Tuesday, May 31, 2016

നെഞ്ചകം പൊള്ളിക്കുന്ന അമ്മദിനം

ഒരു മകള്‍ ജനിച്ചാല്‍ അവളോട്‌ പറഞ്ഞുകൊടുക്കാന്‍ കരുതിവെച്ച കഥകളില്‍, കാര്യങ്ങളില്‍ ഒന്നായിരുന്നു - അനുവാദമില്ലാതെ ആര് നിന്‍റെ ദേഹത്തു തൊട്ടാലും ശക്തമായി അതിനെ എതിര്‍ക്കണം എന്ന് . അതാരു തന്നെയായാലും - ബന്ധുവോ, സുഹൃത്തോ, ശത്രുവോ,സ്വന്തം രക്തം തന്നെയോ ആയാലും നിന്‍റെ അനുവാദമില്ലാതെ നിന്‍റെ ദേഹത്തില്‍ ഒരുതരത്തിലുള്ള കടന്നു കയറ്റത്തിനും മറ്റാര്‍ക്കും അവകാശമില്ലെന്ന് അവള്‍ മനസിലാക്കിയിരിക്കണം എന്ന് പറയാന്‍ ഉറപ്പിച്ചിരുന്നു. ( ഇതേ കാര്യം മകനും ബാധകം - കാരണം ഇന്നിനു ആണ്‍/പെൺ വ്യത്യാസം ഇല്ലാത്ത ഒരു കാര്യം ബാലപീഡനമാണ്). മകളോട് കൂട്ടത്തില്‍ ചേര്‍ത്തൊരു വാചകം പറയാന്‍ ഞാന്‍ പ്രത്യേകം കരുതിയിരുന്നു, അത് -അഥവാ നിന്‍റെ എതിര്‍പ്പുകളെ അതിജീവിച്ച് ആരെങ്കിലും നിന്നെ ശാരീരികമായി ഉപദ്രവിച്ചാല്‍ ഒരു ഡെറ്റോള്‍ സോപ്പിട്ടു കഴുകിയാല്‍ തീരുന്ന അഴുക്കേ നിന്‍റെ ദേഹത്തിനു സംഭവിച്ചിട്ടുള്ളൂ എന്നായിരുന്നു. പെണ്ണുങ്ങള്‍ക്ക് മാത്രം ഉള്ള എന്തോ ഒരു സംഭവം ആണ് ‘മാനം‘ എന്നൊരു തെറ്റായ ധാരണ വരരുത് എന്നും, അങ്ങനെയൊരു പ്രത്യേക അവയവത്തിലോ മറ്റൊരാളുടെ കടന്നുകയറ്റത്തിലോ ആണ് പെണ്‍കുട്ടികളുടെ ജീവിതവും അന്തസും കെട്ടിയിട്ടിരിക്കുന്നത് എന്നവള്‍ ചിന്തിക്കരുത് എന്നുംആഗ്രഹിച്ചിരുന്നു... പക്ഷേ, പിറക്കാതെ പോയ എന്‍റെ മകളേ, ഇന്ന് പിളര്‍ന്ന വയറും ജനനേന്ദ്രിയത്തില്‍ കുത്തിക്കയറ്റിയ കൂര്‍ത്ത ദണ്ഡും മുപ്പതിലേറെ മുറിവുകളുമായി മറ്റൊരു മകള്‍- ഒരമ്മയുടെ മകള്‍ കണ്മുന്നില്‍ വാര്‍ത്തയാകുമ്പോള്‍ എന്താണ് നിന്നോട് ഞാന്‍ പറയാന്‍ കാത്തുവെക്കേണ്ടിയിരുന്നത് എന്ന് പതറിപ്പോകുന്നു!
