Wednesday, June 19, 2013

വായനാ ദിനം

ആദ്യമായി വായിച്ചു തുടങ്ങിയത് എന്തെന്ന് ഓര്‍മ്മയില്ല - അക്ഷരങ്ങള്‍ എഴുതി പഠിക്കുന്ന ചേട്ടന്മാരുടെ അടുത്തിരുന്നു "ഇജ് ന്ച്ചാ " എന്ന് കൊഞ്ചുന്ന ഒരു കുഞ്ഞിപ്പെങ്ങളെ ഓര്‍മ്മയുണ്ട്,.... ആ 2 വയസുകാരി ആദ്യം വായിച്ചത്, എഴുതിയതും "ക" ആണ് - കാണാന്‍ നല്ല ഭംഗിയുള്ള , എഴുതാന്‍ നല്ല രസമുള്ള, ഒരു തൊപ്പിക്കാരന്റെ മുഖം വരയ്ക്കുന്നത് പോലെ വളഞ്ഞു പുളഞ്ഞു പോകുന്ന "ക" . പിന്നീടു വായനയുടെ ദിനരാത്രങ്ങളിലൂടെ കടന്നു പോയിട്...ടുണ്ട് -കയ്യില്‍ കിട്ടുന്നതെന്തും വായിക്കുമായിരുന്ന കാലം. മനോരമയും,പൂമ്പാറ്റയും,ബോബനും മോളിയും, ഭാഷാപോഷിണിയും, തകഴിയും,M.T യും, സുമന്ഗലയും ഒക്കെ ഒരു പോലെ മറിഞ്ഞു പോയി കണ്ണുകളിലൂടെ.... പല കാലഘട്ടത്തില്‍ വായനയുടെ ആസ്വാദന തലങ്ങള്‍ മാറി മറിഞ്ഞപ്പോള്‍ വായനയുടെ സ്വഭാവവും മാറി. എങ്കിലും ഇപ്പോളും 3 ബുക്കുകള്‍ എന്റെ കുട്ടിക്കാലത്ത് വായിച്ചത് ഇപ്പോഴും മോസ്റ്റ്‌ ഫവൌരിറ്റ്‌ ആയി നില്‍ക്കുന്നു.

(1) രാധാകൃഷ്ണന്‍ സര്‍ന്റെ "മുന്‍പേ പറക്കുന്ന പക്ഷികള്‍"
(2) M. T യുടെ "മഞ്ഞ്"
(3) തെത്സുകോ യുടെ "ജനാലക്കരികിലെ വികൃതിക്കുട്ടി-ടോട്ടോച്ചാന്‍" .

പലയാവര്‍ത്തി വായിച്ചവ ആണ് ഈ മൂന്നും- മൂന്നിലും ചിലയിടങ്ങളില്‍ ഞാന്‍ എന്നെ കാണുന്നത് കൊണ്ടാകാം. എങ്കിലും എന്റെ മകന്‍ വായിക്കണം എന്നും ഇഷ്ടപ്പെടണം എന്നും ആഗ്രഹിക്കുന്നത് ടോട്ടോച്ചാന്‍ തന്നെ ,അതെന്റെയും ഒരു സ്വപ്നം !!!!. നെഞ്ചോട്‌ ചേര്‍ക്കുന്ന എല്ലാ ബുക്കുകളെയും ഒരിക്കല്‍ കൂടി ഓര്‍ത്തു കൊണ്ട് വായനാദിനത്തില്‍ വായിക്കാന്‍ ഒരു ബുക്കും പുതിയതായി കയ്യില്‍ ഇല്ലാത്തത് കൊണ്ട് (ഇവിടെ വീട്ടില്‍ കയ്യില്‍ എടുക്കാവുന്ന ബുക്കുകള്‍ രണ്ടോ മൂന്നോ-ബാക്കി വായനയൊക്കെ കണ്ണുകളിലൂടെ മാത്രം !!!!) ഓര്‍മ്മകളിലൂടെ ഞാന്‍ ടോട്ടോച്ചാന്‍ ഒന്ന് കൂടി വായിക്കുന്നു....
വായന ദിന ആശംസകള്‍

Tuesday, June 18, 2013

Aamen - A musical melodrama (ആമേന്‍ - ഒരു മ്യുസിക്കല്‍ മെലോഡ്രാമ )


                     "ആമേന്‍ - ഒരു മ്യുസിക്കല്‍ മെലോഡ്രാമ "- ആ പ്രയോഗം ഇതിനു ചേരുമോ എന്നറിയില്ല..പക്ഷെ മ്യൂസിക്‌ ഉണ്ട് മെലോഡ്രാമയും ഉണ്ട്. "ആമേന്‍ - ഡിവൈന്‍ കോമഡി " - ആ അതും ശരിയാ , ഡിവൈന്‍ ആണ് അത്യാവശ്യം കോമഡി യും ഉണ്ട് .... ഇതിനു എല്ലാത്തിനും ഇടയില്‍ ഉള്ള ഏതോ ഒരു തലത്തിലാണ് ആമേന്‍ . പതിഞ്ഞ  താളത്തില്‍ ഒഴുകി പരന്നു ,നമ്മളെയും കൂടെ കൂട്ടി ഹൃദയമിട്പ്പിന്റെ താളം ഒരു ചെണ്ടമേളത്തോളം ഉയര്‍ത്തി ഒരു താളപ്പെരുക്കം പോലെ .... സംഗീതം കഥയില്‍ നിന്ന് വിടര്‍ത്തി കാണാന്‍ പ്രയാസം- (kudos to prashant pillai & kavalam sir for the apt lyrics) ഒരേ താളത്തിലല്ലാതെ കഥാഗതി അനുസരിച്ച് പോകുന്ന പശ്ചാത്തല സംഗീതമാണ് ഇതിലെ നായകന്‍ എങ്കില്‍ ഇടയ്ക്കിടെ വരുന്ന മനോഹരങ്ങളായ ഗാനങ്ങളാണ് ഇതിലെ നായിക.   ഇവര്‍ക്ക് രണ്ടിനും ഇടയില്‍ സോളമനും, ശോശന്നയും ഉപകഥാപത്രങ്ങളായി കടന്നു വരുന്നു..

