Sunday, September 16, 2018

സന്തോഷത്തിന്‍റെ ചെക്ക്ബോക്സുകള്‍

എപ്പോഴത്തെയും പോലെ എന്‍റെ ചോദ്യോത്തരചിന്താശകലങ്ങള്‍ ഒക്കെയും മൂത്ത മകനുമായി ബന്ധപ്പെട്ടുകിടക്കുന്നു. അടുത്തിടെ ആശാനുമായി ഉണ്ടായ രസകരമായ ഒരു ചര്‍ച്ചയാണ് നമ്മുടെ ഇത്തവണത്തെ ടോപ്പിക്.
എങ്ങനെയെങ്കിലും ഒന്ന് വലുതായാല്‍ മതിയെന്നു ചിന്തിച്ചിരുന്ന  ബാല്യകാലത്തില്‍ നിന്ന് വലുതായിക്കഴിഞ്ഞപ്പോള്‍ മനസിലായ ഏറ്റവും പ്രധാനകാര്യം വലുതാവുംതോറും സമയം കുറഞ്ഞുകൊണ്ടേ ഇരിക്കും എന്നാണ്. അങ്ങനെ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് തിരക്കിട്ടോടുന്ന എല്ലാ അച്ഛനമ്മമാരും കടന്നുപോകുന്ന സാഹചര്യങ്ങളിലൂടെ ഞങ്ങളും കഴിഞ്ഞ രണ്ടുമാസമായി ഓടിയോടിക്കടന്നു പോകുന്നു. ജോലി മാറ്റം, വീട് മാറ്റം, നാട്ടില്‍ നിന്ന് എത്തിയ കൂട്ടക്കാര്‍ അങ്ങനെ മൊത്തത്തില്‍ ജഗപൊഗാന്നു പോകുന്നതിനിടയില്‍ സ്വാഭാവികമായും കുഞ്ഞുങ്ങളോടൊപ്പം ചിലവഴിക്കുന്ന സമയം കുറയുന്നതായി തോന്നിയപ്പോള്‍ മനപൂര്‍വം സൃഷ്ടിച്ചതാണ് ഇടയ്ക്കിടെ ചെക്കനെ പിടിച്ചിരുത്തി ചുമ്മാ ചോദ്യം ചോദിക്കല്‍. രാവിലെ സമ്മര്‍ ക്യാമ്പിലേക്ക് വിടുന്ന വഴിയിലോ, വൈകുന്നേരം  വീട്ടിലേക്കുള്ള തിരിച്ചു വരവിലോ അതുമല്ലെങ്കില്‍ ഒരു അടിപിടി സെഷന്‍ കഴിഞ്ഞതിനു ശേഷമോ ഒക്കെയാകും ആ ചര്‍ച്ചാവേദി.

