പുതുവര്‍ഷത്തിലേക്ക് പറ്റിയൊരു പ്രതിജ്ഞയെക്കുറിച്ചാണ് ഇത്തവണ 'അമേരിക്കന്‍ മോം' നു സംസാരിക്കാനുള്ളത്. എല്ലാക്കൊല്ലവും എന്തെങ്കിലുമൊക്കെ റെസോലുഷന്‍സ് നമ്മളെല്ലാവരും എടുക്കാന്‍ ശ്രമിക്കും, ചിലത് നടക്കും ചിലത് പരാജയപ്പെടും. ഇത്തവണ നമുക്ക് മക്കളേയും കൂട്ടിച്ചേര്‍ത്തൊരു ശ്രമമാകട്ടെ.
എല്ലാവരും ശ്രദ്ധിച്ചിട്ടുള്ള കാര്യമാകും ചില കുഞ്ഞുങ്ങള്‍ സംസാരിക്കാന്‍ തുടങ്ങുമ്പോഴേ ആവര്‍ത്തിച്ചു പറയുന്ന വാക്കുകളിലൊന്ന് 'NO' എന്നാകും. ചിന്തിച്ചിട്ടുണ്ടോ എന്തുകൊണ്ടാണ് പറയാന്‍ പഠിക്കുന്ന ഒരു കുഞ്ഞ് തീര്‍ത്തും നിഷേധപരമായ ഒരു വാക്കില്‍ അവരുടെ വൊക്കാബുലറി തുടങ്ങുന്നതെന്ന്? കാരണം അവര്‍ ആവര്‍ത്തിച്ചുകേള്‍ക്കുന്ന വാക്ക് അതാണ്. അപ്പോള്‍ അതവരുടെ മനസില്‍ പതിയും, പതിയുംതോറും പറയും. പിന്നീട് 'NO' പറയേണ്ട അവസരങ്ങളിലേക്ക് വളരുമ്പോള്‍ സോഷ്യല്‍ കണ്ടിഷനിംഗ് മൂലം അവരത് മറക്കുകയും ചെയ്യും. ഇവിടെ ചെറിയവന്‍, രണ്ടര വയസുകാരന്‍, ഡേ കെയറില്‍ പോകാന്‍ തുടങ്ങിയിട്ട് ആറു മാസം ആകുന്നു. ഇങ്ങോട് പറയുന്ന NO യുടെ ആഴവും പരപ്പും ഒക്കെ കൂടാന്‍ തുടങ്ങിയപ്പോളാണ് അതിനെക്കുറിച്ച് കാര്യമായിട്ട് ആലോചിച്ചത് എന്ന് പറയാം.
ഇക്കൊല്ലത്തെ നമ്മുടെ റെസോലുഷന്‍ 'NO'കള്‍ കുറയ്ക്കാനുള്ളതാകട്ടെ. എല്ലാ പ്രതിജ്ഞയും പോലെ ഇതും നടപ്പിലാക്കാന്‍ ബുദ്ധിമുട്ടാണ്. 30 കിലോ അധികഭാരമുള്ള ഒരാള്‍ 25 കിലോ ആദ്യമാസത്തില്‍ കുറയ്ക്കാന്‍ ശ്രമിക്കുന്നതില്‍ എത്രത്തോളം അപ്രായോഗികത ഉണ്ടോ അത്രയും തന്നെ ഇതിലും ഉണ്ട്. അതുകൊണ്ട് നമുക്കും ആ സ്ലോ and സ്റ്റെഡി രീതിയില്‍ പോയിനോക്കാം. ഈ ആശയം 'Yes Day' എന്ന ആമി ക്രൂസിന്റെ ബുക്കില്‍ നിന്ന് കടമെടുത്തതാണ്. വര്‍ഷത്തിലൊരിക്കല്‍ ഒരു മുഴുവന്‍ ദിവസം സമ്മതദിനം അഥവാ YES Day ആക്കി മാറ്റുക എന്നതാണ് ആ ബുക്കിലെ ഉള്ളടക്കം. നമുക്കതിനെ എങ്ങനെ ഒരു ജീവിതശൈലി ആക്കിമാറ്റാന്‍ പറ്റുമെന്നാണ് നോക്കേണ്ടത്.