ചിത്രം - അസ്രൂസ്  https://www.facebook.com/asrus
ഇരയെ ആക്രമിച്ചു കീഴടക്കി കൂര്‍ത്ത പല്ലുകളാല്‍ കടിച്ചു മുറിച്ചു, ചോരയിറ്റുന്ന മാംസം ഭക്ഷിക്കുന്ന വന്യമൃഗങ്ങള്‍ക്ക് പോലും അതൊരു ജൈവപ്രക്രിയയുടെ ഭാഗമാണ്. സാംസ്കാരികമായി, സാമൂഹികമായി ഉന്നതിയിലെന്ന പൊള്ളയായ ഒരു കുമിള ഊതിവീര്‍പ്പിച്ചു ജീവിക്കുന്ന മനുഷ്യന്‍ എന്ന ഇരുകാലിയ്ക്ക് ഈ നീചമായ പ്രവര്‍ത്തിയെ ന്യായീകരിക്കാന്‍ എന്താണുള്ളതെന്നു വീണ്ടും വീണ്ടും ആലോചിച്ചു നോക്കി. ‘ജിഷ' എന്നതൊരു പേര് മാത്രമാണ്.., അവിടെ നിര്‍ഭയയോ സൗമ്യയോ മറ്റേതെങ്കിലും പേരോ ചേര്‍ത്തു വെച്ചാലും വാക്യം പൂര്‍ണ്ണമാകുന്നുണ്ട്. എന്ന് മുതലാണ് നമ്മളൊക്കെ മറ്റൊരു ജീവനെ ഇത്ര നിസാരമായി കണ്ടു തുടങ്ങിയത്? ചോരച്ചാലുകള്‍ മടുപ്പിക്കാത്ത കാഴ്ചകള്‍ ആയത്? ഓരോ പീഡനം നടക്കുമ്പോഴും വസ്ത്രധാരണത്തിന്റെ, നേരം വൈകിയതിന്‍റെ, ഒറ്റയ്ക്ക് സഞ്ചരിച്ചതിന്‍റെ, ആണിനൊപ്പം യാത്ര ചെയ്തതിന്‍റെ, പ്രണയിച്ചതിന്‍റെ, വിശ്വസിച്ചതിന്‍റെ ന്യായീകരണങ്ങള്‍ നിരത്തുന്നവരേ - ഇതിലേതെങ്കിലും ആണോ ശരിക്കുമുള്ള കാരണം? ചെറിയ കുഞ്ഞുങ്ങള്‍ , എഴുപതും എണ്‍പതും വയസുള്ള മുത്തശ്ശിമാര്‍, തല മുതല്‍ കാലു വരെ മൂടിപ്പുതച്ചു നടക്കുന്നവര്‍ ഇതിലാരാണ് നിങ്ങള്‍ക്ക് പ്രലോഭനം ആയത്? എല്ലാറ്റിനും ഒടുവില്‍ സ്വന്തം വീടെന്ന സ്വകാര്യതയ്ക്ക് ഉള്ളില്‍ വരെ നുഴഞ്ഞു കയറി അധികാരം സ്ഥാപിച്ചവര്‍! പറയൂ എവിടെയാണ്, എങ്ങനെയാണ്, എന്താണ് നിങ്ങളെ പ്രലോഭിപ്പിക്കുന്നത്?
അടക്കിവെച്ചിരിക്കുന്നവ, കള്ളനാണയങ്ങള്‍ പോലെ കൂടെ കൊണ്ട് നടക്കുന്ന സദാചാരം ഇതില്‍ നിന്നൊക്കെ മനുഷ്യര്‍ എന്ന് മാറിച്ചിന്തിച്ചു തുടങ്ങുന്നോ അന്ന് നമുക്കൊരുപക്ഷേ മേല്‍ പറഞ്ഞതിന് ഉത്തരം കിട്ടിയേക്കും.(മലയാളികള്‍ എന്നോ, ഇന്ത്യക്കാര്‍ എന്നോ പറഞ്ഞു മാറ്റി നിര്‍ത്താന്‍ ആകില്ല തന്നെ! ഇത് മനുഷ്യത്വം എന്നതിന്‍റെ നിര്‍വചനം ശരിക്കറിയാത്ത മനുഷ്യരുടെ മാത്രം കുഴപ്പമാണ്).
