Monday, July 30, 2018

ശ്ശ് ശ്..... പതുക്കെ, അവര്‍ കേള്‍ക്കുന്നുണ്ട്!

ഒരു കുസൃതിച്ചിന്തയില്‍ നിന്ന് തുടങ്ങാം - അതുവരെയറിയാതെയിരുന്ന ഒരു  CCTV ക്യാമറയോ, ഒരു റെക്കോര്‍ഡിംഗ് ഉപകരണമോ നിങ്ങളുടെ വീട്ടില്‍ ഉണ്ടെന്നു പെട്ടെന്ന് അറിഞ്ഞുകഴിഞ്ഞാല്‍ എങ്ങനെയാകും നിങ്ങളുടെ പ്രതികരണം? സാധാരണ മനുഷ്യന്മാര്‍ക്കൊക്കെ ഒരു ചെറിയ ഹാര്‍ട്ട്‌ അറ്റാക്ക് വരാന്‍ ഈ ചിന്ത തന്നെ ധാരാളം. എങ്കില്‍ ആ വീഡിയോ, ആഡിയോ പകര്‍ത്തിയെടുക്കുന്ന ഉപകരണം ഒരു ദിവസത്തിന്‍റെ  24 മണിക്കൂറും നിങ്ങളുടെ പിന്നാലെ കൂടുന്ന ഒന്നാണെങ്കിലോ?  വീണ്ടും വീണ്ടും 'അപായമണി' മുഴങ്ങുന്നത് എനിക്ക് കേള്‍ക്കാം. 24/7 നിങ്ങളുടെ വീടുകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആ യന്ത്രങ്ങളുടെ പേരാണ് കുട്ടികള്‍! വായില്‍ നിന്ന് വീഴുന്ന ഓരോ വാക്കും, നമ്മള്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തിയും ഒന്നുപോലും വിട്ടുപോകാതെ ഒപ്പിയെടുക്കുകയും മിക്കവയും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നവര്‍.

The three musketeers 


 ഒന്നാം ക്ലാസില്‍ പഠിക്കുന്ന മകന്‍റെ പ്രിയപ്പെട്ട കൂട്ടുകാര്‍ അവന്‍റെ ടേബിള്‍മേട്സ് ആണ്. അവരുടെ 'ഫോര്‍ ദി പീപ്പിള്‍' ആര്‍മിയില്‍ മൂന്ന് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും. ഈ മൂന്നെണ്ണം ആണ് തക്കിട തരികിട പരിപാടികളിലെ മോന്‍റെ കൂട്ട്. ഒരു ദിവസം സ്കൂളില്‍ നിന്ന് വന്ന വിശേഷങ്ങള്‍ പറയുന്ന കൂട്ടത്തില്‍ വളരെ ലാഘവത്തോടെ മകന്‍ പറഞ്ഞു, അമ്മാ അമ്മക്ക് അറിയോ അമാന്‍ പറയുവാ അവന്‍റെ അച്ഛന്‍ മീന്‍ (mean) ആണെന്ന്. You are mean എന്ന് ഇവിടെ പൊതുവേ അത്ര നന്നായി പെരുമാറാത്ത കുട്ടികളോടൊക്കെ പറയാറുള്ളതാണ്.  ചെറുതായി ഒന്ന് ഞെട്ടിയെങ്കിലും ഇവനെന്ത് തിരികെ പറഞ്ഞിട്ടുണ്ടാകും എന്നോര്‍ത്ത് ഞാന്‍ കൌതുകം കാട്ടിച്ചോദിച്ചു 'ആഹാ കൊള്ളാംലോ, എന്നിട്ട് നീയെന്തു പറഞ്ഞു?' അപ്പോഴത്തെ കുഞ്ഞിന്‍റെ മറുപടിയാണ്‌ മറുപടി - 'ഓ! ഞാന്‍ പറഞ്ഞു അതൊന്നും സാരമില്ല , എന്‍റെ അച്ഛനും മീന്‍ (mean) ആണെന്ന്.'  ചിരിക്കുകയല്ലാതെ എന്ത് ചെയ്യും? എങ്കിലും എന്‍റെ മുഖത്തെ ചമ്മിയ ചിരിഭാവം കണ്ടാകണം അവന്‍ കൂട്ടിച്ചേര്‍ത്തു 'ഞാനവനെ ആശ്വസിപ്പിക്കാന്‍ പറഞ്ഞതാണ്‌ അമ്മാ '. അന്നത്തെ ഞങ്ങളുടെ അത്താഴസമയത്തെ വിഷയം ഇതായിരുന്നു 'മീനാ'യ അച്ഛനമ്മമാര്‍.  മകനും അച്ഛനും പൊതുവേ കൂട്ടുകാരാണ് വീട്ടില്‍, അതുകൊണ്ടുതന്നെ അച്ഛനെ മീനാക്കിയ മകനെയും ഇരയായ അച്ഛനേയും കളിയാക്കി ആ സംഭാഷണം അങ്ങ് മറഞ്ഞുപോയി.

