരാള്‍ വായനയെ ഇഷ്ടപ്പെടുമെന്ന് ഉറപ്പ് പറയാന്‍ ആകില്ല - എന്നാല്‍ 90 ശതമാനവും ഈ ശീലം തുടരുന്നതായും വായനയുടെ ലഹരി ആസ്വദിക്കുന്നതായുമാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ടെക്നോളജിയെ മാറ്റി നിര്‍ത്തി ചിന്തിക്കുകയും വേണ്ട, ഇവിടെ കുഞ്ഞുങ്ങള്‍ക്ക് സ്കൂളുകളില്‍ ക്രോംബുക്കും ഐപാഡും പോലെയുള്ളവ വളരെ ചെറുപ്പത്തിലേ ലഭ്യമാകുമ്പോള്‍ ഡിജിറ്റല്‍ വായനയും അവര്‍ ശീലിക്കുന്നു. മൊബൈലുകള്‍ കൊടുക്കും മുന്‍പ് കുഞ്ഞുങ്ങള്‍ക്ക് ഒരു ബുക്ക് കൊടുത്തു നോക്കാം... അല്ലെങ്കില്‍ മൊബൈലിലെ ഗെയിം കൊടുക്കും മുന്‍പ് ഒരുകുട്ടിക്കഥ കാണിച്ചുകൊടുക്കാം! അതൊരു ശീലമായി മാറിയാല്‍ നമ്മളാരും പറയാതെ തന്നെ അവരത് തുടര്‍ന്നോളും.
എല്ലാ കുഞ്ഞുമക്കള്‍ക്കും ഹാപ്പി റീഡിങ്ങ് എല്ലാ രക്ഷകര്‍ത്താക്കള്‍ക്കും ഹാപ്പി പേരെന്റിംഗ് പറഞ്ഞുകൊണ്ട് American mom signing off from this month
very useful.. Thank you
ReplyDeleteReading is very important to all!
ReplyDeleteGreat to know about the activities that do to encourage reading.
Thanks for sharing this.
Keep sharing.
Philip Ariel
എന്റെ പിതാവിൽ നിന്നും ലഭിച്ച മാർഗ്ഗ നിർദ്ദേശം പാലിച്ച് ഞാൻ വീട്ടിൽ ഒരു ലൈബ്രറി തന്നെ ഒരുക്കിയിട്ടുണ്ട്. കുട്ടികൾ വായിക്കാൻ വരാറുണ്ട്.
ReplyDeleteമാതാപിതാക്കൾ വായിക്കേണ്ട പോസ്റ്റ്
ReplyDeleteഞാൻ വായിച്ചു കൊടുത്തിരുന്നു ആർഷാ.. അത് പോലെ തന്നെ ബുക്കുകളും പേപ്പറുകളും കൊടുക്കുമായിരുന്നു. കീറുമെങ്കിലും, പിന്നീട് അവരത് എന്നെ അനുകരിച്ചു പേജുകൾ മറിച്ചു കൊണ്ടിരിക്കും... രണ്ടുപേരെയും അങ്ങിനെയാണ് പുസ്തകങ്ങളും വായനയുമായി അടുപ്പിച്ചത്.നല്ല പോസ്റ്റ്!
ReplyDeleteനല്ല പോസ്റ്റ് ആർഷ . മുതിർന്നവരും കുട്ടികളും ഒരുപോലെ ശീലിക്കേണ്ടത് . ഇടസമയത്ത് കുട്ടികൾ വായനയിൽ നിന്നകന്നു ഗെയിം ഒക്കെയായ ഒരു സമയം ഉണ്ടായിരുന്നു. ഇപ്പോൾ മിക്ക സ്കൂളുകളിലും നല്ല ലൈബ്രറി പിന്നെ വായനാവാരം അങ്ങനെ ഇന്നത്തെ കുട്ടികളിൽ നല്ല വായനാശീലം വളർത്തിക്കൊണ്ടുവരുന്നുണ്ട്.
ReplyDeleteഇത്രയുമൊക്കെ ചെയ്തത് കൊണ്ട് ഒരാള്‍ വായനയെ ഇഷ്ടപ്പെടുമെന്ന് ഉറപ്പ് പറയാന്‍ ആകില്ല - എന്നാല്‍ 90 ശതമാനവും ഈ ശീലം തുടരുന്നതായും വായനയുടെ ലഹരി ആസ്വദിക്കുന്നതായുമാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ടെക്നോളജിയെ മാറ്റി നിര്‍ത്തി ചിന്തിക്കുകയും വേണ്ട, ഇവിടെ കുഞ്ഞുങ്ങള്‍ക്ക് സ്കൂളുകളില്‍ ക്രോംബുക്കും ഐപാഡും പോലെയുള്ളവ വളരെ ചെറുപ്പത്തിലേ ലഭ്യമാകുമ്പോള്‍ ഡിജിറ്റല്‍ വായനയും അവര്‍ ശീലിക്കുന്നു. മൊബൈലുകള്‍ കൊടുക്കും മുന്‍പ് കുഞ്ഞുങ്ങള്‍ക്ക് ഒരു ബുക്ക് കൊടുത്തു നോക്കാം... അല്ലെങ്കില്‍ മൊബൈലിലെ ഗെയിം കൊടുക്കും മുന്‍പ് ഒരുകുട്ടിക്കഥ കാണിച്ചുകൊടുക്കാം! അതൊരു ശീലമായി മാറിയാല്‍ നമ്മളാരും പറയാതെ തന്നെ അവരത് തുടര്‍ന്നോളും.
