Tuesday, September 10, 2024

രുചിയോർമ്മകൾ അഥവാ ആളോർമ്മയുടെ രുചിഭേദം - പച്ച ഓലയിൽ കൊരുത്ത ഉഴുന്താട

2020 ജനുവരി 08 
രുചിയോർമ്മകൾ അഥവാ ആളോർമ്മയുടെ രുചിഭേദം -  പച്ച ഓലയിൽ കൊരുത്ത ഉഴുന്താട 
---------------------------------------------------------------------------------------------------------------------------------------


                              ഇന്നീ രുചിയോർമ്മയിൽ പറയാൻ പോകുന്ന സാധനം നിങ്ങളുടെയൊക്കെ നാട്ടിൽ ചിലപ്പോൾ വേറെയെന്തെങ്കിലും പേരിലാകും അറിയപ്പെടുന്നത്. എന്റെ നാട്ടിൽപ്പോലും - എൻ്റെ നാടെന്നാൽ നാവായിക്കുളം -  എല്ലാവരും ഇങ്ങനെതന്നെയാണോ ഇതിനെ വിളിച്ചിരുന്നത് എന്നെനിക്ക് ഉറപ്പുമില്ല. എന്തായാലും ഇതൊരു സീസണൽ വിഭവമായിരുന്നു .. മാർച്ച് മുതൽ മെയ് അവസാനം വരെ നീളുന്ന നാവായിക്കുളത്തെ  ഉത്സവസീസൺ വിഭവം. പരീക്ഷക്കാലം തുടങ്ങും മുൻപ് അവിടെ ഉത്സവകാലം തുടങ്ങും. നാവായിക്കുളം എന്ന ഠാ വട്ടത്ത് ഒരു കയ്യിലൊതുങ്ങുന്നതിലും കൂടുതൽ അമ്പലങ്ങളുണ്ടായിരുന്നു (ഇപ്പോഴും ഉണ്ട്)  ഇണ്ടിളയപ്പൻ കാവ്, മങ്ങാട്ടുവാതിൽക്കൽ ക്ഷേത്രം, അമ്മൂമ്മക്കാവ്, അയറ്റിൻചിറ അമ്പലം, മുത്താരമ്മൻ കോവിൽ, വല്യമ്പലം എന്ന ശങ്കര നാരായണ സ്വാമി ക്ഷേത്രം പിന്നെയും പേരുകൾ ഓർമ്മയില്ലാത്ത വേറെകുറേ  കൊച്ചുകൊച്ചു അമ്പലങ്ങൾ. എല്ലായിടത്തേയും ഉത്സവത്തിന്റെ കലാശക്കൊട്ടാണ് ഏപ്രിൽ അവസാനം - മെയ് ആദ്യമായിട്ട് നടക്കുന്ന വല്യമ്പലത്തിലെ ഉത്സവകാലം. ഇപ്പോഴും വീട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് അവിടുത്തെ ഉത്സവമാണ്. ഓരോ വർഷവും കഴിയുമ്പോൾ ഓരോ ഉത്സവവും കൊടിയിറങ്ങുമ്പോൾ ഉള്ളിലൊരു കുഞ്ഞു കരയാറുണ്ട് - ഇക്കൊല്ലവും കണ്ടില്ലല്ലോ എന്നോർത്ത്! 


