Wednesday, May 26, 2010

ഒരു PSC പരീക്ഷയുടെ ഓര്‍മ്മയ്ക്ക്‌

കറുപ്പിക്കുവാന്‍ നാല് കോളങ്ങള്‍,
നൂറ്റുക്ക് നൂറും വെളുത്തു ചിരിക്കുന്നു ,
ചോദ്യം ഒന്നാണേല്‍,ഉത്തരം അനവധി
മള്‍ട്ടിപ്പിള്‍ ചോയിസ് എന്നാ പറച്ചില്‍.
ഒരു ബെല്ലടിച്ചിട്ട് ഒരു മണി നേരമായ്
ഇനിയുമെത്ര കാലം കഴിയണം ഒന്നിന്
കറക്കി കുത്തിക്കുത്തി എന്റെ മനം -
മടുത്തെന്നോതുന്ന പെന്‍സില്‍
ഒരിക്കലെങ്കിലും എന്നെ തൊടൂ,
എന്നീ റഫ് വര്‍ക്കിന്‍ സ്പേസ്
നാല് പുറവും നോക്കി മടുത്തിട്ടും
പിന്നെയും ചുറ്റുന്ന കണ്ണുകള്‍
എല്ലാ തലകളും ബുക്ക്‌ലെടിനുള്ളില്‍
നിധി തേടുന്ന ഭൂതത്താന്മാരോ
കട്ടി കണ്ണടകള്‍ കഷണ്ടി തലകള്‍
ഗൌരവം കനക്കുന്ന നേര്‍വര ചുണ്ടുകള്‍
തുറിച്ചു നോക്കുന്നു റൂമിന്റെ ചുമര്‍,
ഇനിയെന്നെ നോക്കാതെ പൊട്ടക്കണ്ണാ!!!!
ചുരണ്ടിയും കറുപ്പിച്ചും മായ്ച്ചും ,
കറുപ്പിച്ചും പിന്നെയും മായ്ച്ചും
തല മാന്തി പൊളിച്ചും,മൂക്ക് തുടച്ചും
കണ്ണ് ചൊറിഞ്ഞും .... ഹോ.....!!
ആശ്വാസമെന്റെ വാച്ചില്‍ മണി
ഒന്നാകാന്‍ ഇനി നിമിഷങ്ങള്‍ മാത്രം
അപ്പോള്‍ പ്രിയ OMR  ഷീറ്റെ,ഇനി
കാണും വരെ നിനക്കെന്റെ വിട .

Tuesday, May 18, 2010

മറക്കാം

മഴ നനഞ്ഞു വരാന്തയില്‍ നില്‍ക്കുമ്പോള്‍ അവള്‍ ഓര്‍ത്തു , മിനി ടീച്ചറിന്റെ കയ്യില്‍ തൂങ്ങി കുടയില്‍ നിന്ന് വീഴുന്ന വെള്ളം തട്ടി തെറിപ്പിച്ചു പോയ ആ നാളുകള്‍. ഓലക്കീറിനിടയില്‍ കൂടി വീഴുന്ന മഴത്തുള്ളികളെ കൈവെള്ള കൊണ്ട് തട്ടി തെറിപ്പിച്ചു കളിക്കാന്‍ എന്ത് രസമായിരുന്നു... പക്ഷെ ടീച്ചര്‍ സമ്മതിക്കില്ല, "വേണ്ട അന്നക്കുട്ടീ എന്തിനാ ഫ്രോക്ക് ഒക്കെ നനയ്ക്കുന്നെ ?" സ്നേഹമുള്ള ശാസനയോടെ ടീച്ചര്‍ പിന്നിലേക്ക്‌ വലിക്കുമ്പോള്‍ രണ്ടു കാര്യങ്ങള്‍ക്കായിരുന്നു ദേഷ്യം....ഒന്ന് മഴയില്‍ കളിക്കാന്‍ വിടാത്തതില്‍,പിന്നെ....പിന
്നെ അമ്മച്ചി വിളിക്കുന്നത്‌ പോലെ "അന്നക്കുട്ടീ" എന്ന് നീട്ടി വിളിക്കുന്നതില്‍.,അത് അമ്മച്ചീടെ മാത്രം വിളി ആയിരുന്നു. പക്ഷെ ദേഷ്യം അന്നൊന്നും പ്രകടിപ്പിച്ചില്ല, കാരണം സ്കൂള്‍ വിട്ടു വീട്ടിലേക്കു പോകുമ്പോള്‍ ടീച്ചര്‍ ആകും ഒപ്പമുണ്ടാകുക, പട്ടികളെയും ഓന്തിനെയും പേടിക്കാതെ പോകാന്‍ പറ്റിയിരുന്നതും ടീച്ചര്‍ ഉള്ളത് കൊണ്ട് തന്നെ.....

