Tuesday, November 14, 2017

ഉസ്കൂളിലെ കുട്ടി!

ഒന്നിനുമൊന്നിനും സമയമില്ലാതെ ഓടുന്നതിനിടയിലും ഫേസ്ബൂക്കിലും വാട്ട്സാപ്പിലുമുള്ള ഒരു വിധം ഗ്രൂപ്പുകളിലൊക്കെ കൊണ്ട് തല വെച്ചുകൊടുക്കുന്ന ഒരാളാണ് ഞാന്‍, പ്രത്യേകിച്ചും കുട്ട്യോളെ വളര്‍ത്തലും മര്യാദ പഠിപ്പിക്കലുമൊക്കെ  മുഖമുദ്രയാക്കിയ ഗ്രൂപ്പുകളില്‍. അതിലോരോരോ അമ്മമാരുടെ വിഷമങ്ങളും വേവലാതികളും കാണുമ്പോള്‍ 'അപ്പുറത്തെ വീട്ടിലും കറന്റില്ല' എന്ന പോലൊരു മലയാളി ആശ്വാസം എനിക്കും തോന്നാറുണ്ട് എന്നുള്ളത് മാത്രമല്ല കേട്ടോ ഞാനീ ഗ്രൂപ്പുകളിലൊക്കെ കേറിയിറങ്ങുന്നതിന്‍റെ ഉദ്ദേശം. ചിലപ്പോഴെങ്കിലുമൊക്കെ 'നാമൊന്ന് നമുക്കൊന്ന്' ലെവലില്‍ ഒറ്റക്കുഞ്ഞും അമ്മയും അച്ഛനും മാത്രമുള്ള കുടുംബങ്ങളുമായി കഴിയുന്ന പലര്‍ക്കും ചെറിയ ചെറിയ കാര്യങ്ങള്‍ പോലും വലിയ വലിയ പ്രശ്നങ്ങളായി തോന്നുകയും അണുകുടുംബത്തിലെ വിഷമങ്ങള്‍ എവിടെക്കൊണ്ട് പങ്കുവയ്ക്കുമെന്നു അറിയാതെ കുഴങ്ങുകയും ചെയ്യുന്ന സാഹചര്യങ്ങളില്‍ "അതൊക്കെ ശരിയാകും" എന്നോ "ഇതൊക്കെ എല്ലാ കുട്ടികളും അങ്ങനെ തന്നെയാണ്" എന്നോ ഒരു വാചകം പറയുന്നതിലൂടെ മഞ്ഞുരുകിപ്പോകുന്നതുപോലെ അമ്മമാരുടെ സങ്കടം അലിഞ്ഞുപോകുന്ന അത്ഭുതം കാണാനും കൂടിവേണ്ടിയാണ് ഈ  ഗ്രൂപ്പുകള്‍. അറിഞ്ഞോ അറിയാതെയോ പലപ്പോഴും പഴയ കൂട്ടുകുടുംബത്തിലെ അമ്മായിമാരോ , ഇളയമ്മമാരോ, അമ്മമ്മമാരോ ഒക്കെയാകാറുണ്ട് പലരും.  സ്ത്രീകള്‍ക്ക് മാത്രമായുള്ള ഒരു ഗ്രൂപ്പില്‍ രണ്ടമ്മമാര്‍ പങ്കു വെച്ച അനുഭവങ്ങളാണ്‌  ഇത്തവണത്തെ നമ്മുടെ വിഷയം. 

