Tuesday, February 26, 2008

എന്‍റെ മാറാലക്കൂട്

മനസ് മാറ്റത്തിന്ടെ പാതയോരത്ത് ,
ഒരു കുഞ്ഞു ചില്ല ഉലയുന്നത് പോലെ
ഒരു കുഞ്ഞോളം അല തല്ലുന്നത് പോലെ
ഒരായിരം മഴവില്ല് വിരിയുന്നത് പോലെ....

ഇനിയില്ല ഇവിടെയീ ജനിമൃതികള്‍ തുടരാന്‍ ,
ഇനിയില്ല കാലമേ നിനക്കായി കാക്കാന്‍ ,
എന്നിലെ സ്മൃതി പുഷ്പം വാടും മുന്‍പേ
പോകയായ് സ്വപ്നത്തിന്‍ പാഥേയം തേടി .

മറന്നേക്കാം നിഴല്‍ വീഴും മുന്‍പെയീ വീഥി,
ഇരുളിന്‍റെ മുറിപ്പാട് മേല്പ്പെടും മുന്‍പേ,
തണല്‍ മരം ചോടറ്റെന്‍ വഴി തടയും മുന്‍പേ,
ഞാനെന്‍റെ മാറാലക്കൂട് തേടട്ടെ ......!!!!





Monday, February 25, 2008

നൊസ്റ്റാള്‍ജിയ

എന്നിലെ പേരറിയാത്ത വികാരങ്ങള്‍ക്ക്
ഞാന്‍ എന്ന വളര്‍ത്തമ്മയിട്ട പേര് ..... !!
യാത്ര പറയാതിറങ്ങിയ രക്തബന്ധത്തിനു
ഉള്ളില്‍ കാത്തൊരു കണ്ണുനീര്‍ മുത്ത്‌ .....!!
നഷ്ട സ്വപ്നങ്ങളുടെ തീരത്തു നിന്നും
നാളേയ്ക്ക് വേണ്ടി കൊതിച്ച്
ഓട്ടപ്പന്തയങ്ങള്‍ ഓടി തീര്‍ക്കുന്നൊരു
വയസ്സന്‍ കുതിരയുടെ അമ്മിഞ്ഞപ്പാല്‍മണം...!!!

സ്വന്തമാണെന്ന സ്വാര്‍ത്ഥതയ്ക്കുള്ളിലും
സ്നേഹം മധുരിക്കും പടനിലങ്ങള്‍
ഓര്‍മയിലെങ്ങും സ്നേഹ നീറ്റലായി
കിനിഞ്ഞിറങ്ങുന്നോരീ നഖപ്പാടുകള്‍
പ്രണയമെന്ന മൂന്നക്ഷരത്തിന്‍റെ
അര്‍ത്ഥമെന്നെ അലട്ടാത്ത നാളുകള്‍

നുള്ളു നുറുങ്ങായി പൊട്ടിച്ചിതറിയ
വളപ്പൊട്ടിന്‍റെ ചിരിയുടെ കിലുക്കം
എണ്ണം തികച്ചൊറ്റയിരട്ട കളിച്ച
മഞ്ചാടി മണിയുടെ ചുമന്ന തിളക്കം
അമ്മൂമ്മക്കഥ കേള്‍ക്കാതെ മാമുണ്ണാതെ
 ഉറങ്ങിയ രാവിലെ വിശപ്പിന്‍റെ  കത്തല്‍
പിന്നെയുമൊരുപാട് നിഴല്‍ ചിത്രങ്ങളില്‍
വ്യക്തമല്ലാതവ പൊടി തട്ടി മാറ്റി
എന്നസ്ഥിത്വനോവിനാല്‍ കൂട്ടിപ്പൊതി-
ഞ്ഞെന്‍റെയോര്‍മ്മ തന്‍ ഗര്‍ഭപാത്രത്തില്‍
പേറും വികാരം - നൊസ്റ്റാള്‍ജിയ