ഒരു പാട് ഇഷ്ടമായിരുന്നു ടീച്ചറിന് തന്നോട്, പക്ഷെ ഒരിക്കലും അത് തിരിച്ചറിയാന്‍ ശ്രമിച്ചില്ല. ഒരിക്കല്‍ പള്ളിയില്‍ അമ്മച്ചിടെ കുഴിമാടത്തില്‍ പൂക്കള്‍ വെച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ അപ്പായിയോടു ഫാദറപ്പാന്‍ ചോദിക്കുന്നത് കേട്ടു " റോയിയെ നീ എന്ത് വേണേലും ചെയ്തോ, പക്ഷെ ആന്‍മോള്‍ വളര്‍ന്നു വരുന്ന ഒരു പെണ്‍കുഞ്ഞാ,നീ അതോര്‍ക്കണം. അവള്‍ക്കൊരു അമ്മ കൂടിയല്ലേ കഴിയൂ.... നീ അതിനെ കുറിച്ച് എന്തെങ്കിലും ഓര്‍ത്തിട്ടുണ്ടോ?" പക്ഷെ അപ്പായി ഒന്നും മറുപടി പറഞ്ഞില്ല, കറുത്ത കണ്ണടയ്ക്കുള്ളില്‍ തിളങ്ങുന്നത് കണ്ണീരായിരുന്നു എന്ന് മനസിലാക്കാന്‍ തനിക്കു കഴിഞ്ഞുമില്ല. അന്ന് രാത്രി അപ്പായീടെ നെഞ്ചോട്‌ ചേര്‍ന്ന് കിടക്കുമ്പോള്‍, അറിയാതെ പറഞ്ഞു "അപ്പായീ, അന്നമോള്‍ക്ക് വേറാരും വേണ്ട കേട്ടോ.. അപ്പായി മാത്രം മതി, പിന്നെ അമ്മച്ചീം, അപ്പായി പറഞ്ഞില്ലേ അമ്മച്ചി ഇവിടെ ഇല്ലാന്നേ ഉള്ളു, പക്ഷെ സ്വര്‍ഗത്തില്‍ ഉണ്ടെന്നു.. നമുക്ക് അത് മതി കേട്ടോ അപ്പായീ " . പറഞ്ഞ വാക്കുകളുടെ ആഴം അറിഞ്ഞിരുന്നില്ല....ആ വാക്കുകള്‍ ഉളവാക്കിയ അര്‍ത്ഥവും.

അതങ്ങനെ കുഞ്ഞു മനസ്സില്‍ കിടന്നത് കൊണ്ടാകും മിനി ടീച്ചറിന്റെ അന്നക്കുട്ടീ വിളി തീരെ ദഹിക്കാതെ പോയത്..., പിന്നെ ശോശാമ്മ ടീച്ചറും,അമ്പിളി ടീച്ചറും ഒക്കെ ഉച്ചയൂണ് സമയത്ത് മിനി ടീച്ചറിനെ കാണുമ്പോളെ, "ആ ആന്‍ ദാ നിന്റെ ടീച്ചര്‍ വരുന്നുണ്ടല്ലോ,ഇന്നെന്താ സ്പെഷ്യല്‍ ആന്‍ റോയിക്കായി?" എന്ന് ചോദിക്കുന്നത് കേള്‍ക്കുമ്പോള്‍ ഒരു അരോചകത്വം തോന്നിയിരുന്നു, നിര്‍വചിക്കാനാകാതെ പോയ എന്തോ ഒന്ന്..... ടീച്ചര്‍ എന്നും രണ്ടു പൊതി കൊണ്ട് വന്നിരുന്നു,ഒന്നില്‍ തനിക്കും കൂടി ഉള്ള മീന്‍ കറിയും,പൊരിച്ചതും അല്ലെങ്കില്‍ കുറച്ചു കപ്പയും തേങ്ങ വറുത്തരച്ച തീയലും ഒക്കെ ഉണ്ടാകും. വൈകുന്നേരങ്ങളില്‍ ചിലപ്പോള്‍ പാര്‍സല്‍ ആയി വീട്ടിലേക്കും എത്തിയിരുന്നു ടീച്ചറിന്റെ മീന്‍ വറുത്തത്. ടീച്ചര്‍ അതും കൊണ്ട് മതിലിനു അപ്പുറം വരുമ്പോള്‍ അപ്പായി പറയും, "എന്തിനാ മിനി ..,വെറുതെ ബുദ്ധിമുട്ടായില്ലെ.... ",ഓ അത് ഞാന്‍ പറഞ്ഞില്ല അല്ലെ, ടീച്ചറും അപ്പായിയും കളി കൂട്ടുകാരാണ്. ഒരുമിച്ചു കളിച്ചു വളര്‍ന്നവര്‍, ഒരേ കോളേജില്‍ പഠിച്ചവര്‍. പക്ഷെ,എന്താന്നറീല മിനി ടീച്ചറിന്റെ കല്യാണംനടന്നിരുന്നില്ല.

