സമത്വ സുന്ദര നീലാകാശങ്ങള്‍ സ്വപ്നം കാണുന്ന ഓരോ പെണ്ണിന്റെയും സ്വപ്നത്തില്‍ ഒരു നല്ല കൂട്ടുകാരനുണ്ടാകും - അച്ഛനിലും, മകനിലും, സഹോദരനിലും, ഭര്‍ത്താവിലും, സുഹൃത്തിലുമൊക്കെ അവള്‍ തിരയുന്നത് ആ കൂട്ടാണ്, തോളോട് തോള്‍ ചേര്‍ത്തി "ഇജ്ജ് മ്മടെ ചങ്കല്ലേ?" എന്ന് പറയാതെ പറയുന്ന ഒരു കൂട്ട്.
കഴിഞ്ഞ ആഴ്ചയാണ് 2016 നെ അടയാളപ്പെടുത്തുന്ന ഒരു മനോഹര ചിത്രം കണ്ടത് - അമീര്‍ഖാന്റെ ദങ്കല്‍. അവസാനം എന്താണെന്നു തീര്‍ത്തും പ്രവചനീയമായ ആ സിനിമ മനോഹരമാകുന്നത് അതിലെ പെണ്ണിടങ്ങളിലൂടെയാണ്. മഹാവീര്‍ എന്ന അച്ഛന്‍ ഭാര്യയോട് പറയുന്ന ഒരു വാചകം ഉണ്ട്, "എന്‍റെ പെണ്‍കുട്ടികള്‍ അവര്‍ക്ക് വേണ്ടവരെ തിരഞ്ഞെടുക്കുന്ന രീതിയിലേയ്ക്ക് അവരെയെനിക്ക് വളര്‍ത്തണം, അവരെ വേണമെന്നോ വേണ്ടയെന്നോ ആണുങ്ങള്‍/ മറ്റുള്ളവര്‍ പറയുന്ന രീതിയിലേയ്ക്ക് അല്ല!" എന്ന്. എത്ര ശക്തമായ, എത്രമേല്‍ അര്‍ത്ഥവത്തായ വരികള്‍ ആണത്. ആ നിമിഷത്തില്‍ കണ്ണ് നനഞ്ഞത് അങ്ങനെയുള്ളൊരു പെണ്‍കുട്ടിയായി ജീവിക്കാന്‍ ഭാഗ്യം ഉണ്ടായത് കൊണ്ട് കൂടിയാണ്. പക്ഷേ, എല്ലാവരും ഭാഗ്യവതികളായി ജനിക്കുന്നില്ല - ഇന്നും പണത്തിന്‍റെ, നിറത്തിന്‍റെ, ജാതകത്തിന്‍റെ , പ്രായത്തിന്‍റെ പലകപ്പടികള്‍ക്കപ്പുറം മുഖം കുനിച്ചു നില്‍ക്കുകയാണ് ഓരോ പെണ്ണുകാണലിന്‍റെയും ചായക്കപ്പുകള്‍!
ദങ്കല്‍ കണ്ടപ്പോള്‍ എന്‍റെ ജീവിതത്തില്‍ ഉണ്ടായ ഒരനുഭവം ഓര്‍മ്മയില്‍ തികട്ടിത്തികട്ടി വന്നു. സംഭവം നടന്നിട്ട് രണ്ടു കൊല്ലമായി, പക്ഷേ, ഇപ്പോഴും അതിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അന്നനുഭവിച്ച അതേ ശ്വാസം മുട്ടല്‍ ഇപ്പോഴും ഉണ്ടാകും. അമേരിക്കയിലെ വിസ്കോണ്‍സിന്‍ എന്ന സ്ഥലത്ത് ഒരു അപാര്ട്ട്മെന്റ്റ്ലാണ് ഞങ്ങള്‍ താമസിക്കുന്നത്. നമ്മുടെ നാട്ടിലെ ഒരു ഫ്ലാറ്റ് സെറ്റ്അപ്പ് - ഒരു കെട്ടിടത്തില്‍ തന്നെ പത്തിരുപത് വീടുകള്‍, പത്തിരുപത് കുഞ്ഞു ജീവിതങ്ങള്‍, പത്തിരുപത് സ്വര്‍ഗങ്ങള്‍! രണ്ടു കൊല്ലം മുന്‍പ് ഇവിടേക്ക് മാറിവരുമ്പോള്‍ മലയാളികളായി ഞങ്ങളല്ലാതെ ആരുമുണ്ടായിരുന്നില്ല ഈ കെട്ടിടത്തില്‍ - എന്നാലോ കുറെയേറെ ഇന്ത്യക്കാരുണ്ട് താനും, അതൊരു സന്തോഷമാണ്, പരിചിതമായ ശബ്ദങ്ങള്‍ അവിടെയുമിവിടെയും കേള്‍ക്കുന്നത് - തീര്‍ത്തും അപരിചിതമായ എന്നാല്‍ അത്രമേല്‍ പരിചിതമായ ഒരു മുഖച്ചിരി പുതിയിടങ്ങളില്‍ കാണുമ്പോള്‍ ഒരാശ്വാസം തോന്നാറുണ്ട്!