ReplyDeleteആദ്യ ഘട്ടങ്ങൾ തരണം ചെയ്ത് കഴിഞ്ഞു.
ReplyDelete-- വായന എന്നത് ഒരു ആശയ വിനിമയ മാർഗ്ഗമാണ് (input method). ഇതിന്റെ output method ആയി എഴുത്തിനെ പരിഗണിക്കാം. അക്ഷരങ്ങൾ ഉപയോഗിച്ചാണ് ഇവിടെ ആശയവിനിമയം സാദ്ധ്യമാകുന്നത്. Introverted ആകുംതോറും മറ്റ് മാധ്യമങ്ങളേക്കാൾ വായനയോടും എഴുത്തിനോടുമുള്ള താല്പര്യം കൂടിവരും. രചനകൾ നടത്തുവാൻ എഴുത്തുകാർ ഏകാന്തതയും ഏകാഗ്രതയും ഉള്ളയിടങ്ങൾ തേടിപ്പോകാറുള്ളത് നമുക്കറിയാം.
ReplyDelete-- വായന-എഴുത്ത് എന്നതിന്റെ തൊട്ടടുത്ത പടിയാണ് ചിത്രങ്ങൾ കാണുന്നതും ചിത്രം വരയ്ക്കുന്നതും. സ്റ്റിൽ ഫോട്ടോഗ്രാഫിയെയും ഇതിൽ പെടുത്താം.
പുസ്തകങ്ങളിലും ലേഖനങ്ങളിലും ചിത്രങ്ങൾ കൂടെ ഉൾപ്പെടുത്തിയാൽ അത് കൂടുതൽ interactive ആയിരിക്കും.
-- കേഴ്വിയും സംസാരവും ഉൾപ്പെടുന്നതാണ് അടുത്ത പടി. റേഡിയോ, ടെലിഫോൺ എന്നിവ ഉദാഹരണം. കേഴ്വിയും സംസാരവും ഉൾപ്പെടുന്നതാണ് അടുത്ത പടി. റേഡിയോ, ടെലിഫോൺ എന്നിവ ഉദാഹരണം.
-- ടെലിവിഷൻ കാണുമ്പോൾ കണ്ണും ചെവിയും പ്രവർത്തിക്കുന്നു.
-- എന്നാൽ ഒരാളോട് സംസാരിക്കുകയോ ഒരു സംഭവത്തിൽ ഇടപെടുകയോ ചെയ്യുമ്പോൾ നമ്മുടെ കണ്ണും ചെവിയും നാവും പ്രവർത്തിക്കുന്നു. വിഡിയോ ചാറ്റിങ്ങ് പോലുള്ള ആധുനിക സങ്കേതങ്ങളിലും ഇതുതന്നെ സംഭവിക്കുന്നു.
.......ഒരാളുടെ അന്തരാത്മാവിനെ സ്പർശിക്കാൻ ഏറ്റവും ഉചിതമായ തലം introvertedഉം അതിന് യോജിച്ച മാധ്യമം ഇതര മാധ്യമങ്ങളെ അപേക്ഷിച്ച് എഴുത്ത്-വായനയും ആണെന്ന് കാണാം. അതായത് വാനയോടുള്ള കമ്പം ചിലരിൽ സ്വാഭാവികമായിത്തന്നെ ഉണ്ടായിരിക്കും. എന്നാലിത് മറ്റുള്ളവരിലും വളർത്തിയെടുക്കേണ്ടത് ആവശ്യമാണ്.
.......വായനാശീലം വളർത്താൻ നല്ല പുസ്തകങ്ങൾ മാസികകൾ ഉപയോഗിക്കാം. ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ച് വ്യത്യസ്ത വിഷയങ്ങൾ തെരഞ്ഞെടുക്കാം. പത്രങ്ങൾ ഉപയോഗിക്കുകയേ അരുത്.
നല്ലതും ഉപകാരപ്രദവുമായ ലേഖനം.. വായിച്ചു തുടങ്ങുന്ന കാലത്ത് 'ടോട്ടോച്ചാൻ' പോലുള്ള പുസ്തകങ്ങൾ കൈയിൽ വെച്ചുതന്ന നല്ല അധ്യാപകരെ നന്ദിയോടെ സ്മരിക്കുന്നു..
ReplyDelete