മിനി ടീച്ചറിനെ കെട്ടി കൊണ്ട് പോകാന്‍ ഇന്ന് അവിടെ ഒരാള്‍ വരുമെന്ന് കാത്തമായി പറഞ്ഞപ്പോള്‍ ആരാ അതെന്നുള്ള ആകാംക്ഷ ആയിരുന്നു.വന്ന അങ്കിളിനെ കണ്ടപ്പോ പേടിയാണ് തോന്നിയത്. മിനി ടീച്ചറിന്റെ അമ്മ , താന്‍ കല്ലമ്മച്ചി എന്ന് വിളിക്കാറുള്ള കല്യാണി അമ്മ പൂകേക്കും, സ്ക്വാഷും തന്നതായിരുന്നു ആകെ നന്നായി തോന്നിയത്. വന്നവരൊക്കെ തിരികെ പോയപ്പോള്‍ കല്ലമ്മച്ചി കണ്ണ് നിറച്ചു ടീച്ചറിനോട് പറഞ്ഞു "കൊച്ചെ ഇതും ഒന്നുമായില്ലല്ലോ ". അന്ന് വൈകിട്ട് അപ്പായിയും ടീച്ചറും സംസാരിക്കുന്നത് കണ്ടു , മതിലിനു അപ്പുറവും ഇപ്പുറവും നിന്ന്.. എന്തോ ഇഷ്ടമായില്ല ആ കാഴ്ച, കണ്ണീര്‍ തുടക്കുന്ന ടീച്ചറിനോട് ദേഷ്യമാണ് തോന്നിയത്.

പിറ്റേ ദിവസമാണ് അതുണ്ടായത് , അമ്പിളി ടീച്ചറിന്റെ ഈ കമന്റില്‍ " ആന്‍ ,നമുക്ക് നമ്മുടെ മിനി ടീച്ചറിനെ ആനിന്റെ പപ്പയെ കൊണ്ട് കെട്ടിച്ചാലോ.. അപ്പൊ പിന്നെ ആനിനു സുഖമാകില്ലേ,ആനിനു അമ്മച്ചിയും ആകും പപ്പയ്ക്കും ടീച്ചറിനും സന്തോഷവുമാകും. ടീച്ചര്‍ എത്ര കാലമായി നിനക്ക് ചോറും മീനും തരുന്നു ". സ്റ്റാഫ്‌ റൂമിലെ ബെഞ്ചിലിരുന്നു പൊതി നൂര്‍ത്ത് വറുത്ത മീനിന്റെ കഷ്ണങ്ങള്‍ തന്റെ ബോക്സിലേക്ക് എടുത്തു വെച്ച് തരുകയായിരുന്നു ടീച്ചര്‍..., ഒറ്റ തട്ടില്‍ ചോറ് പാത്രവും മീന്‍ കഷ്ണങ്ങളും ചിതറി തെറിച്ചു ,, ചാടി ഇറങ്ങി ഓടവേ , വാക്കുകളും ആ ചോറിലേക്ക്‌ ചിതറി വീണു "എനിക്ക് നിങ്ങടെ മീന്‍ വേണ്ട...ഒന്നും വേണ്ട... എന്റെ അമ്മച്ചി അലീനാമ്മയാ, അപ്പായിയെ കെട്ടിക്കൊണ്ട് എന്റെ അമ്മച്ചി ആകാന്‍ നോക്കണ്ട , എനിക്കിഷ്ടമല്ല. " എവിടെയോ തട്ടി വീണു, മുട്ടില്‍ ചോര പൊടിച്ചു പക്ഷെ ഓട്ടം മാത്രം നിര്‍ത്തീല്ല. ഒടുവില്‍ അപ്പായീടെ കടയുടെ മുന്‍പില്‍ എത്തിയപ്പോള്‍ അലറി കരഞ്ഞു "അപ്പായീ മിനി ടീച്ചറിനെ കേട്ടണ്ടായെ, അന്നമോള്‍ക്ക് ഇഷ്ടമല്ലായെ ", ഒന്നും മനസിലാകാതെ പകച്ച അപ്പായീടെ മുഖവും,പണിക്കരമ്മാവന്റെ മുഖവും ഇപ്പോളും ഓര്‍മ്മയുണ്ട്........ രണ്ട് മൂന്നാഴ്ചത്തേക്ക് സ്കൂളിലേക്ക് പോയതേ ഇല്ല... അപ്പായി എത്ര ശ്രമിച്ചിട്ടുംമിനി ടീച്ചറിനെ കാണാന്‍ താന്‍ കൂട്ടാക്കിയില്ല. പിന്നീട് ആ സ്കൂളിലേക്ക് ഇനി ഒരിക്കലും പോകാന്‍ വയ്യ എന്ന് പറഞ്ഞു, അമ്മച്ചീടെ നാട്ടിലേക്ക് അപ്പായിയെയും കൂട്ടി പോകും മുന്‍പാണ് സ്കൂളില്‍ ഒരു പ്രാവശ്യം അവസാനമായി പോയത്. അവിടെ വെച്ചും ടീച്ചറിനെ കാണല്ലേ എന്ന് പ്രാര്‍ത്ഥിച്ചു......................

