Tuesday, December 31, 2013

future of the past അഥവാ ഇന്നലെയുടെ ഭാവി

                                            (മലയാളി മാഗസിന്‍ -2013 നവംബര്‍ ലക്കം)

future of the past  അഥവാ ഇന്നലെയുടെ ഭാവി പിന്നെയും വ്യക്തമാക്കിയാല്‍ ഭൂതകാലത്തിന്‍റെ  നാളെകള്‍!   മനോഹരവും അതെ സമയം ദുരൂഹവും ആയ ഒരു പ്രയോഗം ആണത്. ഇന്നലെയുടെ ഏത് നാളെകളെ കുറിച്ചാണ് ഈ പ്രയോഗം നമ്മോടു പറയുന്നത്?  വളരെ അടുത്ത ഒരു സുഹൃത്തിന്റെ കുറിപ്പുകളില്‍ കണ്ട ഈ വാക്ക് എന്നെ വല്ലാതെ പിടിച്ചുലച്ചു എന്നതാണ് സത്യം. ഒത്തിരിയൊത്തിരി ചിന്തകളിലൂടെ കറങ്ങി ഞാനൊരു നിര്‍വചനം കണ്ടു പിടിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.  കണ്ടു മറന്ന ഉത്സവങ്ങള്‍ക്ക് ഇന്ന് ആ വര്‍ണ്ണ പൊലിമകള്‍ ഇല്ല , ആണ്ടിലൊരിക്കല്‍ കിട്ടുന്ന ഓണക്കോടിക്ക് ആ പുതുമയുടെ സന്തോഷം നല്‍കാനാകുന്നില്ല , വട്ടചെമ്പിലെ ബിരിയാണി മണങ്ങള്‍ പെരുന്നാളിനെ  കൊതിക്കൂട്ടിലാക്കുന്നില്ല ,മൈദ കുഴച്ച്  പശയാക്കി വെള്ളയും ചുവപ്പും കടലാസുകള്‍ ഒന്നിടവിട്ട് ഒട്ടിച്ചുണ്ടാക്കിയ നക്ഷത്രക്കുഞ്ഞുങ്ങളെ കാത്തിരിക്കുന്നില്ല ഇന്നാരും , വിഷുക്കൈ നീട്ടങ്ങളുടെ മണിക്കിലുക്കങ്ങള്‍ നമ്മുടെ കുഞ്ഞുങ്ങളില്‍ സന്തോഷത്തിന്‍റെ പൂത്തിരി കൊളുത്തുന്നുമില്ല . ശരിയാണ്, നമ്മില്‍ നിന്നൊക്കെ അടര്‍ന്നു തെറിച്ചു പോയ ഏതൊക്കെയോ ഇന്നലെകള്‍ക്ക് ഭാവി ഒരു ചോദ്യ ചിഹ്നം ആണ്. ഇപ്പറഞ്ഞത് ഒന്നിനെയും പഴയ രീതിയിലേക്ക് ആക്കാന്‍ കഴിയില്ലെന്ന സത്യം അംഗീകരിക്കുമ്പോള്‍ തന്നെ മറ്റു ചില ശീലങ്ങള്‍  നമ്മളെ നോക്കി പല്ലിളിച്ചു കാട്ടുന്നു.

വായിച്ചു വളരണം എന്ന ചൊല്ലിനെ  അതിന്‍റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ സ്നേഹിച്ചവര്‍ക്കറിയാം നമ്മുടെയൊക്കെ ജീവിതത്തില്‍ ,വളര്‍ച്ചയില്‍ ബുക്കുകള്‍ക്കുണ്ടായിരുന്ന  സ്ഥാനം. മൂന്നു വയസിനു മുന്‍പുള്ള വിജയദശമി ദിനത്തില്‍ "ഹരിശ്രീനമഃ " നാവില്‍ കുറിച്ച് തുടങ്ങുന്ന ഒരു യാത്ര. കുഞ്ഞുവിരലുകള്‍ അരിയിലും മണലിലും മുറുക്കി എഴുതി പഠിച്ച "അ ആ ഇ ഈ " കള്‍. ഇന്നും ഓര്‍മ്മയില്‍ എവിടെയോ ജ്യെഷ്ഠന്മാരുടെ പാഠപുസ്തകത്തില്‍  കുഞ്ഞു വിരല്‍ ചൂണ്ടി കണ്ണുകളില്‍ കൌതുകത്തോടെ  "ഇജെന്‍റ്റാ " എന്ന് കൊഞ്ചി ചോദിക്കുന്ന ഒരു കുഞ്ഞനിയത്തി ഉണ്ട്.

 വായിക്കാന്‍ പഠിച്ചത് മുതല്‍ കാണുന്ന എല്ലാ തുണ്ട് പേപ്പറുകളും വാക്കുകളും  വിടാതെ വായിച്ചിരുന്നു.  കുറച്ചു വളര്‍ന്നപ്പോള്‍ ബാലരമയും പൂമ്പാറ്റയും ആയി ഇഷ്ട ബുക്കുകള്‍, അന്ന് പ്രചാരത്തില്‍ ഇത്രയധികം ബാലമാസികകള്‍ ഉണ്ടായിരുന്നുമില്ല.കൌമാരത്തിന്‍റെ കടന്നു കയറ്റങ്ങളില്‍ തുടര്‍ക്കഥകളിലൂടെ മനോരമ പോലുള്ള വാരികകളും  , കൌതുകത്തിന്‍റെ തുടര്‍ലോകത്തിന്‍റെ ആകാംക്ഷകള്‍ തന്ന് 'വനിത' യും ഒക്കെ വായനാ ലിസ്റ്റില്‍ കയറിപ്പറ്റി. ബോബനും മോളിയും,മനോരമ,മംഗളം എന്ന് വേണ്ട  ബുക്കുകള്‍ എല്ലാം ഒരേ പോലെ പ്രിയംകരം.. പണ്ടത്തെ കാലത്ത് ടെലിവിഷന്‍ അത്ര പ്രചാരത്തില്‍ അല്ലാത്തത് കൊണ്ട് ഈ പറഞ്ഞ വാരികകളിലെ തുടര്‍ നോവലുകള്‍ ആകാംക്ഷയോടെ കാത്തിരിക്കാനും, ഭാവനയിലൂടെ  കഥയ്ക്ക്‌ ട്വിസ്ടുകളും വഴിത്തിരിവുകളും കൊടുക്കാനും  പഠിപ്പിച്ചു.