വീണ്ടും രണ്ടുമൂന്നാഴ്ച കഴിഞ്ഞാണ് ആ ചര്‍ച്ചക്കൊരു തുടര്‍ച്ച ഉണ്ടായത്. അമാന്‍റെ അമ്മ എന്‍റെ സുഹൃത്താണ്‌ , മക്കള്‍ അടുത്ത കൂട്ടുകാരായത് കൊണ്ടുണ്ടായ സൗഹൃദം. വല്ലപ്പോഴും സ്കൂളില്‍ പരിപാടികള്‍ക്ക് കാണുക, എടുക്കുന്ന ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുക അങ്ങനെയുള്ള വളരെ വളരെ സാധാരണ ഗതിയിലുള്ള ഒരു സൗഹൃദം. ജോലി ചെയ്യുന്നതിനിടയിലും മക്കളുടെ സ്കൂള്‍ പരിപാടികള്‍ക്ക് വോളന്ടിയര്‍ ചെയ്യാന്‍ വരുന്ന, കുട്ടികള്‍ക്ക് വേണ്ടി സമയം ചിലവഴിക്കുന്ന ആ സ്ത്രീയോട് എനിക്ക് മതിപ്പുകലര്‍ന്ന ഒരു സ്നേഹമാണ്. പതിവുപോലെ സ്കൂളില്‍ നിന്നുവന്നുകഴിഞ്ഞുള്ള കഥക്കൂമ്പാരം അഴിക്കുന്ന കൂട്ടത്തില്‍ മകന്‍ പെട്ടെന്ന് സങ്കടഭാവത്തില്‍ പറഞ്ഞു, ' അമ്മാ അമാനിന്‍റെ അച്ഛന്‍ ശരിക്കും മീനാണ്' ശബ്ദത്തില്‍ പഴയ തമാശയില്ലാത്തത് കൊണ്ട് ഞാനും ഗൗരവത്തില്‍ തന്നെ എന്തുകൊണ്ടാണ് അവന്‍ അങ്ങനെ പറയുന്നത് എന്ന് ചോദിച്ചു. അമാനിന്റെ അച്ഛന്‍ അയാളുടെ ഭാര്യയെ, അതായത് അമാന്റെ  അമ്മയെ ഒരു വേലക്കാരിയെപ്പോലെയാണ് പരിഗണിക്കുന്നതെന്നും മിക്ക ദിവസങ്ങളിലും അമ്മയോട് ആക്രോശിക്കാറുണ്ടെന്നും അച്ഛനൊരു മോശം മനുഷ്യനാണെന്നും ഒക്കെ ആ കുട്ടി മകനോട് പറഞ്ഞിരിക്കുന്നു. വിഷയം അല്പം സീരിയസായതുകൊണ്ട്/ പ്രാധാന്യമുള്ളതുകൊണ്ട് തന്നെ മകനോട് ആ വിഷയത്തില്‍ അഭിപ്രായം ഒന്നും പറയരുതെന്നും അമാന്‍ പറയുന്നത് കേള്‍ക്കാന്‍ ശ്രമിക്കാം അതില്‍ തെറ്റില്ല എന്നുമൊക്കെ കഴിയുന്ന രീതിയില്‍ പറഞ്ഞുമനസിലാക്കാന്‍ ശ്രമിച്ചു. ഒരു ഏഴു വയസുകാരന് അതില്‍ എന്തൊക്കെ കാര്യങ്ങള്‍ മനസിലാകുമെന്നു അറിയില്ല, എങ്കിലും ചില സന്ദര്‍ഭങ്ങളില്‍ നമുക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനാകില്ല - നമ്മുടെ കയ്യില്‍ ഒരു പ്രതിവിധി ഉണ്ടാകണമെന്നില്ല, അവരെ കേള്‍ക്കുക എന്നല്ലാതെ എന്നത് അവനോട് പറയണം എന്ന് തോന്നി.  മറ്റുള്ളവരെ കേള്‍ക്കുക എന്നത് വളരെ നല്ല ഒരു സ്വഭാവം ആണെന്നും, നല്ല സുഹൃത്താകുക എന്നതിന്‍റെ  ആദ്യപടിയാണ് എന്നും ഒരുപക്ഷേ അവന്‍ തിരിച്ചറിയുകയാകാം.