ഇപ്പൊ , എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞു.പഴയ ആന്‍ റോയ് ഇന്ന് ആന്‍ ഫിലിപ്പ് ആയി മാറി, അപ്പായി അമ്മച്ചിടെ അടുത്തേക്ക് പോയി.., തന്നെ സുരക്ഷിതയാക്കി എന്ന ആശ്വാസത്തോടെ. ഇപ്പോള്‍ ടീച്ചര്‍ എവിടെയാണെന്ന് അറീല,എങ്ങനെ ആണെന്നും അറീല... പക്ഷെ ഇന്നലെ അപ്പായീടെ ഡയറിയില്‍ നിന്നും കിട്ടിയ പഴകി പൊടിഞ്ഞ ആ ലെറ്ററില്‍ "മറക്കാം " എന്ന ഒറ്റ വാക്കില്‍ ടീച്ചറിനേയും, അപ്പായിയെയും പൂര്‍ണ്ണമായും എനിക്ക് മനസിലായി...................ഇന്നിവിടെ പഴയത് പോലെ , നേര്‍ത്ത്‌ മങ്ങിയ ഈ സായന്തനത്തില്‍, മഴത്തുള്ളികളുടെ കിന്നാരം കേട്ടു നില്‍ക്കുമ്പോള്‍ അറിയാതെ ആഗ്രഹിക്കുന്നു,"വേണ്ട അന്നക്കുട്ടീ" എന്ന ശാസനയോടെ മിനി ടീച്ചര്‍ വന്നിരുന്നെങ്കില്‍, വെള്ളയും മറൂനും കലര്‍ന്ന ആ കോട്ടന്‍സാരിത്തലപ്പു കൊണ്ട് നെറ്റി തുടച്ചിരുന്നെങ്കില്‍..... നഷ്ടമായത് എന്താണെന്നു അറിയാം ,നിങ്ങള്‍ക്ക് ഞാന്‍ നഷ്ടമാക്കിയതും . എന്നെങ്കിലും കണ്ടാല്‍ നല്‍കാന്‍ ഒരേ ഒരു ഗുരു ദക്ഷിണ മാത്രം ടീച്ചര്‍ ,"മാപ്പ് ".

Friday, May 14, 2010

പ്രിയപ്പെട്ട .......................

