Monday, December 17, 2018

വിചിത്രം ആഹാരം

ചോറ് കാണുമ്പോള്‍ മുഖം തിരിക്കുകയും ബര്‍ഗര്‍ കാണുമ്പോള്‍ വാ പൊളിക്കുകയും ചെയ്യുന്ന ഒരു കുഞ്ഞിനെ അറിയുന്ന ആളാണോ നിങ്ങള്‍? അല്ലെങ്കില്‍ എവിടേക്ക് പോയാലും പോകുന്നിടത്ത് ഉണ്ടായില്ലെങ്കിലോ എന്ന ആശങ്കയില്‍ ദോശ മാവ് അരച്ച് പൊതികെട്ടി കൊണ്ടുപോകുന്നവര്‍? എങ്കില്‍ ഇത്തവണത്തെ വായന നിങ്ങള്‍ക്കുള്ളതാണ്. കുഞ്ഞുങ്ങളിലെ ഭക്ഷണശീലം അതാകട്ടെ നമ്മുടെ ഇത്തവണത്തെ വിഷയം - വിചിത്രവും കൌതുകപരവുമായ പല പല ഭക്ഷണശീലങ്ങള്‍ ഉള്ളവരാണ് കുഞ്ഞുങ്ങള്‍. ഒരു വയസുമുതല്‍ ഏകദേശം 18 വയസു വരെയുമുള്ള കുട്ടികളുടെ മാതാപിതാക്കളെ എടുത്താല്‍ ആഹാരക്കാര്യത്തില്‍ കുഞ്ഞുങ്ങള്‍ക്കുള്ള മടിയെക്കുറിച്ച് ഏതാണ്ടൊരേ ശബ്ദത്തില്‍ പറഞ്ഞേക്കും. കഴിക്കാന്‍ മടിക്കുന്ന ബാല്യം എന്നും അച്ഛനമ്മമാര്‍ക്കൊരു തലവേദന തന്നെയാണ്. എന്നാലോ നൂറില്‍ തൊണ്ണൂറു കുട്ടികള്‍ക്കും വീട്ടുഭക്ഷണത്തേക്കാള്‍ ഇഷ്ടമുള്ള ഒരു 'കടപ്പലഹാരം' ഉണ്ടാകുകയും ചെയ്യും. എന്തുകൊണ്ടാണ് അങ്ങനെ എന്നതൊരു ചോദ്യച്ചിഹ്നം തന്നെയാണേ! മിക്കപ്പോഴും കുട്ടികളിൽ കണ്ടു വരുന്ന ശീലം നേരത്തിന് ഭക്ഷണം കഴിക്കാന്‍ മടി, ജങ്ക് ഫുഡിനോട്‌ അമിതമായ പ്രതിപത്തി, ഏതുനേരവും മധുരത്തിനോട് പ്രിയം എന്നൊക്കെയാണ്. ശീലിപ്പിക്കുന്നതാണ് കുഞ്ഞുങ്ങള്‍ പിന്തുടരുന്നത് എന്ന് പറഞ്ഞുകേള്‍ക്കാറുണ്ടെങ്കിലും അനുഭവത്തില്‍ തോന്നിയിട്ടുള്ളത് കുട്ടികള്‍ക്ക് വിശപ്പുണ്ടെങ്കില്‍ അവരെല്ലാത്തരം ഭക്ഷണവും കഴിക്കുമെന്നാണ്. വേറെ ഭക്ഷണം ലഭിക്കാനുള്ള സൌകര്യവും, വിശപ്പില്ലായ്മയുമാണ് മിക്കവാറും കുട്ടികളെക്കൊണ്ട് 'NO' പറയിക്കുന്ന പ്രധാനഘടകം.