ആദ്യത്തെ അമ്മയുടെ കഥയില്‍, ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന മകനെക്കുറിച്ചു അദ്ധ്യാപികയ്ക്ക് എപ്പോഴും പരാതിയാണെന്ന് വളരെ വിഷമത്തോടെയാണ് അവര്‍ പറഞ്ഞത്. ക്ലാസ്സില്‍ ഇരുന്നു സംസാരിക്കുന്നു, കൂട്ടുകാരോടൊപ്പം പഠനസമയത്ത് കളിക്കുന്നു അങ്ങനെ വലിയൊരു നിര കുറ്റം കഴിഞ്ഞ പ്രാവശ്യം ടീച്ചറിനെ കണ്ടപ്പോള്‍ മകനെക്കുറിച്ചു കേട്ട  അമ്മ വീട്ടിലെത്തിയപ്പോള്‍ സ്വാഭാവികമായും മോനെ വഴക്ക് പറയാനാണ് സാധ്യത. പക്ഷേ, ഈ അമ്മയ്ക്ക് പറയാനുണ്ടായിരുന്നത് മറ്റൊരു കഥയാണ്. ടീച്ചറിനെ കണ്ടിട്ട് വീട്ടില്‍ എത്തിയ മകനോട് ആ ടീച്ചര്‍ക്ക് മോന്‍ പറഞ്ഞാല്‍ അനുസരിക്കാത്തതില്‍ നല്ല വിഷമം ഉണ്ടെന്നു അമ്മ പറഞ്ഞപ്പോള്‍ ആകെ വിഷമം തോന്നിയ മകന്‍ അമ്മയോട് ടീച്ചര്‍ക്ക് കൊടുക്കാന്‍ ഒരു ചിത്രം വരയ്ക്കാന്‍ സഹായം ആവശ്യപ്പെടുകയും മനോഹരമായ ഒരു തത്തയെ വരക്കുകയും ചെയ്തു, 'to ..... teacher' എന്ന കുഞ്ഞിക്കയ്യാല്‍ എഴുതിയ പടം ചേര്‍ത്താണ് ആ അമ്മ ഈ വിഷയം ഗ്രൂപ്പില്‍ പോസ്ടിയിരുന്നത്. ടീച്ചറിന് വിഷമം ആയത് മാറാന്‍  വേണ്ടി , ഒരു ക്ഷമാപണം പോലെ വരച്ച ചിത്രം  - ഒരു ഒന്നാം ക്ലാസ്സുകാരന്‍റെ നിഷ്കളങ്ക മനസിന്‍റെ  ഈ ശ്രമത്തിനെ പിറ്റേ ദിവസം ആ അദ്ധ്യാപിക സ്വീകരിച്ചത് ചിത്രം തുറന്നു പോലും നോക്കാതെയാണ്. അമ്മയുടെ മുന്‍പില്‍ വെച്ച് ടീച്ചറിന് ചിത്രം കൊടുത്ത് അഭിനന്ദനം പ്രതീക്ഷിച്ചുനിന്ന കുഞ്ഞിന്‍റെ മനസാകെ വാടിപ്പോയത് ആ പേപ്പര്‍ തുറന്നുപോലും നോക്കാതെ അമ്മയോട് വീണ്ടും വീണ്ടും കുഞ്ഞിന്‍റെ കുറ്റം പറയുന്നത് കേട്ടപ്പോളാണ്. ഇനിയൊരിക്കല്‍ക്കൂടി ആയാല്‍ ഹെഡ്മാസ്ടറുടെ അടുത്ത് കൊണ്ടുപോകും എന്ന ഭീഷണിയില്‍ അവസാനിപ്പിച്ച ആ കൂടിക്കാഴ്ചയില്‍ മനസുലഞ്ഞ അമ്മയാണ് മറ്റുള്ള അമ്മമാര്‍ക്ക് മുന്‍പില്‍ മകന്‍ വരച്ച ചിത്രവും, ഈ പ്രശ്നവും ഒരു പോസ്ടാക്കി ഇട്ടത്.  

                       പലരും കുഞ്ഞിനെ സപ്പോര്‍ട്ട് ചെയ്തും, അമ്മയെ ആശ്വസിപ്പിച്ചും, സ്കൂളില്‍ പോയി ടീച്ചറിനെ ഇനിയും കാണണം എന്നുമൊക്കെ പലവിധത്തില്‍ പ്രതിവിധികള്‍ പറഞ്ഞുകൊടുക്കുന്നുണ്ടായിരുന്നു. അപ്പോഴൊക്കെ ഞാന്‍ ആലോചിച്ചത്, ആ കുഞ്ഞിന്‍റെ കുഞ്ഞുബുദ്ധിയില്‍ തോന്നിയ എത്ര മനോഹരമായ കാര്യമായിരുന്നു ആ ചിത്രം - പഠിപ്പിക്കുന്ന ടീച്ചറിന് വിഷമം ആയിയെന്നു തോന്നിയപ്പോള്‍ ക്ഷമ ചോദിക്കണം എന്നറിയാനും മാത്രം ആ ആറര വയസുകാരന്‍ ആയിട്ടില്ല, എന്നാലോ ഒരു ചിത്രം വരച്ച് കൊടുത്താല്‍ ടീച്ചര്‍ സന്തോഷിച്ചേക്കും എന്ന് ആ ബാല്യത്തിനു തോന്നുകയും ചെയ്തു! ഇനിയെത്രകാര്യങ്ങള്‍ക്ക് അവനങ്ങനെ തോന്നും - ഇനിയെങ്ങനെയാണ് അവന് ഇത്ര  മനോഹരമായി ക്ഷമ ചോദിയ്ക്കാന്‍ തോന്നുക എന്നായിരുന്നു എന്‍റെ ചിന്ത മുഴുവന്‍!  ലോകത്തിന്‍റെ കള്ളത്തരത്തിലേക്ക് ഇറങ്ങും മുന്‍പ്, അവന്‍റെ ലോകത്തിലെ ഏറ്റവും ഭംഗിയുള്ള "SORRY" ആയിരുന്നു ആ പച്ചത്തത്ത. 