                             അമ്പലങ്ങളിൽ ഉത്സവം തുടങ്ങിയാൽ കുട്ടികളുടെ കയ്യിൽ എവിടെ നിന്നെങ്കിലും ഒക്കെ കുഞ്ഞുകുഞ്ഞു മണിക്കിലുക്കങ്ങൾ വന്നുതുടങ്ങും. വിരുന്നു വരുന്നവരും അമ്മൂമ്മയപ്പൂപ്പന്മാരും ഒക്കെ  കൊടുക്കുന്നതാണ് ഉത്സവത്തിനു പൊരി വാങ്ങാൻ, കളിപ്പാട്ടം വാങ്ങാൻ, കരിമ്പിൻ ജ്യൂസ് കുടിക്കാൻ , ചൂടോടെ പായസം കുടിക്കാൻ , സർക്കസ് വന്നിട്ടുണ്ടെങ്കിൽ അതിനൊരു ടിക്കറ്റു എടുക്കാൻ അങ്ങനെയങ്ങനെ. ഞങ്ങളുടെ വീട്ടിൽ ഉത്സവത്തിനെന്നും പറഞ്ഞു ബന്ധുക്കൾ ഒന്നും വന്നിരുന്നില്ല - കാരണം നാവായിക്കുളം ഞങ്ങളുടെ സ്വന്തം സ്ഥലമായിരുന്നില്ലല്ലോ ... എങ്ങനെയൊക്കെയോ എവിടെയൊക്കെയോ കൂടി ഒഴുകിയൊഴുകി അച്ഛനുമമ്മയും വന്നു നിലയുറപ്പിച്ച ഇടമായിരുന്നു നാവായിക്കുളം. ഒരാള് പോലും ബന്ധുവായില്ലാത്ത ഇടമാണ് - പക്ഷേ  അവിടം എനിക്ക് ഏറ്റവും പ്രിയപ്പെട്ടയിടവും,  നാട്ടുകാർ ഏറ്റവും പ്രിയപ്പെട്ടവരുമായത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ അവിടമാണ് എന്റെ ഓർമ്മകളുടെ അങ്ങേയറ്റം! ആ ഗ്രാമത്തിന്റെ പല കോണുകളിലായി മാറിമാറിത്താമസിച്ച 8 വാടക വീടുകൾ! 8 വീടുകൾക്കും ചുറ്റിലുമായി ഇന്നുമുള്ള പ്രിയപ്പെട്ടവരാണ് എന്റെ ബന്ധങ്ങൾ ... പലയിടങ്ങളിലും അമ്മൂമ്മമാരും അപ്പൂപ്പന്മാരും മാമന്മാരും മാമിമാരും  ചേട്ടന്മാരും ചേച്ചിമാരും അനിയൻകുട്ടികളും അനിയത്തിപ്പാറുകളും മൈനികളും അത്താന്മാരും പാട്ടിമാരും  അണ്ണന്മാരും  അപ്പുറത്തമ്മമാരും താഴത്തച്ഛന്മാരും ഒക്കെച്ചേർന്ന ഒരു വലിയ കുടുംബമാണ് എനിക്ക് നാവായിക്കുളം.   അച്ഛന്റെ നാടായ ചങ്ങനാശ്ശേരിയെക്കുറിച്ചുള്ള വെക്കേഷൻ ഓർമ്മകൾ, കുടുംബവീട് എന്ന സ്നേഹം , അടുത്തൊക്കെ ബന്ധുക്കൾ ഉണ്ടെന്ന സ്നേഹം ഒക്കെയുണ്ടെങ്കിലും എന്റെ നാട് നാവായിക്കുളം ആണ് - അച്ഛന്റെയോ അമ്മയുടേയോ നാടല്ല നാവായിക്കുളം!  :)  കാരണം ജനിച്ചു ഒരു വയസു മുതൽ ഞാൻ വളർന്നത് അവിടെയാണ് .. പിച്ചവെച്ചത്, എഴുന്നേറ്റു നടന്നത്, ഓടിയത്, വീണത്,  സ്‌കൂൾ പഠനം പൂർത്തിയാക്കിയത്, ആദ്യജോലിക്ക് ചേർന്നത്, ജീവിക്കാൻ പഠിച്ചത് , അച്ഛൻ പോയത്, വീണിടത്ത് നിന്ന് എഴുന്നേറ്റ് വീണ്ടും നില്ക്കാൻ പഠിച്ചത്, ഒടുവിൽ കല്യാണം കഴിച്ചത് പോലും ആ നാട്ടിൽ എനിക്കേറ്റവും പ്രിയപ്പെട്ട വല്യമ്പലത്തിനു അടുത്ത് വെച്ചാണ് ..... ഇനി നിങ്ങൾ പറയൂ അതല്ലേ എന്റെ നാട് ?  എന്റെ സ്വപ്നങ്ങളിൽ പോലും നാവായിക്കുളവും വഴികളുമാണ് തെളിയുക ..എന്റെ ഗൃഹാതുരത്വം അവിടമാണ് അവിടം മാത്രം! ഇതൊന്നുമല്ല എഴുതാൻ ഉദ്ദേശിച്ചത് അതുകൊണ്ട് നമുക്ക് ഉഴുന്താടയിലേക്ക് തിരികെപ്പോകാം ..... 