കുട്ടികളും ഭക്ഷണവും എന്ന കാര്യത്തിൽ എനിക്ക് ആ 'സ്വന്തം അനുഭവം' നല്‍കിയ രണ്ടാശാന്മാരുടെ ഭക്ഷണശീലങ്ങള്‍ ഞാന്‍ പറയാം - അതിനോട് ചേര്‍ത്തുവെക്കേണ്ടവ നിങ്ങളും പറയൂ.
എന്‍റെ ഏഴുവയസുകാരനോട് ചോദിച്ചാല്‍ ഏറ്റവും ഇഷ്ടമുള്ള ജങ്ക് ഫുഡ്‌ മാക് & ചീസ് ആണ്ന്ന് പറയും, എന്നാല്‍ അമ്മയുണ്ടാക്കുന്ന ഭക്ഷണത്തില്‍ ദോശയാണ് ഏറ്റവും ഇഷ്ടമെന്ന കാര്യവും കൂടെച്ചേര്‍ക്കും, എനിക്കൊരു ആശ്വാസത്തിന്!. എല്ലാ കുട്ടീസിനെയും പോലെ ' I hate broccoli' ടീമാണ് ആശാനും. ഞാന്‍ ഉണ്ടാക്കുന്നതില്‍ ചപ്പാത്തിയില്‍ മുട്ട ചിക്കിയത് വെച്ചുണ്ടാക്കുന്ന റോള്‍ സ്കൂളില്‍ കൊണ്ടുപോയി കഴിക്കാന്‍ അവനധികമിഷ്ടമല്ല, ഒരിക്കല്‍ ഉപ്പ് കൂടിപ്പോയതാണ് പ്രധാന കാരണം! 

രണ്ട് ദോശക്കുട്ടികള്‍ with പഴംപൊരി



ഏതു പാതിരാത്രിക്കും നട്ടുച്ചക്കും ചീസ് ഉള്ളില്‍ വെച്ച ദോശ കഴിക്കും,പാല്‍ കുറുക്കി 

ഉണ്ടാക്കുന്ന പേട പോലുള്ള മധുരപലഹാരം ആവോളം അകത്താക്കും,ചിക്കനും മീനും ഉണ്ടാക്കുന്ന മണം (അവനിഷ്ടമുള്ള ബേക്ട് രീതിയില്‍) വരുമ്പോള്‍ത്തന്നെ അടുക്കളയില്‍ വന്നു മൂക്കുവിടര്‍ത്തി കൊതിയോടെ ഉള്ളിലേക്കെടുക്കും, പഴംപൊരി അഥവാ ഏത്തക്കാപ്പം ആണ് ഏറ്റവും ഇഷ്ടമുള്ള നാലുമണിപ്പലഹാരം, പിന്നെ ഉണ്ണിയപ്പവും. ഒരു മൂന്നര വയസുമുതല്‍ തന്നെ ഇലയില്‍ വിളമ്പുന്ന സദ്യ ഒരു വീക്നെസ് ആണ് -  ഇലയില്‍ കൊടുത്താല്‍ ഒറ്റക്ക് ചമ്രം പടിഞ്ഞിരുന്ന് അതില്‍ വിളമ്പുന്ന എല്ലാ കറികളും കൂട്ടി നല്ല വെടിപ്പായി ഉണ്ണും, ഇന്നാട്ടില്‍ ഇലയിലെ സദ്യ ഒരു ലക്ഷ്വറി ആയതുകൊണ്ട് വര്‍ഷത്തില്‍ 5-6 തവണയൊക്കെയെ ആശാന് അത് കിട്ടാറുള്ളൂ. 

സദ്യക്കൊതിയന്മാര്‍!