ആദ്യപടിയായിട്ട് കുട്ടികള്‍ക്ക് ഒരു 'Yes Day' കൊടുക്കുക - മാസത്തില്‍ ഒരിക്കല്‍ മതി അല്ലെങ്കില്‍ രണ്ടു മാസത്തില്‍ ഒരിക്കല്‍ ഇനി അതും പറ്റില്ലെങ്കില്‍ ആറു മാസത്തില്‍ ഒരിക്കല്‍. രണ്ടര വയസിനു മുകളിലുള്ള കുട്ടികളോട് പറഞ്ഞിട്ട് വേണം ചെയ്യാന്‍. ഈ ഘട്ടം ഘട്ടം പരിപാടി തുടങ്ങും മുന്‍പ് കുട്ടികളെക്കൂടി കൂട്ടിക്കൊണ്ട് കുറച്ചു ഫാമിലി റൂള്‍സ് ഉണ്ടാക്കണം. കുഞ്ഞുങ്ങള്‍ തന്നെ ഉണ്ടാക്കുന്ന അച്ചടക്കനിയമങ്ങള്‍ കൂടുതല്‍ ഫലപ്രദമാണ്. സ്വയം ഉണ്ടാക്കുന്നവ ലംഘിക്കാന്‍ കുട്ടികള്‍ക്കും ഒരു ബുദ്ധിമുട്ടൊക്കെ തോന്നും എന്നാണ് അനുഭവം.
റൂള്‍ (1): അന്നത്തെ ദിവസം എത്ര പണം ചിലവാക്കാം - അതൊരു സാധാരണ ദിവസത്തെ കുട്ടികളുടെ 'അലവന്‍സ്' ലും കൂടരുത്. അല്ലെങ്കില്‍ വളരെപ്പെട്ടെന്നു തന്നെ നിങ്ങള്‍ പാപ്പരായിപ്പോകും!
റൂള്‍ (2): പോകാവുന്ന ദൂരത്തിന് പരിധി വെക്കുക - ഡല്‍ഹിയിലിരിക്കുന്ന നിങ്ങള്‍ക്ക് തിരുവനന്തപുരത്തുള്ള തറവാട്ടുവീട്ടിലേക്ക് എത്തുകയെന്നത് ഒഴിവാക്കാന്‍ വേണ്ടി മാത്രം!
റൂള്‍ (3): ജീവനോ ആരോഗ്യത്തിനോ അപകടം ഉണ്ടായേക്കാവുന്ന ഏത് ആവശ്യത്തിനെയും വേണ്ട എന്ന് വെക്കാനുള്ള വീറ്റോ പവര്‍ നമ്മുടെ കയ്യിലാണ് എന്നത് അവരെ മനസിലാക്കിക്കുക. അത് വളരെ പ്രധാനം ആണ്.
ഒരിക്കല്‍ ഈ റൂള്‍സ് ഒക്കെ പറഞ്ഞ് അങ്ങോടും ഇങ്ങോടും ഒരു സമവായത്തില്‍ എത്തിക്കഴിഞ്ഞാല്‍ കുട്ടികളോട് തന്നെ ഒരു ദിവസം തിരഞ്ഞെടുക്കാന്‍ പറയുക. പുതുവത്സരത്തുടക്കം ആയതുകൊണ്ട് ഫെബ്രുവരിയിലെ തന്നെ ഒരു ദിവസം ആയിക്കോട്ടെ. കുട്ടികളോട് തന്നെ YES Day കലണ്ടറില്‍ മാര്‍ക്ക് ചെയ്തിടാനും പറയുക. ഇത് അവരുടെ ആവേശം കൂട്ടും. നല്ലതുപോലെ മുന്നൊരുക്കം നടത്താനും കുട്ടികള്‍ക്ക് സമയം വേണമല്ലോ. പേടിക്കണ്ട, മിക്കപ്പോഴും അവര്‍ കൊണ്ടുവരുന്ന ഐഡിയകള്‍ നമ്മുടെ കണ്ണ് തള്ളിക്കും!