                                    അപ്പോൾ എന്താണീ ഉഴുന്താട എന്നോർക്കുവല്ലേ നിങ്ങളിപ്പോൾ?  അതീ ഉത്സവകാലത്ത് ഉത്‌സവപ്പറമ്പുകളിലേക്ക് അമ്മൂമ്മമാർ വരും, പലയിടങ്ങളിൽ നിന്ന് - പൊരി വിൽക്കാൻ, മുറുക്ക് വിൽക്കാൻ ,തലയിൽ വെക്കുന്ന മണമുള്ള കൊഴുന്നു വിൽക്കാൻ, ചൂടൻ കപ്പലണ്ടി വിൽക്കാൻ. അക്കൂട്ടത്തിൽ ഒരു ഐറ്റം ആണ് ഉഴുന്താട.  പച്ച ഓലയിൽ കൊരുത്തു കൊരുത്തു ഇട്ടിട്ടുണ്ടാകും - വട്ടം ക്രമമില്ലാതെ ഒപ്പിച്ച വലിയ തളകൾ പോലുള്ള ഉഴുന്താടകൾ. ഉഴുന്ന് കൊണ്ടാണ് ഉണ്ടാക്കിയതെന്ന് പേര് കേട്ടപ്പോൾ തോന്നിയില്ലേ - പക്ഷേ ശരിക്കും അവ കപ്പപ്പൊടി കൊണ്ട് ഉണ്ടാക്കിയവയാണ് - അരിപ്പൊടി കൊണ്ടും ഉഴുന്നുപൊടി കൊണ്ടും  ഉണ്ടാക്കിയ ഉത്സവ മുറുക്കുകൾ കണ്ടിട്ടുണ്ടോ നിങ്ങൾ ഏകദേശം അതുതന്നെയാണ് ഈ ഉഴുന്താടയുടെ രൂപവും. പക്ഷേ അതിൻ്റെ  രുചി ആ കപ്പക്കൂട്ടിലാണ്. കപ്പക്കിഴങ്ങ് (മരച്ചീനി)  പുഴുങ്ങിയോ പൊടിച്ചോ മാവുണ്ടാക്കിയത് കാൽത്തള പോലെ വട്ടം പരത്തി എണ്ണയിൽ വറുത്തതായിരിക്കണം ഉഴുന്താട (ഇങ്ങനെ ആകാം എന്നത് എന്റെ ഊഹമാണെ - ഇപ്പോൾ ഈ ഉഴുന്താടകൾ ഉത്സവസീസണിൽ വരുന്നുണ്ടോ എന്നറിയില്ല...ഇനിയെന്നെങ്കിലും കഴിക്കുമോ എന്നും അറിയില്ല! ) 


ഉഴുന്താട എനിക്ക് ഒരു കാലഘട്ടത്തിന്റെ ഓർമ്മയാണ് ..പേരറിയാതെ പോയ ഉത്സവ അമ്മൂമ്മമാരുടെ ഓർമ്മയാണ്... ഒരോലക്കീറിൽ കൊരുത്തത് വാങ്ങി വഴക്കിട്ടു കഴിച്ച എൻ്റെ കുട്ടിക്കാല ചങ്ങാതിമാരുടെ ഓർമ്മയാണ് .. അമ്പലമെന്നും ഉത്സവമെന്നും ആർക്കാണ് ഏറ്റവും പ്രിയമെന്ന് വഴക്കിട്ടിരുന്ന ചന്തുവിന്റെ ഓർമ്മയാണ് .... എന്റെ നാടിന്റെ ഓർമ്മയാണ്!  
ഇത് കഴിച്ചവരുണ്ടെങ്കിൽ ..അറിയുന്നവരുണ്ടെങ്കിൽ അവരോട് പറയാനുള്ളത് നമ്മളോരേ നാട്ടുകാരാണ്, ബന്ധുക്കളാണ്  എന്നാണ് ... നമ്മൾ ഉഴുന്താടയാൽ  ബന്ധിക്കപ്പെട്ടവർ! 

#100DaysOfTastes #Day08 #uzhunthada  #Navaikulam  #MyPlace  #Nostalgia  #ഉത്സവങ്ങൾ