കഴമ്പുള്ള വായനയിലൂടെ വിശാലമായ മറ്റൊരു ലോകവും കണ്മുന്നില്‍ വളരുന്നുണ്ടായിരുന്നു. "നല്ല ഭൂമി"യും ബഷീര്‍ കഥകളും,  ടോടോച്ചാനും മഹാഭാരതത്തിലേയും രാമായണത്തിലെയും അര്‍ത്ഥ തലങ്ങളും  ഒക്കെ പഠന വിഷയങ്ങള്‍ക്കൊപ്പം ഒരല്‍പം പോലും മുഷിപ്പിക്കാതെ കണ്മുന്നിലൂടെ  കടന്നു പോയി. എല്ലാ പുസ്തകങ്ങളും വാങ്ങി വായിക്കാന്‍ കഴിയാത്തത് കൊണ്ട് ഗ്രന്ഥശാലയിലെ നിത്യ സന്ദര്‍ശക ആയിരുന്നു ഞാന്‍ ,അന്നത്തെ മിക്കവാറും എല്ലാ കുട്ടികളേയും പോലെ.  സ്കൂള്‍ വിട്ടു വന്നു കഴിഞ്ഞാല്‍ ഒന്നര കിലോമീറ്റര്‍ ദൂരെയുള്ള വായനശാലയിലേക്ക് നടന്നു ചെന്നെത്തുമ്പോള്‍ അവര്‍ അടയ്ക്കാന്‍ ആകും. സമയം കഴിഞ്ഞാല്‍ ബുക്ക്‌  രജിസ്റ്ററില്‍ പതിപ്പിക്കാന്‍ പറ്റില്ല -അതൊഴിവാക്കാന്‍ ലൈബ്രറി യില്‍ പോകേണ്ട ദിവസങ്ങള്‍ സ്കൂള്‍ വിട്ടാല്‍ നേരെ അങ്ങോട്ടെക്കാണ് പോകുക. ഒരു ദിവസം കൊണ്ട് തീര്‍ക്കാന്‍ കഴിയുന്നത്ര വായിക്കുക അതായിരുന്നു അന്നത്തെ ഒരു മോട്ടോ. രണ്ടു ബുക്ക്‌ എടുത്താല്‍ രണ്ടോ മൂന്നോ ദിവസം കൊണ്ട് തീര്‍ത്തു  പുതിയ പുസ്തകങ്ങള്‍ എടുക്കുക. വായന എന്നത് ഒരു ഹരമായിരുന്ന കാലം. പഴയ ബുക്കുകളിലെ താളുകള്‍ മറിക്കുമ്പോള്‍ പൊങ്ങുന്ന പഴകിയ പേപ്പറിന്റെ മണം എന്നും ഒരു ഗൃഹാതുരതയാണ്.ഓരോ ബൂക്കിനും ഓരോ കഥ പറയാന്‍ ഉണ്ടാകും , അതിന്‍റെ പിറവിയെ കുറിച്ച്.

ചിന്തകള്‍ പഴഞ്ചന്‍ ആയിരുന്നത് കൊണ്ടോ വളര്‍ന്ന സാഹചര്യം അതായിരുന്നത് കൊണ്ടോ യാഥാസ്ഥിതിക മൂല്യങ്ങളില്‍  വിശ്വസിച്ചിരുന്നത് കൊണ്ടോ എന്നറിയില്ല പുസ്തകങ്ങള്‍ സൂക്ഷിച്ചിരുന്നത് ബഹുമാനവും ഭയവും ഇട കലര്‍ന്ന ഒരു വികാരത്തോട് കൂടിയായിരുന്നു. ഏറ്റവും വിശ്വസ്തരായ കൂട്ടുകാര്‍ , അതായിരുന്നു എനിക്ക് ബുക്കുകള്‍.  പുതിയ ബുക്കുകള്‍ക്ക് അധികം വില വരുമെന്നതിനാല്‍ എപ്പോഴും വില കുറഞ്ഞ പേപ്പര്‍ ബാക്ക് എടിഷന്‍സോ, പഴയ പുസ്തകങ്ങള്‍ വില്‍ക്കുന്നിടത്ത് നിന്ന് സെക്കന്റ്‌ ഹാന്‍ഡ്‌ പുസ്തകങ്ങളോ ആയിരുന്നു അന്നൊക്കെ വാങ്ങിയിരുന്നത്.സ്വന്തമായ പുസ്തകങ്ങള്‍ പൊതിഞ്ഞു സൂക്ഷിക്കും, പേരെഴുതി ചീത്തയാക്കാന്‍ പോലും മടിയാണ്. വായിച്ച ഭാഗം ഓര്‍ക്കാന്‍ ഒരു പേപ്പര്‍ കഷ്ണം താളുകള്‍ക്കിടയില്‍ സൂക്ഷിക്കും. മടക്കിയോ, വരച്ചോ ബുക്കുകള്‍ കേടാക്കുന്നത് കാണുന്നത് തന്നെ സങ്കടം തോന്നും . ആര്‍ക്കെങ്കിലും  വായിക്കാന്‍ കടം കൊടുത്താല്‍ ആദ്യം പറയുന്ന വാചകം  എത്ര താമസിച്ചാലും തിരികെ തരണം എന്നതാണ്, എന്നിട്ടും എന്നെ പറ്റിച്ച് കുറേപ്പേര്‍ എന്‍റെ  കൂട്ടുകാരെയും കൊണ്ട് കടന്നിട്ടുണ്ട്.

വലുതായി കഴിയുമ്പോള്‍ വെയ്ക്കുന്ന വീടിന്‍റെ  ഒരു മുറി മാത്രം അന്നേ ഉറപ്പിച്ചിരുന്നു- ഒരു വായനമുറിയും അതില്‍ കുറെ ബുക്സ് ഉള്ള ഒരു പേര്‍സണല്‍ ലൈബ്രറിയും . മനസിലെ ആ ഷെല്‍ഫില്‍ പല പ്രാവശ്യം ബുക്കുകള്‍ അടുക്കി മാറ്റി പൊടി  തട്ടി വെച്ചിട്ടുണ്ട് ഞാന്‍. ഒരു ഭാഗം മുഴുവന്‍ മഞ്ഞ്,ചെമ്മീന്‍,രണ്ടാമൂഴം മുതലായ ക്ലാസ്സിക്കുകള്‍. മറ്റൊരു ഭാഗത്ത്  വയലാറിന്റെയും,വൈലോപ്പിള്ളിയുടെയും കവിതകള്‍,  ഇനിയൊരു വശത്ത് കുറ്റാന്വേഷണ കഥകള്‍, ഇംഗ്ലീഷ് കൃതികള്‍ അങ്ങനെ അങ്ങനെ...

വളര്‍ന്നപ്പോളും വായന മറന്നില്ല, ബുക്കുകളേയും .യാത്രകളില്‍ ഒരു കൂട്ടായി ഒരു ബുക്ക്‌ എന്നും കയറിപ്പറ്റും ,വാങ്ങുന്ന ബുക്കുകളില്‍ അധികാരത്തോടെ പേരെഴുതി സൂക്ഷിക്കാന്‍ തുടങ്ങി.ബുക്കുകളുടെ  പഴയ പതിപ്പുകള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങുമ്പോള്‍ പോലും  ശീലം മാറാത്തത് കൊണ്ട് പൊതിഞ്ഞു സൂക്ഷിക്കാന്‍ ആഗ്രഹിച്ചു,ഭാവിയിലെ എന്റെ ലൈബ്രറിയിലേക്ക്. ജീവിതം തിരക്കുകളിലൂടെ  ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പറിച്ചു നടാന്‍ തുടങ്ങിയപ്പോള്‍ ബുക്കുകള്‍ പല സ്ഥലത്തായി ചിതറാന്‍ തുടങ്ങി.