പെണ്മക്കളുടെ അമ്മമാരേ,നിങ്ങളോട് ഒരു വാക്ക്! അടങ്ങിയൊതുങ്ങി ജീവിക്കേണ്ടവള്‍, മറ്റൊരു വീട്ടില്‍ പോകേണ്ടവള്‍, ഇലയും മുള്ളിലെ ഇലയാകേണ്ടവള്‍ ഇങ്ങനെയുള്ള സ്പീഷിസുകളായി ദയവു ചെയ്ത് നിങ്ങളുടെ മക്കളെ വളര്‍ത്തരുത്. അവരുറക്കെ സംസാരിക്കട്ടെ, കയ്യേറ്റങ്ങളെ ചങ്കുറപ്പോടെ നേരിടട്ടെ, ഒരുതരത്തിലും രക്ഷപെടാന്‍ ഒക്കാത്ത സാഹചര്യം ആണെങ്കില്‍ ഒന്ന് കുളിച്ചാല്‍ തീരാത്ത അഴുക്കൊന്നും ഒരാണിനും അവളുടെ ശരീരത്തില്‍ ഏല്‍പ്പിക്കാന്‍ ആകില്ല എന്ന് മനസിലാക്കി വളരട്ടെ. പാചകം പഠിക്കുന്നതിനൊപ്പം ഏതെങ്കിലും തരത്തിലുള്ള ഒരു ആയോധനകല കൂടി ചെയ്യട്ടെ - ഇതാരെയും ഇടിച്ചിടാന്‍ വേണ്ടിയൊന്നുമല്ല, പക്ഷേ, വേണ്ടിവന്നാല്‍ മര്‍മ്മംനോക്കി കൊടുക്കാന്‍ ഉള്ളൊരു ആത്മവിശ്വാസം നമ്മുടെ പെണ്‍കുട്ടികള്‍ക്ക് ഉണ്ടാകാന്‍ ഇതുപകരിക്കും.
ആണ്‍കുട്ടികളുടെ അമ്മമാരേ, നിങ്ങളോട് പറയാനുള്ളത് - പെണ്ണിനെ ബഹുമാനിക്കാന്‍ നിങ്ങളുടെ മക്കളെ പഠിപ്പിക്കുക! ഒറ്റയ്ക്കൊരു പെണ്‍കുട്ടിയെ കണ്ടാല്‍ അവളുടെ ശരീരത്തിന് മേല്‍ കൈവെയ്ക്കാനുള്ള സ്വാതന്ത്ര്യം അവനില്ലായെന്ന് മനസിലാക്കി വളര്‍ത്തുക, സ്വന്തം അമ്മയും പെങ്ങളും ഭാര്യയും മകളും കാമുകിയും മാത്രമാണ് നല്ല സ്വഭാവം ഉള്ളവര്‍ എന്ന ‘ആണ്ചിന്ത’ ദയവായി അവരില്‍ ഉണ്ടാക്കാതെ ഇരിക്കുക, അമ്മയോ പെങ്ങളോ ആയിക്കണ്ടാല്‍ മാത്രമേ ബഹുമാനിക്കൂ എന്ന് ചിന്തിക്കാതെ പെണ്ണിന് നല്ലൊരു സുഹൃത്തും, സഹപ്രവര്‍ത്തകയും, അപരിചിതയും സര്‍വോപരി മറ്റൊരു മനുഷ്യജീവനും ആകാന്‍ കഴിയുമെന്നും പഠിപ്പിക്കുക.
അവസാനമായി പെണ്ണിനെ ശരീരമായി മാത്രം കാണുന്നവരോട് ഒരു വാക്ക് - ആരും സംരക്ഷിക്കാതെ തന്നെ പെണ്ണിന് ജീവിക്കാനാകും, ഉപദ്രവിക്കാതെ ഇരുന്നാല്‍ മാത്രം മതി!
============================================================
(ഇ-മഷി 2016 മേയ് ലക്കം http://emashi.in/may-2016/index.html )