               ആ കുഞ്ഞു മനസിനെക്കുറിച്ച് ആലോചിച്ചപ്പോള്‍ ഞാനെന്‍റെ ഒന്നാം ക്ലാസ്സുകാരനെ ഓര്‍ത്തു! അനുസരണക്കേട്‌ കാട്ടിയതിന് വഴക്ക് കിട്ടിയാല്‍, 'അമ്മയ്ക്ക് കുഞ്ഞന്‍ അങ്ങനെ ചെയ്യാഞ്ഞത് നല്ല സങ്കടമായി കേട്ടോ' എന്ന് പരാതിപ്പെട്ടി ആകുമ്പോള്‍ ഒക്കെ പിന്നെയുള്ള ഒന്നുരണ്ടു മണിക്കൂറുകള്‍ എക്സ്ട്രാ -ഡീസന്റ് കുഞ്ഞപ്പന്‍ ആകുന്ന എന്‍റെ മകന്‍. ഇത്രയും നല്ലൊരു  കുട്ടി വേറെ ഈ  ലോകത്തിലുണ്ടോ എന്നുപോലും തോന്നിപ്പോകും, "സോപ്പന്‍ ചെക്കാ" എന്ന് ഞങ്ങള്‍ കളിയാക്കും. പക്ഷേ, മനസ്സില്‍ നല്ല സന്തോഷം തോന്നും - അവനറിയാമല്ലോ സങ്കടം മാറ്റാന്‍ ഇങ്ങനെയൊക്കെ ചെയ്താല്‍ മതി എന്ന്, അല്ലെങ്കില്‍ അവന്‍റെ രീതിയിലുള്ള ഒരു ക്ഷമാപണം ചെയ്യാന്‍ അവന് അറിയുന്നുണ്ടല്ലോ എന്ന്. ഇതിങ്ങനെയൊക്കെ തന്നെയാണ് സ്കൂളിലും എന്ന് ടീച്ചറിനെ കാണാന്‍ പോകുമ്പോള്‍ അറിയാറുണ്ട് - സാമാന്യം നന്നായിത്തന്നെ കിലുക്കാംപെട്ടി ആയ ആശാന്‍ ഉച്ചക്കുള്ള ഭക്ഷണമൊക്കെ അടുത്ത് ഇരിക്കുന്ന ആളിനനുസരിച്ചാണ് തിരികെ വീട്ടില്‍ കൊണ്ടുവരിക. നന്നായി സംസാരിക്കുന്ന ഒരാളാണ് അടുത്തെങ്കില്‍ അന്നത്തെ ഭക്ഷണം അതുപോലെ വൈകുന്നേരം വീട്ടില്‍ എത്തും. ടീച്ചറുടെ വക ചിലപ്പോള്‍ കുറിപ്പും കാണും - സംസാരം കൂടിയത് കൊണ്ട് വേറെ സീറ്റില്‍ ഇരുത്തി എന്ന്. പക്ഷേ, ഇന്നുവരെ സ്കൂളില്‍ ചെല്ലുമ്പോള്‍ അദ്ധ്യാപകര്‍ കുഞ്ഞുങ്ങളെക്കുറിച്ച് മോശം പറയാറില്ല എന്നത് ഇവിടെ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമാണ്. പ്രത്യേകിച്ചും എലെമെന്ററി ക്ലാസ്സുകളില്‍ ഉള്ള കുട്ടികളെ വളരെ നല്ല രീതിയിലെ രക്ഷിതാക്കളുടെ മുന്‍പില്‍ അവതരിപ്പിക്കാറുള്ളൂ. പ്രൈമറി തലങ്ങളില്‍ ഉള്ള അദ്ധ്യാപകര്‍ മിക്കവരും ചൈല്‍ഡ് സൈക്കോളജി, സ്പെഷ്യല്‍ ചൈല്‍ഡ് ബിഹേവിയര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരിശീലനം നേടിയവര്‍ ആണെന്നത് സ്കൂളുകളെ സ്നേഹിക്കാന്‍ കുഞ്ഞുങ്ങളെ സഹായിക്കുന്നു. 