ഒന്നര വര്‍ഷം മുന്‍പ് ഇവിടേക്ക് വിമാനം കയറുമ്പോഴും കയ്യില്‍ രണ്ട് ബുക്ക്‌ ഉണ്ടായിരുന്നു.  മലയാളം ബുക്കുകള്‍ കിട്ടാനുള്ള പ്രായോഗിക ബുദ്ധിമുട്ട്, ലൈബ്രറിയില്‍ പോകണമെങ്കില്‍ പോലും കാറിനെ ആശ്രയിക്കേണ്ടി വരുന്നത് അങ്ങനെ പല  ഘടകങ്ങളാല്‍ വായന കുറയുന്നുവോ എന്ന സംശയം തോന്നി തുടങ്ങിയപ്പോളാണ് എന്നോളം അല്ലെങ്കില്‍ എന്നേക്കാള്‍ ബുക്കുകളെ ഇഷ്ടപ്പെടുന്ന, നല്ല രീതിയില്‍  വായിക്കുന്ന  ഒരു സുഹൃത്തിന്റെ കയ്യില്‍  "kindle " എന്ന ഉപകരണം കണ്ടത് . ഒരേ സമയം ഒന്നില്‍ കൂടുതല്‍ ബുക്കുകളെ കൂടെ കൊണ്ട് നടക്കാന്‍ സഹായിക്കുന്ന, വളരെ ലാഘവത്തോടെ ഉപയോഗിക്കാന്‍ കഴിയുന്ന, ഇരുന്നോ കിടന്നോ,നടന്നോ വായിക്കാന്‍  സൌകര്യമുള്ള , ഡിക്ഷനറിയുള്ള  ഒരു യന്ത്രം. ഞെട്ടല്‍ ആണ് ആദ്യം തോന്നിയത്, ഇത്രയും റൊമാന്റിക്‌ ആയ ജീവസുറ്റ ഒന്നിനെ എങ്ങനെ ഒരു ഇലക്ട്രോണിക് ഉപകരണത്തിന് പുന:സ്ഥാപിക്കാന്‍  കഴിയും??  പക്ഷെ  കടലാസ് ഉപയോഗിക്കാത്ത, സൂക്ഷിക്കാന്‍ അധികം സ്ഥലം വേണ്ടാത്ത, എവിടേക്കും  ഒരു എക്സ്ട്രാ ലഗ്ഗേജ് ആകാതെ തന്നെ കൊണ്ട് പോകാന്‍ കഴിയുന്ന ഈ വായനസഹായിയെ കുറിച്ച് സുഹൃത്ത് വാചാലന്‍ ആയപ്പോള്‍ ഗുണദോഷങ്ങളുടെ ഒരു പട്ടിക എടുത്താല്‍ ഗുണം കൂടുതലായിരിക്കും എന്ന് തോന്നിപ്പോയി.

അതെ, സ്വയം ശ്രമിച്ചപ്പോള്‍ സുഹൃത്തിന്‍റെ അവകാശ വാദങ്ങള്‍  സത്യം ആണെന്ന് മനസിലായി. വായനയ്ക്ക് ഇത്രയേറെ സൗകര്യം തരുന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ . ഒട്ടുമിക്ക ബുക്കുകളും സോഫ്റ്റ്‌കോപ്പി ഉണ്ട്-മിക്ക ആനുകാലികങ്ങളും ഓണ്‍ലൈന്‍ പകര്‍പ്പുകള്‍ ഉണ്ട്.പക്ഷേ ,ഉള്ളിലെ ആ പഴയ പുസ്തകപ്രേമി മുഖം ചുളിച്ചു ചോദിക്കുന്നു - വായന എന്നത് കണ്ണുകളിലൂടെ കണ്ട് തലച്ചോറിലേക്ക് എത്തിപ്പെടുന്നത് മാത്രമോ ,അതോ കയ്യുകളാല്‍ സ്പര്‍ശിച്ച് ,മൂക്കിനാല്‍ മണം ആസ്വദിച്ച്,ഓരോ ഇതളുകളായി മറിച്ച് ആസ്വദിക്കേണ്ടുന്ന ഒന്നോ!
സൗകര്യം പ്രഥമം ആയി കണ്ട് e-reading ഞാനുള്‍പ്പെടുന്ന സമൂഹം  ഇഷ്ടപെട്ടാല്‍, ബുക്കുകളെ ഇഷ്ടപ്പെടുന്ന വായനയെ ഇഷ്ടപ്പെടുന്നവരൊക്കെ  ഇലക്ട്രോണിക് രൂപത്തിലേക്ക് വായന മാറ്റിയാല്‍ നമ്മുടെ പഴയ പുസ്തകങ്ങള്‍‍ക്കൊക്കെ എന്ത് സംഭവിക്കും?? വരും തലമുറയ്ക്ക് താളുകള്‍ മറിച്ച് പഴയ കടലാസിന്‍റെ  മൂക്കിലേക്ക് തുളയ്ക്കുന്ന മണം എന്താണ് എന്നെങ്കിലും അറിയാന്‍ കഴിയുമോ??? ഒരു ഗ്രന്ഥശാലയില്‍ ഷെല്‍ഫില്‍ നിന്നും ബുക്കുകള്‍ തിരഞ്ഞെടുക്കാന്‍ അവര്‍ മുതിരുമോ???? ഞാന്‍ സ്വപ്നം കണ്ടിരുന്ന എന്‍റെ ഹോം ലൈബ്രറിയുടെ രൂപം എന്താകും??? ഒരു പുതിയ പുസ്തകം നമുക്ക് സ്വന്തമാകുമ്പോള്‍, അതിനെ കയ്യില്‍ തിരുപ്പിടിക്കുമ്പോള്‍ ,അതിന്റെ പേജുകള്‍ മറിക്കുമ്പോള്‍ തോന്നിയിരുന്ന ആ അനുഭൂതി...... പറയൂ എന്ത് സംഭവിക്കും നമ്മുടെ ഇന്നലെകള്‍ക്ക്??? എന്താണ് future of our past?? !!!! 