എന്നാല്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും വളരെ രസകരമായ ഒരു 'വിചിത്ര'ശീലം ഭക്ഷണകാര്യത്തില്‍ അവനുള്ളതായി എനിക്ക് തോന്നിയിട്ടുള്ളത് മറ്റൊന്നാണ്. ചോറിന്‍റെ നിറം മാറിയാല്‍ പിന്നെ ആള്‍ അത് കഴിക്കില്ല - ബിരിയാണി, നെയ്ച്ചോര്‍,ഫ്രൈഡ്റൈസ് ഇതൊന്നും ആ ഭാഗത്തേക്ക് അവന്‍ അടുപ്പിക്കാറില്ല!
എന്നാല്‍ നല്ലോണം വെന്ത ചോര്‍ വെറും തൈരും ഉപ്പും കൂട്ടിയോ, പരിപ്പ് കൂട്ടിയോ അല്ലെങ്കില്‍ കഞ്ഞിയായോ ആണെങ്കില്‍ ഏമ്പക്കം വിടുംവരെ കഴിക്കുകയും ചെയ്യും. വലിയ ശല്യമില്ലാത്ത 'വിചിത്ര' ശീലം ആയതുകൊണ്ട് ഞാനതത്ര മൈന്‍ഡ് ചെയ്യാറുമില്ല. ബിരിയാണി ഭ്രാന്തന്മാരായ ഞാനും ഭര്‍ത്താവും എവിടെയെങ്കിലും പോയിട്ട് ഭക്ഷണം കഴിക്കാന്‍ കേറുമ്പോള്‍ 'ഇവനിനി പച്ചച്ചോര്‍ ചോദിക്കണമല്ലോ കര്‍ത്താവേ' എന്ന് വിളിച്ചാണ് കേറുന്നത് എന്നുള്ള ഒരൊറ്റ പ്രശ്നം ഒഴിച്ചാല്‍ ഞങ്ങളും ഹാപ്പി അവനും ഹാപ്പി. 
രണ്ടു വയസുകാരന് ഇഷ്ടവും ഇഷ്ടക്കേടും ഒന്നും കൃത്യമായി തുടങ്ങിയിട്ടില്ലെങ്കിലും കണ്ടിടത്തോളം ആളൊരു 'ഹാപ്പി ഗോ ഫുഡി' ആണ്. മിക്കതും ശ്രമിച്ചുനോക്കാന്‍ ഇഷ്ടം, കഴിച്ച് ഇഷ്ടായാല്‍ വയറു നിറയും വരെ അതേ സാധനം കഴിക്കാന്‍ ഇഷ്ടം - അങ്ങനെ ഭാവിയില്‍ ഞങ്ങള്‍ക്കൊരു മുതല്‍ക്കൂട്ടായി വളരുന്നുണ്ട് അദ്ദേഹം  . മൂത്തയാള്‍ക്ക് ഇപ്പോഴുമെരിവ് അത്ര പഥ്യമല്ല എന്നതിന്‍റെ മൂലകാരണം കുറെയേറെ നാള്‍ - 'വാവയ്ക്ക് എരിയും' എന്ന വര്‍ണ്യത്തില്‍ ആശങ്കയില്‍ ഞാന്‍ കുഴച്ചുകൊടുത്ത തൈരും, നെയ്യും, പരിപ്പുമാണെന്ന തിരിച്ചറിവില്‍ ഇളയ ആളിന് ഒരു ഭക്ഷണത്തിനും 'നോ' പറഞ്ഞില്ല. ഞങ്ങൾ കഴിക്കുമ്പോൾ എന്ത് ചോദിച്ചുവന്നാലും കൊടുത്തു എരിഞ്ഞപ്പോള്‍ അവന്‍ തന്നെ നിര്‍ത്തി - പിന്നെ ചോദിച്ചുകൊണ്ട് വന്നില്ല 🤗😋എരിവിനുമപ്പുറത്തെ കറിക്കൂട്ടുകളുടെ സ്വാദിലേക്ക് അവന്‍ ആസ്വദിക്കാനായി വരുന്നതേയുള്ളൂ, പക്ഷേ എനിക്ക് നല്ല പ്രതീക്ഷയുണ്ട് ഈ ബിരിയാണിയില്‍. 😂