പ്രിയപ്പെട്ട തീവണ്ടീ ,

            ആദ്യമായിട്ടാകും നിനക്ക് ഒരു ലെറ്റര്‍ ആരെങ്കിലും എഴുതുന്നത് അല്ലെ?അതും എന്നില്‍ നിന്ന് നീ ഒട്ടും പ്രതീക്ഷിക്കുന്നുണ്ടാകില്ല എന്നെനിക്കറിയാം. ആദ്യമായി ഒരു sorry, നിന്നോട് കുറച്ചു നാള്‍ പിണങ്ങി ഇരുന്നതിന്.നീ എന്നും എന്റെ nostalgic  ഓര്‍മ്മയായിരുന്നു.. കുട്ടിക്കാലത്ത് ഏറ്റവും ഇഷ്ടമുള്ള വണ്ടികള്‍ ഓട്ടോയും ട്രെയിനും ആണെന്ന് ഞാന്‍ എല്ലാരോടും പറയാറുള്ളത് നീ ഓര്‍ക്കുന്നില്ലേ?? അച്ഛന്റെ തറവാട്ടിലേക്കുള്ള യാത്രകള്‍ , ഓരോ വെക്കേഷനും ഞാന്‍ കാത്തിരിക്കുമായിരുന്നു. എക്സ്പ്രസ്സ്‌ ട്രെയിനില്‍ പോയാല്‍ 3 മണിക്കൂറു കൊണ്ട് എത്തുന്ന ദൂരമേ ഉള്ളെങ്കിലും അച്ഛന്‍ എന്നും ഷട്ടില്‍ ട്രെയിന്റെ ആളായിരുന്നു..മനപ്പൂര്‍വം തിരക്ക് ഒഴിവാക്കാന്‍. എന്റെയും ആഗ്രഹം അത്  തന്നെയായിരുന്നു, നിന്നോടൊപ്പം കുറച്ചേറെ നേരം യാത്ര ചെയ്യാമല്ലോ...
               പഴം പൊരിയും ചായയും പ്രലോഭനങ്ങളായിരുന്ന ആ കാലം ... ആളൊഴിഞ്ഞ  കമ്പാര്‍ട്ടുമെന്റില്‍ ഞങ്ങളുടേത് മാത്രമായ ലോകമുണ്ടാക്കി , തിമിര്‍ത്തു കളിച്ചു യാത്ര ആസ്വദിച്ചിരുന്ന കാലം .. ശ്രീദേവി എന്ന പേരിനെ  "ശ്രീക്കുട്ടനേ" എന്ന് ചെല്ലപ്പേരിട്ടു  വിളിച്ച അപ്പൂപ്പന്റെയും , ചുളുങ്ങി ചടച്ച കയ്യുകളാല്‍ ചപ്രച്ച തലമുടിയില്‍ എണ്ണ തടകി  തരുന്ന അമ്മൂമ്മയുടെയും ഓര്‍മ്മയായി നിന്റെ രൂപം !!! കൌമാരത്തില്‍ നിന്നോടോത്തുള്ള ഓരോ  യാത്രയിലും  എനിക്ക്  പുതിയ  പുതിയ  കൂട്ടുകാരെ കിട്ടി .വെക്കേഷന്  വേണ്ടിയുള്ള കാത്തിരിപ്പില്‍  നിന്നോടൊപ്പം  എത്തുന്ന  ഈ  സൌഹൃദങ്ങളെയും  ഞാന്‍  ഇഷ്ടപ്പെടാന്‍  തുടങ്ങി .
                 പിന്നീടെവിടെയോ  വെച്ച്  നിന്റെ  നിറം  മാറി .... കലാലയ കാലത്തെ ചുവന്ന റോസാപ്പൂ   എനിക്കവന്‍ തന്നത് നിന്നോടോത്തുള്ള ഒരു വെക്കേഷന്‍ യാത്രയിലായിരുന്നു.പിന്നെ എത്ര എത്ര യാത്രകള്‍ അവനോടൊപ്പം. റിസര്‍വേഷന്‍ കമ്പാര്‍ട്ട്മെന്റിന്റെ ഇരുളാര്‍ന്ന മൂലയില്‍ വെച്ച് ആരും കാണുന്നില്ല എന്ന ധൈര്യത്തില്‍ എന്റെ കയ്യുകളില്‍ അവന്‍ മുറുക്കെ പിടിച്ചതും അങ്ങനെ ഒരു യാത്രയില്‍. പ്രണയത്തിന്റെ നിറഞ്ഞ സുഗന്ധമായി പിന്നെ നിനക്ക്. നിന്റെ പേര് കേള്‍ക്കുമ്പോള്‍ ഞാന്‍ അവനെ ഓര്‍ക്കാന്‍ തുടങ്ങി, അവനോടൊത്തു സംസാരിച്ചാലും സംസാരിച്ചാലും തീരാത്ത അത്രയും കാര്യങ്ങള്‍ പറഞ്ഞു നേരം വെളുപ്പിച്ചതും, തണുപ്പോലുന്ന  കയ്യുകള്‍ കൊണ്ടവനെന്റെ വിരലുകള്‍ കൂട്ടിപ്പിടിച്ചപ്പോള്‍ അറിയാതെ വിറച്ചതും...........
                പിന്നൊരു നാള്‍ " ശ്രീ നിന്നെ എനിക്ക് ഒരുപാടിഷ്ടമാണ് അത് കൊണ്ട് നമുക്ക് ഇവിടെ നിര്‍ത്താം "എന്ന് പറഞ്ഞു പ്രണയത്തിന്റെ പാതി വഴിയില്‍ അവന്‍ ഇറങ്ങി പോയപ്പോള്‍ സാക്ഷിയായതും നീ ..... അതിനു ശേഷമാണ് നിന്നെ ഞാന്‍ വെറുത്തത്,അത് നിനക്കും അറിയാം... പിന്നെ ഞാന്‍ നിന്നോടൊത്തു യാത്രകള്‍  ചെയ്യാന്‍ ഇഷ്ടപ്പെട്ടില്ല, നിന്റെ ശബ്ദവും മണവും എന്നെ ഭ്രാന്ത്‌ പിടിപ്പിക്കുന്നത് പോലെ തോന്നി.. ഒരുപാട് യാത്രകള്‍ ഇഷ്ടപ്പെട്ടിരുന്ന ഞാന്‍ എന്നിലേക്കൊതുങ്ങി,എന്നിലേക്ക്‌ മാത്രമായി..വേണമെന്ന് വെച്ചിട്ടായിരുന്നില്ല,പക്ഷെ ഒന്നും മറക്കാന്‍ കഴിഞ്ഞില്ല.   ഇന്ന് വര്‍ഷങ്ങള്‍ക്കു ശേഷം എല്ല്ലാം മറന്നു എന്ന് എനിക്ക് തോന്നിയപ്പോള്‍ ഈ യാത്രയ്ക്ക് ഞാന്‍ ഒരുങ്ങി..പക്ഷെ, ഒന്നും മാറിയിട്ടില്ലല്ലോ,ഇപ്പോഴും ഈ റിസര്‍വേഷന്‍ കമ്പര്‍ട്ടുമെന്റില്‍  എനിക്ക് അവന്റെ മണം കിട്ടുന്നു, അവന്റെ കയ്യിന്റെ തണുപ്പ് അറിയുന്നു....
                അതൊക്കെ പോട്ടെ.. നിന്റെ മൂഡു ഞാന്‍ മാറ്റുന്നില്ല. നമുക്കൊരു ഓട്ടമത്സരം വെച്ചാലോ ,  തീവണ്ടീ?? ഒരേ പാളത്തിലൂടെ ,ഒരേ സമയം ??? ഞാന്‍ ആദ്യം എത്തിയാല്‍ ഞാന്‍ ജയിക്കും, നീ ആദ്യമെത്തിയാലോ??, അപ്പോഴും ഞാന്‍ ജയിക്കും... :) അപ്പൊ ഒക്കെ പറഞ്ഞത് പോലെ, നാളെ രാവിലെ നമ്മുടെ പുഴയുടെ അടുത്തുള്ള പാളത്തില്‍ ഞാന്‍ നിന്നെയും കാത്തിരിക്കും , നീ വരുന്നത് വരെ ,,,,,
                                        ശേഷം നേരില്‍ .... നിന്റെ ആ പഴയ കൂട്ടുകാരി ശ്രീ