         ഫഹദ് ഫാസില്‍ - പിന്നെയും അത്ഭുതപ്പെടുത്തി, ആ മനുഷ്യനെ കഴിഞ്ഞ കുറച്ചു ചിത്രങ്ങളില്‍ നടന്‍ ആയി കാണാന്‍ കഴിയാറില്ല- കഥാപാത്രം മാത്രം. ഇതിലെ സോളമന്‍ നായക പൌരുഷത്തിന്റെ പ്രതീകം അല്ലെ അല്ല , ഒരു സാധാരണ മനുഷ്യന്‍ -കരയാന്‍ അറിയുന്ന, ഭയമുള്ള, പ്രണയമുള്ള, പ്രതികരിക്കണം എന്ന് ആഗ്രഹമുള്ള സാധാരണക്കാരന്‍ .. ഫഹദിന്റെ ശരീര ഭാഷയില്‍ പോലും സോളമന്‍ ആണ് -ഒരിടത്ത് പോലും ആ ന്യൂ gen മെട്രോ പയ്യന്‍സിനെ കാണാന്‍ കഴിഞ്ഞതെ ഇല്ല.  സ്വാതിയുടെ ശോശന്ന ആ കഥാപാത്രത്തില്‍ നിന്ന് ആവശ്യപെട്ടതൊക്കെ തരുന്നുണ്ട് -കാമുകന്റെ  ചെപ്പയ്ക്ക് പൊട്ടിക്കണ കാമുകി -ചിലപ്പോള്‍ചിലപ്പോള്‍ ഇനിയിങ്ങനെ ഒരു കഥാപാത്രം സ്വതിക്ക് മലയാളത്തില്‍ കിട്ടുന്നുണ്ടാകില്ല.... പള്ളിപ്പെരുന്നാളും , മത്സരങ്ങളും, ബാന്‍ഡ് മേളവും ഒക്കെ എന്റെ കുട്ടിക്കാലത്ത് ചങ്ങനാശ്ശേരിയില്‍ കണ്ട കാഴ്ചകളുമായി സാദൃശ്യം തോന്നിയത് കൊണ്ട് കണ്ടപ്പോള്‍ ഒരു നൊസ്ടി ഫീലിംഗ്.... 

        എടുത്തു പറയേണ്ടവര്‍ ഒത്തിരിയുണ്ട് - പക്ഷെ സംവിധാനത്തില്‍ നിന്ന് അഭിനയത്തിലേക്ക് കയറിയ ജോയ് മാത്യു തന്നെ മികച്ചു നില്‍ക്കുന്നത് -പറയാനാകാത്ത ഒരു നെഗടിവിടി പുള്ളിയുടെ കണ്ണുകളില്‍ നമുക്ക് കാണാന്‍  പറ്റും. ഇന്ദ്രജിത്തിന്റെ കൊച്ചു ഫാദര്‍ - ഇതിലും മനോഹരമായി ആര്‍കും ചെയ്യാനാകില്ല എന്ന് നമുക്ക് തോന്നിപ്പോകും.. മെയിന്‍ സ്ട്രീമില്‍ അല്ലാതവരില്‍ രചന,മണിയുടെ സുഹൃത്ത്,പാപ്പി, പോത്തച്ച്ചന്, ഫ്രെഞ്ചുകാരി‍ ഇവരൊക്കെ കഥാപാത്രത്തോട് ചേര്‍ന്ന് നില്‍ക്കുന്നു- എന്തിനു ആ അന്തിക്കള്ള് ചെത്തുന്ന ചേട്ടന്‍ പോലും !!!!. ഒതുക്കമുള്ള അഭിനയം കാണിച്ച മറ്റൊരാള്‍ മണി ആണ്- ഈ കാസ്റ്റിംഗ് ആമെനിനു വേണ്ടി ചെയ്തവര്‍ക്കെല്ലാം hatsoff .

          ലിജോ ജോസ് പെല്ലിശ്ശേരി - മടുപ്പിച്ചില്ല, മുഷിപ്പിച്ചില്ല,ഇനിയും എന്ന് കൊതിപ്പിച്ച്ചതെയുള്ളൂ .. നന്ദി... ഈ ചിത്രം എല്ലാരും കാണണം എന്ന് ഞാന്‍ പറയുന്നില്ല -പക്ഷെ കണ്ടാല്‍ ഒന്നില്‍ കൂടുതല്‍ പ്രാവശ്യം ചിരിക്കാം, കണ്ണ് നിറയ്ക്കാം, സ്നേഹത്തിനെ കുറിച്ച ഓര്‍ക്കാം,പ്രതീക്ഷിക്കാം - ആമേന്‍ (AAMEN)