ഇവിടെ സ്കൂളില്‍ നിന്നൊക്കെ എപ്പോഴും ക്ലാസ് നോട്ടീസ് വരും - നട്സ് അലര്‍ജി ഉള്ള കുഞ്ഞുങ്ങളുണ്ട്, അതുകൊണ്ട് ഒരുതരത്തിലുള്ള നട്ട് വിഭവങ്ങളും കൊടുത്തയക്കരുത് എന്ന്. സ്കൂളിലേക്ക് എല്ലാവര്‍ക്കും വേണ്ടി കൊടുത്തു വിടുന്ന സ്നാക്കൊക്കെ നോക്കി വെക്കണം,പിന്നെ കുഞ്ഞനെഓര്‍മ്മിപ്പിക്കണം ഉച്ചക്ക് അവന്‍റെ ബോക്സിലുള്ള ആഹാരം ഷെയര്‍ ചെയ്യരുത് എന്നൊക്കെ. പക്ഷേ, അടുത്ത ഒരു സുഹൃത്തിന്‍റെ മകന് ഉള്ള ബദാമിന്റെ അലര്‍ജി എഫെക്ട്സ് നേരില്‍ക്കാണും വരെ എനിക്ക് ആക്കാര്യം വലിയ ഗൗരവമുള്ളതായി തോന്നിയിരുന്നില്ല. അമ്പലത്തില്‍ വെച്ചുകഴിച്ച മധുരപലഹാരത്തില്‍ ബദാമിന്റെ ഒരംശം ഉണ്ടായിരുന്നു എന്ന കാരണത്താല്‍ മിനിട്ടുകള്‍ക്കുള്ളില്‍ മുഖം മുഴുവന്‍ നീരുവന്നതുപോലെ വീങ്ങി, ശ്വാസം കിട്ടാതെ ബുദ്ധിമുട്ടിയ കുഞ്ഞിനെക്കണ്ടപ്പോള്‍ ആണ് അതിന്‍റെ അപകടകരമായ വശം മനസിലായത്. ഇപ്പോള്‍ എവിടെപ്പോകുമ്പോഴും അലര്‍ജിയ്ക്കുള്ള ഇന്‍ജെക്ഷന്‍ കയ്യില്‍ വെച്ചാണ്‌ അവര്‍ നടക്കുക. കടല/കപ്പലണ്ടി/കശുവണ്ടി/ബദാം അലര്‍ജി ഇവിടെ  കുട്ടികളില്‍ വളരെ സാധാരണയാണ്. ലാക്ടോസ് ഇന്ടോളരന്‍സ് അഥവാ പാലോ പാലുത്പ്പന്നങ്ങളോ കൊണ്ടുള്ള അസ്വസ്ഥതയാണ് മറ്റൊരു വില്ലന്‍. കേക്കും ബിസ്കറ്റും ബ്രെഡുമൊക്കെ മുഖ്യ ഭക്ഷണമായിക്കിട്ടുന്ന നാട്ടില്‍  മുട്ടയുടെ മഞ്ഞക്കുരു കഴിച്ചാല്‍ ചൊറിഞ്ഞു തടിക്കുന്ന കുട്ടികളുടെ കാര്യം ആലോചിച്ചുനോക്കിയേ. ചെറിയ കുട്ടികള്‍ക്ക് ഭക്ഷണം കൊടുത്തു തുടങ്ങുമ്പോള്‍ എപ്പോഴും ഓരോരോ രുചിയായി കൊടുക്കണം എന്ന് നമ്മുടെ കാര്‍ന്നോന്മാര്‍ പറഞ്ഞുവെച്ചേക്കുന്നതും മറ്റൊന്നല്ല. ഒന്നിൽക്കൂടുതല്‍ പുതിയ സാധനങ്ങള്‍ ഒരേസമയം കൊടുത്താല്‍ കുട്ടിക്ക് എന്തിന്‍റെ അലര്‍ജിയാണ് ഉണ്ടായത് എന്ന് കണ്ടുപിടിക്കാന്‍ പ്രയാസം ആകും. ആദ്യമായി കട്ടിയാഹാരം കഴിച്ചുതുടങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക് എപ്പോഴും പുതിയ ആഹാരരുചികള്‍  രണ്ടു ദിവസത്തെ വ്യത്യാസത്തില്‍ വേണം കൊടുത്തു നോക്കാന്‍. ഒരേ രുചി കുഞ്ഞിലേക്ക് രേജിസ്റെര്‍ ചെയ്യാനും, കുഞ്ഞിന് ഏതെങ്കിലും തരത്തിലുള്ള അലെര്‍ജി ഉണ്ടെങ്കില്‍ മനസ്സിലാക്കാനും അത് തന്നെയാണ് ഏറ്റവും നല്ല വഴി. 