അങ്ങനെയൊരു ദിവസം, തലേന്നത്തെ രാത്രിയിലെ  'mom-handling' അത്ര ശരിയായില്ല എന്നെനിക്ക് തന്നെ തോന്നിയതിനാല്‍ നാഗവല്ലിയില്‍ നിന്നും പഴയ ഗംഗയായി കുഞ്ഞനോട് സംസാരിക്കുകയായിരുന്നു ഞാന്‍.  ഇടയ്ക്കിടെ ആശാനെ ഓര്‍മ്മിപ്പിക്കാറുള്ളത് പോലെ വഴക്ക് പറയുന്ന സമയത്തും  അമ്മയ്ക്കും അച്ഛനും മോനേ ഒത്തിരി ഇഷ്ടമാണ് എന്ന തിയറി പല രൂപത്തില്‍ പറഞ്ഞുകൊടുത്തുകൊണ്ടിരിക്കുന്നു , ഇപ്പോഴത്തെ ഏഴുവയസുകാരന്‍റെ  തിയറി അനുസരിച്ച് സ്നേഹമുള്ളവര്‍ വഴക്ക് പറയില്ല, സ്നേഹം തോന്നാത്ത സമയത്താണ് അച്ഛനുമമ്മയും അവനെ വഴക്കു പറയുകയോ , ടൈം ഔട്ട്‌ പോലുള്ള പണിഷ്മെന്റ് കൊടുക്കുയോ ചെയ്യുന്നത്. ഒരുതരത്തില്‍ ചിന്തിച്ചാല്‍ അത് ശരിയുമാണ്‌, സ്നേഹത്തിനെക്കാള്‍ അവരോടൊ മറ്റാരോടെങ്കിലുമോ ഉള്ള ദേഷ്യം അല്ലെങ്കില്‍ നമ്മുടെ വാശി അല്ലെങ്കില്‍ ഈഗോ മുകളിലെത്തുമ്പോള്‍ ആണല്ലോ മിക്കപ്പോഴും കുഞ്ഞുങ്ങള്‍ക്ക് വഴക്ക്, അടി, ഇടി, ശിക്ഷാനടപടി ഒക്കെ ഉണ്ടാകാറുള്ളത്.  അപ്പോള്‍ പൂര്‍ണമായും ആ വാദഗതി തള്ളാനും കഴിയില്ല. എന്നാല്‍ അതിനെ മൊത്തമായും അംഗീകരിക്കാനും വയ്യ. അങ്ങനെ അതിന് രണ്ടിനുമിടയില്‍ ഉള്ള ഒരു നൂല്‍പ്പാലത്തിലൂടെ ആടിയാടി ഞങ്ങളിങ്ങനെ പോകുവാന്നെ.

വഴക്ക് പറഞ്ഞുകഴിഞ്ഞാല്‍ പിന്നെ ചേര്‍ത്തുപിടിക്കുന്നത് കുതറിച്ചുവിട്ടു പോകലും, കൊടുക്കുന്ന ഉമ്മയൊക്കെ കയ്യിലെടുത്ത് ദൂരേക്ക് എറിഞ്ഞു കളയലുമൊക്കെ പതിവാണിവിടെ. എന്നാലും പിന്നാലെ കൂടും ആ മൂഡോക്കെ ഒന്ന് മാറി ആള് നല്ല ഉഷാറാകാന്‍ പിന്നാലെ കൂടല്‍ തന്നെയാണ് നല്ല വഴി എന്ന് മനസിലാക്കിയതുകൊണ്ട്. ചൂടുപിടിച്ചു നില്‍ക്കുന്ന അന്തരീക്ഷം ഒന്ന് തണുപ്പിക്കാന്‍ രാവിലെ തന്നെ ആശാനെ ചേര്‍ത്തുപിടിച്ചു കൊഞ്ചിക്കല്‍ പ്രക്രിയ  തുടങ്ങി. കുതറിമാറാന്‍ ആവുന്നത്ര ശ്രമിക്കുന്നതിനിടയില്‍ പിടിച്ചിരുത്താനായി അമ്മക്കൊരു സ്വകാര്യം പറയാനുണ്ട് ആരോടും പറയരുത് എന്ന് പറഞ്ഞപ്പോഴേക്കും 'ക്യുരിയസ്' ആയിട്ടെത്തിക്കഴിഞ്ഞു. എന്താണ് അമ്മക്ക് പറയാനുള്ള സ്വകാര്യം എന്ന ഭാവത്തില്‍. താത്വിക് എന്ന പേരുകാരനെ വീട്ടില്‍ വിളിക്കുന്നത് താച്ചു എന്നാണ് , സമയവും സന്ദര്‍ഭവും അനുസരിച്ച് അത് 'എടാ താച്ചു'വും, താച്ചപ്പനും താച്ചുണ്ണിയുമൊക്കെ ആകും.