Monday, June 17, 2013

അച്ഛന്മാര്‍ക്കായി ഒരു ദിവസം- Happy Father's DAY

ഇതിലും കൂടുതല്‍ എനിക്ക് എഴുതാന്‍ ആകില്ല എന്ന് തോന്നിയപ്പോള്‍, പണ്ടെഴുതിയത് തന്നെ റിപോസ്റ്റ്ന്നു :) . എല്ലാ അച്ഛന്മാര്‍ക്കും ഒരുപാട് സ്നേഹത്തോടെ, ഒത്തിരി നന്ദിയോടെ......


http://swanthamsyama.blogspot.com/2010/06/blog-post.html



ഓര്‍മ്മയിലെ ആദ്യ പുരുഷന്‍ അച്ഛനാണ്, ആദ്യ ഹീറോയും അച്ചന്‍ തന്നെ. ഇതിനെ ഒരു കഥയായി എഴുതണോ എന്നാലോചിച്ചു, സാഹിത്യം വേണ്ട എന്ന് മനസ് പറഞ്ഞു. ഇത് എന്‍റെ അച്ഛന് വേണ്ടി ഒരു ഓര്‍മ്മക്കുറിപ്പ് അല്ല, അച്ഛനെക്കുറിച്ചുള്ള എന്‍റെ  ഓര്‍മ്മകളാണ്, അടുക്കും ചിട്ടയും ഇല്ലാതെ ചിതറിത്തെറിച്ച ഓര്‍മ്മകള്‍... 
അച്ഛന്‍ ഒരിക്കലും കഥ പറഞ്ഞുറക്കിയതായൊന്നും ഓര്‍മ്മയില്ല, പക്ഷേ, എന്നെ  അക്ഷരങ്ങളുടെ ആ മാന്ത്രികലോകത്തിലേക്ക്‌ എത്തിച്ചത് അച്ഛനാണ്. ആദ്യമായി, കുട്ടികള്‍ക്ക് വേണ്ടിയുള്ള രാമായണം അമര്‍ച്ചിത്രകഥ   വായിച്ചപ്പോള്‍ "ആത്മഹത്യ " എന്ന വാക്കിന്റെ അര്‍ത്ഥം അറിയാതെ കുഴങ്ങിപ്പോയി ഞാന്‍, അച്ഛന്‍ വരാന്‍ കാത്തിരുന്ന് ആ വാക്കിന്‍റെ അര്‍ഥം കണ്ടെത്തിയപ്പോള്‍ എനിക്കാകെ നിരാശയായി. കാണാനും കേള്‍ക്കാനും ഒരു പോലെ ഭംഗിയുള്ള ആ വാക്കിന്‍റെ  അര്‍ത്ഥം "തന്നത്താനെ മരിക്കുക" എന്നാണത്രേ. അച്ഛന്‍ കൊണ്ട് തന്ന ആ സചിത്ര പുസ്തകത്തിലെ ചുമന്ന സാരിയുടുത്ത സീത, എന്തിനാ ലക്ഷമണനോട് അങ്ങനെ പറഞ്ഞതെന്ന് എനിക്ക് മനസിലായതേയില്ല, അതിനുശേഷംഒരു രണ്ടാം ക്ലാസ്സുകാരിയുടെ ജീവിതത്തിലേക്ക് pearl .s . buck ന്‍റെ  "നല്ല ഭൂമി" അവതരിപ്പിച്ചതും അച്ഛന്‍. വായിച്ചത് പലതും മനസ്സിലാകാതെയിരുന്നിട്ടും അത് മുഴുവന്‍ വായിച്ചു തീര്‍ത്തപ്പോള്‍ ഒരു മാല കയറിയ സന്തോഷം ആ എട്ടുവയസുകാരിക്ക് ഉണ്ടായി.