കുഞ്ഞുങ്ങളെ മനസിലാക്കാന്‍ കുഞ്ഞുങ്ങളുടെ തലത്തിലേക്ക് ഇറങ്ങിനോക്കണം എന്ന് എപ്പോഴും തോന്നാറുണ്ട്. ഒരു അദ്ധ്യാപിക എന്ന നിലയില്‍ ആ ടീച്ചര്‍ ഒരു നല്ല ഉദാഹരണം അല്ല എന്ന് പറയുമ്പോഴും ഇന്ത്യയില്‍/കേരളത്തില്‍ എത്ര സ്കൂളുകളില്‍ കുഞ്ഞുങ്ങളെ അവരുടെ എല്ലാ കുരുത്തക്കേടോടും കൂടി ഇഷ്ടപ്പെടുന്ന അദ്ധ്യാപകരുണ്ടെന്നത് ചിന്തിക്കേണ്ട വിഷയം ആണ്. ഇവിടെ ഒരു രക്ഷകര്‍ത്താവ് എന്ന നിലയില്‍ ആദ്യം ചെയ്യേണ്ടത് കുഞ്ഞിന്‍റെ മനസ്സില്‍ അവന്‍ ചെയ്ത നല്ല കാര്യത്തിനെ പ്രശംസിച്ച് വീണ്ടും അത് ചെയ്യാനുള്ള മാനസികാവസ്ഥയിലേക്ക് അവനെ എത്തിക്കുക എന്നതാണ്. വരച്ച ചിത്രത്തിനെ പുകഴ്ത്തുന്നതും, മറ്റുള്ള മുതിര്‍ന്നവര്‍ക്ക് കുഞ്ഞിന്‍റെ ചിത്രം കാട്ടിക്കൊടുക്കുന്നതും അവനില്‍ ആത്മവിശ്വാസം ഉണ്ടാക്കും. എന്നാല്‍ അതോടൊപ്പം തന്നെ ക്ലാസ്സില്‍ ടീച്ചര്‍ സംസാരിക്കുമ്പോള്‍ മറ്റു കളികളില്‍ ഏര്‍പ്പെടരുത് എന്നും, ടീച്ചര്‍ വായിക്കുകയോ പഠിപ്പിക്കുകയോ ചെയ്യുമ്പോള്‍ അടുത്തിരിക്കുന്നവരോട് സംസാരിക്കരുത് എന്നും കുഞ്ഞിനെ പറഞ്ഞു മനസിലാക്കിക്കേണ്ടതും അത്യാവശ്യം ആണ്. ഒന്നോ രണ്ടോ മൂന്നോ പ്രാവശ്യം പറഞ്ഞതുകൊണ്ട് ഒന്നാംക്ലാസ്സുകാരന്‍ പിറ്റേ ദിവസം മുതല്‍ ഒരക്ഷരം മിണ്ടാതെ ക്ലാസ്സില്‍ ശ്രദ്ധിക്കും എന്ന് കരുതുകയും ചെയ്യരുത്. കുട്ടികള്‍, പൊതുവേ എലെമെന്ററി പ്രായത്തിലുള്ള കുട്ടികള്‍ സംസരപ്രിയര്‍ ആയിരിക്കും. അതില്‍ ആണ്‍-പെണ് വ്യത്യാസങ്ങളില്ല തന്നെ! 5-8 വയസു വരെയുള്ള കുട്ടികളുടെ ശ്രദ്ധയുടെ ദൈര്‍ഘ്യം എന്നതും 15 - 20  മിനിറ്റില്‍ കൂടുതല്‍ ഉണ്ടാകില്ല. കുഞ്ഞുങ്ങളെ വഴക്ക് പറയും മുന്‍പ് ഇത്തരം കാര്യങ്ങള്‍ കൂടി നമ്മുടെ മനസില്‍ ഉണ്ടാകണം. 