എന്‍റെ ചോദ്യം :  'താച്ചൂനറിയോ ആര്‍ക്കാ താച്ചൂനെ ഏറ്റവും ഇഷ്ടമെന്ന് ?' (മനസ്സിലെ പ്ലാന്‍, കുഞ്ഞിപ്പോ കൌതുകക്കുട്ടിയായി തിരികെച്ചോദിക്കും 'ആര്‍ക്കാ .. ?' അപ്പോ പറയണം അമ്മക്കാണെന്ന് - ഇന്നലത്തെ ആ കേടങ്ങ്‌ മാറ്റുകയും ചെയ്യാം, ചുളുവില്‍ അച്ഛനെതിരെ ഒരു ഗോളടിക്കുകയും ആകാം)

താച്ചു : ഒരു സംശയത്തിനും ഇട കൊടുക്കാത്ത അത്രയും ഉറച്ച ശബ്ദത്തില്‍       'ങാ അറിയാം - ബേബിക്കുട്ടിക്ക്' !!!

ഞാന്‍ ചിരിക്കണോ കരയണോ എന്നറിയാതെ നില്‍ക്കുന്നു. അല്ല എന്‍റെ തെറ്റാണ്, എന്‍റെ മാത്രം തെറ്റാണ്. രണ്ടു വയസുകാരന്‍ അനിയന്‍ബേബി കഴിഞ്ഞാല്‍ ആര്‍ക്കാണ് താച്ചുനെ ഏറ്റവും ഇഷ്ടം എന്നായിരുന്നു ചോദ്യം ഫ്രെയിം ചെയ്യേണ്ടിയിരുന്നത്. എന്‍റെ പിഴ എന്‍റെ പിഴ എന്‍റെ വലിയ പിഴ എന്നോര്‍ത്ത് ഞാന്‍ നേരത്തെ കരുതിയിരുന്ന ഉത്തരം ഗോളിയേ ഇല്ലാത്ത സ്വന്തം  പോസ്ടിലേക്ക് നീട്ടിയെറിഞ്ഞു - 'താച്ചൂനെ ഏറ്റോം ഇഷ്ടം അമ്മക്കാണ് ട്ടാ '.

അപ്പോള്‍ താച്ചു വീണ്ടും 'അല്ല ബേബിക്കാണ് ബേബിക്കാണ് എന്നെ ഏറ്റവും ഇഷ്ട'മെന്ന് വളരെ വളരെ ഗൌരവശബ്ദത്തില്‍ പറഞ്ഞപ്പോള്‍ എന്തായിരിക്കും ആ കുഞ്ഞുമനസ്സിലെ കാര്യമെന്നൊന്ന് ചോദിച്ചേക്കാം എന്ന് കരുതി.  അവന്‍ പറഞ്ഞ മറുപടികള്‍ എന്നെ ഇരുത്തിചിന്തിപ്പിക്കുകയും ചെയ്തു. നിങ്ങള്‍ക്കും ഇടക്ക് ഇങ്ങനെ ഓരോ ചോദ്യം കുഞ്ഞുങ്ങളോട് ചോദിച്ചാല്‍ അന്നത്തേക്ക് ചിന്തിക്കാന്‍ ഉള്ള വകുപ്പാകും.

അനിയനാണ് ഏറ്റവും ഇഷ്ടം എന്നതിന്‍റെ കാരണങ്ങള്‍ ഏഴു വയസുകാരന്‍ നിരത്തിയത് -

Tt Brothers 







1. ബേബി എന്നോടൊപ്പം പില്ലോ ഫൈറ്റ് കളിക്കും.

2. ബേബി എന്നോടൊപ്പം സോക്കര്‍ കളിക്കും.

3. ബേബി എന്നെ ടിക്കിള്‍ ചെയ്യും.

4. ബേബി എന്‍റെ കൂടെ സില്ലി ആയിട്ട് ബെഡില്‍ ചാടും.

5. ബേബി എന്‍റെ കൂടെ ആന കളിക്കും.