ചില സമയത്ത് നമ്മള്‍ പറയുന്ന ഒരു നിസാരമായ സമ്മതം മൂളല്‍ പോലും കുഞ്ഞുങ്ങളെ അളവില്ലാതെ സന്തോഷിപ്പിച്ചേക്കും. അങ്ങനെയുള്ള സന്തോഷം മാത്രമല്ല കേട്ടോ 'YES ഡേ' തരുന്നത് - നമ്മള്‍ കുഞ്ഞുങ്ങള്‍ക്ക് അധികാരവും നല്‍കുകയാണ്. മിക്കപ്പോഴും നമ്മളാകും എല്ലാത്തിന്റെയും അവസാന വാക്ക്. ഒരു ദിവസം എവിടെ പോകണം, എങ്ങനെയൊക്കെ സമയം ചിലവാക്കണം, എന്തൊക്കെ വീട്ടിലേക്ക് വാങ്ങണം etc etc. ഒരു ദിവസം നമുക്ക് ആ നിയന്ത്രണത്തിന്‍റെ കടിഞ്ഞാണ്‍ കുട്ടികളുടെ കയ്യിലേക്ക് കൊടുത്താലോ? നല്ല രസാണ്‌ന്നെ. കൊടുത്തുനോക്കൂ, കുട്ടികളുടെ ആശയങ്ങളും ആത്മനിയന്ത്രണവും എങ്ങനെയാണ് പാകപ്പെട്ടിരിക്കുന്നത് എന്ന് സ്വയം അനുഭവിച്ചറിയൂ.
ഈ ആശയം ചെയ്തുകഴിഞ്ഞുള്ള നിങ്ങളുടെ അനുഭവം, അതില്‍നിന്നും ഉള്‍ക്കൊള്ളുന്നത് എന്താണ് എന്നൊക്കെ എന്നെയും എഴുതി അറിയിക്കുക - എന്തോരം കാര്യങ്ങള്‍ പഠിക്കാനുണ്ടാകും നമുക്കതില്‍ നിന്നൊക്കെ -എഴുതാന്‍ മറക്കണ്ട aarshaabhilash@gmail.com.
ഇനി ചെറിയ കുഞ്ഞുങ്ങളിലെ 'നോ' പറച്ചില്‍ കുറയ്ക്കാനുള്ള ഒരു എളുപ്പവഴി - നമ്മള്‍ അവരോട് ഒരു ദിവസം NO പറയുന്നത് എത്രവട്ടമാണെന്ന് എണ്ണിനോക്കുക. ഇതില്‍ എവിടെയൊക്കെ "NO" എന്നലാറാതെ മറ്റേതെങ്കിലും രീതിയില്‍ പറയാമെന്നു ഒന്നാലോചിക്കുക. ഉദാഹരണത്തിന് ചോക്ലേറ്റ് വേണമെന്ന് വാശിപിടിക്കുന്ന രണ്ടു വയസുകാരനോട് എന്തുകൊണ്ടാണ് ഇപ്പോള്‍ ചോക്ലേറ്റ് തരാന്‍ പറ്റാത്തത് എന്ന് പറയാം - ഒറ്റത്തവണ- അതിനുശേഷം കുഞ്ഞ് കരയുന്നു എങ്കില്‍ കരയാന്‍ വിടുക, ആള്‍ക്ക് ദേഷ്യം നിരാശ ഒക്കെ പ്രകടിപ്പിക്കാനുള്ള സമയമാണത്- let them do that! ആ ഒരു സങ്കട/നിരാശ/പരിഭവ നിമിഷം കഴിയുമ്പോള്‍ അവരത് മറക്കും. ആവര്‍ത്തിച്ചാവര്‍ത്തിച്ച് നോ പറയുന്നതിലും ഫലപ്രദം ആണത് (പരീക്ഷിച്ചു വിജയിച്ച ഞാന്‍ ഗ്യാരന്റി)