നല്ല ശബ്ദത്തില്‍ പഴയ പാട്ടുകള്‍ പാടിയിരുന്ന അച്ഛന് യേശുദാസിന്‍റെ  ച്ഛായ ഉണ്ടെന്ന ഒറ്റ കാരണത്താല്‍ (അത് പോലെ ഒരു താടി അച്ഛനും ഉണ്ടേ ..) കൂട്ടുകാരോട് "എന്‍റെ അച്ഛനും ദാസേട്ടനും കൂട്ടുകാരാണെന്ന് " ആ പഴയ ഫ്രോക്കുകാരി വീമ്പിളക്കിയിരുന്നു. അച്ഛന്‍റെ  എപ്പോഴത്തെയും  ഇഷ്ട നടി ചുരുണ്ട മുടിയും സുന്ദരമായ ചിരിയുമുള്ള K.R.വിജയ ആയിരുന്നു, പിന്നെ വിടര്‍ന്ന കണ്ണുകളുള്ള ശ്രീവിദ്യാമ്മയും. രണ്ടു പേരോടും എനിക്കും ഒരു നൊസ്റ്റാല്‍ജിക്ക് ഇഷ്ടം ഉണ്ട്, ഇപ്പോളും. ഇഷ്ട നടന്‍ 'the legend'- BIG B അമിതാഭ്ബച്ചനും, ജ്യേഷ്ഠനു അമിതാഭ് എന്ന് പേരിട്ടത് ഈ കമ്പം കാരണമാണോ എന്നുപോലും ഞങ്ങള്‍ സംശയിച്ചിട്ടുണ്ട്. അച്ഛനോടും അമ്മയോടും ഇരട്ടച്ചേട്ടന്മാരോടും ഒപ്പം നാട്ടിലെ പഴയ തിയേറ്ററില്‍ രണ്ടാഴ്ചയില്‍ ഒരിക്കല്‍ സിനിമ കാണാന്‍ പോകുമായിരുന്നു. തമിഴ് പടവും മലയാളം പടവും ഇംഗ്ലീഷ് ഇടിപ്പടങ്ങളും വന്നിരുന്ന ആ കൊട്ടകയില്‍ കണ്ട ആദ്യത്തെ ഹൌസ്ഫുള്‍ ചിത്രമാണ് വടക്കന്‍ വീരഗാഥ. ഓര്‍മ്മയില്‍ ഇന്നും നില്‍ക്കുന്ന ചിത്രങ്ങള്‍ തിരുവിളയാടലും, 3D മൈ ഡിയര്‍ കുട്ടിച്ചാത്തനും,ജ്ഞാനസുന്ദരിയും ആണ്. ഏട്ടന്മാരോടൊപ്പം ജാക്കി ചാന്‍ പടങ്ങള്‍ കാണാന്‍ എന്നെയും അച്ഛന്‍ വിടുമായിരുന്നു. 6 വയസുള്ള ഞാനും, 11 വയസുള്ള ഏട്ടന്മാരും, ഏട്ടന്മാരുടെ കൂട്ടുകാരും...അങ്ങനെ ഒരു കുട്ടിപ്പട്ടാളം ഉണ്ടാകും ആ യാത്രയില്‍.
ബാല്യകാല ഓര്‍മകളില്‍, അച്ഛനോടും ഏട്ടന്മാരോടും ഒത്തു ക്രിക്കറ്റും ഫുട്ബാളും കണ്ട നാളുകള്‍.. അമ്മയെ ക്രിക്കറ്റ്‌ കളി പഠിപ്പിക്കാന്‍ പാട്പെട്ട് മടുത്തു മതിയാക്കി ഞങ്ങള്‍ ഇരിക്കുമ്പോള്‍ "ഇനി ആരാ ബാറ്റു ചെയ്യുന്നേ" എന്ന ചോദ്യവുമായി അമ്മയെത്തും, ലോകകപ്പു ഫുട്ബോളിനിടയില്‍ !!!! രാത്രികാലങ്ങളില്‍ ഉറക്കമിളച്ചു ഫുട്ബാള്‍ കണ്ടിരുന്ന അച്ഛനോട് അമ്മ ചോദിക്കുമായിരുന്നു, "ഇത്ര കഷ്ടപ്പെട്ട് ഈ കുന്തം കാണണോ !!!" പക്ഷെ ആ ദിവസങ്ങളിലാണ് ഞാന്‍ ഫുട്ബോള്‍ എന്താണെന്നു അറിഞ്ഞത്. ഇന്ന് ഫുട്ബാള്‍ ആരാധകനായ ഭര്‍ത്താവും ഒത്ത് രാത്രികാലങ്ങളില്‍ ജെര്‍മനിക്കും ഹോല്ലണ്ടിനും അര്‍ജെന്റീനക്കും വേണ്ടി ഉറക്കമൊഴിഞ്ഞു ഇരിക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കും ആ പഴയ black&white കാലങ്ങള്‍.
പണ്ട് മുതലേ രാത്രി പഠിച്ചായിരുന്നു ശീലം, ആ ശീലം ഉണ്ടാക്കിയത് അച്ഛനും. ഞാന്‍ പഠിക്കുമ്പോള്‍ അച്ഛന്‍ ഏതെങ്കിലും ബുക്കുമായി അപ്പുറത്തെ ഹാളില്‍ ഉണ്ടാകും, ഇടയ്ക്കിടെ കട്ടന്‍ കാപ്പിയുമായി വന്നു പഠിത്തം ഉഷാറാക്കും അച്ഛന്‍. ഞാന്‍ പഠിക്കാത്ത ദിവസങ്ങളിലും അച്ഛന്‍ ബുക്കുമായി പുലരുവോളം ഇരിക്കും, ഓഷോ,ദാസ്തെസ്വ്കി,സംസ്കൃതഭാരതം ..... ഒന്നും മനസിലായിരുന്നില്ല അന്ന് (ഇന്നും !!!)
നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഉപജില്ല യുവജനോത്സവത്തിനു കവിതാ പാരായണ മത്സരം, രാവിലെ വല്ലാത്തൊരു സന്തോഷം, പോകാന്‍ ഒരുങ്ങുമ്പോള്‍ കുളിക്കിടയില്‍ മൂളിയത് എന്താണെന്നു എനിക്കിന്നും അറിയില്ല, പക്ഷെ അച്ഛന്‍ പറഞ്ഞു അത് ത്യാഗരാജ സ്വാമികളുടെ ഏതോ കീര്‍ത്തനം ആണത്രേ. അന്നത്തെ യാത്രയില്‍ ടീച്ചറിനോടും കൂട്ടുകാരോടും സംസാരിച്ചത് അതിനെ കുറിച്ച് മാത്രമായിരുന്നു.....!
രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടം ഭാവം വല്ലാതെ ഉണ്ടായിരുന്നത്, ഒരു പക്ഷെ അച്ഛന്റെ ഉള്ളിലെ നക്സല്‍ അനുഭാവം കാരണമാകാം, അതിനാല്‍ തന്നെ അച്ഛന്‍ ഹീറോ ആയിരുന്നു ഞങ്ങള്‍ക്ക്. എന്നെയും ചേട്ടന്മാരെയും അടുത്തിരുത്തി അച്ഛന്‍ ലോക കാര്യങ്ങളെക്കുറിച്ച് പറയുമായിരുന്നു , പലതും മനസിലാകില്ല, മനസിലാകുന്നതൊക്കെ അന്ന് തന്നെ കൂട്ടുകാരുടെ മുന്‍പില്‍ വിളമ്പി ആളാകുകയും ചെയ്യും...പക്ഷെ, എനിക്ക് ഇന്നുറപ്പിച്ചു പറയാന്‍ കഴിയും ഞാന്‍ ഇന്നെന്താണോ എന്റെ ചിന്തകള്‍ എന്താണോ അത് എന്നില്‍ ഉദിപ്പിച്ചത് അച്ഛനാണ്.
അമ്മയും, അച്ഛനും നല്കുന്നതൊന്നിനും ഒന്നും പകരം വെക്കാനാകില്ല അതുകൊണ്ട് തന്നെ അച്ഛന്‍ പകര്‍ന്നു തന്നവ "ഞാനായി" നില്‍ക്കുന്നു എന്നൊരോര്‍മ്മയാണിത്. ലോകത്തിന്‍റെ  ഏതോ ഒരു കോണില്‍ ഇരുന്നു അച്ഛന്‍ ഈ കുറിപ്പ് വായിച്ചു, താടി ഉഴിഞ്ഞു ചിരിക്കുന്നുണ്ടാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു. പെട്ടെന്നൊരു ദിവസം ജീവിതത്തില്‍ നിന്ന് അച്ഛന്‍ അപ്രത്യക്ഷന്‍ ആയപ്പോള്‍ തകര്‍ന്നു നിന്നവളില്‍ നിന്ന് ഒത്തിരിയേറെ മുന്നോട്ട് പോയിരിക്കുന്നു ജീവിതം. പക്ഷേ, ഇന്നും കര്‍ക്കിടകത്തിലെ മഴ പെയ്യുന്ന രാത്രികളില്‍, ഓണത്തിന്‍റെ പായസരുചികളില്‍, സന്തോഷത്തിന്‍റെ കണ്ണുനീരുപ്പില്‍, പ്രിയപ്പെട്ടവരുടെ വേര്‍പാടിന്‍റെ നിമിഷങ്ങളില്‍  ഞാനോര്‍ക്കും അച്ഛനിപ്പോള്‍ എന്ത് ചെയ്യുകയായിരിക്കും! 