 പിന്നേം ലിസ്റ്റ് ഗോ ഓണ്‍ ആണ്. കണ്ണും തള്ളി ഇരിക്കുന്ന എന്നെ നിങ്ങള്‍ക്ക് കാണുന്നുണ്ടോ? ഞാനെന്നെ ഒന്ന് വിശകലനം ചെയ്ത് നോക്കി, ശരിയാണ്..വളരെ ശരിയാണ് -

  'പില്ലോഫൈറ്റ്' - രാത്രി ഉറങ്ങാന്‍ ആകുന്ന സമയത്ത് കിടക്കയൊക്കെ കുടഞ്ഞു വിരിച്ചു കഴിയുമ്പോള്‍ മാത്രം പൊട്ടിപ്പുറപ്പെടുന്ന ഈ കളിയില്‍ ബെഡ്ഡില്‍ നിന്ന് താഴത്ത് തലയിണ എടുത്തിടുന്നതിന് രണ്ടിനും ചീത്ത കൊടുക്കാറാണ് പതിവ്!

'സോക്കര്‍' അഥവാ പന്തുതട്ടിക്കളി - എന്‍റെ അടുക്കളനേരങ്ങള്‍ക്കിടയില്‍ ആ പരിസരഭാഗങ്ങളില്‍ വന്നുനിന്നുള്ള പന്തുതട്ടലുകളില്‍ താഴെ വീണു പൊട്ടാന്‍ സാദ്ധ്യതയുള്ള സാധനങ്ങളുടെ ലിസ്റ്റും, എണ്ണയും കത്തിയും ഉള്‍പ്പെടെയുള്ള മാരകയുധങ്ങളുടെ സാന്നിധ്യവും കാരണം പേടികൊണ്ട്  വീടിനകത്ത് പന്തുകളി പാടില്ല എന്ന നിയമം പാസാക്കിയ അതിക്രൂരയായ അമ്മയാണ് ഞാന്‍!

ടിക്കിള്‍ അഥവാ ഇക്കിളി - എന്‍റെ ഓര്‍മയില്‍ ഞാന്‍ ഇക്കിളിപ്പെടുത്താന്‍ ചെല്ലുമ്പോഴൊക്കെ അവനെന്നെ ഓടിച്ചിട്ടുള്ളതായാണ് ഓര്‍മ. പിന്നെ ഇതെങ്ങനെ ലിസ്റ്റില്‍ കയറിപ്പറ്റി എന്നറിയില്ല.

ബെഡ്ഡില്‍ചാട്ടം - 'ആഗ്രഹിക്കുന്നതിനൊക്കെ ഒരു പരിധി ഇല്ലേ മോനേ' എന്ന് ഒത്തിരിയൊത്തിരി കാര്യങ്ങള്‍ ചെയ്യണം എന്ന്സ്വപ്നം കാണുന്ന കുഞ്ഞിനോട് എങ്ങനെ ചോദിക്കുമെന്ന് കരുതിയാണ്! അല്ലെങ്കില്‍ 70 കിലോയുള്ള ഞാന്‍ ബെഡ്ഡില്‍ ചാടാതിരിക്കുന്നതാണ് എല്ലാവരുടെയും ആരോഗ്യത്തിന് നല്ലത് എന്ന് അവന്‍ ആലോചിക്കത്തില്ലാരുന്നോ!!

ആന കളി - ഇതിപ്പോ നിങ്ങള്‍ കരുതുന്നുണ്ടാകും ഈ സ്ത്രീക്ക് ഇച്ചിരി നേരം ആ കൊച്ചിനോട് ആന കളിച്ചാല്‍ എന്താന്ന്! അവനെ പുറത്തു കയറ്റിയുള്ള ആന കളി എനിക്കും ഇഷ്ടമാണ് നാട്ടുകാരേ, പക്ഷേ അവന്‍ ആനയാകണം എന്ന് പറയുമ്പോഴാണ് ആ കളി എന്‍റെ പരിധിക്ക് പുറത്താകുന്നത്. പറയൂ ഞാന്‍  എങ്ങനെ രണ്ടു വയസുള്ള ബേബി കളിക്കുംപോലെ അവന്‍റെ പുറത്തുകയറി ആന കളിക്കും?