ഹോട്ടല്‍ റൂം പോലെ ഒരു വരാന്തയുടെ രണ്ടു വശങ്ങളിലുമായി നിരനിരയായി ഉള്ള വീടുകളില്‍ രണ്ടു തെലുങ്കുഭാഷയുടെ ഇടയ്ക്ക് സാന്‍ഡുവിച്ച് ആകാനായിരുന്നു മലയാളത്തിനു ഭാഗ്യമുണ്ടായത്. തമിഴും ഹിന്ദിയും കൊഞ്ചം കൊഞ്ചം ബോല്‍ത്തുമെങ്കിലും ഈ തെലുങ്ക്, കന്നട ഒക്കെ എനിക്ക് ജര്‍മ്മന്‍ പോലാ..ഒന്നും അറിയൂല്ല. പക്ഷേ, കുട്ടികള്‍ ഉള്ളപ്പോള്‍ കൂട്ടാരാകാന്‍ എന്തിനാ ഭാഷ? അവര്‍ അവര്‍ക്ക് അറിയുന്ന ഭാഷയില്‍ കളിയ്ക്കാന്‍ തുടങ്ങി. സ്വാഭാവികമായും അമ്മമാരും കൂട്ടാകുംലോ, അടുത്ത വീട്ടിലെ തെലുങ്ക് മാത്രം ചെപ്പുന്ന ഭുവനയും ഇപ്പുറത്തെ വീട്ടിലെ മലയാളം മൊഴിയുന്ന ഞാനും കഥകളി മുദ്രയിലൂടെയും പൊടിപ്പും തൊങ്ങലും വെച്ച ഇംഗ്ലീഷിലൂടെയും വൈകുന്നേരങ്ങളില്‍ കുട്ടികളുടെ കളിയിടങ്ങളില്‍ വെച്ച് സംസാരിക്കാന്‍ തുടങ്ങി. ഏഴും , നാലും വയസുള്ള രണ്ട് ആണ്മക്കളുടെ അമ്മയായ ഭുവന പച്ചവെള്ളം ചവച്ചു കുടിക്കുന്ന തരത്തില്‍ ഒരു പഞ്ചപാവം ആണെന്ന് ആദ്യ കാഴ്ചയില്‍ തന്നെ തോന്നിയിരുന്നു. മക്കളോട് വഴക്ക് പോലും മൃദുമധുരമായി മൊഴിയുന്ന, ഏഴു വയസുകരനോട് കളി നിര്‍ത്തി അകത്തേക്ക് വരാന്‍ കെഞ്ചുന്ന ഒരമ്മ -അതായിരുന്നു വിടര്‍ന്ന വിഷാദമായ കണ്ണുകളുള്ള, ചുരുണ്ട തലമുടിയുള്ള, ഇടതു പുരികത്തിനറ്റത്ത് ഒരു കാക്കപ്പുള്ളിയുള്ള ഭുവന!
ഒരു ദിവസം പുറത്തെ കളി കഴിയുന്ന സമയം മോനോടൊപ്പം ഭുവനയുടെ മൂത്തയാള്‍ ശ്രേയസും വീട്ടിലെത്തി, ഇനിയുള്ള കളി ഇവിടുത്തെ കളിപ്പാട്ടങ്ങള്‍ക്കൊപ്പം ആകാമെന്ന് പറഞ്ഞു മകന്‍ കൂട്ടിയതാണ് ഒപ്പം. രണ്ടാളെയും കളിയ്ക്കാന്‍ റൂമിനുള്ളില്‍ വിട്ടിട്ട് ഹാളിലെ സോഫയില്‍ ചടഞ്ഞിരുന്ന് ഞാനൊരു റിയാലിറ്റി ഷോയുടെ അവസാന ഭാഗം കാണാന്‍ തുടങ്ങി. കണ്ടുകണ്ട് ഉദ്വേഗഭരിതമായ അവസാന നിമിഷത്തിലേക്ക് എത്തുമ്പോഴാണ് ഭര്‍ത്താവ് ഓഫീസില്‍ നിന്നും വന്നത് - കുട്ടികള്‍ കളിക്കുന്നിടത്ത് ഒന്നെത്തിനോക്കി സോഫയില്‍ വന്നിരിക്കാന്‍ തുടങ്ങിയ നല്ല പാതി റിയാലിറ്റി ഷോ ആണെന്ന് കണ്ടപ്പോള്‍ എന്നെയൊന്നു 'പുച്ചിച്ച്' "ഇത് നന്നാവൂല്ല" എന്നൊരു തലകുലുക്കലും നടത്തി വേഷം മാറാന്‍ പോയി.