Sunday, December 22, 2013

ആട്ടോ ഫോക്കസിലെ ചില ചിത്രങ്ങള്‍

വിരസമായൊരു ദിനത്തിന്‍റെ ചൂടോലും
 ബാല്‍ക്കണി വെയിലില്‍ ഈ സത്രത്തില്‍ -


കടലിരമ്പത്തിന്നാഴങ്ങളില്‍ നിന്നൊരു
നനുത്ത പാട്ട് കേള്‍ക്കുന്നുണ്ടോയെന്നും
കാണാക്കാഴ്ച്ചയുടെ അകം പുറങ്ങളില്‍
അക്കരെയൊരു ഇലയനങ്ങുന്നുണ്ടോ എന്നും
പൂക്കുമ്പോഴെങ്കിലും താരം ചെറുതായെങ്കിലും
ചിരിക്കുന്നുണ്ടോയെന്നും മാത്രം,അത് മാത്രം  
ക്രിസ്തുരാവിന്റെ നിറ വെളിച്ചത്തില്‍
ദൂരേയ്ക്ക് നോക്കി  ഞാനോര്‍ത്തു നില്‍ക്കേ  ...



കാണാ തീരത്തൊരു ചാകര തേടിപ്പോയ
കണവനെ കാത്തൊരു മുക്കുവപ്പെണ്ണാളും
പട്ടം പറക്കുന്നതിന്‍റെ എത്താചരടുകള്‍
കയ്യിലാണെങ്കിലും കണ്ണാലൊരു  കാണാ -
ചരടിന്‍ കൊളുത്തിടുന്ന   കള്ളക്കാമുകനും

പടര്‍ന്ന തണലിന്‍റെ പുതപ്പൊന്നു ചാര്‍ത്തി
നിറമെഴും വള വില്‍ക്കും കുഞ്ഞുപെണ്ണും
കയ്യില്‍ പിന്‍നഖം അമര്‍ത്തി മുടിയിഴ
തഴുകി ലജ്ജ പറയാതെ പറയുന്ന യുവതിയും

"സര്‍ സര്‍ബത്ത് "   വരണ്ടുണങ്ങിയ തൊണ്ട
ഞൊട്ടി നുണച്ചൊരു കൌമാര പൊടിമീശ
മുറിച്ച മാങ്ങയില്‍ പുരട്ടിയ ജീവിതത്തിന്‍റെ
ഉപ്പും മുളകും നീട്ടിയൊരു സുന്ദരി

തീരങ്ങളില്‍ 'കടലമ്മ കള്ളി' എന്ന് വിരലാല്‍
എഴുതി തിര നനയാതോടുന്ന കുട്ടികള്‍
 ഇവയൊന്നും ഞാനറിഞ്ഞു നോക്കിയതല്ല -
 ആട്ടോ  ഫോക്കസില്‍ അറിയാതെ വന്നു പെട്ടതാണ് !

ആര്‍ത്തലച്ചു വന്ന തിരകളുടെ ഉയരം കൂടിയത്
ആളോളം ഉയരത്തില്‍ കാലെഴുത്ത് മായ്ച്ചത്
ഓടി മറയും മുന്‍പേ  നിറമുള്ള വളകളുമൊപ്പം
അവളുമൊരു വളപ്പൊട്ടായ് ഒഴുകിയത്
പട്ടച്ചരടിനൊപ്പം അവനെയും വിട്ടൊരുവള്‍
എവിടെക്കെന്നില്ലാതെ ഓടിയകന്നത്

ഒരു കാലിഡോസ്കോപ്പില് എന്ന പോലെ
മാറി മറിഞ്ഞു കൊതിപ്പിച്ച   എല്ലാ ചിത്രങ്ങളും
എന്നെയും അതിന്‍റെ ഉള്ളിലേക്കെടുത്ത്  
ഒരൊറ്റ ഫ്രെയിം ആയി മാറിയത് -
ഒന്നാര്‍ക്കാന്‍ പോലും അനുവദിക്കാതെ
വെറുമൊരു പൂര്‍ണ്ണവിരാമത്തില്‍
ഒതുക്കിയത് - എത്ര പെട്ടെന്നാണ്!




(ഫോട്ടോ ഗൂഗിളില്‍ നിന്നും 2004 സുനാമി കാഴ്ചകള്‍ )
 

Wednesday, December 18, 2013

തിരുവാതിരയായ് സഖീ


 എന്‍റെ മുടിയിളക്കി വന്നൊരു കുറുമ്പ്
കാറ്റിനു  പരിഭവം  "മറന്നോ  നീ , സഖീ ?"
 
അമ്പല കുളങ്ങളില്‍ മേലാകെ കുളിര്‍പ്പിച്ച
തണുവോലും ധനുമാസ രാവുകളേ ,
ഇരുണ്ട മേഘത്തില്‍ ഒളിച്ചു കളിച്ചെന്നെ
ഇക്കിളി കൂട്ടിയ ശരത്ചന്ദ്ര ബിംബമേ ,

മടി പറഞ്ഞീറന്‍ മാറാതെ മുടിത്തുമ്പു-
രുമ്മിയുലച്ചെന്നെ ചൊടിപ്പിച്ച സഖിയേ ,
കണ്ണില്‍ കാണാതെ നിന്ന മുയല്‍ചെവിയന്മാരെ
കാട്ടിത്തന്നൊരു രാഗാര്‍ദ്രമാം പ്രണയമേ ,

ഇരുള്‍ മൂടിയ വഴികളില്‍ ആകെ അലസമായ്
പതികാലടി താളത്തില്‍ കുറുകിയ മഞ്ഞിലകളേ,
പാതിരാപ്പൂ ചൂടി , നെറ്റിയില്‍ നല്ചന്ദന കുറി
ചാര്‍ത്തി , കണ്ണെരിയിച്ചെഴുതിയ സ്വപ്നങ്ങളേ


നിങ്ങളുണ്ടോ ഇന്നുമെന്നെ കാത്തു കാത്താ നിലാ -
-ക്കാറ്റു മൂളുന്ന  ഇരുള്‍ വഴിയോരത്ത്?
ദശപുഷ്പം ചൂടീല്ല , കുമ്മി അടിച്ചീല ,
മനസിലീ രാവില്‍  ഞാന്‍ തുടിച്ചു കുളിക്കുന്നു !

 
 
 
(ഫോട്ടോ ഗൂഗിളില്‍ നിന്ന്)

Friday, December 13, 2013

മാമ്മത്ത് ഗുഹകളിലൂടെ

 (ഇന്‍ഫോ മലയാളി പേപ്പറില്‍ പ്രസിദ്ധീകരിച്ച യാത്രാ വിവരണം)

മാമ്മത്ത് ഗുഹകൾ -  ലോകത്തിലെ അറിയപ്പെടുന്നതിൽ ഏറ്റവും നീളം കൂടിയ ഗുഹാ  ശൃംഖല. പേരില് തന്നെ ഗാംഭീര്യം ഉള്ള ഈ ഗുഹകൾ കാണാൻ പോകുന്നതിനു മുന്പ് ഒരിക്കൽ പോലും ഗൂഗിളിൽ സെർച്ച്‌ ചെയ്തു നോക്കിയില്ല. തൃശ്ശൂർ പൂരത്തിന്റെ ഫോട്ടോ കണ്ടിട്ട്  നേരിൽ കാണുമ്പോൾ ഇത്രേ ഉള്ളോ കുടമാറ്റം എന്ന് ചോദിച്ച സുഹൃത്തിന്റെ അവസ്ഥ ഉണ്ടാകാതിരിക്കാൻ യാത്രയ്ക്ക് മുന്‍പ് കാതുകൾ മാത്രം തുറന്നു വെച്ച് കണ്ണുകളെ ഞാൻ അടച്ചു വെച്ചു, ഈ മനോഹര കാഴ്ച എന്റെ കണ്ണിലൂടെ മാത്രം കാണാൻ,അറിയാൻ.