Wednesday, June 12, 2013

ഓര്‍മ്മകളില്‍ ചിലര്‍ - ഞാന്‍ കണ്ട രണ്ടാമത്തെ മാലാഖ.


                   ഒരേ ബസില്‍ നിരന്തരം യാത്ര ചെയ്യുന്നവരോട് വ്യക്തിപരമായി അറിയില്ലെങ്കില്‍ പോലും എനിക്ക് എന്തോ ഒരടുപ്പം തോന്നാറുണ്ട്... പണ്ട് മുതലേ ആരൊക്കെ എന്നോടൊപ്പം സ്ഥിരമായി യാത്ര ചെയ്യാറുണ്ട് , അവരെന്തു ചെയ്യുന്നു എന്നൊക്കെ ശ്രദ്ധിക്കാന്‍ എനിക്കിഷ്ടമാണ് , വായ്നോട്ടത്തിന്റെ വേറൊരു രൂപം  :) . അങ്ങനെ ഒരു സ്ഥിര യാത്രയിലാണ് എന്റെ രണ്ടാമത്തെ മാലാഖയെ ഞാന്‍ കണ്ടു മുട്ടുന്നത്..

            മാലാഖമാര്‍ ദൈവത്തിന്റെ ദൂതികമാര്‍ ആണ്, ഭൂമിയില്‍ ശാന്തിയും സമാധാനവും പരത്തുന്നവര്‍, നന്മയുടെ പ്രതിരൂപങ്ങള്‍  -പക്ഷെ ഞാനീ കണ്ട മാലാഖമാര്‍ എനിക്ക് പ്രത്യേകിച്ച് നന്മയൊന്നും ചെയ്തിട്ടില്ല ..പിന്നെങ്ങനെ എനിക്ക് അവരെ മാലാഖമാരായി തോന്നി എന്നല്ലേ .. എന്റെ ഒരു വട്ടു ചിന്തയാകാം, മുന്നില്‍ വന്ന മാലാഖമാരുടെ ചിരിയാണ് എന്നോട് പറഞ്ഞത് -  "ദേ ഞങ്ങള് മാലാഖയാണ് ട്ടാ.... "

               ഡല്‍ഹിയിലെ ജീവിതം - മനോഹരമായ ഒരു കാലഘട്ടമായിരുന്നു അത്. ഉത്തരവാദിത്തമുള്ള ജോലിയിലെ വിശ്രമ വേളകള്‍ മാത്രമല്ല ജോലി സമയവും  എങ്ങനെ ആനന്ദകരമാക്കാം എന്ന് ആലോചിച്ചു നടക്കുന്ന പുതുമുഖങ്ങള്‍ ആയിരുന്നു ഞാനുള്‍പ്പെട്ട കുറച്ചു പേര്‍. CGO കോമ്പ്ലെക്സ് എന്ന ഞങ്ങളുടെ സാമ്രാജ്യത്തിലേക്ക് ഒരു സ്പെഷ്യല്‍ യാത്ര സൌകര്യമായിരുന്നു ചാര്‍ട്ടേറഡ് വാഹനങ്ങള്‍ - സ്കൂള്‍ ബസ്സ് പോലെ :). സ്ഥിരം ബസ്സിനു സ്ഥിരം യാത്രക്കാര്‍. മിക്കവാറും എല്ലാവരും രാവിലെയും വൈകിട്ടും ഒരേ ബസ്സില്‍ തന്നെയാകും യാത്ര. വളരെ 'നേരത്തെ' തയാറായി ഇറങ്ങുന്നത് കൊണ്ട് ഞാന്‍ രാവിലത്തെ യാത്രയ്ക്ക് അങ്ങനെ സ്ഥിരം ബസ് എന്ന വാശിയൊന്നും കാണിച്ചിരുന്നില്ല, വൈകിട്ട് പിന്നെ സ്ഥിര ബസ്‌ തന്നെ പിടിക്കാന്‍ ഓടും ഞങ്ങള്‍...