അങ്ങനെയങ്ങനെ അവനെനിക്ക് with evidence തെളിയിച്ചുതന്നു ബേബിക്കാണ് അവനെ ഏറ്റവും ഇഷ്ടമെന്ന്. എന്തായാലും വീടിനകത്ത് സ്വീകരണമുറിയില്‍ കുഞ്ഞുങ്ങള്‍ക്കൊപ്പം പന്തുകളിച്ചുകൊണ്ടാണ് ഞാനെന്‍റെ ദിവസം അവസാനിപ്പിച്ചത് - ചിരിച്ചു സന്തോഷിച്ചു .....  പൊട്ടുന്ന സാധനങ്ങള്‍ ഒന്നും കൈവാക്കിനില്ല എന്ന് ഉറപ്പിച്ചിട്ടും അവസാനത്തെ അടി ടേബിള്‍ ലാമ്പില്‍ കൊണ്ടതോടെ കളി അവസാനിപ്പിക്കേണ്ടിയും വന്നു. എന്നാലും പറയുന്നു, ഇടയ്ക്കിടെ മക്കളോട് ഇങ്ങനെ ചോദിക്കുന്നത് നല്ലതാണുന്നേ. നമ്മള്‍ കാണാത്ത, കേള്‍ക്കാത്ത, ശ്രദ്ധിക്കാത്ത, അറിയാത്ത കുഞ്ഞുകുഞ്ഞു കാര്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരാണ് അവരെന്ന് നമുക്ക് മനസിലാകാന്‍ ഏറ്റവും എളുപ്പവഴി അതാണ്. അവരോട്  സംസാരിക്കുക, പിന്നെ അവര്‍ക്ക്  സന്തോഷം ആകുമെങ്കില്‍ കട്ടിലിലെ തലയിണ ഒന്ന് താഴെ വീണാലും കുഴപ്പമില്ല എന്ന് കരുതുക. കുഞ്ഞുങ്ങളുടെ ചെക്ക്‌ലിസ്റ്റിലെ 'ഹാപ്പിനെസ്സ്' ടിക്ക് ചെയ്യാന്‍ നമുക്കാ തലയിണ താഴെയിടാം.


കുറുമ്പിന്‍റെ കൂടുകള്‍ - അടുത്തത് എന്തുചെയ്യാം എന്ന ചിന്തയില്‍!


                                                     ( OurKids മാസിക 2018 ജൂണ്‍ ലക്കം)

5 comments:

  1. ഓ.ചേച്ചീ.ഇപ്പോള്‍ ഇങ്ങനെയുള്ള അവസ്ഥകളിലൂടെ കടന്ന്‍ പോകുന്നു. സമയമേ തികയുന്നില്ലാത്ത അവസ്ഥ............

    എന്നാലും ഒരു സുഖമുണ്ട് ട്ടോ.ഇല്ലേ?

    ReplyDelete
  2. അങ്ങനെ തന്നെ വേണം.
    (പഴയ ഒരു ആന)

    ReplyDelete
  3. ഇപ്പോൾ ആ കാലമൊക്കെ ഓർത്തിരിക്കുന്നു... :(

    ReplyDelete
  4. മാതാപിതാക്കളെന്ന നിലക്ക്
    മക്കളുടെ ആനന്ദവിളയാട്ടങ്ങൾ സമ്മാനിക്കുന്ന
    ഇത്തരം മുഹൂർത്തങ്ങളാണ് ഓരോരുത്തരുടെയും
    ജീവിതത്തിൽ കിട്ടുന്ന ആഹ്ലാദാനുഭൂതികൾ ഏറ്റവും
    കിട്ടിക്കൊണ്ടിരിക്കുന്ന കാലം ..!
    ആവോളം ആസ്വദിക്കുക....! !

    ReplyDelete
  5. Good to be hear again
    Thanks for sharing those lovely experiences.
    Keep sharing
    Best
    P V

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)