Thursday, May 13, 2010

മറവി

മറന്നു പോയതെന്താണെന്ന്
 ഓര്‍ത്തോര്‍ത്തു നോക്കി
അടിത്തട്ടിലെ പായലും പൂപ്പലും
മാറ്റി മാറ്റി നോക്കി
തിരിച്ചറിയാനാവാതെ പോയ
ജീര്‍ണ്ണത നക്കിയ
കുറെ പഴകി പൊടിഞ്ഞ
ഓര്‍മ്മകള്‍ മാത്രം
ഒരിക്കല്‍  തിളക്കമുണ്ടായിരുന്നിരിക്കാം,
എവിടെയോഇപ്പോളും  -
ഒരു  മിനുക്കം  ബാക്കി  ഉണ്ട് ..
വിയര്‍ത്തൊട്ടിയ പെര്‍ഫ്യുമിന്‍റെ
ബാക്കിപത്രം  പോലെ -
ദുര്‍ഗന്ധത്തിനു അടുത്തെത്തുന്നൊരു ഗന്ധം  (!!!!)

വര്‍ണ്ണകടലാസില്‍ പൊതിഞ്ഞു ,
അടിത്തട്ടില്‍  പിന്നെയുമൊരു
കുഴി കുത്തി -ഞാനവിടെ തള്ളി,
ശല്യമായെക്കാവുന്ന ഓര്‍മ്മകളെ ...
മറവി,എത്ര സുഖകരമായൊരു വികാരം 
മറവി,എത്ര സുഖകരമായൊരു ഓര്‍മ്മ !!!!