           എന്റെ സ്ഥിരം യാത്ര തിരക്കൊഴിഞ്ഞ , കുറച്ചു വൈകി മാത്രം പുറപ്പെടുന്ന ഒരു ബസ്സില്‍  ആയിരുന്നു. ഒരു സ്ഥിര സീറ്റ് പോലും എനിക്കുണ്ടായിരുന്നു- ഡ്രൈവറുടെ പുറകിലെ നാലാമത്തെ നിരയിലെ നീളന്‍ സീറ്റ്. അവിടെ ഞാനും വേറൊരു ആളും മാത്രം എപ്പോഴും ... ഒരാള്‍ക്ക് കൂടി ഇരിക്കാന്‍ സ്ഥലം ഉണ്ടെങ്കിലും അത്ര തിരക്കില്ലാത്ത ബസ്‌ ആയതു കൊണ്ടാണോ എന്തോ  ഞങ്ങള്‍ രണ്ടാളും മാത്രമായിരുന്നു  ആ സീറ്റില്‍ എന്നും ... എപ്പോഴും ജനല്‍ അരികത്തിരിക്കുന്ന കുറച്ചു പ്രായമായ  ആ ആളിനെ   ഞാന്‍ ആദ്യമൊന്നും അത്ര ശ്രദ്ധിച്ചിരുന്നില്ല. 2-3 ദിവസം കഴിഞ്ഞിട്ടാണ്  സ്ഥിരമായ സീറ്റിനെയും, ഞങ്ങള്‍ രണ്ടു പേര്‍ക്കും മാത്രം സ്വന്തമായ യാത്രാ നിമിഷങ്ങളേയും  കുറിച്ചും  ഞാന്‍  ശ്രദ്ധിക്കാന്‍ തുടങ്ങിയത്.

                 അവര്‍ എവിടെയാണ് ജോലി ചെയ്തിരുന്നത് എന്നെനിക്കറിയില്ല, ഞാന്‍ ഇറങ്ങുന്നതിനു ശേഷമാണ് ഇറങ്ങുന്നത് എന്നതിനാല്‍ വീടെവിടെ എന്നും അറിയില്ല, എന്തിനു പേര് എന്ത് എന്ന് പോലും അറിയില്ല.... പക്ഷെ ആ വ്യക്തി മനോഹരമായി ചിരിക്കുമായിരുന്നു, യാത്രയിലുട നീളം  - എന്നോടാണ് ചിരിക്കുന്നതെന്നോര്ത് ഞാന്‍ തിരികെ കൊടുത്തത് അവിടെ ജനല്‍ കമ്പിയില്‍ കൊണ്ട് ബൂമരാന്ഗ് പോലെ തിരികെ വന്നതല്ലാതെ, ആളെന്നെ ശ്രദ്ധിച്ചത് പോലുമില്ല....ശെടാ, ഇതെന്താ എന്നോടല്ലേ ചിരിക്കുന്നത് എന്നോര്‍ത്ത് ഞാന്‍  യാത്ര മുഴുവന്‍ നോക്കിയിരുന്നു- ആ മനോഹരമായ ചിരി , ഇതാരോടാണെന്ന് അറിയണമല്ലോ -  ഇടയ്ക്ക് എന്തോ പുറത്തെ കാറ്റിനോട്, മേഘങ്ങളോട്, ആകാശത്തിനോട് മെല്ലെ പറഞ്ഞു  പിന്നെയും ചിരിക്കും  (എത്ര ശ്രമിച്ചിട്ടും എനിക്ക്  കേള്‍ക്കാന്‍ പറ്റിയിരുന്നില്ല :(  )... അധികം പല്ലില്ലാതിരുന്ന മോണ കാട്ടി ഒരു മാലാഖ ച്ചിരി....

        ആ ചിരി ഈ  ലോകത്തിനോടായിരുന്നു , നമ്മളോട് എല്ലാവരോടും ആയിരുന്നു... ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ, ഒരു മുത്തശ്ശിയുടെ സ്നേഹത്തോടെ, ഒരു കുട്ടിയുടെ കൌതുകത്തോടെ  ആ അമ്മ ചിരിച്ചു... , ആരെങ്കിലും തന്നെ നോക്കി ചിരിക്കുന്നുണ്ടോ എന്ന് നോക്കിയില്ല, തന്റെ ചിരിക്കു മറുചിരി  ചിരിക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ചില്ല , ഓഫീസിലെ ജോലിഭാരം ഓര്‍ത്തു ദുഖിചിരുന്നില്ല, വീട്ടിലെത്തിയാല്‍ ചെയ്യേണ്ട ദൈനം ദിന കാര്യങ്ങളെ കുറിച്ച്  ഓര്‍ത്തു മുഷിഞ്ഞില്ല.....ആ അമ്മ ചിരിച്ച് കൊണ്ടേ ഇരുന്നു ഞാന്‍ കണ്ട ദിവസങ്ങളിലൊക്കെയും. ,