 


തലേ ദിവസത്തെ 6 മണിക്കൂർ കാര് ഡ്രൈവിന്റെ ക്ഷീണം, മതി വരാത്ത ഉറക്കം  ഒന്നും എനിക്കോ കൂടെയുള്ളവർക്കോ രാവിലെ എഴുന്നേറ്റു റെഡി ആകാൻ തടസം ആയില്ല. തിരക്കുണ്ടാകും എന്ന് അറിഞ്ഞിരുന്നത് കൊണ്ട് ഒന്നര മണിക്കൂർ ഉള്ള കേവ് ടൂർ ഓണ്‍ലൈൻ ബുക്ക്‌ ചെയ്തിരുന്നു. 9.30 മണിക്കുള്ള ടൂറിനു 9 മണിക്ക് തന്നെ റിപ്പോർട്ട്‌ ചെയ്യണം. മോട്ടലിൽ നിന്നും അര മണിക്കൂർ യാത്രയെ ഉള്ളു, പക്ഷെ അപ്രതീക്ഷിതമായ ചില വളവു തിരിവുകൾ ഞങ്ങളെ കേവ് ടൂർ സംഘാടക സ്ഥലത്ത് എത്തിക്കാൻ കുറച്ചു വൈകി. ഓടിക്കിതച്ചു ചെല്ലുമ്പോഴേ കണ്ടു - ഏകദേശം  22-23 വയസു വരുന്ന മെലിഞ്ഞൊരു സുന്ദരി ഗുഹയിൽ പാലിക്കേണ്ട സുരക്ഷാ നിര്ദ്ദേശങ്ങളും, ക്രമീകരണങ്ങളും വിശദീകരിക്കുന്നു. ആദ്യഭാഗം നഷ്ടം ആയെങ്കിലും ഞങ്ങൾ എല്ലാവരും  കാര്യങ്ങൾ ശ്രദ്ധിച്ചു കേള്‍ക്കാൻ തുടങ്ങി. പല രൂപത്തിലും ഭാവത്തിലുമുള്ള കേവ് ടൂറുകൾ ലഭ്യമാണ് -സാഹസികത നിറഞ്ഞ വൈൽഡ്‌ കേവ് ടൂർ, മാമ്മത്ത് പാസ്സേജ് ടൂർ, ഫ്രോസ്സെൻ നയാഗ്ര ടൂർ, ഡിസ്ക്കവറി ടൂർ അങ്ങനെയനങ്ങനെ. ചെറിയ കുട്ടികൾ കൂട്ടത്തില്‍ ഉണ്ടായിരുന്നതിനാൽ  അധികം റിസ്ക്‌ ഇല്ലാത്തതും,ഒരുപാട് ദൈര്‍ഘ്യം ഇല്ലാത്തതുമായ ഫ്രോസ്സെൻ നയാഗ്ര ടൂർ ആണ് ഞങ്ങൾ തിരഞ്ഞെടുത്തിരുന്നത്.


സുന്ദരി പറഞ്ഞ കാര്യങ്ങളിൽ മനസിലായത് -തലയും കാലും സൂക്ഷിക്കുക, ചാടരുത്, ഓടരുത്, കൂട്ടം തെറ്റി പോകരുത്, ഭിത്തിയിൽ വെറുതെ പിടിക്കരുത് -കയ്യോ കാലോ ഉളുക്കിയാൽ ഏറ്റവും അടുത്തുള്ള ആശുപത്രി 24 മൈൽ അപ്പുറമാണെന്ന് കേട്ടതും ഞങ്ങൾ ഇട്ടിരിക്കുന്ന ഷൂസുകളിലെക്ക് പ്രാർഥനയോടെ നോക്കി , കൂട്ടത്തിലോരാളുടെ ചെരിപ്പിലേക്ക് സഹതാപത്തോടെയും.


WNS (white Nose syndrome - വൈറ്റ് നോസ് സിണ്ട്രോം )  എന്ന രോഗം പല ഗുഹകളിലെയും എന്നത് പോലെ മാമ്മത്ത് ഗുഹയിലെയും വവ്വാല്‍ വംശത്തിനെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ ബാക്ക് പാക്കുകള്‍, ബാഗുകള്‍, ഭക്ഷണം,വെള്ളം അല്ലാതെയുള്ള പാനീയങ്ങള്‍ ഇവയൊക്കെ ഒഴിവാക്കാന്‍ നിര്‍ദേശം ഉണ്ടായി. ഒടുവിലായി സുന്ദരി തമാശ പറഞ്ഞു നിർത്തിയത് ഇങ്ങനെ "എന്റെ ശരീരം വെച്ച് നിങ്ങളെ ആരെയും പൊക്കാൻ  ആകാത്തതിനാൽ എല്ലാവരും അവനവനെ വീഴാതെ  സൂക്ഷിക്കുക".
      ഞങ്ങളുടെ ഗ്രൂപ്പിന് പോകാനുള്ള ബസ്‌ എത്തി , ഏകദേശം  നാല്‍പ്പതു പേരടങ്ങുന്ന സംഘം 2 ബസ്സുകളിലായി ടൂര്‍ തുടങ്ങുന്ന ഗുഹമുഖത്തെക്ക് യാത്രയായി. കുട്ടികളൊക്കെ കാടിന് നടുവിലൂടെയുള്ള ബസ്‌ യാത്രയില്‍ തന്നെ വല്ലാത്ത ആവേശത്തിലായി. ഏകദേശം പത്തു മിനിറ്റ് യാത്ര ചെയ്ത് ഞങ്ങള്‍ ഗുഹാ കവാടത്തില്‍ എത്തി. അവിടെ ഞങ്ങളെ കാത്ത് വിവരണം തന്ന സുന്ദരിയും(ജാനെറ്റ്), മറ്റൊരു സുന്ദരിയും(അലന്‍). ഇവര് രണ്ടാളും ആണത്രേ ഞങ്ങളെ  ഈ ഭീകരന്‍ ഗുഹ ചുറ്റി കാണിക്കുക. ഗുഹയിലേയ്ക്ക് തുറക്കുന്ന ഒരു വാതില്‍ ,അതിനുള്ളിലൂടെ അകത്തേക്ക് കയറിയാല്‍ താഴേക്കു പോകുന്ന പടികള്‍. ഒരാള്‍ക്ക്‌ കഷ്ടിച്ച് കടന്നു  പോകാവുന്ന പടികളുടെ ഒരു വശത്ത് സ്റ്റീല്‍ കൈപ്പിടികള്‍ ഉണ്ട്. മുഴുവന്‍ സംഘാംഗങ്ങളും ഓരോരുത്തരായി ഗുഹയിലേക്ക് പ്രവേശിച്ചു. ജാനെറ്റ് ഏറ്റവും മുന്നിലും, അലന്‍ ഏറ്റവും പിന്നിലും. രണ്ടാളുടെയും കയ്യില്‍ ഓരോ ടോര്‍ച്ച് ഉണ്ട്, ഗുഹയിലെ പല സ്ഥലങ്ങളിലായി വെച്ചിരിക്കുന്ന ലൈറ്റ് ആവശ്യമുള്ള വെളിച്ചം തരുന്നു.



