Saturday, February 16, 2013

വിട

വിട, മധുരമായ് പറയാതെ
മുറിവാക്കുണക്കാതെ
തേങ്ങലിന്‍ മടുപ്പിന്
കാതോര്‍ത്തിരിക്കാതെ
പോയ്‌ വരാമെന്നൊരു
വാക്കോതിടാതെ ,വിട
പറയാതെ വെച്ചതും ,
പറയാന്‍ കൊതിച്ചതും
പാഥേയമായ് നീ എടുക്ക,
മഴ പെയ്തൊഴിഞ്ഞൊരു 
ഇടവഴിപാതയില്‍
ഇരുളിന്റെ മറ പറ്റി നില്ക്കാന്‍ ,
ഒരു വഴിയമ്പലം കണ്ടാലോ...
തൊട്ടു കൂട്ടാനിത്തിരി
ഓര്മ തന്‍ ഗന്ധവും
മത്തടിയാനൊരു കുറ്റ -
ബോധത്തിന്‍ ചവര്‍പ്പും
കൈ കുടഞ്ഞെറിയാന്‍
ബന്ധങ്ങളുടെ എച്ചില്‍വറ്റും
ഓരോ മടക്കിലും നൊസ്റ്റാള്‍ജിയയുടെ
വാട്ട വാഴയില മണവും...
മതി ,ഇനി ഇടമില്ല ഒരു ചുംബനത്തിന്‍റെ -
മധുര മിട്ടായിക്ക് പോലും!!!!
കരഞ്ഞു പിറന്നതിന്‍ പരിഹാരമായി-
ഒരു ചിരി കൊണ്ട് മിഴി മൂടി, വിട...

Friday, February 8, 2013

ഒരാത്മഹത്യ കുറിപ്പ്

ഓരോ മനസ്സിന്റെ ഉള്ളിന്റെ ഉള്ളിലും
ഓരോ ഇരയുണ്ട് ,വേട്ടയാനും ....
ഇരയുടെ കണ്‍കളില്‍ കാണാം
നമുക്കൊരു പിടയുന്ന മീനിന്റെ തണു തണുപ്പ്
വേട്ടയാനുണ്ടതേ കണ്ണിന്റെ പിന്നിലായ്
കൊതിയിറ്റു   വീഴുന്ന നാക്കുമായി.

ഉള്ളിലേക്കുന്തി അമര്‌ന്നിറങ്ങാനൊരു നഖ -
മുനയുണ്ടതിന്‍ മൃദു പദത്തില്‍
വിങ്ങി വിതുമ്പി വിവശയായ് -
എന്നിലൊരിരയുണ്ട് പേടിയോടെ
പിന്നിലൊതുങ്ങി മറഞ്ഞിരി പ്പെന്നിലെ
നിഴല്‍ നാടകത്തിലെ വേട്ടയാളന്‍ .

ഓരോ നിമിഷവും അന്യോന്യമറിയാതെ
ഒളിച്ചു കളിച്ചിരുവരും പതുങ്ങിടുന്നു
ആര് ജയിചിടും ആരുയിര്‍ പോക്കിടും
ആരാരിന്നാര്‍ക്കാദ്യം പിടി കൊടുക്കും ...

ഒന്നല്ല രണ്ടല്ല ഒരായിരം കണ്ണുകള്‍
വേട്ടയാനുണ്ടതില്‍ ഇരയ്ക്കു  പിന്നില്‍.
കൊല്ലാനെളുപ്പമാണെന്നിലെ ,
ധൈര്യമില്ലാതെ ഒളിക്കുന്ന വേട്ടയാനെ
സ്വയമില്ലാതെയാകുവാന്‍ ,വേണ്ടതോ
തിരിച്ചറിവിന്റെ തുള്ളിവെളിച്ചമാം ധൈര്യം

രോമകൂപങ്ങളിലൂടെ അരിച്ചരിച്ചിറങ്ങുന്ന
കുറ്റബോധത്തിന്റെ , പാപക്കറയുടെ,
ലജ്ജയുടെ പൊള്ളുന്ന തണുപ്പ്
അതില്‍ നിന്നൊരു നന്മയുടെ വേദനയുടെ
തീപ്പൊരി പകര്‍ന്നെടുത്തു ,
സ്വയം ഇല്ലാതെയാകുന്നു -
എന്നിലെ വേട്ടാളന്‍ !!!!

(മന) സ്വയഹത്യകള്‍ പെരുകട്ടെ,
എല്ലാര്‍ക്കുമുള്ളിലെ വേട്ടയാനങ്ങനെ
അറിഞ്ഞു ചാകട്ടെ,
ആ ചാരത്തില്‍ നിന്നുമുയിര്തെഴുന്നെല്‍ക്കട്ടെ
ഇരയുടെ മാംസത്തിനുള്ളിലെ-
വളയാത്ത  നട്ടെല്ല്.......










 

എന്റെ മഞ്ഞുമനസ്സ്

മഞ്ഞില്‍ ഉണര്‍ന്നു......
മഞ്ഞാട നെയ്തു....
മഞ്ഞിണ  ചേര്‍ന്ന്...
മഞ്ഞൊഴിഞ്ഞ്  ഒഴുകണം
എന്റെ മനസ്സ് !!

മഞ്ഞിളം  ചൂടാര്‍ന്നു ...
മഞ്ഞൊലി  കാതോര്‍ത്ത് ...
മഞ്ഞു മധുരം നുണഞ്ഞു ...
മഞ്ഞുറഞ്ഞ്  ഉണരണം
എന്റെ മനസ് !!

മഞ്ഞിക്കിളി പൊതിഞ്ഞ് ...
മഞ്ഞു മഴ പെയ്തു...
മഞ്ഞോടു  മഞ്ഞിന്റെ-
മഞ്ഞു മണം  നുകര്‍ന്നു ...
മഞ്ഞായി മാറണം
എന്റെ മനസ്സ്, എന്റെ മഞ്ഞുമനസ്സ് .