      നിങ്ങള്‍ തിരിച്ചു ചിരിക്കുന്നുണ്ടോ എങ്കിലേ ഇനി ഞാന്‍ ചിരിക്കൂ , അല്ലെങ്കില്‍ നിങ്ങള്‍ ആദ്യം ചിരിക്കൂ എന്നിട്ട് മാത്രം  ഞാന്‍ ചിരിക്കാം എന്ന് ബലം പിടിക്കുന്നവര്‍ക്കിടയില്‍ നിറഞ്ഞ ചിരിയോടെ ആ  "മാലാഖ"  - ഇനി നിങ്ങള്‍ പറയൂ ഞാന്‍ പറഞ്ഞതില്‍ തെറ്റുണ്ടോ ആ ചിരിയല്ലേ മാലാഖയുടെ ലക്ഷണം?  :)

Monday, June 10, 2013

ഒരരുവി പുനര്‍ജ്ജനിക്കുമ്പോള്‍.....

മണ്ണും മനുഷ്യനും വെള്ളത്തിനായി കേഴുന്ന ഈ കാലത്തെ ഏറ്റവും വലിയ വാര്‍ത്ത ഒരു ജലസ്രോതസ്സ് പുനര്‍ജ്ജനിക്കുന്നത് തന്നെ. വര്‍ഷങ്ങള്‍ക്ക് മുന്പ് വറ്റിപ്പോയ ഒരു നീരുറവ മണ്ണിനെ സ്നേഹിക്കുന്ന 2 മനുഷ്യരുടെ ചിന്തയുടെയും പ്രവര്ത്തിയുടെയും ഫലമായി പുതു നാമ്പുകള്‍ മുളപ്പിച് ഒഴുകി തുടങ്ങുന്നു.

       പാലക്കാട്‌ ജില്ലയിലെ അട്ടപ്പാടിയില്‍ ഇന്ന് സാരന്ഗ് ഹില്സ് എന്നറിയപ്പെടുന്ന പ്രദേശം ഏകദേശം  30 വര്‍ഷങ്ങള്‍ക്കു മുന്പ് ഗോപാലകൃഷ്ണന്‍ മാഷിനും വിജയലക്ഷ്മി ടീചെറിനും കിട്ടുമ്പോള്‍ അനാരോഗ്യകരമായ കൃഷി രീതികളുടെ ഫലമായി ഉത്പാദന ശേഷി നഷ്ടപെട്ട രീതിയിലായിരുന്നു. സമതല പ്രദേശങ്ങളില്‍ ഫലവത്തായ കലപ്പ ഉപയോഗിച്ചുള്ള കൃഷി രീതി മലഞ്ചരിവ് ആയ അട്ടപ്പാടിയിലും  പ്രയോഗിച്ചതിന്റെ പരിണിത ഫലമായി മേല്മണ്ണ് നഷ്ടപ്പെട്ട് കൃഷി യോഗ്യം അല്ലാതെ ആയി. സ്വാഭാവികമായി ഒരു നീര്‍മറി പ്രദേശം (മൂന്നു ഭാഗവും മലകളാല്‍ ചുറ്റപ്പെട്ട, ‘റ’ ആകൃതിയിലുള്ള പ്രദേശം)  ആയിരുന്ന ഇവിടെ നില നിന്നിരുന്ന ജല സ്രോതസ്സുകള്‍ വറ്റി വരളുകയും സമീപത്തുള്ള ജീവജാലങ്ങള്‍ക്ക് കുടിവെള്ളം പോലും കിട്ടാത്ത അവസ്ഥയുമായി.