 പുറത്തു അധികം ചൂടറിയിക്കാത്ത മഴയായിരുന്നു, ഗുഹയ്ക്കുള്ളില്‍ മഞ്ഞുകാലത്തിന്റെ തുടക്കത്തിലേത് പോലെ ഒരു സുഖമുള്ള തണുപ്പും. എല്ലാവരും കരുതിയിരുന്ന ജാക്കെറ്റ്‌, ചെവി മൂടുന്ന തൊപ്പിയൊക്കെ ധരിച്ചു,കുഞ്ഞുങ്ങളെ കൈകളില്‍ എടുത്തു നടക്കാന്‍ തുടങ്ങി.
  


ഒരു വശത്തെ കൈപ്പിടി പെട്ടെന്ന് തീരും, പിന്നെ മറുവശത്താകും പിടി -വളരെ സൂക്ഷിച്ചു മുന്‍പിലുള്ള ഓരോ പടിയും നോക്കി സാവധാനം ഞങ്ങള്‍ മുന്നോട്ടു നീങ്ങി. ഇടയ്ക്ക് ഭിത്തിയില്‍ ചിലന്തി പോലെ ഒരു ജീവി -ജാനറ്റ് പറഞ്ഞു അതാണ്‌ ഗുഹ ചീവിട് -നമ്മുടെ ചീവിടിന്റെ ഒരു സാമ്യവും ഇല്ലാത്ത ഒന്ന് . പുറത്ത് വെച്ച് കണ്ടാല്‍ എട്ടുകാലി ആണെന്ന് തന്നെ തെറ്റിദ്ധരിക്കും.  അങ്ങനെ മുന്നോട്ടു നീങ്ങുന്നതിനിടയില്‍ പടികള്‍ തീര്‍ന്നു നിരപ്പായ സ്ഥലത്തേക്ക് എത്തി -ഒരു പാസ്സേജ് . ഒരു ഭാഗം കുത്തനെയുള്ള കുഴി, താഴേക്കു നോക്കിയാലും മുകളിലേക്ക് നോക്കിയാലും ചെറുതായി തല കറങ്ങും. പിന്നെയും കുറച്ചു ദൂരം പടവുകള്‍ ഇറങ്ങുമ്പോള്‍ വെള്ളം മുകളില്‍ നിന്ന് താഴേക്ക്‌ കുറേശ്ശെ പതിക്കുന്ന ഒരിടം കാണാം -അവിടെ കല്ലുകളുടെ രൂപീകരണം അരുവികളുടെ കരയിലുള്ള പാറക്കൂട്ടങ്ങള്‍ പോലെയാണ്.


               ഈ ഗുഹ സമുച്ചയത്തിന്റെ ആകെ നീളം കണ്ടു പിടിക്കപ്പെട്ടിരിക്കുന്നത് 400 മൈല്‍ ആണ്. ഉള്ളിലുള്ള വിശാലമായ അറകളുംതുരങ്കങ്ങളും ചേര്‍ന്ന് ഇതിന്റെ മാമ്മത്ത് എന്നാ പേരിനെ അന്വര്‍ത്ഥമാക്കുന്നു. 1816 മുതല്‍ ഈ ഗുഹ സന്ദര്‍ശകരെ വരവേല്‍ക്കുന്നു -  പണ്ട് കാലത്ത് ഗുഹയ്ക്കുള്ളില്‍ വെളിച്ചത്തിനായി പലയിടങ്ങളിലും എണ്ണവിളക്കുകള്‍ ഉപയോഗിച്ചിരുന്നു.  വളരെ കാലങ്ങള്‍ക്ക് മുന്പ് തദ്ദേശീയരായ ജനങ്ങള്‍ ഗുഹയ്ക്കുള്ളില്‍ നിന്നും ധാതുക്കള്‍ ശേഖരിചിരുന്നതിനെ കുറിച്ച് ആര്‍ക്കിയോളജിക്കല്‍ വിഭാഗം രേഖകള്‍ നല്‍കുന്നു. മഞ്ഞുകാലത്ത് ഈ ഗുഹയ്ക്കുള്ളില്‍ പുറത്തെ തണുപ്പിനേക്കാള്‍ ഊഷ്മളമായ കാലാവസ്ഥയും, ചൂട് കാലത്ത് വളരെ ശീതളമായ കാലാവസ്ഥയും ആണ് -പ്രകൃതി ഒരുക്കിയിരിക്കുന്ന ഒരു എയര്‍ കണ്ടിഷനര്‍. ചൂട് കാലം തുടങ്ങുമ്പോള്‍ ഈ ഗുഹയിലെ സ്ഥിര താമസക്കാരായ വാവലുകള്‍ പുറത്തേക്കു ഇര തേടി പോകും -മാസങ്ങള്‍ നീളുന്ന ഇര തേടല്‍. തണുപ്പ കാലം തുടങ്ങുമ്പോള്‍ അവ തിരികെ എത്തി നിഷ്ക്രിയാവസ്ഥയില്‍  (ഹൈബെര്‍നേഷന്‍ ) ആകും. ഞങ്ങളുടെ സന്ദര്‍ശനം വേനല്‍ക്കാലത്ത് ആയതിനാല്‍ വവ്വാലുകളെ കാണാന്‍ കഴിഞ്ഞില്ല (ഗുഹ ചീവിടിനെ ഒഴികെ മറ്റൊന്നിനെയും കാണാന്‍ വേനല്‍ക്കാലത്ത് കഴിയില്ല).