        പറഞ്ഞു വന്ന വിഷയത്തിലേക്ക് തിരികെപ്പോകാം - മറ്റൊരു വീട്ടിലെ, വളരെയധികം സ്വകാര്യമായ ചില കാര്യങ്ങള്‍ ഞങ്ങളുടെ വീട്ടിലെ തീന്മേശയില്‍ എത്തിപ്പെട്ട വിധമാണ് ഇവിടുത്തെ  കീപോയിന്റ്. ഭാര്യയെ മോശം ഭാഷയില്‍ വഴക്ക് പറയുമ്പോഴോ, ഒരു വീട്ടുജോലിക്കാരിയെപ്പോലെ കണക്കാക്കുമ്പോഴോ രണ്ടു ജോടി കുഞ്ഞുചെവികള്‍  അവിടെ ഉണ്ടെന്നുള്ള കാര്യം അവര്‍ ഓര്‍ത്തുകാണില്ല -  (വീട്ടില്‍ ജോലിക്ക് വരുന്നവര്‍ മോശം വിഭാഗക്കാര്‍ ആണെന്നല്ല, പക്ഷേ പങ്കാളിയോട്  ആ രീതിയില്‍ പെരുമാറുന്നത് മോശം പ്രവണത തന്നെയാണ്). ഈ അനുഭവത്തിലൂടെ കടന്നുപോകുന്ന അഞ്ചും ഏഴും വയസുള്ള രണ്ട് ആണ്‍കുട്ടികള്‍ക്ക് ഇപ്പോള്‍ അവരുടെ അച്ഛന്‍ 'മീന്‍' ആണെന്ന് തോന്നുന്നുണ്ട്, അതവര്‍ അവര്‍ക്ക് അടുപ്പമുള്ള സുഹൃത്തുക്കളോട് പറയുന്നുമുണ്ട്. പക്ഷേ, കുറെയേറെ നാളുകള്‍ കഴിയുമ്പോള്‍ ആ രണ്ടാണ്കുട്ടികളും ഇതേ രീതിയില്‍ കണ്ടിഷന്‍ ചെയ്യപ്പെടില്ലേ എന്ന് ആശങ്ക വീര്‍പ്പുമുട്ടിക്കുന്നു. സ്ത്രീകളെന്നാല്‍ രണ്ടാം തരമാണെന്നോ, ജീവിതപങ്കാളിയെന്നാല്‍ അടിമയാണെന്നോ ഒക്കെയുള്ള ഒരു ചിന്ത ആ രണ്ടു കുട്ടികളിലും ബോധപൂര്‍വം അല്ലാതെ സൃഷ്ടിക്കപ്പെടുന്നുണ്ടോ എന്ന സംശയം. ഒരുപക്ഷേ, ആ അമ്മ അനുവദിച്ചുകൊടുത്തിട്ടാകാം , അവര്‍ പിന്തുടര്‍ന്ന് വരുന്ന സംസ്കാരം ആ രീതിയിലാകാം ഏതുരീതിയിലാണെങ്കിലും ശരി മക്കളില്‍ ഈ അനുഭവങ്ങള്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍, ചിന്തകള്‍, ആശങ്കകള്‍, അരക്ഷിതാവസ്ഥ ഇതൊന്നും ആ മാതാപിതാക്കള്‍ അറിയുന്നില്ല എന്നുതോന്നി.

എത്ര ചെറിയ കുഞ്ഞും നമ്മളെ കേള്‍ക്കുന്നുണ്ട്, കാണുന്നുണ്ട്. സുഹൃത്തുക്കളോട്  /പരിചയക്കാരോട്/ ബന്ധുക്കളോട് അതുമല്ലെങ്കില്‍ ശത്രുക്കളോട് ആയാലും  കള്ളം പറയുന്ന മുതിര്‍ന്നവരെ കണ്ടുവളരുന്ന  കുഞ്ഞുങ്ങളോട്  സത്യം മാത്രമേ പറയാവൂ എന്ന് നിര്‍ബന്ധിക്കുന്നതിലെ അനൌചിത്യം ആലോചിച്ചുനോക്കൂ. ഉപദേശിക്കും മുന്‍പ് നമുക്ക് അതില്‍ മാതൃക ആകാന്‍ കഴിയുന്നുണ്ടോ എന്ന് ചിന്തിച്ചാല്‍ തന്നെ പലപ്പോഴും ജീവിതത്തിലെ മോശം തീരുമാനങ്ങള്‍ നമുക്ക് മാറ്റാന്‍ കഴിഞ്ഞേക്കും.