കൃഷി എന്ന ജീവന മാര്‍ഗ്ഗത്തിലേക്ക് ജലം എന്ന അത്യാവശ്യ സ്രോതസ് ലഭ്യമല്ലാതെ വന്ന സാഹചര്യത്തില്‍ ഊര്‍ജ്ജ പുനരുജ്ജീവനം (energy regeneration) എന്ന മാര്‍ഗം അവര്‍ ചിന്തിക്കാന്‍ തുടങ്ങി. ലഭ്യമായ ഊര്‍ജ്ജത്തെ സംരക്ഷിക്കാം, പക്ഷെ നശിച്ചു പോയതിനെ പുനര്ജീവിപ്പിക്കുക എന്ന ദൌത്യം വളരെ പ്രയാസം നിറഞ്ഞതായിരുന്നു. സ്വാഭാവികമായ വനം വളര്‍ന്നു വരാനുള്ള കാല ദൈര്‍ഘ്യം , മേല്‍മണ്ണ് നഷ്ടപ്പെട്ട ഭൂമി, നശിച്ചു കൊണ്ടിരുന്ന സൂക്ഷമ ജീവികള്‍ (മൈക്രോ ഓര്‍ഗാനിസം) .കാലം എന്ന ക്ഷമയില്‍ പ്രകൃതി എന്ന ആത്യന്തികമായ സത്യത്തില്‍ വിശ്വസിച് മാഷും ടീച്ചറും തങ്ങളെ കൊണ്ട് ചെയ്യാന്‍  കഴിയുന്ന കാര്യങ്ങള്‍ ചെയ്തു - ഈര്‍പ്പം തങ്ങി നില്ക്കാന്‍ മണ്ണിനു കരിയിലകള്‍ കൊണ്ട് പുതയിടുക,അല്‍പ്പമെങ്കിലും മഴവെള്ളം ശേഖരിക്കപ്പെടാനായി മഴക്കുഴികള്‍ കുഴിക്കുക, വെള്ളത്തിന്റെ ഉപയോഗം അത്യാവശ്യത്തിനു മാത്രമാക്കുക, മുളകള്‍ പോലുള്ള സ്വാഭാവിക ആവാസ വ്യവസ്ഥയിലെ മരങ്ങള്‍ നടുക, ചെറിയ പൊന്തകളായി വളരുന്ന ചെടികളെ ആടുമാടുകള്‍ നശിപ്പിക്കാതെ സൂക്ഷിക്കുക.
                ഒടുവില്‍ വര്‍ഷങ്ങളുടെ ശ്രമ ഫലമായി പ്രകൃത്യാലുള്ള മരങ്ങള്‍ അവിടെ വളരാന്‍ തുടങ്ങി, മണ്ണില്‍ ഈര്‍പ്പം തങ്ങി നിന്ന് സൂക്ഷ്മ ജീവികള്‍ ഉണ്ടാകാന്‍ തുടങ്ങി, പതിയെ പതിയെ പണ്ടെന്നോ വറ്റിപോയ ഒരു ഉറവ അവിടെ ജീവശ്വാസം എടുക്കാന്‍ തുടങ്ങി.... ആദ്യമാദ്യം ഒരു ചെറിയ നീര്‍ച്ചാല്‍ ആയി രൂപപ്പെട്ട ആ ഉറവ വേനല്‍ക്കാലത്ത് പിന്നെയും വറ്റി . പക്ഷെ പിന്നീടുള്ള വര്‍ഷങ്ങളില്‍ മഴക്കാലത്ത് നിറഞ്ഞു ഒഴുകുന്ന നീരുറവ ആയും വേനല്‍ക്കാലത്ത് കെട്ടിക്കിടക്കുന്ന വെള്ളമായും മാറി. 1982 ലെ കടുത്ത വരള്‍ച്ചയ്ക്ക് ശേഷം 2013 ല്‍ മറ്റൊരു വരള്‍ച്ചയ്ക്ക് കേരളം സാക്ഷ്യം വഹിക്കുമ്പോള്‍ നന്മയുടെ ഉള്‍ക്കരുത്ത് കൊണ്ട് പ്രകൃതിയില്‍ നിന്ന് തിരികെ നേടിയെടുത്ത ഈ  ഉറവ ഇന്നും വറ്റാതെ ഒഴുകുന്നു.
 
            
 

 കേരളത്തിലെ ജല ദൌര്‍ലഭ്യം ഒരു പരിധി വരെ പരിഹരിക്കാന്‍ ഗോപാലകൃഷ്ണന്‍ മാഷും ടീച്ചറും മുന്നോട്ടു വയ്ക്കുന്ന ചില ചിന്തകള്‍ നമുക്ക് കണ്ടില്ലെന് നടിക്കാന്‍ ആകില്ല. മുറ്റം വരെയും ടൈല്‍സ് ഇട്ടു നിറയ്കുമ്പോള്‍ ആറ്റുനോറ്റ് കിട്ടുന്ന മഴയ്ക്ക് നമ്മുടെ മണ്ണിലേക്ക് ഇറങ്ങാനുള്ള സുഷിരങ്ങള്‍ അടയുന്നു എന്ന സത്യം, എല്ലാ ചെമ്മണ്‍ പാതകളും സൌകര്യപ്രദമായ രീതിയില്‍ ടാര്‍ ഇടുമ്പോള്‍ മണ്ണിലെ പ്രകൃത്യാലുള്ള ഈര്‍പ്പം നഷ്ടപ്പെടുന്നു എന്ന തിരിച്ചറിവ്, റൂഫ് വാട്ടര്‍ ഹാര്‍വെസ്ടിംഗ് അഥവാ മേല്‍ക്കൂരയിലെ മഴവെള്ളം ശേഖരിച്ചു സംഭരിക്കുക എന്ന ഏറ്റവും എളുപ്പവും പ്രായോഗികവും ആയ വഴി, പുതിയ വീടുണ്ടാക്കുമ്പോള്‍ കാര്‍ പോര്ച്ചുണ്ടാക്കുന്നതിനും മുന്‍പേ ആഴത്തിലൊരു മഴക്കുഴി (മഴവെള്ള ടാങ്ക്) എന്ന മുന്നൊരുക്കം. അടുത്ത മഴ പെയ്യുമ്പോള്‍ എങ്കിലും നമുക്ക് വരും വേനലിലെക്കായി കുറച്ചു തുള്ളികള്‍ ശേഖരിച്ചു വെയ്ക്കാം...
 
                   
            (സാരന്ഗ് ഹില്സിലെ  ഇപ്പോഴത്തെ സ്വാഭാവിക വനം )
 
 മഴവെള്ള സംഭരണം, റൂഫ് വാട്ടര്‍ ഹാര്‍വെസ്ടിംഗ് ഇതിനെ കുറിച്ചൊക്കെ കൂടുതല്‍ വിവരങ്ങള്‍ക്ക് ഗോപാലകൃഷ്ണന്‍ മാഷിനെ  9446239429  /sarangfamily@gmail.com ബന്ധപ്പെടാവുന്നതാണ്