  


ഇനിയോരല്‍പ്പം ഗുഹാ ചരിത്രം-മാമ്മത്ത് ഗുഹകളുടെ ഉത്ഭവം ഏകദേശം 10 മില്യണ്‍ വര്‍ഷങ്ങക്ക് മുമ്പാണെന്ന്  പറയപ്പെടുന്നു. 325 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്പ് ഇവിടെ ഉണ്ടായിരുന്ന ഒരു കടല്‍ ഏകദേശം 600 ഫീറ്റ്‌ ലൈംസ്റ്റോണ്‍ ഇവിടെ നിക്ഷേപിച്ചു എന്നും, അത് കാലാന്തരത്തില്‍  ഇത് വഴി ഒഴുകിയിരുന്ന ഒരു പുഴയിലെ സാന്‍ട് സ്റ്റോണ്‍ ധാതു അവശിഷ്ടങ്ങള്‍ എന്നിവയാല്‍ പൊതിയപ്പെട്ടു   രൂപാന്തരം സംഭവിച്ചാണ് ഈ ഗുഹകള്‍ നിര്‍മ്മിതമായത് എന്ന് ശാസ്ത്രപഠനം കുറിക്കുന്നു. പുഴയും സമുദ്രവും കാലാന്തരത്തില്‍  അപ്രത്യക്ഷമായി. 10 മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്പ് ഈ ലൈംസ്റ്റോണ്‍ സാന്ഡ് സ്റ്റോണ്‍ കൂട്ടുകെട്ട് ഇന്ന് കാണുന്ന രൂപത്തിലേക്ക് എത്തിപ്പെടുകയും, ഇതിലെ വിള്ളലുകളും തുരങ്കങ്ങളും മഴവെള്ള സംഭരണം നടത്തുകയും ചെയ്തു. ഭൂ ഗര്‍ഭ അരുവികളും,ചാലുകളും കൊണ്ട് സമൃദ്ധമാണ് ഇവിടം.

 

നടപ്പ് തുടര്‍ന്ന് കുറച്ചു കൂടി വിശാലമായ -സ്ലേറ്റ്‌ കല്ലുകള്‍ അടുക്കിയുണ്ടാക്കിയത് പോലുള്ള ഒരു ഇടനാഴി കടന്നു ഞങ്ങള്‍ ചെന്നെത്തിയത് വിശാലമായ ഒരു തളത്തിലേക്കാണ് (അറ ) .  അവിടെ നിരത്തിയിട്ടിരുന്ന ബെഞ്ചുകളില്‍ ഞങ്ങള്‍ ഇരിപ്പുറപ്പിച്ചപ്പോള്‍ ജാനറ്റ് ഗുഹാ കഥകള്‍ പറയാന്‍ തുടങ്ങി.

ജീവജാലങ്ങള്‍ ഒന്നും അധികമായി ഈ ഗുഹയ്ക്കകത്ത് ഇല്ല, വാവലുകളും,കുറച്ചു എലികളും,മറ്റു കുറച്ചു ചെറിയ ജീവികളും ഒഴിച്ചാല്‍ ഗുഹയ്ക്കകത്ത് അധികം ആള്‍താമസം ഇല്ല. മഞ്ഞ് കാലത്താണ് ഇവരൊക്കെ ഇവിടെ സ്ഥിരമാകുക.  മുഴുവന്‍ ac ആയ ഒരു ഹാളില്‍ ഇരിക്കുന്നത് പോലെയായിരുന്നു അവിടെ ഞങ്ങള്‍ക്ക് അനുഭവപ്പെട്ടത്. ജാനറ്റ് ഗുഹാപാളികളെ കുറിച്ചും, ഓരോ കല്ലിന്റെ രൂപ മാറ്റങ്ങളെ കുറിച്ചും വിശദമായി പറഞ്ഞു. ഇത്തരം മേഖലകളില്‍ പഠിക്കുന്നവരും, വിദ്യാര്‍ത്ഥികളും വളരെയധികം താല്‍പ്പര്യത്തോടെ ഓരോ കാര്യങ്ങളെയും കുറിച്ച് ചോദിച്ചു മനസിലാക്കി കൊണ്ടിരുന്നു. ഗുഹയ്ക്കകത്തെ ശരിക്കുമുള്ള അന്ധകാരം മനസിലാക്കാന്‍ എല്ലാവരോടും മൊബൈല്‍, ക്യാമറ ഇവയൊക്കെ ഓഫ്‌ ആക്കാന്‍ പറഞ്ഞിട്ട് കണ്ണുകള്‍ ഇറുക്കി അടക്കാന്‍ ആവശ്യപ്പെട്ടു. മൂന്നു എണ്ണി കണ്ണ് തുറന്നത് കുറ്റാക്കൂരിരുട്ടിലെക്കാണ്,ലൈറ്റുകള്‍ അണച്ചിരിക്കുന്നു . സാധാരണ നമ്മള്‍ ഇരുട്ടില്‍ ആകുമ്പോള്‍  നമ്മുടെ കണ്ണ് അതിനോട്   സമരസപ്പെടും -ഏതെങ്കിലും ഭാഗത്ത്‌ നിന്നുള്ള നിഴലുകള്‍ എങ്കിലും കാണുന്ന വിധത്തില്‍. പക്ഷെ ഈ അനുഭവം ആദ്യം-കുറച്ചു നേരം കഴിഞ്ഞിട്ട് പോലും അടുത്ത് നില്‍ക്കുന്ന ആളിനെ കാണാന്‍ കഴിയാത്ത അവസ്ഥ ,നമ്മുടെ കൈ തപ്പി നോക്കേണ്ട അത്ര ഇരുട്ട് . ജാനെറ്റ് ഒരു ചെറിയ മെഴുകുതിരി കൊളുത്തി.ആ വെളിച്ചത്തിനോട് കണ്ണ് പൊരുത്തപ്പെട്ടപ്പോള്‍ മുന്നില്‍ തെളിഞ്ഞത് ഇത് വരെ കണ്ട ഗുഹയുടെ മറ്റൊരു ഭാവമായിരുന്നു. കൃത്രിമമല്ലാത്ത വെളിച്ചത്തിന്റെ നിഴലുകള്‍ ഗുഹാഭിത്തികളില്‍ മനോഹരമായ ചില ചിത്രങ്ങള്‍ സൃഷ്ടിച്ചു.