"Do you think its fair? " Cousins on a serious talk 


 മുതിര്‍ന്നവര്‍ക്ക് മാത്രമായി സംസാരിക്കാന്‍ ഒരിടം ഉണ്ടാക്കുക ഇന്നത്തെ അണുകുടുംബത്തില്‍ ബുദ്ധിമുട്ട് തന്നെയാണ്. എന്നാല്‍ ഒരല്‍പം ചിന്തിച്ചു പ്രവര്‍ത്തിച്ചാല്‍ പല അസുഖകരമായ സത്യങ്ങളും കുഞ്ഞുങ്ങളുടെ ചെവിയില്‍ എത്താതെ ശ്രദ്ധിക്കാം. ജീവിതത്തിലെ കയ്പ്പും ചവര്‍പ്പും കുട്ടികള്‍ അറിയരുതെന്നല്ല ഈ അസുഖകരമായ സത്യങ്ങള്‍ ഒഴിവാക്കുക എന്ന് പറഞ്ഞതിന്റെ അര്‍ത്ഥം. പലപ്പോഴും മുതിര്‍ന്നവരുടെ ഈഗോ പ്രശ്നങ്ങള്‍ കുട്ടികള്‍ക്ക് മുകളില്‍ അടിച്ചേല്‍പ്പിക്കുന്ന സന്ദര്‍ഭങ്ങള്‍ക്ക്‌ സാക്ഷിയാകാറുണ്ട്. അപ്പോഴൊക്കെ തോന്നാറുള്ളത് സ്നേഹിക്കാന്‍ മാത്രം അറിയുന്ന കുഞ്ഞുങ്ങളുടെ മനസില്‍ എന്തിനാണ് നമ്മള്‍ വെറുപ്പും, വിദ്വേഷവും നിറക്കുന്നത് എന്നാണ്. എല്ലാവരേയും സ്നേഹിക്കാന്‍ കഴിയണം എന്നില്ല, എല്ലായ്പ്പോഴും പോസിറ്റീവ് ചിന്തകള്‍ മാത്രം ആകണം എന്നുമില്ല പക്ഷേ അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതിലൂടെ നാളെയുടെ തലമുറയ്ക്ക്  കൂടുതല്‍ വിശാലമായ ലോകം കെട്ടിപ്പടുക്കാന്‍ കഴിഞ്ഞാലോ??? സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്നതിനൊപ്പം മനുഷ്യനാകാനും ജീവിതത്തിലെ കുഞ്ഞുകാര്യങ്ങളില്‍ സന്തോഷം കണ്ടെത്താനും പഠിക്കുന്നത് മനസിന്‌ ആരോഗ്യമുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കാന്‍ തീര്‍ച്ചയായും സഹായിക്കും.


What are they talking? 

കാതുകള്‍ കൂര്‍പ്പിച്ച് കൌതുകം കണ്ണില്‍ നിറച്ചു നമ്മളെ പ്രതീക്ഷയോടെ പിന്തുടരുന്ന ഒരു കുഞ്ഞുമനസ് എപ്പോഴും കൂടെയുണ്ടെന്ന് - നമ്മുടെ സ്വന്തം cctv  ക്യാമറകള്‍ നമ്മളോടൊപ്പം തന്നെയുണ്ടെന്ന് ഓര്‍മ്മിപ്പിക്കാന്‍ ഈ കുറിപ്പിന് കഴിഞ്ഞെങ്കില്‍ ഇന്നത്തെ സന്തോഷത്തിലേക്കായി.

വാലറ്റം : കഥയൊക്കെ കേട്ടുകഴിഞ്ഞ് ആശങ്കയോടെ എന്നാല്‍ അത് പുറത്ത്  പ്രകടമാകാത്ത തരത്തില്‍ മകനോട് ചോദിച്ചു 'ഇവിടുത്തെ അച്ഛന്‍ അമ്മയെ എങ്ങനെ ട്രീറ്റ്‌ ചെയ്യുന്നു എന്നാണ് നിന്‍റെ അഭിപ്രായം? ' മകന്‍റെ മറുപടി സന്തോഷിപ്പിച്ചു, കണ്ണ് നനയിച്ചു, അഹങ്കരിപ്പിച്ചു - അതിങ്ങനെ ആയിരുന്നു "He treats you like a friend , a real good friend" - അച്ഛന്‍റെ ഏറ്റവും നല്ല സുഹൃത്താണ്‌ അമ്മ (തിരിച്ചും)  എന്ന ബോധം അവനിലെങ്ങനെയോ ഉണ്ടാക്കി എടുക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞതാണ് അവന് നാളേക്ക് വേണ്ടിയുള്ള മൂലധനം!




My boys T & t  with their cousin Tuttus) 
           ( Article Published on OURKIDS -2018 May Edition)