ഇഷ്ടമല്ലാത്ത ഭക്ഷണങ്ങള്‍ പോലും കുഞ്ഞുങ്ങള്‍ക്ക് ശീലമാക്കാനുള്ള എളുപ്പവഴി ചെറിയ അളവില്‍ ആണെങ്കില്‍ പോലും അത് ഒരു നോര്‍മല്‍ റുട്ടീന്‍ ആക്കുക എന്നതാണ്. കുറച്ചൊക്കെ കാര്യങ്ങള്‍ മനസിലാക്കാന്‍ ആയ കുട്ടി ആണെങ്കില്‍ ആ ഭക്ഷണത്തിന്‍റെ ഗുണഗണങ്ങള്‍ പറഞ്ഞുകൊടുക്കുന്നതും ഏതൊക്കെ രീതിയില്‍ അത് കുട്ടിയെ സ്മാര്‍ട്ട്‌ & സ്ട്രോങ്ങ്‌ ആകാന്‍ സഹായിക്കും എന്നുമൊക്കെ കഥകള്‍ പറയാം. ഒരു ഭക്ഷണവും കൂടുതലായി നിര്‍ബന്ധിച്ചുകഴിപ്പിക്കരുത് എന്നത് പ്രത്യേകം ഓര്‍ക്കുക. നമുക്ക് ഇഷ്ടങ്ങള്‍ / അനിഷ്ടങ്ങള്‍ ഉള്ളതുപോലെ കുഞ്ഞുങ്ങള്‍ക്കും ഉണ്ടാകും. മൂന്നു നേരം ഭക്ഷണം അടിച്ചു കഴിപ്പിക്കണമെന്ന ചിന്തയിലും ഫലവത്താകുക വിശപ്പ്‌ എന്നത് അറിഞ്ഞ് കുഞ്ഞ് സ്വാദോടെ ഭക്ഷണം കഴിക്കുന്നത് ആകും ( ആറു മാസത്തില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ കാര്യത്തില്‍ വിശപ്പ് അറിയാന്‍ ആകണമെന്നില്ല - കട്ടിയാഹാരം കഴിക്കുന്ന പ്രായത്തിലുള്ള  കുഞ്ഞുങ്ങളുടെ കാര്യമാണ് ആഹാരകാര്യത്തില്‍ നിര്‍ബന്ധിക്കരുത് എന്നുള്ളത്). ഒരു നേരം ഭക്ഷണം കഴിച്ചില്ലെങ്കില്‍ ഒന്നും സംഭവിക്കില്ല എന്നുള്ളത്  അമ്മമാര്‍ക്ക് പൊതുവേ അന്ഗീകരിക്കാന്‍ മടിയുള്ള കാര്യമാണ് - പക്ഷേ, ഉള്ളിലേക്ക് എടുത്ത ഊര്‍ജ്ജം ശരീരം ചിലവാക്കുന്നില്ല എങ്കില്‍ കുഞ്ഞുങ്ങള്‍ക്ക് വിശപ്പുണ്ടാകില്ല എന്നുള്ളതും, റിസര്‍വ് ചെയ്തു വെച്ചിരിക്കുന്ന കൊഴുപ്പ് അവരുടെ ഊര്‍ജ്ജത്തിന്‍റെ ബാറ്ററി ആയി പ്രവര്‍ത്തിക്കും എന്നും നാമറിയണം. അപ്പോള്‍ ചെയ്യാനാകുക കുട്ടികളില്‍ നല്ല ഭക്ഷണശീലം വളര്‍ത്താന്‍ അവരെ കായികമായി അദ്ധ്വാനം ചെയ്യിക്കാന്‍ കൂടി നമ്മള്‍ ഓര്‍ക്കുക. ഭക്ഷണത്തിന്‍റെ മൂല്യം അറിയിക്കുക എന്നത് കുട്ടികളില്‍ ആഹാരം പാഴാക്കിക്കളയുന്ന ശീലമില്ലാതെ ആക്കാനും സഹായിക്കും. 

നിങ്ങള്‍ക്കറിയാവുന്ന ആഹാരശീലങ്ങളും അലര്‍ജി വിവരങ്ങള്‍, ഒഴിവാക്കേണ്ട ഭക്ഷണരീതികള്‍ / ഭക്ഷണശീലങ്ങളും ഒക്കെ ഞങ്ങളേയും അറിയിക്കുമല്ലോ? 'അമേരിക്കന്‍ മോ'മില്‍ക്കൂടി നിങ്ങള്‍ വായിക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ കൂടി അറിയിച്ചാല്‍ സന്തോഷം. Contact: Aarsha@gmail.com or  Editor@poppees.com 

                                                                    (OurKids September 2018)

11 comments:

