പല പല ദിവസങ്ങളിലൂടെ കടന്നു ചെന്നെത്തുന്നത് അച്ഛനോര്‍മ്മകളുടെ ദിനത്തിലേക്കാണ്. അച്ഛനെ ഓര്‍ക്കാന്‍ ഒരു ദിവസം വേണമോ? വേണ്ട എന്ന് തന്നെയാണ് എന്റെയും ഉത്തരം..പക്ഷേ, വര്‍ഷത്തില്‍ ഒരിക്കല്‍ നമ്മുടെ ജന്മദിനം ആഘോഷിക്കുന്നത് പോലെ - അന്ന് നമ്മള് എല്ലാത്തരത്തിലും സ്പെഷ്യല്‍ ആകുന്നത് പോലെ- അച്ഛന്മാരേയും നമുക്ക് ആഘോഷിച്ചു കൂടേ ഒരു ദിവസം? അവര്‍ക്കും വേണ്ടേ ഒരു ദിവസം, അവര്‍ക്ക് മാത്രമായിട്ട്? അല്ലെങ്കില്‍ത്തന്നെ അച്ഛന്മാര്ക്ക് പരാതിയാണ് അമ്മമാരുടെ ‘പത്തുമാസച്ചുമട്' നിഴലില്‍ ആയിപ്പോയി അവരുടെ കഥകള്‍ എന്ന്. ആര്‍ക്കാണ് ഇഷ്ടമില്ലാത്തത് ഒരു സ്പെഷ്യല്ദിവസം?
അച്ഛനാകാന്‍ പോകുന്നുഎന്നറിയുന്ന നിമിഷം മുതല്‍ ഓരോ കുഞ്ഞിനേയും ഹൃദയത്തില്‍ ഗര്‍ഭം ധരിക്കുന്നവരാണ് അച്ഛന്മാര്. ഓരോ ദിവസവും ഉള്ളിലുള്ള കുഞ്ഞിനെ മനസ് കൊണ്ട് കാണുകയും, തൊടുകയും, തലോടുകയും ചെയ്ത്, അമ്മവയറിലെ ചവിട്ടും കുത്തും സ്നേഹത്തിന്റെ കണ്ണ് കൊണ്ടും, കൈ കൊണ്ടും അനുഭവിച്ചറിഞ്ഞ് കാത്തുകാത്തിരിക്കുന്നു ആ ദിവസത്തിനായി. ഉള്ളിനെ ഉരുക്കി പ്രസവമുറിക്ക് പുറത്തു നടന്നുതീര്‍ത്ത് കുഞ്ഞിനെ കൈനീട്ടി വാങ്ങുന്ന ആ നിമിഷമുണ്ടല്ലോ - അതൊരു വല്ലാത്ത ഫീല്‍ ആണെന്ന് പല അച്ഛന്മാരും പറഞ്ഞു കേട്ടിട്ടുണ്ടേ. (ഇന്ന് പല അച്ഛന്മാര്ക്കും അമ്മമാര്‍ക്കൊപ്പം നിന്ന് അവരുടെ വേദനയുടെ കയറ്റിറക്കങ്ങളിലൂടെ സഞ്ചരിക്കാന്‍ ആകുന്നുണ്ട്).
അച്ഛന് - ആദ്യം അറിയുന്നത് അമ്മ പറയുന്ന കുഞ്ഞു സ്വകാര്യങ്ങളിലൂടെയാണ്.., പിന്നെ ആദ്യ സ്പര്‍ശനത്തിലൂടെ.., പിന്നെ നടക്കാന്‍ പഠിപ്പിക്കുന്ന വിരല്‍ത്തുമ്പിലൂടെ.., ഉറക്കത്തില്‍ അടിത്തിണര്പ്പിലെ തലോടലിലൂടെ.., ആദ്യം കയ്ച്ച് പിന്നീട് മധുരിക്കുന്ന ശാസനകളിലൂടെ..... അച്ഛന് തേന്‍മിഠായി പോലൊരു വികാരമാകുകയാണ്.
ഇന്നും പലര്‍ക്കും അച്ഛനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യമോര്‍മ്മ വരുന്ന സിനിമാപ്പാട്ട്
“സൂര്യനായി തഴുകി ഉറക്കമുണര്ത്തുമെന്
അച്ഛനെയാണെനിക്കിഷ്ടം..” എനിക്കുമതേ!
ഇത് കേള്‍ക്കുമ്പോഴൊക്കെ അച്ഛനോര്‍മ്മകളില്‍ മുങ്ങിത്താഴും ഞാന്‍- പലപ്പോഴും അച്ഛനോട് പറയാനുള്ളത്, അച്ഛന്മാരെക്കുറിച്ച് പറയാനുള്ളത് ഇതിലും നന്നായി എഴുതാന്‍ ആകില്ല എന്ന് തോന്നിക്കാറുണ്ട് ഈ പാട്ടിലെ വരികള്‍.
ഓർമ്മയുടെ പുസ്തകത്താളില്‍ മയങ്ങുന്ന നന്മയുടെ മയില്പ്പീലിത്തുണ്ടുകളായ എല്ലാ അച്ഛന്മാര്ക്കും, നിങ്ങള്‍ കൊള്ളുന്ന വെയിലാണ് ഞങ്ങളുടെ ജീവിതത്തണല്‍ എന്ന തിരിച്ചറിവില്‍ നിന്നുകൊണ്ട് നേരുന്നു അച്ഛന്ദിനത്തിന്റെ സ്നേഹമധുരങ്ങള്‍.... നിങ്ങളോളം മധുരമുള്ള അച്ഛന്‍ദിന തേന്‍മിഠായികള്‍!
(ഇ-മഷി ജൂണ്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച father's day ലേഖനം http://emashi.in/jun-2016/index.html)