രണ്ടാമതായി, ആ ടീച്ചറിനോട് ഒരിക്കല്‍ക്കൂടി കുഞ്ഞിന്‍റെ സാന്നിദ്ധ്യത്തില്‍ അല്ലാതെ സംസാരിക്കണം. മകന്‍ വീട്ടില്‍ ടീച്ചര്‍ വഴക്ക് പറഞ്ഞതിനെ ഒളിച്ചുവെക്കാതെ അമ്മയോട് പറഞ്ഞതും, അദ്ധ്യാപികയ്ക്ക് അത് വിഷമം ഉണ്ടാക്കിക്കാണുമെന്നു മനസിലാക്കി ടീച്ചറിനെ സന്തോഷിപ്പിക്കാന്‍ അവന്‍ ചെയ്ത പരിശ്രമത്തിനെക്കുറിച്ച് പറയുകയും വേണം. ടീച്ചറിനോട് വഴക്കുണ്ടാക്കുന്നത് കൊണ്ടോ , കുറ്റപ്പെടുത്തുന്നത് കൊണ്ടോ ഈ സാഹചര്യത്തില്‍ നല്ലതൊന്നും സംഭവിക്കാന്‍ സാദ്ധ്യത ഇല്ല, എന്നാല്‍ കുഞ്ഞിന്‍റെ സ്നേഹം ടീച്ചറിനെ മനസിലാക്കിക്കാന്‍ ശ്രമിച്ചാല്‍ വളരെ വലിയ മാറ്റങ്ങള്‍ രണ്ടാള്‍ക്കും ഉണ്ടായെന്നും വരാം. എന്‍റെ മകനുള്‍പ്പെടെയുള്ള ഒന്നാം ക്ലാസ്സുകാരെ കണ്ടിട്ടുള്ളതില്‍ നിന്നും ക്ലാസ്സില്‍ അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും ഇരിക്കുന്ന കാക്കക്കൂട്ടങ്ങള്‍ ആയിട്ടാണ് തോന്നിയിട്ടുള്ളത്. ഇവിടെ സ്കൂളുകളില്‍ ഇടക്കൊക്കെ ടീച്ചര്‍ക്കൊരു കൈ സഹായം എന്ന രീതിയില്‍ കുട്ടികളുടെ ക്ലാസ്സില്‍ പോയിനില്‍ക്കാനുള്ള സാഹചര്യം കിട്ടാറുണ്ട്, അത് പലപ്പോഴും ഒരു പ്രായത്തിലുള്ള കുട്ടികള്‍ എങ്ങനെയാണു പെരുമാറുക എന്ന് മനസ്സിലാക്കാന്‍ എന്നെ സഹായിച്ചിട്ടുമുണ്ട്. 

എത്ര  തിരക്കുള്ള രക്ഷിതാവാണ്‌ നിങ്ങള്‍ എങ്കിലും കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ ഇടക്ക് പോകണം, അദ്ധ്യാപകരോടും   സ്കൂളില്‍ കുട്ടി ഇടപഴകുന്ന മറ്റുള്ള ആളുകളോടും സംസാരിക്കുന്നത് കുഞ്ഞിനെ കൂടുതലായി അറിയാന്‍ നിങ്ങളെ സഹായിക്കും. നാട്ടിലെ സ്കൂളുകളില്‍ രക്ഷിതാക്കള്‍ക്ക് ക്ലാസ്സില്‍ സഹായിക്കാന്‍ പോകാന്‍ പറ്റുന്ന സാഹചര്യം ഉണ്ടോയെന്നറിയില്ല, ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഇടക്കൊരു ദിവസം അങ്ങനെയൊരു സര്‍പ്രൈസ് സന്ദര്‍ശനം കൊടുത്തുനോക്കൂ, കുഞ്ഞുങ്ങളുടെ കണ്ണില്‍ നക്ഷത്രം വിരിയുന്നത് കാണാം. സ്കൂള്‍ ലോകം വേറെ വീട്ടിലെ ലോകം വേറെ എന്ന ചിന്തയും കുട്ടികളില്‍ നിന്ന്ഒരു പരിധി വരെ മാറ്റാന്‍ കഴിഞ്ഞേക്കും.  അപ്പോള്‍ ഈ മാസം മുതല്‍ മനസ്സില്‍ കരുതുക - അര ദിവസം ജോലിയില്‍ നിന്നും അവധിയെടുത്തിട്ടാണെങ്കിലും ശരി കുഞ്ഞുങ്ങളുടെ ഏറ്റവുമടുത്ത ആള്‍ക്കാര്‍ക്കൊപ്പം, അവരെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന ആളുകള്‍ക്കൊപ്പം  ഒരല്പനേരം ചിലവഴിക്കും എന്ന്‍.   എഴുതിയെഴുതി കാടുകയറിയതിനാല്‍ രണ്ടാമത്തെ അമ്മയനുഭവം അടുത്ത ലക്കത്തിലേക്ക് നീക്കിവെക്കുന്നു.  അതിലുമൊരു മഹാഭാരതവുമായി കാണും വരെ, കുഞ്ഞുങ്ങള്‍ക്ക് സ്നേഹത്തിന്‍റെ  പൂത്തിരികള്‍ കൊടുക്കാം നമുക്ക്.