  1. വിചിത്രം ആഹാരം
    ആർഷാ, നല്ല തലക്കെട്ടു തന്നെ! വിചിത്രം ഈ ആഹാരം! കുട്ടികളുടെ വിവിധ നിലയിലുള്ള ആഹാര രീതികൾ തികച്ചും രസകരം തന്നെ ചിലപ്പോൾ അത് പഴയ തലമുറക്ക്‌ വിചിത്രമായി തോñനാം അതിൽ രണ്ട് കൂട്ടരേയും കുറ്റം പറഞിട്ടു കാര്യവുമില്ല . ടൈപ്പോസ് ഉണ്ട്‌ ഫോണിൽ ആണ് .
    എന്തായാലും മൂന്ന് ഉണ്ണിക്കുട്ടന്മാരുടെ ആഹാരക്കഥ വായിക്കാൻ രസമുണ്ടായിരുന്നു കേട്ടൊ.
    എനിക്കും ഉണ്ട്‌ അതുപോലെ രണ്ടു പേർ മൂത്തയാൾ ഇപ്പോൾ വിവാഹിതൻ, ചെറുപ്പത്തിലേ എന്തും കഴിക്കുമായിരുന്നു. രണ്ടാമൻ (ഇരുവരും തമ്മിൽ 11 വയസ്സ് വ്യതാസം ) അൽപ്പം പിടിവാശിക്കാരൻ ചിലതിൽ .
    Kids pics are really cool. Sweet ones. May God bless them.
    എന്റെ ബ്ലോഗിലും വരുമല്ലോ അല്ലെ?
    Newsandviewsforyou.com
    Thanks
    ~ Philip

    ReplyDelete
  2. അവിടങ്ങളിലൊക്കെ "ഇലയിലെ സദ്യ" ഒരു ലക്ഷ്വറിയാണല്ലേ. ഇവിടെയും അങ്ങനെയായി തുടങ്ങി. നാട്ടിലെ കല്യാണത്തിന് പോകുന്നില്ലേ എന്നുചോദിച്ചപ്പോ പഴയതലമുറയിലെ ഒരു കാരണവർ പറയുവാ.. "കടലാസ് പി്ഞാണവും പിടിച്ചുള്ള തെണ്ടിതീറ്റക്കല്ലേ.... ഞാനില്ല."

    ReplyDelete
  3. ഭാവിയിലേയ്ക്ക് ഉപകാരപ്പെട്ടേക്കും 😁😄

    ReplyDelete
  4. കാലത്തിനനുസരിച്ച് കുട്ടികൾ മാത്രമല്ല നമ്മളും മാറും. കാലത്തെ കഴിച്ചിരുന്ന കഞ്ഞി ഇന്ന് കിട്ടാക്കനിയാണ്. അഥവാ അന്തസ്സിനു ചേരാത്തതു കൊണ്ട് ഒഴിവാക്കിയെന്നു പറയുന്നതാകും ശരി. പുറത്തിറങ്ങി പഠിക്കാൻ പോകുന്ന കുട്ടികൾ തിരിച്ചു വരുന്നത് പുതിയ ഭക്ഷണ രീതിയുമായിട്ടാണ്. അത്തരം ഭക്ഷണങ്ങൾ അവരുടെ അവകാശമാണെന്നാണ് പറയുക. അത് കൊടുക്കേണ്ടത് നമ്മുടെ കടമയും. പഴയവരേക്കാൾ അവകാശബോധത്തെക്കുറിച്ചൊക്കെ വലിയ ബോധമുള്ളവരാണ് പുതിയ ജനറേഷൻ ...!
    ആശംസകൾ ....

    ReplyDelete
  5. കുഞ്ഞുങ്ങൾക്ക് വിശക്കുമ്പോൾ മാത്രമേ അവർ കഴിക്കൂ...
    അവർക്ക് അവൈലബിൾ ആയിട്ടുള്ള ഇഷ്ടമുള്ള ഫുഡ് മാത്രമേ കഴിക്കൂ..
    ചില കുട്ടികൾ വാശി പിടിക്കും.. നല്ല ഭക്ഷണം ശീലം പതുക്കെ പതുക്കെ വളർത്തിക്കൊണ്ടുവ വരണം
    നല്ല പോസ്റ്റായിരുന്നു.. നന്നായി എഴുതിയിരിക്കുന്നു..