വൈകി എത്തിയ വിഷു

ഉരുകുന്ന ഈ ചൂടത്തും ഒരു കുളിര്മ തോന്നി പൂത്തുലഞ്ഞു നില്ക്കുന്ന കണിക്കൊന്ന കണ്ടപ്പോള് ,
വിഷു കഴിഞ്ഞ് ഇത്ര നാളായിട്ട് എന്ത് കണിക്കൊന്ന എന്നാണോ??? ഇവിടെ ഡല്ഹിയില് ഇപ്പോഴാ സുഹൃത്തുക്കളെ ആ പൊന് നിറം വിരുന്നെത്തിയത് . ഓഫീസിനെ ചുറ്റി നില്ക്കുന്ന കുറെ മരങ്ങളില് ഇപ്പോള് മഞ്ഞ വര്ണ്ണം മാത്രം. വിഷുവിന്റെ അന്ന് വല്ലാത്ത സങ്കടം ആയിരുന്നു
ഒരു പൂ പോലും കാണാന് കിട്ടീല്ലല്ലോ എന്ന്. ഇപ്പോളിതാ ഒരായിരം പൂങ്കുലകള് എനിക്ക് ചുറ്റും... വൈകുന്നേരങ്ങളില് വീട്ടിലേക്കുള്ള ഓട്ടത്തിനിടയില് ഞാനിപ്പോള് ഒരഞ്ചു നിമിഷം എന്റെ കണിക്കൊന്നകള്ക്കായി നല്കുന്നു... ഒരു slow walk .... പണ്ട് സ്കൂള് കാലത്തില് മാര്ച്ചിന്റെ അവസാനങ്ങളില് കൊന്നപൂത്തു തുടങ്ങും,വരാന് പോകുന്ന വിഷുവിനെ കുറിച്ചു ഓര്മിപ്പിക്കാന് , ഇപ്പോള് ആസ്വദിച്ചു നീങ്ങുമ്പോള് എനിക്കു തോന്നും വിഷു ഇതാ എത്തി കഴിഞ്ഞു...................
...

Wednesday, May 5, 2010

അനാമികം

ഒന്ന് മറ്റൊന്നിന്റെ പിന്തുടര്‍ച്ച
തനിയാവര്‍ത്തനങ്ങളുടെ തായമ്പക
എവിടെയോ മറന്നു വെച്ച ചില്ലുകൂട്ടില്‍
ഇനിയുമെന്‍ സ്വപ്നങ്ങളുടെ ചിത കൂട്ടി വെക്കട്ടെ
ജീവിത സ്ഫടികം പോറാതിരിക്കട്ടെ
ഒരു വിരല്‍ നഖപ്പാടേറ്റു പോലും .
മുഖാവരണം എടുത്തു മാറ്റില്ല ഞാന്‍
വികാര രഹിതമെന്നുറച്ച വികാരം,
സത്വമില്ല,സത്തയുമില്ല,ഇന്നെന്നി-
-ലന്തരാത്മാവിന്‍ ആളലുമില്ല
മൌന ജാലകം മൃദുവായി ചാരിയീ
വചന വാചാല പേമാരി നുകരട്ടെ
മിഴിയിണകളെ ഒളിപ്പിച്ചിടട്ടെ,
മുഖം മറയ്ക്കുമീ സുതാര്യതയ്ക്കുള്ളില്‍
മിഴി തിളങ്ങുമീ നനവെന്നിലെന്നും
നനുത്ത നീറ്റലായുള്ളിലമരട്ടെ
ഞാനെന്ന തടവറയ്ക്കുള്ളിലായ് കൊത്ത് കൂടി-
രമിച്ചുല്ലസിച്ചീടുവാന്‍ വഴി തെറ്റി-
എത്തിയ തേങ്ങല്‍ കുരുവീ ,
നഷ്ട ബോധത്തിന്‍ തിന നല്‍കിടാം ,പിന്നെ
വ്യര്‍ത്ഥ സ്വപ്നത്തിന്‍ വെള്ളവും നല്‍കാം
സ്വാര്‍ത്ഥ മോഹത്തിന്‍ കച്ചില്‍ക്കൂനയില്‍
വിരിഞ്ഞിറങ്ങാനൊരു മറവി തന്‍ മുട്ട
ദിനരാത്രങ്ങളുടെ ഏകാന്തതയില്‍ തട്ടി-
-പ്പൊട്ടാതെ  നല്‍കുമോ പകരമായിന്നു ??

Tuesday, May 4, 2010

surprise !!!!