"ഇപ്പൊ വരാം, ഇതിപ്പോ തീരും" എന്ന് ഞാന്‍ പറഞ്ഞതിനെ തീരെ മൈന്‍ഡ് ചെയ്യാതെ പുള്ളി അടുക്കളയില്‍ ചെന്ന് ചായയിടാന്‍ തുടങ്ങി. വീടിന്‍റെ ഘടനയില്‍ അടുക്കളയും ഹാളും ഒക്കെ ഒരേ നേര്‍രേഖയില്‍ വരുന്ന കുഞ്ഞുചതുരങ്ങളാണ്. 'open kitchen 'ല്‍ നിന്ന് എന്‍റെ ലാപ്ടോപ്പിലേക്ക് എത്തിനോക്കുന്ന ഭര്‍ത്താവിനെ പുറം തിരിഞ്ഞിരുന്നു ഞാനും പുച്ചിച്ചു. അങ്ങനെ സുന്ദര സുരഭിലമായി പോകുകയായിരുന്ന ഞങ്ങളുടെ സ്വര്‍ഗ്ഗത്തിലേയ്ക്ക് അതാ വരുന്നു ചാട്ടുളി പോലൊരു അശരീരി
"You are watching TV? & He is making tea?!"
ഒരേഴു വയസുകാരന് ചേരാത്ത അത്രയും ഗൌരവത്തില്‍ മുഖമൊരു ചോദ്യചിഹ്നമാക്കി ചൂണ്ടു വിരല്‍ എനിക്ക് നേരെ നീട്ടി ശ്രേയസ്! കളിക്കിടെ വെള്ളം കുടിക്കാന്‍ രണ്ടാളും റൂമിന് പുറത്തു വന്നതാണ്. ആ ചോദ്യം ഇഷ്ടപ്പെടാത്തത് കൊണ്ട് തന്നെ ഞാനെന്‍റെ ഉത്തരം മറുചോദ്യമായാണ് പറഞ്ഞത് - "yes , why? "
"Mothers are supposed to make tea & fathers are supposed to watch TV, not the otherway around!!" -
എന്നുവെച്ചാല്‍ മനസ്സിലായോ? ആ ഏഴര വയസുകാരന്‍ പറയുന്നത് ചായയിടല്‍ അമ്മമാര്‍ ചെയ്യേണ്ടതാണ് അച്ഛന്‍മാര്‍ ചെയ്യേണ്ടതല്ല, tv കാണുക എന്നത് അച്ഛന്മാരുടെ അവകാശവും അമ്മമാരുടെതല്ല എന്ന്! ഇത് ഒരു ഗ്രാമത്തില്‍ നടന്ന കഥയല്ല - United States Of America യില്‍ വര്‍ഷങ്ങളായി താമസിക്കുന്ന, ഇവിടുത്തെ സ്കൂളില്‍ പഠിക്കുന്ന ഒരു കുട്ടി പറഞ്ഞതാണ്! എനിക്ക് വിശ്വസിക്കാന്‍ ആകാത്ത അത്രയും അമര്‍ഷവും, പുച്ഛവും, അസംപ്തൃപ്തിയും ആ കൊച്ചുകുട്ടിയുടെ വാക്കുകളില്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും സങ്കടമാണ് തോന്നിയത് - സഹതാപവും! വെള്ളത്തില്‍ നിന്ന്മ പുറത്ത്റു പിടിച്ചിട്ട മീനിനെപ്പോലൊരു പിടച്ചില്‍ ഉള്ളില്‍ എനിക്ക് തോന്നി. അതറിഞ്ഞ് ആകണം വീട്ടിലെ 'അച്ഛന്‍ ' തന്നെ പറഞ്ഞു -
"Who said so? Its nothing like that. Anybody can make a tea & TV is for all".