    ReplyDelete
  6. കുട്ടികളുടെ ഭക്ഷണശീലങ്ങൾ വ്യത്യസ്തമാണ്... ചില കുട്ടികൾക്ക് മധുരം തീരെ ഇഷ്ടമല്ല. ചില കുട്ടികൾക്ക് നല്ല എരിവ് വല്യ ഇഷ്ടം.. പിന്നെ പൊതുവെ കുട്ടികൾക്ക് പുറത്തെ ഭക്ഷണത്തോട് വല്യ താല്പര്യം ആണ് വീട്ടിലുണ്ടാക്കുന്നതിനേക്കാൾ. മോൻ ചെറുപ്പത്തിൽ ചെറുപയർ തോരൻ..... പപ്പടം.....ഇതുരണ്ടും ഇല്ലാതെ ചോറ് കഴിക്കില്ലായിരുന്നു. പിന്നെ ചപ്പാത്തിക്കകത്തു മുട്ട പൊരിച്ചത് വച്ചു സാൻഡ്‌വിച്ച് ആക്കിക്കൊടുത്തൽ ഏറെ ഇഷ്ടം. മൂന്നര വയസ്സിൽ സൗദിയിൽ ആദ്യമായി വന്നപ്പോൾ എയർപോർട്ടിൽ വച്ചു ഉഴുന്നുവടക്കും ഉപ്പേരിക്കും വേണ്ടി അവൻ കരഞ്ഞത് ഇപ്പോഴും ഓർക്കുമ്പോൾ ചിരിവരും. പിന്നീട് ഇവിടെ ചിക്കന്റെ വകഭേദങ്ങൾ ഏതൊക്കെ അതൊക്കെയായി അവന്‍റെ ഇഷ്ടഭക്ഷണങ്ങൾ. പിന്നെ വല്യ പയ്യൻസ് ആയപ്പോൾ ഹോസ്റ്റൽ ജീവിതം...... പുറത്തു കിട്ടുന്ന എല്ലാ വകഭേദം ഫുഡ് ഐറ്റംസ് ഈ പിള്ളേർസിനോട് ചോദിച്ചാൽ മതി.
    എന്നാലും വീട്ടിൽ ഉണ്ടാക്കുന്ന ചോറും , ചെറുപയർ തോരനും , ചമ്മന്തീം കൂട്ടി ചോറ് നിറയെ കഴിക്കും.
    ചെറുപയർ തോരൻ എന്റേം , മോന്റേം ഇഷ്ട ഐറ്റം ആണ്. എന്‍റെ കസിൻസ്...... ഫ്രണ്ട്‌സ് എല്ലാവർക്കുമിടയിൽ ഞങ്ങളുടെ ചെറുപയർ തോരൻ സീക്രെട് അറിയാം. എല്ലാവരും കളിയാക്കി "ഇന്നെന്താ ചെറുപയർ തോരൻ ഉണ്ടോ..." എന്ന്‌ ചോദിച്ചാൽ മോൻ കാലുമാറി "അമ്മയ്‌ക്ക്‌ അത് മാത്രേ അറിയൂ... " എന്ന്‌ പറഞ്ഞു എന്നെ കളിയാക്കി അവർക്കൊപ്പം കൂടും. നല്ല ഒരു പോസ്റ്റ് ആണ് ആർഷ ഇവിടെ ഷെയർ ചെയ്തത്.
    കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങൾ ഭക്ഷണശീലങ്ങൾ എല്ലാം ലളിതമായ ശൈലിയിൽ പറഞ്ഞു.
    ആശംസകൾ ആർഷ.

    ReplyDelete
  7. ഹൈ സ്കൂൾ എത്തുന്നതുവരെ രണ്ടു പേരും രാവിലെ കഞ്ഞിയാണ് കുടിച്ചിരുന്നത്. പിന്നെയാണ് cereals ലേക്ക് ചുവടു മാറിയത്. പത്തിരി, ദോശ, പുട്ട് ഇതിലൊന്നും വലിയ താല്പര്യമില്ല. ഇപ്പോൾ ചോറും തൈരും കിട്ടിയാൽ മതി... അതിന് നേരവും കാലവും ഒന്നുമില്ല, എപ്പോൾ വേണമെങ്കിലും എടുത്ത് കഴിച്ചോളും :) ബിരിയാണി സ്പൈസിയാണ്, എന്നാൽ ബീഫിനും പൊറോട്ടക്കും ഈ സ്പൈസി ബാധകമല്ല! പിന്നെ അത്യാവശ്യം പാചകം രണ്ടുപേർക്കും വശമുണ്ട്.

    നല്ല പോസ്റ്റ് ആർഷാമ്മേ :)

    ReplyDelete
  8. നല്ല രസമായി പറഞ്ഞിരിക്കുന്നു ..

    ReplyDelete
  9. രസകരവും ഉപകാരപ്രദവുമായ പോസ്റ്റ്. ഇഷ്ടപ്പെട്ടു. ഫോട്ടോയെടുക്കാന്‍ പൊലും വാഴയില കിട്ടിയില്ല അല്ലെ?

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)