കൂട്ടുകാരിക്ക്  വേണ്ടി ഒരു ഒഴിഞ്ഞ പ്ലാസ്റ്റിക്‌ കവര്‍ തിരക്കുകയായിരുന്നു അവള്‍.  പെട്ടെന്നാണ്  അടുക്കിയ കാര്‍ഡ്‌ബോര്‍ഡ്‌ പെട്ടികള്‍ക്കും , ഉപയോഗിക്കാന്‍ എടുത്തു വെച്ച  കവറുകള്‍ക്കും  ഇടയില്‍ ഒരു പുതിയ ബോക്സ്‌ കണ്ണില്‍ പെട്ടത്.. 'ഷുഗര്‍ ഡാഡി ബെക്കെറി ' ഇതെന്താപ്പോ ഇങ്ങനെ ഒരു സാധനം ഇവിടെ... "ഏട്ടാ എന്താ ഈ....." ആ ചോദ്യം അവള്‍ പകുതിക്ക്  വിഴുങ്ങി ,'ഓ നാളെ  എന്റെ പിറന്നാളാണല്ലോ. അപ്പൊ ഒരു സര്‍പ്രൈസ് എനിക്ക് വേണ്ടി ഇവിടെ കാത്തിരിക്കുന്നു അല്ലെ..... കളയണ്ട ആ സുഖം. ഈ സര്‍പ്രൈസ് അങ്ങനെ തന്നെ ഇരുന്നോട്ടെ '. ഭര്‍ത്താവ് അകത്തേക്ക് എത്തും മുന്‍പ്  അവള്‍ കൂട്ടുകാരിയുടെ അടുത്തേക്ക് പോയി.
 ഒരുപാട് വൈകി വിരുന്നുകാര്‍ പോയി , "അപ്പോള്‍ ഇനി കിടക്കാം അല്ലെ ഏട്ടാ " എന്നാ അവളുടെ ചോദ്യത്തിനു ഭര്‍ത്താവിന്റെ മറുപടി "നമുക്ക്  ഒരു ഫിലിം കാണാം " എന്നായിരുന്നു..... "സമയം 11  ആയി, ഇനി എന്തോന്ന്  ഫിലിം, വാ ഏട്ടാ നമുക്ക് കിടക്കാം,വല്ലാത്ത ക്ഷീണം " പറഞ്ഞു തീര്‍ക്കാന്‍ അയ്യാള്‍ സമ്മതിച്ചില്ല , "ഇല്ല ഞാനിന്നു പടം കാണും......, നീ കാണണ്ടെല്‍  ഉറങ്ങിക്കോ " . "എന്ത് പറ്റി ഈ മനുഷ്യന് .. അല്ലെങ്കില്‍ 11  മണി അടിച്ചാല്‍ ബെഡില്‍ എത്തുന്ന ആളാണേ ഇന്നീ പരാക്രമം കാട്ടുന്നെ.... പിന്നെയും ഒരു മന്ദസ്മിതത്തോടെ അവള്‍ ഓര്‍ത്തു "...... എന്റെ സര്‍പ്രൈസ്".
സമയം ഫിലിം കാട്ടി കടന്നു പോയി, രസിച്ചിരിക്കെ അവള്‍ ഭര്‍ത്താവിനെ നോക്കി... "ഈശ്വരാ , എന്റെ പൊന്നേട്ടാ ഒന്ന് പോയി കിടന്നുറങ്ങൂ ഫിലിം കാണണ്ടെല്‍ " അറിയാതെ ഒരല്‍പം ഉച്ചത്തില്‍ ആയിപ്പോയി അവളുടെ പറച്ചില്‍. പാവം ഭര്‍ത്താവ് ഞെട്ടി ഉണര്‍ന്നു , വാച്ചിലേക്ക് മിഴിച്ചു നോക്കി , ഇല്ല ഇനിയും 10 മിനിറ്റ് ഉണ്ട്...  "അതെ ഞാന്‍ ദാ വരണ് ട്ടോ.." അകത്തേക്ക് പോയ ഭര്‍ത്താവിനെ സാധാരണ ഗതിയില്‍ അവള്‍ പിന്തുടരെണ്ടാതാണ്, പക്ഷെ ഇന്ന് അവള്‍ക്ക് അറിയാം ആ പാവം surprise  ഒരുക്കാനാ പോയെ, എന്തിനാ വെറുതെ അത് പൊളിക്കുന്നെ.... പ്രതീക്ഷിച്ചത് പോലെ 5 നിമിഷത്തില്‍ അകത്തു നിന്നും വിളി എത്തി , " എടീ ഒന്നിവിടെ വന്നെ ".. തന്നെ അമ്പരപ്പിക്കാനുള്ള ആ ശ്രമത്തില്‍ ആത്മാര്‍ഥമായി പങ്കെടുത്തു കൊണ്ട് "എന്താ ഏട്ടാ " എന്നാ ചൊല്‍വിളിയോടെ അവള്‍ അകത്തേക്ക് പോയി.....
അവിടെ അതാ ഒരു സ്ടൂളില്‍  അവളെ നോക്കി ചിരിക്കുന്നു ബ്ലാക്ക്‌ ഫോറെസ്റ്റ് കേക്ക് ..................  അറിയാതെ നിറഞ്ഞ കണ്ണീരില്‍ , അവള്‍ കണ്ടു ഭര്‍ത്താവിന്റെ അഭിമാനവും സ്നേഹവും  നിറഞ്ഞ ചിരി ......  (ശേഷം സ്ക്രീനില്‍ )