 

വെളിച്ചം തിരികെ എത്തി, ഞങ്ങള്‍ നടപ്പ് തുടര്‍ന്നു. പിന്നീടു കുറെ പടവുകള്‍ ,കുറച്ചു ഇടുങ്ങിയ പാതകള്‍, പിന്നെയും ചില  തുരങ്കങ്ങള്‍ ഒടുവില്‍ എത്തിപ്പെട്ടത് ഈ യാത്രയുടെ ഹൈലൈറ്റ് എന്ന് പറയപ്പെടുന്ന ഫ്രോസ്സന്‍ നയാഗ്ര ഭാഗത്തേക്കാണ് . ഫ്രോസ്സന്‍ നയാഗ്ര എന്നത് അതി മനോഹരമായ ചില രൂപാന്തരങ്ങളാണ് . ഫ്ലോ  സ്റ്റോണ്‍ എത്ര രൂപമാറ്റങ്ങള്‍ സംഭവിച്ചാണ് ഈ സുവര്‍ണ്ണ രൂപങ്ങള്‍ ആയതെന്നു നമ്മളെ അത്ഭുതപ്പെടുത്തും. (ഫ്ലോസ്റ്റോണ്‍ എന്നത് ഗുഹാ ഭിത്തിയിലൂടെ വെള്ളത്തിന്റെ താഴേക്കുള്ള ഒഴുക്ക് മൂലം ഷീറ്റായി രൂപപ്പെടുന്ന കാല്‍സൈറ്റ് ആണ് )



 മുകള്‍ഭാഗത്ത്‌ നിന്നും താഴേക്കു രൂപം കൊണ്ടിരിക്കുന്ന ഇവ ഓരോന്നും ഓരോ പരിചിത രൂപങ്ങളെ ഓര്‍മ്മിപ്പിക്കും എന്ന് ജാനെറ്റ് പറഞ്ഞിരുന്നു. പലര്‍ക്കും പലതുമായി തോന്നിയ രൂപങ്ങളില്‍ അമ്മയും കുഞ്ഞും , ഗുഹ മുഖം ,കരടി ഗണപതി (എന്റെ മാത്രം നോട്ടത്തില്‍) അങ്ങനെ പലതുമുണ്ടായിരുന്നു.... തല തിരിച്ചു വെച്ച ഐസ്ക്രീം കോണുകളെ പോലെയും പലതും കാണപ്പെട്ടു.ഒഴുകിയിറങ്ങുന്ന അരുവി, പകുതിയില്‍ വെച്ച് ഉരുകിയുറഞ്ഞത്‌ പോലെയാണ് ഇവയുടെ ഘടന .




അവിടെ ഗുഹയ്ക്കുള്ളില്‍ ഒരു ഗുഹ ഉണ്ട് -ചെറിയൊരു കുഴി പോലെ.  കുത്തനെയുള്ള ഇറക്കതിലേക്ക് ജാനെറ്റ് ഞങ്ങളോടൊപ്പം വന്നില്ല, എല്ലാവരും ഫോട്ടോസ് എടുക്കാനാണ് ആ സമയം ഉപയോഗിച്ചത്. ഗുഹയിലെ മിക്ക ചിത്രങ്ങളും പ്രകാശത്തിന്റെ കുറവ് മൂലവും, ഗ്രൂപ്പായി നീങ്ങുന്നതിന്റെ സ്വാതന്ത്ര്യ കുറവും കാരണം കണ്ടത്ര ഭംഗിയില്‍ ക്യാമറയില്‍ ഒതുങ്ങിയില്ല എന്നത് ഒരു സങ്കടമായി. ഫ്രോസന്‍ നയാഗ്ര കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഗുഹയുടെ മറു ഭാഗത്തെത്തി, ഒന്നരമണിക്കൂറില്‍ നടന്നു തീര്‍ത്തത് അത്ര അധികമല്ല എങ്കിലും കണ്ട കാഴ്ചകള്‍ വിസ്മയത്തിന്‍റെത്. വേനല്‍ക്കാലമായതിനാല്‍ ഗുഹയിലെ അന്തേവാസികളെ കാണാന്‍ ആയില്ല എന്ന പരിഭവം പറച്ചിലിന് മഞ്ഞുകാലത്ത് ഒരിക്കല്‍ കൂടി വരൂ എന്ന സ്നേഹക്ഷണം ജാനടിന്റെ വക.



ഇനിയുമൊരിക്കല്‍ കൂടി പോകാന്‍ അവസരം കിട്ടിയാല്‍ മറ്റൊരു മുഖവുമായി മാമ്മോത് കാത്തിരിക്കുമെന്ന സുഖത്തില്‍ ഞങ്ങള്‍ തിരികെ യാത്രയായി.

( നോര്‍ത്ത് അമേരിക്കയിലെ കെന്‍ടക്കി പ്രവിശ്യയിലാണ്  മാമ്മത്ത് കേവ്സ് നാഷണല്‍ പാര്‍ക്ക്‌ സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ നീളമേറിയ ഗുഹാ ശ്രിംഖല ആയ മാമ്മത്ത് ഗുഹകള്‍ രണ്ടും മൂന്നും സ്ഥാനം ഉള്ള ഗുഹകളുടെ കൂടി ചേര്‍ന്ന നീളത്തിനേക്കാള്‍ വലുതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്  http://www.nps.gov/maca/index.htm  http://www.mammothcave.com/ മറ്റൊരു ബ്ലോഗ്‌ വിവരണം  http://bobandlindasrvtravels.blogspot.com/2013/04/mammoth-cave-national-park-mammoth-cave.html)

പിന്കുറിപ്പ് : പല ചിത്രങ്ങളും വ്യക്തമല്ലാത്തതില്‍ ക്ഷമിക്കുക-  ഇരുട്ട്, ഫ്ലാഷ് ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ എന്നിവ പല വമ്പന്‍ ക്യാമറകളെയും ചതിച്ചു. ഒരു സാദാ ഡിജിറ്റല്‍ ക്യാമറ മാത്രമാണ് ഉള്ളില്‍ പല ഇടങ്ങളിലും വൃത്തിയായി ജോലി ചെയ്തത് :) . കോളാഷ് ആയി ഇട്ടത് കഴിയുന്നത്ര ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുക എന്ന ഉദ്ദേശത്തിലാണ്.
 

Wednesday, December 11, 2013

ഓര്‍മ്മകളില്‍ നീ



കാതില്‍ കുറുകുന്ന, വിറയ്ക്കുന്ന
കൈവിരലിന്റെ സ്പര്‍ശം ..
ഇടംകണ്ണിനു മുകളിലെ കറുത്ത
കുഞ്ഞു  മറുകിനു,നിന്‍റെ ചുണ്ടില്‍
നിന്നുതിര്‍ന്ന പുകയുടെ മണം...
കണ്ണാടിയില്‍ കാണുമ്പോള്‍ എന്നുള്ളില്‍
പ്രതിരൂപം പോലെ മായാതെ ഒരു "നീ"!!...

വാക്ക് , പൊള്ളിച്ചെടുത്ത ഹൃത്തടം
ഓര്‍മ്മ, നീറ്റുന്നൊരു നെഞ്ചകം
മറന്നു വെക്കാന്‍ ആകാത്ത എന്നിലെ നീ !!

ഉണരാന്‍ കൊതിക്കാതെ മഞ്ഞു കമ്പളം
പുതച്ചുറങ്ങുന്നു നനുത്ത ഓര്‍മ്മകള്‍.
പ്രിയം നിറച്ചോരാ ഇരുണ്ട രാവുകള്‍
പകലുറങ്ങാതെ പടി കടന്നെത്തുമ്പോള്‍,
പ്രണയമെന്നത് പറയാന്‍ മറന്ന ചില
പരിഭവങ്ങളാകുന്നു കാലമേ!