നിരാസം മുഴുവന്‍ പ്രകടിപ്പിച്ചു കൊണ്ട് തന്നെ ശ്രേയസ് വീട്ടിലേക്ക് പോയി. പിന്നീട് ഞാന്‍ ഭുവനയെ അധികം കണ്ടില്ല, ശ്രേയസ് വീട്ടിലേക്ക് കളിയ്ക്കാന്‍ വന്നുമില്ല! വെക്കേഷന്റെ അവസാനത്തെ ഒരു മാസം ഞങ്ങള്‍ യാത്രകളില്‍, തിരക്കുകളില്‍ ആയി. ഈ സംഭവം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോള്‍ അവരിവിടെ നിന്ന് അമേരിക്കയുടെ മറ്റൊരു ഭാഗത്തേക്ക് മാറിപ്പോകുകയും ചെയ്തു. പക്ഷേ, ഇന്നും ഞാന്‍ ഭുവനയെ ഓര്‍ക്കാറുണ്ട് - രണ്ടാണ്മക്കളുടെ അമ്മയായ ഭുവനയെ... ശ്രേയസിനെ പറഞ്ഞു തിരുത്താന്‍ എനിക്ക് കഴിഞ്ഞില്ല, എന്തുകൊണ്ടോ എങ്ങനെയാണു അവനെ പറഞ്ഞു തിരുത്തേണ്ടതെന്ന് എനിക്ക് മനസിലായിരുന്നില്ല. ആ കുട്ടി കാണുന്നതാകണം അനുഭവിക്കുന്നതാകണം അവനെകൊണ്ട് അങ്ങനെ പറയിപ്പിച്ചത് ! പക്ഷേ, "എന്‍റെ കുഞ്ഞേ! നിന്‍റെ അമ്മ നിന്നില്‍ നിന്നും എത്ര പ്രതീക്ഷിക്കുന്നുണ്ടാകും എന്നറിയുമോ" എന്നവനോട് പറയാന്‍ എനിക്ക് കഴിഞ്ഞില്ല... "നിന്‍റെ കൂട്ടുകാരി നിന്നോട് തോള്‍ ചേര്‍ന്ന് നീ പകരുന്ന ചായ കുടിക്കാന്‍ കൊതിക്കുന്നവളാകും" എന്ന് പറയാന്‍ എനിക്ക് കഴിഞ്ഞില്ല! നിന്‍റെ മകള്‍ അവളുടെ സ്ഥാനം അടുക്കളയില്‍ അല്ല നിങ്ങളോടൊപ്പം കുടുംബത്തിന്‍റെ ഉമ്മറത്താണ് എന്ന് പറയാന്‍ ആഗ്രഹിക്കുന്നുണ്ടാകും എന്ന് പറയാന്‍ എനിക്ക് കഴിഞ്ഞില്ല!
നാളത്തെ അരിമണികള്‍ നമ്മുടെ കുഞ്ഞുങ്ങളാണ്... ഓരോ കുഞ്ഞും - ആണും, പെണ്ണും, വിഭിന്നരുമായ ഓരോ കുഞ്ഞും സ്വന്തം ജീവിതത്തിനെ ഇഷ്ടപ്പെടട്ടെ, മറ്റുള്ളവരെ ബഹുമാനിക്കട്ടെ, സ്വന്തം ജീവിതത്തിന്‍റെ തീരുമാനങ്ങള്‍ സ്വയം എടുക്കാന്‍ കഴിയട്ടെ.
ഇന്ന് ഞാനും രണ്ടാണ്മക്കളുടെ അമ്മയാണ്. അവരോടു ഞാന്‍ പറയുന്നതിലും മനോഹരമായി അവരുടെ അച്ഛന്‍ പകര്‍ന്നു തരുന്ന ചായ സംവദിക്കാറുണ്ട്! ഒരു ചായ നാളെ അമ്മയ്ക്ക്/ഭാര്യയ്ക്ക്/സഹോദരിയ്ക്ക്/കൂട്ടുകാരിയ്ക്ക് പകര്‍ന്നു കൊടുക്കാന് തോന്നിയെങ്കില്‍ നിങ്ങള്‍ ഒരാളുടെ പ്രഭാതം മനോഹരമാക്കുകയാണ്... A beautiful morning of LOVE!
ഇതിവിടെ നിർത്തുന്നു…. തുടരാനായി,
എന്നൊരു ചെറിയ മനുഷ്യത്തി!
========================================================================
ഇ-മഷി 2017 ജനുവരി ലക്കം
ഇ-മഷി 2017 ജനുവരി ലക്കം