(OurKid Magazine - October 2017)

12 comments:

  1. നല്ല ലേഖനം ആശംസകൾ

    ReplyDelete
  2. Kuttiyayirikkaan ..!
    .
    Manoharam, Ashamsakal...!!!

    ReplyDelete
  3. നല്ല ലേഖനം... കുഞ്ഞുങ്ങളുടെ മനശാസ്ത്രം കുഞ്ഞുവിഷയമല്ല. പലപ്പോഴും അത് മോശമായി കൈകാര്യം ചെയ്യുന്നത് കുഴപ്പമായി മാറുന്നു.

    ReplyDelete
    Replies
    1. സത്യമാണ് മാഷേ ..പലപ്പോഴും നമ്മള്‍ അവരുടെ മനസ് കാണുന്നില്ല

      Delete
  4. Replies
    1. <3 നന്ദി ട്ടാ..സ്നേഹം

      Delete
  5. കുട്ടികളുടെ മനസ്സുകണ്ടറിഞ്ഞെഴുതിയ മനോഹര ലേഖനം.
    കുട്ടികളെ ആവശ്യത്തിനും അനാവശ്യത്തിനും നിരന്തരം കുറ്റപ്പെടുത്തുന്നത് അവരില്‍ പകയും വൈരാഗ്യവും വളര്‍ത്തുകയും,വളരുമ്പോള്‍ അവര്‍ നിഷേധികളും ധിക്കാരികളുമായി മാറുന്ന കാഴ്ചകളാണ് നാം‍ കണ്ടുകൊണ്ടിരിക്കുന്നത്.തീര്‍ച്ചയായും കുട്ടികളെ നന്മയുടെ വഴികളിലൂടെ കൊച്ചിലേ വളര്‍ത്തികൊണ്ടുവരണം...ആശംസകള്‍

    ReplyDelete
    Replies
    1. അതെ സര്‍... കുട്ടികളുടെ മനസ് പലരും കാണാറില്ല....

      Delete
  6. ആ ചിത്രം കൂടി ഇവിടെ ഉൾപ്പെടുത്താമായിരുന്നു. കാണാൻ ഒരു ആകാംക്ഷ

    ReplyDelete
  7. സ്‌കൂൾ കുട്ടികളുടെ മാതാപിതാക്കൾ
    അറിഞ്ഞിരിക്കേണ്ടുന്ന സംഗതികൾ ...
    എത്ര തിരക്കുള്ള രക്ഷിതാവാണ്‌ നിങ്ങള്‍
    എങ്കിലും കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ ഇടക്ക് പോകണം,
    അദ്ധ്യാപകരോടും സ്കൂളില്‍ കുട്ടി ഇടപഴകുന്ന മറ്റുള്ള ആളുകളോടും
    സംസാരിക്കുന്നത് കുഞ്ഞിനെ കൂടുതലായി അറിയാന്‍ നിങ്ങളെ സഹായിക്കും.
    നാട്ടിലെ സ്കൂളുകളില്‍ രക്ഷിതാക്കള്‍ക്ക് ക്ലാസ്സില്‍ സഹായിക്കാന്‍ പോകാന്‍ പറ്റുന്ന
    സാഹചര്യം ഉണ്ടോയെന്നറിയില്ല, ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഇടക്കൊരു ദിവസം അങ്ങനെയൊരു
    സര്‍പ്രൈസ് സന്ദര്‍ശനം കൊടുത്തുനോക്കൂ, കുഞ്ഞുങ്ങളുടെ കണ്ണില്‍ നക്ഷത്രം വിരിയുന്നത് കാണാം.
    സ്കൂള്‍ ലോകം വേറെ വീട്ടിലെ ലോകം വേറെ എന്ന ചിന്തയും കുട്ടികളില്‍ നിന്ന്ഒരു പരിധി വരെ മാറ്റാന്‍ കഴിഞ്ഞേക്കും.

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)